Connect with us

National

പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ ഇനി ജനന സര്‍ട്ടിഫിക്കറ്റും വിവാഹ സർട്ടിഫിക്കറ്റും നിര്‍ബന്ധമില്ല

Published

|

Last Updated

ന്യൂഡല്‍ഹി: പാസ്‌പോര്‍ട്ട് അപേക്ഷാ മാനദണ്ഡങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. അപേക്ഷകര്‍ ജനനത്തീയതി തെളിയിക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വ്യവസ്ഥ എടുത്തുകളഞ്ഞു. ജനനസര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ ജനനതീയതി തെളിയിക്കാന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അവരുടെ സര്‍വീസ് റെക്കോര്‍ഡിന്റെ കോപ്പി, ഡ്രൈവിംഗ് ലൈസന്‍സ്, ഇലക്ഷന്‍ ഐഡന്റിറ്റി കാര്‍ഡ്, ലൈഫ് ഇന്‍ഷൂറന്‍സ് പോളിസി സര്‍ട്ടിഫിക്കറ്റ് എന്നിവയില്‍ ഏതെങ്കിലും ഒന്ന് ഹാജരാക്കിയാല്‍ മതി. നേരത്തെ 1989 ജനുവരി 26ന് ശേഷം ജനിച്ചവര്‍ നിര്‍ബന്ധമായും ജനനസര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നായിരുന്നു വ്യവസ്ഥ. പാസ്‌പോര്‍ട്ട് നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിനാണ് ഇളവുകള്‍ പ്രഖ്യാപിക്കുന്നതെ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

മറ്റു ഇളവുകള്‍ ഇവയാണ്:

1) കുട്ടികളുടെ പാസ്‌പോര്‍ട്ട് അപേക്ഷകളില്‍ മാതാപിതാക്കളില്‍ ഒരാളുടെ പേര് മാത്രം ചേര്‍ത്താലും മതിയാകും. നിലവില്‍ പാസ്‌പോര്‍ട്ടിനുള്ള അപേക്ഷയില്‍ മാതാപിതാക്കളില്‍ രണ്ട് പേരുടെയും വിവരങ്ങള്‍ നല്‍കണമെന്നാണ് വ്യവസ്ഥ.

2) പങ്കാളിയുടെ പേര് പാസ്‌പോര്‍ട്ടില്‍ ചേര്‍ക്കുന്നതിന് വിവാഹ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല.

3) വിവാഹ മോചനം നേടിയോ പിരിഞ്ഞോ കഴിയുന്നവര്‍ക്ക് പങ്കാളിയുടെ പേര് പാസ്‌പോര്‍ട്ടില്‍ ചേര്‍ക്കണമെന്ന് നിര്‍ബന്ധമില്ല.

4) ജനന സംബന്ധമായ രേഖകള്‍ ഒന്നുമില്ലാത്ത അനാഥ കുട്ടികള്‍ക്ക് അവര്‍ താമസിക്കുന്ന ഓര്‍ഫനേജ്/ചൈല്‍ഡ് കെയര്‍ അധികാരികളില്‍ നിന്നുള്ള സത്യപ്രസ്താവന മതിയാകും.

5) വിവാഹ ബന്ധത്തില്‍ അല്ലാതെ ജനിക്കുന്ന കുട്ടികള്‍ മാതാപിതാക്കളില്‍ ഒരാളുടെ മാത്രം വിവരം നല്‍കുന്ന അനുബന്ധം ജി മാത്രം ഹാജരാക്കിയാല്‍ മതി.

6) ദത്തെടുത്ത കുട്ടികള്‍ക്ക് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ ദത്ത് പത്രം നിര്‍ബന്ധമില്ല. അപേക്ഷകന്‍ ദത്ത് അംഗീകരിച്ചുകൊണ്ട് വെള്ളപേപ്പറില്‍ സത്യപ്രസ്താവന നല്‍കിയാല്‍ മതിയാകും.

7) ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റോ, നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റോ ലഭിക്കാതെ വന്നാല്‍, ജോലി ചെയ്യുന്ന സ്ഥാപന അധികാരികളെ വിവരം അറിയിച്ചിട്ടുണ്ടെന്ന് കാണിച്ച് സത്യപ്രസ്താവന നല്‍കിയാല്‍ മതി.

8) ഹിന്ദു സന്യാസിമാര്‍ക്ക് മാതാപിതാക്കളുടെ പേരിന് പകരം ഗുരുവിന്റെ പേര് നല്‍കാം. എന്നാല്‍ ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയിലെതെങ്കിലും രേഖയില്‍ ആത്മീയ ഗുരുവിന്റെ പേരുണ്ടാകണം.

മൂന്ന‌ംഗ മന്ത്രിതല സമിതിയുടെ റിപ്പോർട്ട് അംഗീകരിച്ചാണ് പാസ്പോർട്ട് അപേക്ഷക്കുള്ള നടപടിക്രമങ്ങളിൽ ഇളവുകൾ പ്രഖ്യാപിക്കാൻ വിദേശകാര്യ മന്ത്രാലയ‌ം തീരുമാനിച്ചത്. പാസ്പോർട്ടുമായി ബന്ധപ്പെട്ട് വിവിധ ആവശ്യങ്ങൾക്ക് നൽകേണ്ടിയിരുന്ന അനുബന്ധ രേഖകളുടെ (Annexes) എണ്ണം 15ൽ നിന്ന് ഒൻപതായും ചുരുക്കിയിട്ടുണ്ട്. അനക്സസ് എ, സി, ഡി, ഇ, ജെ, കെ എന്നിവയാണ് ഒഴിവാക്കിയത്. ചില അനക്സസുകൾ സംയോജിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Latest