Connect with us

Articles

വരൂ, സ്‌നേഹ സാഗരത്തിലേക്ക്

Published

|

Last Updated

മര്‍കസിനു കീഴില്‍ പതിമൂന്നാമത് അന്താരാഷ്ട്ര മീലാദ് സമ്മേളനം ഞായറാഴ്ച കോഴിക്കോട് സ്വപ്‌ന നഗരിയില്‍ നടക്കുകയാണ്. മീലാദ് സമ്മേളനങ്ങളുടെ പുതുമയും വൈവിധ്യവും കേരളത്തിന്ന് പരിചയപ്പെടുത്തിയത് മര്‍കസാണ്. ലോകത്തെ പ്രഗത്ഭരായ മുസ്‌ലിം പണ്ഡിതന്‍മാരെയും സാംസ്‌കാരിക നേതാക്കളെയും പ്രകീര്‍ത്തന സംഘങ്ങളെയും ഓരോ വര്‍ഷവും കേരളത്തിലെത്തിച്ച് വ്യത്യസ്തമായ പരിപാടികളോടെയാണ് മര്‍കസ് മീലാദ് സമ്മേളനങ്ങള്‍ നടത്തി വന്നിട്ടുള്ളത്.

നാം ജീവിക്കുന്ന കാലം ഏറെ സങ്കീര്‍ണമാണ്. പലവിധ വെല്ലുവിളികള്‍ക്ക് നടുവിലാണ് ലോകം. ഈ വെല്ലുവിളികളില്‍ ഏറ്റവും കൂടുതല്‍ അഭിമുഖീകരിക്കേണ്ടി വരുന്നത് മുസ്‌ലിംകളാണ്. ഇസ്‌ലാമിനെയും തിരുദൂതര്‍(സ)യെയും തെറ്റായി അവതരിപ്പിച്ചും മത ഗ്രന്ഥങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്തും സമൂഹത്തില്‍ പ്രശ്‌നമുണ്ടാക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. മുസ്‌ലിം സമൂഹത്തിന് അകത്തു നിന്നും പുറത്തു നിന്നും ഇത്തരം വെല്ലുവിളികള്‍ സൃഷ്ടിക്കാന്‍ ആസൂത്രിതമായി ശ്രമിക്കുന്നവരുണ്ട്.
യഥാര്‍ഥത്തില്‍ നബി(സ)പഠിപ്പിച്ചത് അനുപമമായ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും മാനവികതയുടെയും സന്ദേശങ്ങളായിരുന്നു. ലോകത്തേറ്റവും കൂടുതല്‍ പ്രിയത്തോടെ വിശ്വാസികള്‍ സമീപിക്കുന്ന നേതാവ് അതുകൊണ്ടു തന്നെ തിരുദൂതര്‍(സ)യാണ്. അവിടത്തോടുള്ള അനുരാഗം വ്യത്യസ്ത രൂപത്തില്‍ മുസ്‌ലിം ലോകം പ്രവാചക കാലം മുതലേ പ്രകടിപ്പിച്ച് പോന്നിട്ടുണ്ട്.
തിരുനബി(സ)യുടെ വിഖ്യാതമായ ഒരു ഹദീസുണ്ട്. “വിശ്വാസി മതാപിതാക്കളേക്കാളും മക്കളേക്കാളും സര്‍വ ലോകത്തേക്കാളും എന്നെ സ്‌നേഹിക്കുന്നതു വരെ വിശ്വാസത്തികവില്‍ എത്തുകയില്ല.” വാസ്തവത്തില്‍ അല്ലാഹുവിന്റെ നിര്‍ദേശമാണ് റസൂല്‍(സ) പറഞ്ഞത്. വിശുദ്ധ ഖുര്‍ആനില്‍ ഈ സന്ദേശത്തെ മറ്റൊരു രൂപത്തില്‍ അല്ലാഹു പഠിപ്പിച്ചതിങ്ങനെയാണ്. “വിശ്വാസികള്‍ക്ക് സ്വന്തം ശരീരത്തേക്കാള്‍ നബി(സ) പ്രിയപ്പെട്ടവരാവേണ്ടതുണ്ട്.”
ഇസ്‌ലാമിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളില്‍ തന്നെ തിരുദൂതര്‍(സ) തങ്ങളോട് വിശ്വാസികള്‍ പ്രകടിപ്പിക്കേണ്ട പരിമിതികളില്ലാത്ത സ്‌നേഹത്തെപ്പറ്റി നിരന്തരം ഉണര്‍ത്തിയതു കൊണ്ടു തന്നെ ആ മാര്‍ഗത്തില്‍ ജീവിതത്തെ ക്രമപ്പെടുത്താനായിരുന്നു സ്വഹാബികള്‍ മുതലുള്ള മുസ്‌ലിം ലോകത്തിന്റെ നേതൃത്വം പ്രധാനമായി ശ്രദ്ധിച്ചു പോന്നത്. ചിലര്‍ കവിതകളെഴുതി, ചിലര്‍ അതിമനോഹരമായ ഗദ്യത്തില്‍ അവിടുത്തെ ജീവിതത്തെ വായിച്ചു. മറ്റു ചിലരാവട്ടെ, അനുരാഗ ബന്ധിതമായി മദീനയെ നെഞ്ചിലേറ്റി. ഇമാം ബൂസ്വൂരി(റ)ന്റെ ബുര്‍ദയിലൊക്കെ എത്രമാത്രം മനോഹരവും വിപുലവുമായിട്ടാണ് തിരുദൂതരെ ആവിഷ്‌കരിച്ചത്.

