Articles
വിഡ്ഢിത്തം വിട്ടൊഴിയാത്ത ഓരോരോ വാചാടോപങ്ങള്‍
130 കോടി ജനങ്ങളെ, അസാധു നോട്ടുകള്‍ കൈവശംവെക്കുന്ന കുറ്റവാളികളായി ചിത്രീകരിച്ച്, അസാധുവാക്കിയ നോട്ടുകള്‍ ഇനിയും കൈവശംവെച്ചാല്‍ പിഴചുമത്തുമെന്ന് ഭീഷണിപ്പെടുത്തി ബേങ്കുകളിലേക്ക് തിരിച്ചെത്തിച്ച ശേഷം ഇതാ ബേങ്കുകളൊക്കെ പണം കൊണ്ട് നിറഞ്ഞിരിക്കുന്നു, ഇത്ര ചെറിയകാലം കൊണ്ട് ഖജാന നിറയുന്നത് ലോക ചരിത്രത്തിലെവിടെയെങ്കിലും കണ്ടിട്ടുണ്ടോ എന്ന് ചോദിക്കുന്ന ഭരണാധികാരിയെ വിഡ്ഢി എന്നോ ജനദ്രോഹി എന്ന് വിശേഷിപ്പിച്ചാല്‍ ഇന്ത്യന്‍ യൂനിയനില്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അതൊരുപക്ഷേ, “രാജ്യദ്രോഹ”മായി ചിത്രീകരിക്കപ്പെട്ടേക്കാം. പക്ഷേ, ആ “രാജ്യദ്രോഹം” അനുഷ്ഠിക്കാതെ നിവൃത്തിയില്ലാത്ത അവസ്ഥ നിലനില്‍ക്കുന്നുവെന്നത് കാണാതിരിക്കാനും സാധിക്കില്ല. ജനം അധ്വാനിച്ചുണ്ടാക്കിയ സമ്പത്ത് യാതൊരു മുന്നറിയിപ്പും കൂടാതെ ഭരണ കൂടം പിടിച്ചെടുക്കുന്ന കാഴ്ചയാണ് നവംബര്‍ എട്ടിന് രാത്രി കണ്ടത്. ഏറ്റെടുത്ത സമ്പത്തിന്‍മേലുള്ള പൂര്‍ണാധികാരം എന്ന് ജനത്തിന് തിരിച്ചുനല്‍കുമെന്ന് പറയാന്‍ ഭരണാധികാരിക്ക് സാധിക്കുന്നില്ല. അതേ ഭരണാധികാരിയാണ് ബേങ്കുകളൊക്കെ പണം കൊണ്ട് നിറഞ്ഞിരിക്കുന്നുവെന്നും അതിന്റെ പ്രയോജനം ജനങ്ങള്‍ക്ക് ലഭിക്കുമെന്നും അവകാശപ്പെടുന്നത്. ഇതിലെ വൈരുധ്യം സ്വയം മനസ്സിലാക്കാനുള്ള ബുദ്ധിപോലുമില്ലാത്തയാളിന്റെ കാര്യത്തില്‍ “രാജ്യദ്രോഹം” അനുഷ്ഠിക്കാതെ നിവൃത്തിയില്ല.
പിടിച്ചെടുത്ത സമ്പത്തിന്‍മേലുള്ള പൂര്‍ണാധികാരം ജനങ്ങള്‍ക്ക് തിരികെ നല്‍കിക്കഴിഞ്ഞാല്‍, ബേങ്കുകളിലേക്ക് എത്തിയ പണത്തില്‍ ഭൂരിഭാഗവും വിപണിയിലേക്ക് ഒഴുകും. നിറഞ്ഞ ഖജാന ഒഴിയുമെന്ന് ചുരുക്കം. അങ്ങനെ ഒഴിയാനുള്ള സാധ്യത നിലനില്‍ക്കെ, ഇതാ ഖജാന നിറഞ്ഞിരിക്കുന്നു, അതിന്റെ ഗുണം നിങ്ങള്‍ക്ക് കിട്ടുമെന്നൊക്കെ വിശ്വസിച്ച് പുതിയതെന്ന് ജനത്തിന് തോന്നാവുന്ന പദ്ധതികള്‍ പ്രഖ്യാപിക്കുന്ന ഭരണാധികാരിയെക്കുറിച്ച് ചിന്തിക്കുമ്പോഴും “രാജ്യദ്രോഹം” മാത്രമേ അനുഷ്ഠിക്കാനാകൂ.
