Articles
ഫുട്‌ബോള്‍ വിപ്ലവത്തിന്റെ 2017 !
ഇന്ത്യക്കിത് ഫിഫ ലോകകപ്പ് വര്‍ഷം ! വര്‍ഷങ്ങളായി രാജ്യം കാത്തിരുന്ന നിമിഷം. ഒക്ടോബര്‍ ആറിന് കിക്കോഫ് ആകുന്നതോടെ ചരിത്ര നിമിഷം പിറക്കും. ഇന്നേവരെ ഫുട്‌ബോളിന്റെ ആഗോള സംഘടനയായ ഫിഫയുടെ ഒരു സുപ്രധാന ടൂര്‍ണമെന്റ് ഇന്ത്യന്‍ മണ്ണില്‍ അരങ്ങേറിയിട്ടില്ല. അതുപോലെ ഇന്ത്യ ഇന്നേവരെ ഫിഫയുടെ ഒരു ലോകകപ്പ് ഫോര്‍മാറ്റില്‍ കളിച്ചിട്ടുമില്ല. രണ്ടും ഒരുമിച്ച് സംഭവിക്കുന്നു, 2017 ല്‍!
കേരളക്കരക്കും അഭിമാനിക്കാന്‍ വകയുണ്ട്. ലോകകപ്പിന്റെ ആറ് വേദികളില്‍ ഒന്ന് കൊച്ചിയാണ്. കൊല്‍ക്കത്ത, ന്യൂഡല്‍ഹി, മുംബൈ, ഗോവ, ഗുവാഹത്തി എന്നിവയാണ് മത്സരങ്ങള്‍ നടക്കുന്ന നഗരങ്ങള്‍.
ആറ് ഭൂഖണ്ഡങ്ങളില്‍ നിന്നായി 24 ടീമുകള്‍ മാറ്റുരക്കാനെത്തും. ആതിഥേയര്‍ എന്ന നിലയിലാണ് ഇന്ത്യ ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമാകുന്നത്. ഏഷ്യയില്‍ നിന്ന് ഇറാന്‍, ഇറാഖ്, ജപ്പാന്‍, ഉത്തരകൊറിയ ടീമുകള്‍ പങ്കെടുക്കും. ഏഷ്യയിലേത് പോലെ യൂറോപ്പില്‍ നിന്നും അഞ്ച് ടീമുകള്‍ പങ്കെടുക്കും. സി എ എഫ്(ആഫ്രിക്ക), കോണ്‍കകാഫ്( സെന്‍ട്രല്‍, നോര്‍ത്ത് അമേരിക്ക & കരീബിയന്‍), കോണ്‍മെബോള്‍ (ലാറ്റിനമേരിക്ക) മേഖലയില്‍ നിന്ന് നാല് ടീമുകളും ഓഷ്യാനിയ മേഖലയില്‍ നിന്ന് രണ്ട് ടീമുകളും ടൂര്‍ണമെന്റിനെത്തും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഫുട്‌ബോള്‍ സംസ്‌കാരത്തിന്റെ കൂട്ടായ്മക്കാണ് രാജ്യം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ലോകഫുട്‌ബോളില്‍ ഇന്ത്യ വലിയ വിപണിയാണെന്ന തിരിച്ചറിവിലാണ് ഫിഫയും യുവേഫയും എല്ലാം. അതുകൊണ്ടു തന്നെ ഇന്ത്യയെ ഫുട്‌ബോള്‍ ശക്തിയാക്കി മാറ്റുക എന്നത് ലോകഫുട്‌ബോളിന്റെ കൂടി അനിവാര്യതയാണ്. ക്രിക്കറ്റിനെ ബി സി സി ഐ (ബോര്‍്ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ) ഇന്ത്യന്‍ മണ്ണില്‍ മാര്‍ക്കറ്റ് ചെയ്തത് എങ്ങനെയെന്ന് ശരിക്കും പഠിച്ചിട്ട് തന്നെയാണ് ഫിഫ ഓരോ ചുവടും മുന്നോട്ടു വെക്കുന്നത്.
ബ്രസീലിനും അര്‍ജന്റീനക്കും ഇന്ത്യയില്‍ “സ്വന്തം പൗര ന്മാരെ സൃഷ്ടിക്കാന്‍ കഴിവുള്ള മാന്ത്രികഗോളമാണ് കാല്‍പന്ത് എന്ന് സെപ് ബ്ലാറ്റര്‍ ഫിഫ പ്രസിഡന്റായിരുന്ന കാലത്ത് തിരിച്ചറിഞ്ഞതാണ്. അതുകൊണ്ടു തന്നെയാണ് ലോക ഫുട്‌ബോളില്‍ ഇന്ത്യ ഉറങ്ങിക്കിടക്കുന്ന സിംഹമാണെന്ന് ബ്ലാറ്റര്‍ വിശേഷിപ്പിച്ചത്.
