Articles
ആര്‍ എസ് എസിന്റെ രാജ്യാന്തര പരീക്ഷണങ്ങള്‍
ബ്രാഹ്മണ്യ ഹിന്ദുത്വത്തെ ആശയപരമായി വെല്ലുവിളിക്കുന്നതാണ് ബുദ്ധമത തത്വങ്ങള്‍. ചാതുര്‍വര്‍ണ്യത്തെയും അന്യമതദ്വേഷത്തെയും അത് ശക്തമായി നിരാകരിക്കുന്നു. മനുഷ്യന്റെ അടിസ്ഥാനപരമായ സങ്കടങ്ങള്‍ക്ക് പരിഹാരം തേടിയാണ് ബുദ്ധന്‍ അലഞ്ഞത്. പലതായി പിരിയുമ്പോഴും ബുദ്ധമതത്തിന്റെ ആന്തരിക ശക്തിയായി മാനവികതയും സമഭാവനയും നിലനില്‍ക്കുന്നുണ്ട്. ഹിന്ദുമത മേലാളന്‍മാര്‍ ദളിത് സമൂഹത്തോട് തുടരുന്ന ക്രൂരമായ വിവേചനം രാജ്യത്തിന്റെ ഭരണഘടനാ നിര്‍മാണ സമിതിയുടെ ആധ്യക്ഷ്യം വഹിക്കാന്‍ മാത്രം വിവരസ്ഥനായി കഴിഞ്ഞ തന്നെപ്പോലും വേട്ടയാടുമ്പോള്‍ സാധാരണ മനുഷ്യരുടെ സ്ഥിതി എന്തായിരിക്കുമെന്ന വേവലാതിയാണ് ഡോ. അബേദ്കറെ ബുദ്ധമതം ആശ്ലേഷിക്കാന്‍ പ്രേരിപ്പിച്ചത്. തന്റെ നേതൃത്വത്തില്‍ വരാന്‍ പോകുന്ന ഭരണസംഹിതയും ജാതിയില്‍ താഴ്ന്നവരെന്ന് മുദ്ര കുത്തപ്പെട്ടവര്‍ക്ക് അഭിമാനകരമായ അസ്തിത്വം സമ്മാനിക്കില്ലെന്ന് അംബേദ്കര്‍ മനസ്സിലാക്കിയിരുന്നു. ശ്രീനാരായണ ഗുരു ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യനെന്ന് പ്രഖ്യാപിക്കുകയും ഹൈന്ദവ സമൂഹത്തിലെ ദുരാചാരങ്ങള്‍ക്കെതിരെ പോരാടുകയും ചെയ്യുമ്പോള്‍ തന്നെയാണ് അദ്ദേഹത്തിന്റെ അടുത്ത അനുയായികളായ സഹോദരന്‍ അയ്യപ്പനും സി കൃഷ്ണനും ബുദ്ധമതത്തിലേക്കുള്ള പലായനത്തിന് ശക്തമായി വാദിച്ചത്. കുമാരനാശാന്‍ കവിതകളിലൂടെ ഈ ആശയത്തെ പരിലാളിക്കുകയും ചെയ്തു. കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് ബുദ്ധമതം ആശ്ലേഷിച്ചിരുന്നു. യൂറോപ്പില്‍ ജൂതന്‍മാര്‍ അനുഭവിച്ചതിനേക്കാള്‍ ക്രൂരമായ തുടച്ച് നീക്കലാണ് ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ബുദ്ധമതം അനുഭവിച്ചത്. കൊന്നൊടുക്കിയും ബുദ്ധവിഹാരങ്ങള്‍ തച്ചു തകര്‍ത്തും ക്ഷേത്രങ്ങളായി പരിവര്‍ത്തിപ്പിച്ചും അക്ഷരാര്‍ഥത്തില്‍ തുടച്ചു നീക്കലാണ് ബ്രാഹ്മണ മേധാവികള്‍ നടത്തിയത്.