ഉര്‍ദുവില്‍ അഹ്മദ് റസാഖാന്‍ ബറേല്‍വി(റ) എഴുതിയ അതീവ സുന്ദരമായ പ്രകീര്‍ത്തന വരികളുണ്ട്. തിരുനബി(സ) തങ്ങളെ ഹൃദയത്തില്‍ എത്രത്തോളം ആഴത്തില്‍ സ്‌നേഹിക്കണമെന്നും അവിടുത്തെ ചര്യകള്‍ പിന്‍പറ്റണമെന്നും ആ വരികളൊക്കെ പറയുന്നുണ്ട്. കേരളത്തിന്റെ പരിസരത്തേക്ക് നോക്കുമ്പോള്‍ സമീപ കാലക്കാരില്‍ കുണ്ടൂര്‍ ഉസ്താദിനെയും തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാരെയുമൊക്കെ നമുക്ക് മറക്കാന്‍ കഴിയില്ല. മുത്ത് നബിയുടെ ജന്മദിനമാണ് സന്തോഷത്തിന്റെ അതിര്‍ത്തികളില്ലാത്ത പ്രഭയെ വിശ്വാസി മാനസങ്ങളിലേക്ക് വിനിമയം ചെയ്യപ്പെടാന്‍ ഏറ്റവും ഉചിതമായ സമയം എന്നാണ് അവരൊക്കെ പഠിപ്പിച്ചത്. ഉമര്‍ ഖാളി(റ)വിന്റെ “സ്വല്ലല്‍ ഇലാഹു” എന്ന് തുടങ്ങുന്ന വിഖ്യാതമായ കാവ്യത്തില്‍ പറയുന്നുണ്ടല്ലോ “ഹുബ്ബുന്നബിയ്യി വമദ്ഹുഹു ഖയ്‌റുല്‍ അമല്‍” അഥവാ നബി(സ) തങ്ങളെ സ്‌നേഹിക്കലും അവിടുത്തെ പ്രകീര്‍ത്തനം പറയലുമാണ് ഏറ്റവും ഉത്തമമായ കര്‍മം എന്ന്. പാരമ്പര്യമായി തന്നെ കേരളീയ മുസ്‌ലിംകള്‍ എത്രമാത്രം വിപുലമായിട്ടാണ് റസൂല്‍(സ)യോടുള്ള സ്‌നേഹാദരവുകളെ പ്രകടിപ്പിച്ചതെന്ന് ഉമര്‍ ഖാളിയും മഖ്ദൂം തങ്ങളുമൊക്കെ നമുക്ക് പഠിപ്പിച്ച് തരുന്നുണ്ട്.
മുസ്ലിംകള്‍ക്കിടയിലെ പുത്തന്‍ പ്രസ്ഥാനക്കാരുടെ പൊതുസ്വഭാവം റസൂല്‍(സ)യോടുള്ള സ്‌നേഹ പ്രകടനത്തോട് അവര്‍ കാണിക്കുന്ന വിമുഖതയാണ്. റബീഉല്‍ അവ്വല്‍ വരുമ്പോള്‍ വല്ലാത്ത അരിഷത്തോടെ നബി സ്‌നേഹ പരിപാടികളെ സമീപിക്കുന്നവരെ അപൂര്‍വമായി കാണാം. ഇസ്‌ലാമിന്റെ യഥാര്‍ഥ വിശ്വാസത്തെ അവര്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല എന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍ പ്രവാചക അധ്യാപനങ്ങള്‍ക്ക് വിരുദ്ധമായി ഇസ്‌ലാമിനെ തെറ്റായി വായിക്കാനും പ്രചരിപ്പിക്കാനും ഇത്തരം പുതിയവാദക്കാര്‍ ശ്രമിക്കുന്നത് നമ്മുടെ സാമൂഹികാന്തരീക്ഷത്തിന് തന്നെ വെല്ലുവിളിയായിത്തീരുന്നുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കകം കേരളത്തില്‍ നിന്ന് അപ്രത്യക്ഷമായവരെപ്പറ്റിയുള്ള വാര്‍ത്തകളും അവരുടെ പശ്ചാത്തലവും ആശയ സ്വാധീനവുമൊക്കെ മാധ്യമങ്ങളിലൂടെയും നിയമ സംരക്ഷകരിലൂടെയും നാം മനസ്സിലാക്കിയതാണ്. ഈ വെല്ലുവിളികള്‍ നേരിടുന്ന കാലത്ത് ഭീകരത പ്രചരിപ്പിക്കുന്നവരല്ല ഇസ്‌ലാമിന്റെയും റസൂല്‍(സ)യുടെയും സന്ദേശ വാഹകരെന്നും, നേരത്തെ പറഞ്ഞ വഴിതെറ്റിയവര്‍ നിലകൊണ്ടിട്ടുള്ളത് തിരുദൂതരോടുള്ള വിശ്വാസികളുടെ സ്‌നേഹപ്രകടനത്തെപ്പോലും നിന്ദ്യമായ വാക്കുകളോടെ അധിക്ഷേപിക്കുവാനാണെന്നും നാം തിരിച്ചറിയേണ്ടതുണ്ട്.

