Connect with us

Kerala

ക്രിസ്മസ് അടുത്തിട്ടും റേഷന്‍ ക്ഷാമം രൂക്ഷം

Published

|

Last Updated

തിരുവനന്തപുരം: ക്രിസ്മസ് അടുത്തെത്തിയിട്ടും സംസ്ഥാനത്തെ റേഷന്‍ കടകളില്‍ പൂര്‍ണമായ തോതില്‍ അരിയും മറ്റ് ഭക്ഷ്യധാന്യങ്ങളും എത്തിയില്ലെന്ന് ആക്ഷേപം ശക്തം. റേഷനെ മാത്രം ആശ്രയിക്കുന്ന ലക്ഷക്കണക്കിന് സാധാരണക്കാരുടെ ജീവിതത്തെ സാരമായി ബാധിക്കുന്ന തരത്തില്‍ വിഷയം മാറിയെന്നാണ് ആരോപണം . പൊതുവിപണിയില്‍ അരിവില കുതിച്ച് കയറുമ്പോള്‍ സാധാരണക്കാരന് അത്താണിയാകേണ്ട റേഷന്‍ സംവിധാനമാണ് നോക്കുകുത്തിയായത്.

കയറ്റിറക്ക് കൂലി തര്‍ക്കത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് മാസമായി എഫ് സി ഐ ഗോഡൗണുകളില്‍ നിന്നുള്ള ഭക്ഷ്യധാന്യവിതരണം തടസപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം കയറ്റിറക്ക് പ്രശ്‌നം പരിഹരിച്ചെങ്കിലും റേഷന്‍ കടകളില്‍ സാധനങ്ങള്‍ എത്താന്‍ ഇനിയും ദിവസങ്ങളെടുക്കുമെന്നാണ് സൂചന. രണ്ട് മാസമായി കയറ്റിറക്ക് പ്രശ്‌നത്തെ തുടര്‍ന്ന് എഫ് സി ഐ ഗോഡൗണുകളില്‍ നിന്നുള്ള ഭക്ഷ്യധാന്യ വിതരണം പകുതിയായി കുറച്ചിരുന്നു. അതിനാല്‍ സംസ്ഥാനത്തെ ഭൂരിപക്ഷം റേഷന്‍ കടകളിലും ഭക്ഷ്യധാന്യദൗര്‍ലഭ്യം അനുഭവപ്പെടുകയാണ്.
കയറ്റിറക്ക് പ്രശ്‌നത്തിലും മറ്റും കുരുങ്ങി നവംബര്‍ മാസത്തെ റേഷന്‍ വിതരണവും താറുമാറായിരുന്നു. മുന്‍ഗണനാ ലിസ്റ്റിലുള്ളവര്‍ക്ക് മാത്രമാണ് കഴിഞ്ഞ മാസത്തെ റേഷന്‍ പൂര്‍ണമായ അളവില്‍ വിതരണം ചെയ്തത്. ഭൂരിപക്ഷം കടകളിലും മുന്‍ഗണനാ ലിസ്റ്റിന് പുറത്തുള്ളവര്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ ലഭിച്ചില്ലെന്ന് കാര്‍ഡ് ഉടമകള്‍ പരാതിപ്പെട്ടു. ചില കടകളില്‍ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്ളവര്‍ക്ക് ലഭിക്കുന്ന അരിവിഹിതവും മറ്റ് ഭക്ഷ്യധാന്യങ്ങളും കുറഞ്ഞ അളവിലാണ് അധികൃതര്‍ നല്‍കിയത്. നിലവില്‍ ഈ മാസത്തെ റേഷന്‍ വിതരണം ആരംഭിച്ചതായാണ് എഫ് സി ഐ അധികൃതരുടെ അവകാശവാദം.എന്നാല്‍ അരിവിതരണം പകുതി പോലും പൂര്‍ത്തിയായിട്ടില്ലെന്നാണ് വിവരം. അട്ടിക്കൂലി തര്‍ക്കത്തില്‍ ഗോഡൗണുകളില്‍ നിന്നുള്ള സാധനങ്ങളും വരവില്‍ ഗണ്യമായ കുറവ് അനുഭവപ്പെട്ടിരുന്നു. റേഷന്‍ സാധനങ്ങളുടെ വരവ് കുറഞ്ഞതോടെ സംസ്ഥാനത്തെ പല കടകളും അടച്ചിട്ടിരിക്കുകയാണ്. നവംബറിലെ വിതരണം തന്നെ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്ളവര്‍ക്ക് മാത്രമായി ചുരുക്കിയതായി ആക്ഷേപമുണ്ട്. ഭൂരിപക്ഷം കടകളിലും വിതരണം ചെയ്യേണ്ട അളവില്‍ നിന്നും പത്ത് ശതമാനം കുറച്ചാണ് അധികൃതര്‍ നല്‍കിയത്. ഇതും വിതരണത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

ഈ മാസത്തെ വിതരണത്തിനായുള്ള സാധനങ്ങള്‍ തര്‍ക്കത്തെ തുടര്‍ന്ന് ഗോഡൗണുകളില്‍ തന്നെ സ്‌റ്റോക്ക് ചെയ്തിരിക്കുകയായിരുന്നു. ഇവിടെ നിന്ന് റേഷന്‍ കടകളിലേക്കുള്ള വിതരണം പൂര്‍ത്തിയാകാന്‍ ഈമാസം അവസാനമാകുമെന്നാണ് കരുതുന്നത്. ഈ മാസത്തെ സാധനങ്ങള്‍ എത്തിയ റേഷന്‍ കടകളില്‍ കുറവ് ഉള്ളതായും പരാതിയുണ്ട്. മുന്‍ഗണനാ ലിസ്റ്റില്‍ ഉള്ളവര്‍ക്ക് ഉള്ള സാധനങ്ങള്‍ പൂര്‍ണമായി എത്തിയിട്ടില്ല. തുടര്‍ച്ചയായ മാസങ്ങളില്‍ റേഷന്‍ വിതരണം തടസപ്പെടുന്നതിനെതിരെ പ്രതിഷേധങ്ങളും ഉയരുന്നുണ്ട്. ജില്ലയില്‍ വലിയതുറ എഫ് സി, കഴക്കൂട്ടം എഫ്‌സി എന്നിവിടങ്ങളില്‍ നിന്നാണ് റേഷന്‍കടകളില്‍ സാധനങ്ങള്‍ എത്തിക്കുന്നത്.

Latest