അത്‌കൊണ്ട്, ആര്‍ എസ് എസ് അടക്കമുള്ള ഹിന്ദുത്വ ഗ്രൂപ്പുകളില്‍ നിന്ന് ബുദ്ധമത സംഘടനകള്‍ക്ക് പകര്‍ത്താവുന്നതായി ഒന്നുമുണ്ടാകാന്‍ പാടില്ലാത്തതാണ്. അവ തമ്മിലുള്ള ആശയ വൈരുധ്യം ചരിത്രത്തിലുടനീളം വേരുറച്ച ഒന്നാണല്ലോ. എന്നാല്‍ ഇത്തരം ഉറച്ച ബോധ്യങ്ങള്‍ മുഴുവന്‍ പിഴുതെറിയപ്പെടുകയും ആര്‍ എസ് എസിന്റെ തനിപ്പകര്‍പ്പായ ബുദ്ധഗ്രൂപ്പുകള്‍ മുളപൊട്ടി വിഷവൃക്ഷമായി വളരുകയും ചെയ്യുന്ന കാഴ്ചയാണ് ശ്രീലങ്കയിലും മ്യാന്‍മറിലും കാണുന്നത്. നാസിസം എങ്ങനെയാണോ ആര്‍ എസ് എസിന് പ്രചോദന തത്വശാസ്ത്രമായത് അത് പോലെ ഹിന്ദുത്വ ആശയ, പ്രവര്‍ത്തന പദ്ധതി ബുദ്ധമത വേഷമണിഞ്ഞ തീവ്രവാദികള്‍ക്ക് ആവേശം പകരുകയാണ്. മധ്യകാല ബ്രാഹ്മണമൂല്യങ്ങളെയും ചാതുര്‍വര്‍ണ്യ വ്യവസ്ഥയെയും പുനരുജ്ജീവിപ്പിക്കുകയും ഹിന്ദുക്കളല്ലാത്ത എല്ലാവരെയും ദേശീയവിരുദ്ധരായി പ്രഖ്യാപിക്കുകയുമാണ് ആര്‍ എസ് എസ് ചെയ്തത്. ഇന്ത്യയിലെ ഹിന്ദു ജനസാമാന്യത്തില്‍ ഹിന്ദുത്വ വാദികളെന്ന പുതിയ മതം സൃഷ്ടിക്കുകയായിരുന്നു ആര്‍ എസു എസും അനുബന്ധ സംഘടനകളും. “നമ്മളെ, അല്ലെങ്കില്‍ നമ്മുടെ ദേശീയതയെ നിര്‍വചിക്കുമ്പോള്‍” അടക്കമുള്ള ഗോള്‍വാള്‍ക്കറുടെ എഴുത്തുകളിലുടനീളം നാസി സിദ്ധാന്തങ്ങളെ ആദര്‍ശമാതൃകയായി പ്രഖ്യാപിക്കുന്നത് കാണാം. ആര്യാഭിമാനം ഉയര്‍ത്താനായി ഹിറ്റ്‌ലര്‍ നടത്തിയ ശുദ്ധീകരണം ഗോള്‍വാള്‍ക്കര്‍ അടക്കമുള്ളവരെ ആവേശഭരിതരാക്കുന്നു. ഗുജറാത്ത് വംശഹത്യ ഈ ആവേശത്തിന്റെ ഭീകരമായ ആവിഷ്‌കാരമായിരുന്നു. എണ്ണമറ്റ കലാപങ്ങളിലൂടെയും പശുവാദം, അതി ദേശീയതാ വാദം, ദളിത്‌വിരുദ്ധത തുടങ്ങിയവയിലൂടെയും ഉന്‍മൂലനവും അന്യവത്കരണവും നിരന്തരം നടക്കുന്നു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തില്‍ നടക്കുന്ന ഈ ആസൂത്രിത ശുദ്ധീകരണം ബുദ്ധമതത്തിന് വന്‍ ഭൂരിപക്ഷമുള്ള ശ്രീലങ്കയിലും മ്യാന്‍മറിലും മുസ്‌ലിംവിരുദ്ധ അതിക്രമങ്ങള്‍ക്ക് കുറച്ചൊന്നുമല്ല മാതൃകയും പ്രചോദനവുമാകുന്നത്.