റസൂല്‍(സ) തങ്ങളോടുള്ള സ്‌നേഹത്തെ വിശ്വാസികളില്‍ സജീവമാക്കുക എന്നത് മര്‍കസിന്റെ ആരംഭകാലം മുതലേ ഉള്ള ലക്ഷ്യമാണ്. മര്‍കസിന് തറക്കല്ലിട്ട സയ്യിദ് മുഹമ്മദ് അലവി മാലിക്കി മക്ക തിരുദൂതര്‍(സ)യെ പറ്റി ധാരാളം പഠനങ്ങള്‍ എഴുതുകയും അവിടത്തോടുള്ള അനുരാഗത്തെ വ്യത്യസ്ത മാധ്യമങ്ങളിലൂടെ പ്രകടിപ്പിക്കുകയും ചെയ്ത പണ്ഡിതനാണ്. തുടക്കം മുതലേ മര്‍കസിന് കീഴില്‍ നബിദിന പരിപാടികള്‍ ഗംഭീരമായി ആഘോഷിച്ചു വരുന്നു. എന്നാല്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ മര്‍കസ് പരിസരം തികയാതെ വന്നപ്പോഴാണ് എല്ലാവര്‍ക്കും ഒരുമിക്കാന്‍ പറ്റുന്ന കേന്ദ്രങ്ങളില്‍ മീലാദ് സമ്മേളനങ്ങള്‍ എന്ന ആശയത്തിലേക്ക് മര്‍കസ് എത്തിയത്. 2004 മുതല്‍ ആ നിലക്ക് കോഴിക്കോട് മര്‍കസ് ഇന്റര്‍നാഷണല്‍ മീലാദ് സമ്മേളനങ്ങള്‍ നടത്തി വരുന്നു. സയ്യിദ് ഹബീബലി ജിഫ്‌രി, ശൈഖ് ഉമര്‍ കാമില്‍, ശൈഖ് രിയാള് ബാസു, ശൈഖ് അബ്ബാസ് അലവി മാലിക്കി മക്ക, അഹ്മദ് സഅദ് അല്‍ അസ്ഹരി തുടങ്ങി അന്താരാഷ്ട്ര മുസ്‌ലിം വേദികളില്‍ നിറ സാന്നിധ്യമായ അനേകം പണ്ഡിതന്‍മാര്‍ മര്‍കസ് മീലാദ് സമ്മേളനങ്ങളില്‍ അതിഥികളായി എത്തിയിട്ടുണ്ട്. ഈ വര്‍ഷം കാനഡ, ആസ്‌ട്രേലിയ, ഈജിപ്ത്, സിംഗപ്പൂര്‍, മലേഷ്യ, യു എ ഇ തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്നുള്ള മുസ്‌ലിം പണ്ഡിതരും നേതാക്കളും മീലാദ് സമ്മേളനത്തില്‍ അതിഥികളായി സംബന്ധിക്കാനെത്തും. സമകാലിക വിഷയങ്ങളിലെ പ്രവാചക ദര്‍ശനങ്ങളെ അധികരിച്ച് കാന്തപുരം ഉസ്താദിന്റെ മദ്ഹുറസൂല്‍ പ്രഭാഷണവും നടക്കും. ഞായറാഴ്ച കോഴിക്കോട് സ്വപ്‌ന നഗരിയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ മീലാദ് കോണ്‍ഫറന്‍സിലേക്ക് എല്ലാ പ്രവാചകാനുരാഗികള്‍ക്കും സ്വാഗതം.