ജനത്തിന്റെ സമ്പത്ത് പിടിച്ചെടുത്ത നവംബര്‍ എട്ടിന് രാത്രി, ഭരണാധികാരി വാചാലനായത് കള്ളപ്പണത്തെക്കിറിച്ച്, കള്ള നോട്ടിനെക്കുറിച്ച്, അഴിമതിയെക്കുറിച്ച്, ഭീകരവാദത്തിന് ലഭിക്കുന്ന സാമ്പത്തിക സഹായത്തെക്കുറിച്ച് ഒക്കെയായിരുന്നു. ഇതൊക്കെ തടയാനുള്ള മാന്ത്രിക വിദ്യയാണ് ഈ പിടിച്ചെടുക്കല്‍ എന്നായിരുന്നു പ്രഖ്യാപനം. അസാധുവാക്കിയ 15.44 ലക്ഷം കോടിയില്‍ മൂന്ന് മുതല്‍ നാല് വരെ ലക്ഷം കോടി ബേങ്കുകളിലേക്ക് തിരിച്ചെത്താതിരിക്കുമെന്നും അതൊക്കെ കള്ളപ്പണമായിരുന്നുവെന്ന് അവകാശപ്പെടാന്‍ സാധിക്കുമെന്നുമായിരുന്നു പ്രതീക്ഷ. അസാധുവാക്കിയതില്‍ 14 ലക്ഷം കോടിയിലേറെ ഇതിനകം തിരിച്ചെത്തിക്കഴിഞ്ഞു. പ്രവാസ ജീവിതം നയിക്കുന്ന ഇന്ത്യക്കാര്‍ കൈവശം വെച്ചിരിക്കുന്ന നോട്ടുകള്‍, നാട്ടിലുള്ളവര്‍ തന്നെ ഇനിയും ബേങ്കുകളിലേക്ക് എത്തിക്കാത്ത നോട്ടുകള്‍ ഒക്കെ പരിഗണിച്ചാല്‍ 95 ശതമാനത്തിലധികം തിരിച്ചെത്തുമെന്ന് കരുതണം. 100 ശതമാനവും തിരിച്ചെത്തുമെന്നാണ് കേന്ദ്ര റവന്യൂ സെക്രട്ടറി നേരത്തെ പറഞ്ഞിരുന്നത്. എന്തായാലും സമ്പദ് വ്യവസ്ഥയില്‍ നിന്ന് ലക്ഷക്കണക്കിന് കോടിയുടെ കള്ളപ്പണം ഇല്ലാതാക്കാന്‍ സാധിച്ചുവെന്ന പ്രഖ്യാപനത്തിന് അരയും തലയും മുറുക്കി കാത്തിരുന്ന ഭരണാധികാരി, നിരാശനായെന്ന് ചുരുക്കം. ആ നിരാശ, പുതുവര്‍ഷത്തലേന്ന് രാജ്യത്തെ അഭിസംബോധന ചെയ്തപ്പോള്‍ പ്രകടവുമായിരുന്നു.
500, 1000 നോട്ടുകള്‍ അസാധുവാക്കിയതോടെ ആ ശ്രേണിയിലുള്ള കള്ള നോട്ടുകള്‍ അപ്രത്യക്ഷമായിട്ടുണ്ടാകുമെന്ന് ഉറപ്പ്. രാജ്യത്ത് വ്യവഹരിക്കപ്പെടുന്ന കള്ളനോട്ട് റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യയുടെ 2015 – 16 വര്‍ഷത്തെ കണക്കനുസരിച്ച് 29.64 കോടി മാത്രമാണ്. ആകെ വിപണിയിലുള്ള (ഉണ്ടായിരുന്ന) 16.41 ലക്ഷം കോടിയുടെ 0,0018 ശതമാനം മാത്രം. ആ കാറ്റാടിയോടുള്ള യുദ്ധം എത്രമാത്രം വിജയിച്ചുവെന്ന് പുതിയ പ്രഭാഷണത്തില്‍ ഡോണ്‍ ക്വിക്‌സോട്ട് പറഞ്ഞിട്ടില്ല. അസാധുവാക്കിയതിന്റെ വ്യാജനുമായി വിഹരിക്കാന്‍ മാത്രം വിഡ്ഢിത്തം കള്ളനോട്ട് അച്ചടിക്കുന്നവര്‍ കാണിക്കില്ല. പുതുതായി വിപണിയിലെത്തിച്ചതിന്റെ വ്യാജനിറക്കാനാകുമോ എന്ന ഗവേഷണത്തിലായിരിക്കുമല്ലോ അക്കൂട്ടര്‍.