മ്യാന്‍മറില്‍ ആര്‍ എസ് എസിന്റെ ഛായയുള്ള സംഘടനയുടെ നേതാവ് അഷിന്‍ വിരാതുവാണ്. ഇവിടെ റാഖിനെ പ്രവിശ്യയില്‍ റോഹിംഗ്യാ മുസ്‌ലിംകള്‍ക്കെതിരെ ഒരു ദശകമായി ശക്തിയാര്‍ജിച്ച ആട്ടിയോടിക്കലിലും ആക്രമണങ്ങളിലും ബുദ്ധഭിക്ഷുവിന്റെ വേഷം ധരിച്ച ഈ ഭീകരവാദിയുടെ പ്രസംഗങ്ങള്‍ക്കും വിദ്വേഷ സംഘാടനത്തിനും മുഖ്യ പങ്കുണ്ട്. ഈ മുസ്‌ലിം സമൂഹം കടലിലും കരയിലുമില്ലാതെ രാഷ്ട്രരഹിതരായി, തോണി മനുഷ്യരായി ഇപ്പോഴും അലയുകയാണ്. ടൈം മാഗസിന്‍ വിരാതുവിന്റെ മുഖച്ചിത്രത്തോടെ 2013ല്‍ ഇറക്കിയ പ്രത്യേക പതിപ്പില്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത് “ദി ഫേസ് ഓഫ് ബുദ്ധിസ്റ്റ് ടെററര്‍” എന്നായിരുന്നു. ശ്രീബുദ്ധന്റെ നവ അനുയായി സംഘ് പരിവാറില്‍ നിന്ന് ആശയവും മാര്‍ഗവും ലക്ഷ്യവും സ്വീകരിക്കുന്നു. മ്യാന്‍മറിലെ രണ്ടാമത്തെ വലിയ നഗരമായ മാണ്ഡലായിയില്‍ 2012ല്‍ അഷിന്‍ വിരാതുവിന്റെ നേതൃത്വത്തില്‍ കൂറ്റന്‍ ബുദ്ധ റാലി നടന്നു. ആ റാലിയില്‍ അദ്ദേഹം നടത്തിയ പ്രസംഗമാണ് രാഖിനെ പ്രവിശ്യയില്‍ ഏറ്റവും ഭീകരമായ കൂട്ടക്കുരുതിക്ക് വഴി മരുന്നിട്ടത്. കലാപം അഴിച്ചു വിട്ടതിന് കോടതി 25 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ഭരണകൂടത്തിലെ സ്വാധീനമുപയോഗിച്ച് ഊരിപ്പോന്നു. “നമുക്ക് ദയാപരന്‍മാരും സ്‌നേഹമയികളുമാകാം. എന്നാല്‍ എങ്ങനെ ഒരു ഭ്രാന്തന്‍ നായയുടെ അടുത്ത് കിടന്നുറങ്ങും?” എന്നാണ് വിരാതു ചോദിക്കുന്നത്. അഷിന്‍ വിരാതുവിന്റെ സംഘടനയാണ് “969 മൂവ്‌മെന്റ്”. പേരിലെ അക്കങ്ങള്‍ സമാധാനം, ക്ഷമ, സഹിഷ്ണുത, സ്‌നേഹം തുടങ്ങിയ ബുദ്ധ അധ്യാപനങ്ങളെയാണ് സൂചിപ്പിക്കുന്നത്. പക്ഷേ, ലക്ഷ്യം മുസ്‌ലിംകളെ ആട്ടിയോടിക്കല്‍ മാത്രമാണ്. ആര്‍ എസ് എസിനെപ്പോലെ വിരാതുവിന്റെ സംഘടനയും അനുയായികള്‍ക്ക് കായിക പരിശീലനം നല്‍കുന്നു. കുടുംബം, സൗഹൃ ദം തുടങ്ങിയ മാനുഷിക കെട്ടുപാടുകളെല്ലാം ഉപേക്ഷിച്ച് എന്തിനും സന്നദ്ധമായി ഇറങ്ങിത്തിരിച്ച