ഇന്ത്യയില്‍ വരാനിരിക്കുന്ന കായിക വിപ്ലവം ഫുട്‌ബോളിലാണെന്ന ദൂരക്കാഴ്ച റിലയന്‍സ് ഇന്‍ഡസ്ട്രീസിനുണ്ടായത് ഈ രാജ്യത്തെ ഫുട്‌ബോള്‍ സങ്കല്പങ്ങളെ തന്നെ മാറ്റിയെഴുതി. കഴിഞ്ഞ മൂന്ന് വര്‍ഷമായി ആ വിപ്ലവം നമ്മള്‍ ആസ്വദിച്ചു കൊണ്ടിരിക്കുന്നു. അതാണല്ലോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ എസ് എല്‍)! 2010 ഡിസംബര്‍ ഒമ്പതിന് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനുമായി പതിനഞ്ച് വര്‍ഷത്തേക്ക് 700 കോടിയുടെ കരാറാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസും യു എസ് എയിലെ ഇന്റര്‍നാഷനല്‍ മാനേജ്‌മെന്റ് ഗ്രൂപ്പും സംയുക്തമായിട്ട് (ഐ എം ജി-റിലയന്‍സ്) ഒപ്പുവെച്ചത്.
ആ കരാറാണ് ഇന്ത്യന്‍ ഫുട്‌ബോളിനെ ഇപ്പോള്‍ കാണുന്ന രീതിയിലുള്ള വര്‍ണപ്പൊലിമയില്‍ മുന്നോട്ട് കൊണ്ടു പോകുന്നത്.
ഐ എസ് എല്‍ മൂന്നാം സീസണ്‍ 2016 ല്‍ വളരെ ഭംഗിയായി നടന്നു. 2017 ല്‍ വരാനിരിക്കുന്നത് നാലാം സീസണാണ്. തീര്‍ച്ചയായും ഇന്ത്യന്‍ ഫുട്‌ബോളിലെ ചരിത്ര സംഭവമായി അത് മാറും. കാരണം ഒക്ടോബര്‍ 28ന് ഫിഫ അണ്ടര്‍ 17 ലോകകപ്പ് അവസാനിക്കുന്നതോടെ എ ഐ എഫ് എഫ് ചരിത്രപ്രധാനമായ ഐ ലീഗ്-ഐ എസ് എല്‍ ലയനപ്രഖ്യാപനം നടത്തും. ഇത് തീര്‍ച്ചയായും യൂറോപ്പിലെ ലീഗുകളെ മാതൃകയാക്കി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ഫോര്‍മാറ്റിലായിരിക്കും. ഹോം, എവേ രീതിയില്‍ ആഴ്ചയില്‍ രണ്ട് ദിവസം നടക്കുന്ന ലീഗ് ഐ എസ് എല്ലിന്റെ തുടര്‍ച്ചയെന്നോണം ടെലിവിഷന്‍ പ്രേക്ഷകരെയും ഫാന്‍ ബേസിനെയും ആകര്‍ഷിക്കുന്നതും അത് നിലനിര്‍ത്തുന്ന രീതിയിലുമുള്ളതായിരിക്കും.
അയല്‍രാജ്യമായ ചൈനയില്‍ ഫുട്‌ബോള്‍ വിപ്ലവം നടക്കുകയാണ്. ബ്രസീലിയന്‍ സൂപ്പര്‍ താരം ഓസ്‌കറും അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ കാര്‍ലോസ് ടെവസുമെല്ലാം ചൈനീസ് സൂപ്പര്‍ ലീഗിലെത്തിക്കഴിഞ്ഞു. ഏറ്റവും ഒടുവില്‍ അറിഞ്ഞ വിവരപ്രകാരം ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് മോഹവില പറഞ്ഞ് ചൈന പിറകെ നടക്കുന്നുണ്ട്.
പേടിക്കേണ്ട, 2017 ല്‍ ഇന്ത്യന്‍ ഫുട്‌ബോളിലും വലിയ നിക്ഷേപകര്‍ രംഗപ്രവേശം ചെയ്യും. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബുകളില്‍ ഗള്‍ഫ് കോടീശ്വരന്‍മാരും റഷ്യന്‍ കോടീശ്വരന്‍മാരും നിക്ഷേപമിറക്കിയതു പോലെ ഇന്ത്യന്‍ ക്ലബ്ബുകളായ മോഹന്‍ബഗാനിലും ഈസ്റ്റ്ബംഗാളിലും സാല്‍ഗോക്കറിലുമെല്ലാം വിദേശ നിക്ഷേപകര്‍ വരുന്നതിന് ഈ വര്‍ഷം സാക്ഷ്യം വഹിച്ചേക്കാം.
2016 അവസാനിച്ചപ്പോള്‍ ഫിഫ റാങ്കിംഗില്‍ കഴിഞ്ഞ ആറ് വര്‍ഷത്തിനിടെയുള്ള ഏറ്റവും മികച്ച പൊസിഷനിലാണ് ഇന്ത്യ. 135 ല്‍ നിന്ന് ആദ്യ നൂറിലേക്ക് കുതിക്കുക അത്ര എളുപ്പമല്ലെങ്കിലും വരാനിരിക്കുന്ന ഫുട്‌ബോള്‍ വിപ്ലവം 2017നെ ശുഭപ്രതീക്ഷകളുടേതാക്കുന്നു.
.