അഞ്ഞൂറ്, ആയിരം നോട്ടുകള്‍ ഇല്ലാതായതോടെ ഭീകരവാദത്തിന്റെ നടുവൊടിഞ്ഞുവെന്നാണ് മറ്റൊരു അവകാശവാദം. ഭീകരവാദികള്‍ക്ക് ഇന്ത്യന്‍ രൂപ തന്നെ വേണമെന്ന നിര്‍ബന്ധമില്ലെന്ന് അതിന്റെ ശൃംഖലകളെക്കുറിച്ച് അറിയാവുന്നവര്‍ക്കൊക്കെ അറിയാം. അവര്‍ക്ക് ആയുധങ്ങള്‍ കിട്ടുന്ന വഴിക്ക് രാജ്യാതിര്‍ത്തികള്‍ ബാധകമല്ലെന്നും. അതുകൊണ്ട് തന്നെ നോട്ട് അസാധുവാക്കല്‍ ഭീകരവാദത്തിന്റെ നട്ടെല്ലൊടിച്ചുവെന്നൊക്കെ പറയുന്നതിലെ വിഡ്ഢിത്തം ചെറുതല്ല തന്നെ.
നോട്ട് പിന്‍വലിച്ചതിന്റെ അമ്പത് ദിവസം പൂര്‍ത്തിയാകുമ്പോള്‍ വലിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പൊതുവില്‍ പ്രചരിച്ചിരുന്നത്. നികുതി കുറയണം, കൂടുതല്‍ പേര്‍ നികുതി നല്‍കുന്നവരായി മാറണം എന്നതാണ് സമ്പദ് വ്യവസ്ഥക്ക് ഗുണകരമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറയുക കൂടി ചെയ്തതോടെ പ്രഖ്യാപനങ്ങളെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ധിച്ചു. ഒന്നും സംഭവിച്ചില്ല. നഗരങ്ങളിലെ ഇടത്തരക്കാര്‍ വീടുവെക്കുന്നതിന് വായ്പയെടുത്താല്‍ ഒമ്പത് ലക്ഷത്തിന് നാല് ശതമാനവും 12 ലക്ഷത്തിന് മൂന്ന് ശതമാനവും പലിശയിളവുണ്ടാകുമെന്നതാണ് “വലിയ” പ്രഖ്യാപനങ്ങളിലൊന്ന്. നഗര മേഖലയിലെ പാവപ്പെട്ടവര്‍ക്ക് വീടുവെക്കുന്നതിനും മറ്റും കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകള്‍ ഇപ്പോള്‍ തന്നെ ഗ്രാന്റുകള്‍ നല്‍കുന്നുണ്ട്. അതിന്റെ കൂടെച്ചേരുന്നതാണോ ഈ പലിശയിളവ് എന്നത് വരുംകാലത്തേ വ്യക്തമാകൂ. 2017ല്‍ വായ്പയെടുക്കുന്നവര്‍ക്കേ ആനുകൂല്യമുള്ളൂ. നോട്ട് പിന്‍വലിച്ചതിനെത്തുടര്‍ന്ന് തളര്‍ന്ന ചെറുകിട – ഇടത്തരം വ്യവസായ, വാണിജ്യ മേഖലകളില്‍ നിന്നുള്ളവരാകും ഈ വായ്പയുടെ ഉപഭോക്താക്കള്‍. പ്രതിസന്ധി തുടരുന്നതിനാല്‍, ഈ ഗണത്തില്‍പ്പെട്ട എത്രപേര്‍ 2017ല്‍ വീടുവെക്കാന്‍ ശ്രമിക്കും? ഈ പ്രഖ്യാപനം പ്രയോജനം ചെയ്യാനുള്ള സാധ്യത കുറവ്. ഗ്രാമീണ മേഖലയില്‍ വീടുവെക്കുന്നതിന് രണ്ട് ലക്ഷം രൂപവരെ വായ്പയെടുക്കുന്നവര്‍ക്കുമുണ്ട് മൂന്ന് ശതമാനം പലിശയിളവ്. നോട്ട് പിന്‍വലിക്കല്‍ മൂലം തകര്‍ന്ന ഗ്രാമീണ മേഖലയിലുള്ളവരില്‍ എത്രപേര്‍ 2017ല്‍ വീടുവെക്കാന്‍ ശ്രമിക്കും? രണ്ട് ലക്ഷം വരെയുള്ള വായ്പകൊണ്ട് ഗ്രാമങ്ങളിലുള്ളവര്‍ക്ക് വീടുവെക്കാനാകുമെന്ന് പ്രധാനമന്ത്രി ഇപ്പോഴും കരുതുന്നുവെങ്കില്‍, അതേക്കുറിച്ച് പിന്നെ എന്തെങ്കിലും പറയുന്നതില്‍ അര്‍ഥമില്ല.
സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്ന ഗര്‍ഭിണികള്‍ക്ക് ആറായിരം രൂപയുടെ ധനസഹായമാണ് അടുത്തത്. 2013ല്‍ പാര്‍ലിമെന്റ് പാസ്സാക്കിയ ഭക്ഷ്യസുരക്ഷാ നിയമത്തില്‍ ഇത് വ്യവസ്ഥ ചെയ്തിരുന്നു. അത് നടപ്പാക്കുക മാത്രമേ ഈ പ്രഖ്യാപനത്തിലുള്ളൂ. പാര്‍ലിമെന്റ് പാസ്സാക്കിയ നിയമത്തിലെ വ്യവസ്ഥ എന്തുകൊണ്ട് ഇത്രകാലം നടപ്പാക്കിയില്ല എന്ന ചോദ്യത്തിനുള്ള മറുപടി കൂടി പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കണമായിരുന്നു. സൂക്ഷ്മ – ചെറുകിട – ഇടത്തരം വ്യവസായങ്ങള്‍ക്ക് ബേങ്കുകള്‍ നല്‍കുന്ന ഒരു കോടി രൂപവരെയുള്ള വായ്പകള്‍ക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി നില്‍ക്കുന്നുണ്ട്. ഇത് രണ്ട് കോടിയായി ഉയര്‍ത്തി. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നെടുക്കുന്ന വായ്പകള്‍ക്കും സര്‍ക്കാര്‍ ഗ്യാരണ്ടി നില്‍ക്കും. നോട്ട് പിന്‍വലിച്ചതോടെ പ്രതിസന്ധിയിലാകുകയോ പ്രവര്‍ത്തനം നിര്‍ത്തുകയോ ചെയ്ത ഇത്തരം വ്യവസായ സ്ഥാപനങ്ങള്‍, നിലനില്‍പ്പിന് വേണ്ടി ശ്രമിക്കുമോ അതോ പുതിയ വായ്പയെടുത്ത് കടം വര്‍ധിപ്പിക്കാന്‍ യത്‌നിക്കുമോ?
പിന്നെയുള്ളത് കറന്‍സിരഹിത സമൂഹത്തിലേക്കുള്ള വിപ്ലവകരമായ മാറ്റത്തിലേക്കുള്ള അവകാശവാദമാണ്. കൈയില്‍ നോട്ടില്ലാതായതോടെ ജനസംഖ്യയില്‍ ചെറുതല്ലാത്ത വിഭാഗം അതിലേക്ക് മാറിയിട്ടുണ്ട് എന്നത് വസ്തുതയാണ്. രാജ്യമാകെ അതിലേക്ക് മാറാന്‍ പാകത്തിലുള്ള അടിസ്ഥാന സൗകര്യം ഇല്ലെന്നിരിക്കെ, ഓണ്‍ലൈന്‍ ഇടപാടുകള്‍ സുരക്ഷിതമാക്കുന്നതിന് വേണ്ട സംവിധാനം ഇല്ലെന്നിരിക്കെ ഈ അവകാശവാദത്തെയും മുഖവിലക്കെടുക്കാനാകില്ല. ഓണ്‍ലൈന്‍ ഇടപാടുകള്‍ വ്യാപകമായ അമേരിക്കയില്‍ ഇപ്പോഴും 45 ശതമാനം കറന്‍സിയിലാണ് ക്രയവിക്രയം. ബ്രിട്ടനിലെ സ്ഥിതിയും ഭിന്നമല്ല. ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുന്നവരെ പറ്റിച്ച് പണം തട്ടുന്ന സംഭവങ്ങള്‍ ഓരോ വര്‍ഷവും വര്‍ധിച്ചുവരുന്നതായാണ് ബ്രിട്ടനിലെ ഔദ്യോഗിക ഏജന്‍സികള്‍ തന്നെ പറയുന്നത്. അതില്‍ തന്നെ കൂടുതല്‍ നടക്കുന്നത്, ഫോണില്‍ വിളിച്ച്, വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് നടത്തുന്ന തട്ടിപ്പുകളാണ്. അത്തരം സംഗതികള്‍ കറന്‍സി രഹിത സമൂഹത്തിലേക്കുള്ള വിപ്ലവം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇന്ത്യാ മഹാരാജ്യത്ത് നടക്കുന്നുണ്ട്. അക്ഷരമറിയാത്ത, ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്നും അതിന് താനും ഇരയാകാമെന്നും അറിയാത്ത കോടിക്കണക്കിന് ആളുകളുള്ള രാജ്യത്ത് മൊബൈല്‍ ഫോണ്‍ ബേങ്കായി മാറുമ്പോള്‍ എന്തൊക്കെ സംഭവിക്കുമെന്ന് കണ്ടറിയണം.