വളണ്ടിയര്‍മാരാണ് 969 മൂവ്‌മെന്റിനെ മാരക ശക്തിയാക്കുന്നത്. വിരാതു നേതൃത്വം നല്‍കുന്ന മാസോയിന്‍ മൊണാ സ്റ്റിയില്‍ സ്ഥിരമായി 2500 വി ദ്യാര്‍ഥികള്‍ പരിശീലനം നേടിക്കൊണ്ടിരിക്കുന്നു. റോഹിംഗ്യാ മുസ്‌ലിംകളെ കുടിയേറ്റക്കാരാണെന്ന് മുദ്ര കുത്തി മറ്റൊരു രാജ്യത്തേക്ക് അയക്കുന്നതിനായി അന്നത്തെ പ്രസിഡന്റ് തീന്‍ സീന്‍ 2012ല്‍ പദ്ധതി തയ്യാറാക്കിയപ്പോള്‍ ആ പദ്ധതി അങ്ങേയറ്റം അക്രമാസക്തമായി നടപ്പാക്കുന്നതിന് നേതൃത്വം നല്‍കിയത് 969 മൂവ്‌മെന്റായിരുന്നു. അന്ന് അഷിന്‍ വിരാതു നടത്തിയ പ്രസംഗങ്ങള്‍ ഊരിപ്പിടിച്ച കത്തിയും കൊളുത്തി ഉയര്‍ത്തിയ പന്തവും വിജൃംഭിച്ച പൗരുഷവുമായി ഇറങ്ങിയവരില്‍ ക്രൗര്യം നിറച്ചു. ഇന്നും അത് തുടരുന്നു. പരമ്പരാഗത ബുദ്ധ ഭിക്ഷുക്കളും സമാധാന കാംക്ഷികളും അഷിന്‍ വിരാതുവിനെ തള്ളിപ്പറയുന്നുണ്ടെങ്കിലും അദ്ദേഹത്തിന് പല കോണില്‍ നിന്ന് രഹസ്യ പിന്തുണയുണ്ടെന്നത് വസ്തുതയാണ്. സാക്ഷാല്‍ ആംഗ് സാന്‍ സൂക്കി വരെ പരോക്ഷമായി വിരാതു പക്ഷമാണ്.
ശ്രീലങ്കയില്‍ ഇതേ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ബുദ്ധമത സംഘടനയാണ് ബോധുബല സേന (ബി ബി എസ്). ജ്ഞാനസരയെന്ന ബുദ്ധഭിക്ഷു വേഷധാരിയാണ് ഇതിന്റെ നേതാവ്. 2014 സെപ്തംബറില്‍ കൊളംബോയില്‍ ബി ബി എസ് സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍ അഷിന്‍ വിരാതു മുഖ്യാതിഥിയായിരുന്നു. “ദക്ഷിണേഷ്യയില്‍ ഹിന്ദു- ബുദ്ധിസ്റ്റ് സമാധാന മേഖല” സൃഷ്ടിച്ചെടുക്കണമെന്നായിരുന്നു ആ കണ്‍വെന്‍ഷന്റെ പ്രധാന ആഹ്വാനം. ഉന്നത ആര്‍ എസ് എസ് നേതാക്കളുമായി താന്‍ ചര്‍ച്ച നടത്തിയിരുന്നുവെന്നും ഏഷ്യയിലെ മുസ്‌ലിം, ക്രിസ്ത്യന്‍ ന്യൂനപക്ഷ സമൂഹത്തെ ഭൂരിപക്ഷത്തോടിണങ്ങി ജീവിക്കാന്‍ പഠിപ്പിക്കുന്നതിനായി ആര്‍ എസ് എസുമായി ചേര്‍ന്ന് പദ്ധതി തയ്യാറാക്കുമെന്നും ജ്ഞാനസര പ്രഖ്യാപിച്ചു. ആര്‍ എസ് എസും അനുഭാവ സംഘടനകളും ഇന്ത്യയിലും വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ ലോകത്താകെയും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ആവേശോജ്ജ്വലമാണെന്നും അദ്ദേഹം തുറന്നടിച്ചു. ഇപ്പോള്‍ ബി ജെ പി ജനറല്‍ സെക്രട്ടറിയും ആര്‍ എസ് എസ് നേതാവുമായ രാം മാധവ്, അഷിന്‍ വിരാതുവിനെയും ജ്ഞാനസരയെയും ഫേസ്ബുക്കിലും ട്വിറ്ററിലും വാഴ്ത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ രത്‌നച്ചുരുക്കം ഇങ്ങനെ വായിക്കാം: “ശ്രീലങ്കയില്‍ മുസ്‌ലിംകളുടെ എണ്ണം അതിവേഗം വളരുകയാണ്. പള്ളികള്‍ പെരുകുന്നു. കൊളംബോയില്‍ പോലും മനോഹരമായ പള്ളി വന്നു. ബുദ്ധസമൂഹത്തിന്റെ ആശങ്ക സ്വാഭാവികമാണ്” എന്നാല്‍ ഇവര്‍ തമ്മില്‍ ചര്‍ച്ചകള്‍ നടന്നുവെന്നത് അദ്ദേഹം നിഷേധിക്കുന്നു. ചിത്രം വ്യക്തമാണ്. അത്യന്തം വിഷലിപ്തമായ ഒരു കൂട്ടുകെട്ട് രൂപപ്പെടുകയാണ്. ലോകത്താകെയുള്ള തീവ്രവലതുപക്ഷ ഗ്രൂപ്പുകള്‍ കൈകോര്‍ക്കുന്നതിന്റെ സൂചനയായി വേണം ഈ സഖ്യത്തെ കാണാന്‍. “ഡെഡ്‌ലി അലയന്‍സ് എഗെയിന്‍സ്റ്റ് മുസ്‌ലിംസ്” എന്ന തലക്കെട്ടോടെ ന്യൂയോര്‍ക്ക് ടൈംസ് എഴുതിയ മുഖപ്രസംഗം (2014 ഒക്‌ടോബര്‍ 15) ഈ കൊടിയ ദുരന്തത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നു. കൊളംബോ കണ്‍വെന്‍ഷന്റെ ആഹ്വാനങ്ങളിലുടനീളം ആര്‍ എസ് എസിന്റെ സ്വാധീനം കാണാം. സിന്‍ഹളര്‍ക്ക് സമ്പൂര്‍ണ ആധിപത്യം നല്‍കുന്ന തരത്തില്‍ ശ്രീലങ്കന്‍ ഭരണഘടന തിരുത്തിയെഴുതണം. ശ്രീലങ്ക ബഹുമത രാജ്യമല്ലെന്ന് പ്രഖ്യാപിക്കണം. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നല്‍കുന്ന എല്ലാ പരിരക്ഷകളും അവസാനിപ്പിക്കണം. ദേശീയ പതാക മാറ്റണം. മ്യാന്‍മറിലെ റോഹിംഗ്യാ മുസ്‌ലിംകളെ ബംഗ്ലാദേശിലേക്കോ പാക്കിസ്ഥാനിലേക്കോ പറഞ്ഞയക്കണം. പോകാന്‍ കൂട്ടാക്കുന്നില്ലെങ്കില്‍ ബലപ്രയോഗം തുടരണം. ചൈനയിലെ സിന്‍ജിയാംഗ് പ്രവിശ്യയിലെ ഉയ്ഗൂര്‍ മുസ്‌ലിംകളെയും അവിടെ നിന്ന് മാറ്റണം. ക്രിസ്ത്യന്‍ മിഷനറിമാര്‍ നടത്തുന്ന മതപരിവര്‍ത്തനങ്ങളെ കായികമായി തന്നെ നേരിടണം.