ആധാര്‍ ബന്ധിതമായ ഓണ്‍ലൈന്‍ ഇടപാടുകള്‍ വ്യാപിപ്പിക്കാനാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ആലോചിക്കുന്നത്. ആധാര്‍ വിവരങ്ങള്‍ ഇതിനകം തന്നെ റിലയന്‍സ് അടക്കമുള്ള കമ്പനികളുടെയൊക്കെ പക്കലുണ്ട്. വ്യക്തി വിവരങ്ങളൊക്കെ ചോര്‍ന്ന അവസ്ഥയിലാണ് ആധാര്‍ സ്വന്തമായുള്ള ആളുകള്‍. അതുകൊണ്ട് തന്നെ കൂടുതല്‍ പേര്‍ കബളിപ്പിക്കപ്പെടാനുള്ള സാധ്യത നിലനില്‍ക്കുന്നു. ഉപഭോക്താക്കളുടെ അറിവില്ലാതെ സംഭവിക്കുന്ന തട്ടിപ്പുകള്‍ക്ക് ബേങ്കുകള്‍ക്ക് ഉത്തരവാദിത്തമുണ്ട്. അവ്വിധം നഷ്ടമാകുന്ന പണം ഒരുപക്ഷേ, അവര്‍ തിരികെ കൊടുത്തേക്കാം. ഉപഭോക്താക്കളെ കബളിപ്പിച്ച് വിവരങ്ങളെടുത്ത് നടത്തുന്ന തട്ടിപ്പുകളാണെങ്കില്‍, അതിലൂടെയുണ്ടാകുന്ന നഷ്ടത്തിന് ബേങ്ക് ഉത്തരവാദിയാകില്ല. നിലവില്‍ തന്നെ പലവിധ ചൂഷണങ്ങള്‍ കൊണ്ട് പൊറുതിമുട്ടി നില്‍ക്കുന്ന വലിയൊരു വിഭാഗം ജനതയെ സംഘടിത തട്ടിപ്പിന്റെ സാധ്യതയിലേക്ക് കൂടി എറിഞ്ഞുകൊടുക്കുകയാണോ നരേന്ദ്ര മോദി സര്‍ക്കാര്‍ എന്ന് ന്യായമായും സംശയിക്കണം.
ജനങ്ങളുടെ സമ്പത്ത് പിടിച്ചെടുത്ത്, കള്ളപ്പണത്തിനും അഴിമതിക്കുമെതിരായ യുദ്ധമെന്ന് പ്രഖ്യാപിച്ച്, ശൂന്യമായ കൈകളുമായി നില്‍ക്കുകയാണ് ഭരണാധികാരി. രാജ്യത്തെ രക്ഷിക്കാനായി താന്‍ നടത്തിയ ശ്രമത്തെ പിന്തുണച്ച ജനങ്ങള്‍ക്ക് നന്ദി പറഞ്ഞും സത്യസന്ധരായ ആളുകള്‍ക്കുണ്ടായ ബുദ്ധിമുട്ടുകളില്‍ ഖേദം രേഖപ്പെടുത്തിയും വാചാടോപത്തിലൂടെ വികാരമുണര്‍ത്താനുള്ള പുതിയ തന്ത്രങ്ങള്‍ പയറ്റുന്നു. വിഡ്ഢിത്തം അകമ്പടി പോകുന്ന ഈ വാചാടോപത്തിന്റെ നെല്ലും പതിരും തിരിഞ്ഞു തുടങ്ങിയിരിക്കുന്നുവെന്നതാണ് നോട്ട് പിന്‍വലിച്ച നടപടിയുടെ ഏറ്റവും വലിയ ഗുണഫലം. അത് ശബ്ദഘോഷങ്ങളാല്‍ പ്രകടിപ്പിക്കപ്പെടുന്നില്ലെന്ന് മാത്രം. അടിയന്തരാവസ്ഥക്കാലത്തുയര്‍ന്ന പ്രതിഷേധങ്ങള്‍ക്കും ശബ്ദഘോഷങ്ങളുടെ അകമ്പടിയുണ്ടായിരുന്നില്ലല്ലോ!