വംശശുദ്ധീകരണം പ്രയോഗവത്കരിച്ചതിന് ശേഷമാണ് വിരാതുവും ജ്ഞാനസരയുമൊക്കെ ഇത് പറയുന്നതെന്നോര്‍ക്കണം. ശ്രീലങ്കയിലെ പടിഞ്ഞാറന്‍ തീരദേശ പ്രവിശ്യയാണ് അലുത്ഗാമ. വിനോദസഞ്ചാര കേന്ദ്രമായ ഈ പ്രവിശ്യയില്‍ മുസ്‌ലിംകളും ബുദ്ധമതക്കാരും കാലങ്ങളായി സ്‌നേഹസമ്പന്നമായ സൗഹൃദം പുലര്‍ത്തിയവരാണ്. ഇവിടെയുള്ള ഭൂരിഭാഗം വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും മുസ്‌ലിംകളുടേതാണ്. ഇവിടെയാണ് ബോധു ബല സേന അവരുടെ “സമാധാന മേഖലാ” പരീക്ഷണത്തിന് തുടക്കം കുറിച്ചത്. നുണയായിരുന്നു ആയുധം. മുസ്‌ലിംകള്‍ ബുദ്ധ പതാക കത്തിച്ചുവെന്നും സ്ത്രീകളെ വശീകരിക്കാന്‍ മുസ്‌ലിം ചെറുപ്പക്കാര്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും പ്രചരിപ്പിച്ചു. (ലൗ ജിഹാദ് പ്രചാരണം!) പിന്നെ ഊരിപ്പിടിച്ച ആയുധങ്ങളുമായി തെരുവില്‍ അഴിഞ്ഞാട്ടമായിരുന്നു. കടകള്‍ മുഴുവന്‍ അഗ്നിക്കിരയാക്കി. വീടുകള്‍ കൊള്ളയടിച്ചു. നില്‍ക്കക്കള്ളിയില്ലാതെ ആയിരക്കണക്കിന് മുസ്‌ലിംകള്‍ എല്ലാം ഉപേക്ഷിച്ച് പലായനം ചെയ്തു. 2014 തുടക്കത്തിലായിരുന്നു ഇത്. രണ്ടാം അലുത്ഗാമക്ക് സമയമായെന്നാണ് ജ്ഞാനസര ഈയിടെ പ്രഖ്യാപിച്ചത്.
ഇന്ത്യയില്‍ ഹിന്ദുത്വ ശക്തികള്‍ കേന്ദ്ര ഭരണത്തിന്റെ ആത്മവിശ്വാസത്തിലാണ്. തീവ്രദേശീയതയുടെ കുറുവടികള്‍ ചുഴറ്റി ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. മ്യാന്‍മറില്‍ സമാധാന നൊബേല്‍ ജേതാവ് ആംഗ്‌സാന്‍ സൂക്കി അധികാര സ്ഥാനത്തെത്തിയതോടെ ഭൂരിപക്ഷത്തിന്റെ വക്താവായിരിക്കുന്നു. റോഹിംഗ്യാ എന്ന പദം തന്നെ നിരോധിക്കണമെന്നാണ് അവര്‍ ഇപ്പോള്‍ പറയുന്നത്. രാഖിനെ പ്രവിശ്യയില്‍ നടക്കുന്നത് കലാപമാണ്, വംശഹത്യല്ലെന്നും ജനാധിപത്യ പോരാട്ടത്തിന്റെ തഴമ്പ് പേറി നടക്കുന്ന ഈ നേതാവ് വിളിച്ചു കൂവുന്നു. ശ്രീലങ്കയില്‍ ബി ബി എസ് പോലുള്ള തീവ്രഗ്രൂപ്പുകള്‍ക്ക് വഴങ്ങിക്കൊടുക്കേണ്ട സ്ഥിതിയിലാണ് സര്‍ക്കാര്‍. തീവ്രവലതുപക്ഷ പൊതു ബോധത്തിന്റെ നട്ടുച്ചയിലാണ് ലോകം. ഈ ഘട്ടത്തില്‍ മതരാഷ്ട്രവാദികളും തീവ്രവാദ ഗ്രൂപ്പുകളും മുസ്‌ലിം ചെറുപ്പക്കാരെ ആകര്‍ഷിക്കുന്നുവെന്ന് കൂടി കാണണം. സിന്‍ജിയാംഗിലും റാഖിനെയിലും ഇത്തരത്തില്‍ ചില എടുത്തു ചാട്ടങ്ങള്‍ നടന്നിരുന്നു. അത്തരം വ്യതിചലനങ്ങള്‍ മുസ്‌ലിംകളുടെ നില കൂടുതല്‍ പരിതാപകരമാക്കുകയാണ് ചെയ്തത്.