Connect with us

Business

വര്‍ഷാന്ത്യം സെന്‍സെക്‌സ് മുന്നേറ്റം; ഒ എന്‍ ജി സിക്ക് തിരിച്ചടി

Published

|

Last Updated

ഇന്ത്യന്‍ ഓഹരി വിപണി രണ്ട് ശതമാനം പ്രതിവാര നേട്ടത്തില്‍. ബോംബെ സെന്‍സെക്‌സും നിഫ്റ്റിയും വര്‍ഷാന്ത്യം നടത്തിയ കുതിപ്പ് വരും ദിനങ്ങളിലും ആവര്‍ത്തിക്കുമെന്ന നിഗമനത്തിലാണ് ഓപ്പറേറ്റര്‍മാര്‍. ബോംബെ സെന്‍സെക്‌സ് 585 പോയിന്റും നിഫ്റ്റി 200 പോയിന്റും വര്‍ധിച്ചു.
എഫ് എം സി ജി, കാപ്പിറ്റല്‍ ഗുഡ്‌സ്, ടെക്‌നോളജി, ഓയില്‍ ആന്‍ഡ് ഗ്യാസ് ഓഹരികളില്‍ പിന്നിട്ടവാരം നിക്ഷേപകര്‍ താത്പര്യം കാണിച്ചു. അതേ സമയം റിയാലിറ്റി ഓഹരികള്‍ വില്‍പ്പന സമ്മര്‍ദ്ദത്തിലായിരുന്നു.
മുന്‍ നിരയിലെ പത്ത് കമ്പനികളില്‍ ഒമ്പതിന്റെയും വിപണി മുല്യം പോയവാരം ഉയര്‍ന്നു. മൊത്തം 74,194 കോടി രൂപയുടെ വിപണി മുല്യം വര്‍ധിച്ചു. ഐ റ്റി സി, റ്റി സി എസ്, കോള്‍ ഇന്ത്യ, ആര്‍ ഐ എല്‍, എച്ച് ഡി എഫ് സി, എച്ച് ഡി എഫ് സി ബേങ്ക്, എസ് ബി ഐ തുടങ്ങിയവ നേട്ടം. ഒ എന്‍ ജി സിക്ക് തിരിച്ചടിനേരിട്ടു.
സെന്‍സെക്‌സ് 25,758 ല്‍ നിന്ന് 26,675 വരെ കുതിച്ച ശേഷം ക്ലോസിങില്‍ 26,626 ലാണ്. ഈവാരം സൂചികക്ക് 26,948-27,865 ല്‍ തടസം നേരിടാം. എന്നാല്‍ തിരിച്ചടിനേരിട്ടാല്‍ ആദ്യ താങ്ങ് 26,031 പോയിന്റിാണ്. ഈ സപ്പോര്‍ട്ട് നഷ്ടപ്പെട്ടാല്‍ വിപണി 25,346 റേഞ്ചിലേക്ക് നീങ്ങാം.
2016 ല്‍ നിഫ്റ്റി സൂചിക എട്ട് ശതമാനം നഷ്ടത്തിലാണ്. ഡെറിവേറ്റീവ് മാര്‍ക്കറ്റിലെ സെറ്റില്‍മെന്റ് മുലം ഇടപാടുകളുടെ തുടക്കത്തില്‍ നിഫ്റ്റി അല്‍പ്പം തളര്‍ന്നു. എന്നാല്‍ പിന്നീട് വിപണി സജീവമായി. 7896 ല്‍ നിന്നുള്ള കുതിപ്പില്‍ നിഫ്റ്റി 8000 പോയിന്റെ പ്രതിരോധം തകര്‍ത്ത് 8196 വരെ നീങ്ങിയെങ്കിലും വന്‍കടമ്പയായ 8200 ഭേദിക്കാനായില്ല. വാരാന്ത്യം നിഫ്റ്റി 8185 ലാണ്. ഈ വാരം 8288 ലെ തടസം മറികടന്നാല്‍ നിഫ്റ്റി ഈ മാസം 8392-8588 വരെ ഉയരാം. ആദ്യ പ്രതിരോധം മറികടക്കാനായില്ലെങ്കില്‍ 7988-7688 ലേക്കും തളരാം.
500, 1000 രൂപകള്‍ അസാധുവാക്കിയ ശേഷം വിപണിയുടെ ഊര്‍ജം നിത്യേന ചോര്‍ന്നു. ഡിസംബര്‍ അവസാനം വരെയുള്ള 36 പ്രവര്‍ത്തി ദിനങ്ങളില്‍ 21 ലും വിപണി തളര്‍ന്നു. നോട്ട് നിരോധനം നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിച്ചു. പ്രദേശിക നിക്ഷേപകര്‍ മാത്രമല്ല, വിദേശ ഫണ്ടുകളും നിക്ഷേപം തിരിച്ചു പിടിക്കാന്‍ മത്സരിച്ചു. നവംമ്പര്‍ ഒമ്പതിന് ശേഷം വിദേശ ഓപ്പറേറ്റര്‍മാര്‍ 25,921 കോടി രൂപ പിന്‍വലിച്ചു. വിദേശ പോട്ട് ഫോളിയോ നിക്ഷേപകര്‍ ഒക്‌ടോബര്‍-ഡിസംബറില്‍ ഓഹരി വിപണിയിലും കടപത്രത്തിലുമായി 48,700 കോടി രൂപ പിന്‍വലിച്ചു.
ഡിസംബറില്‍ അമേരിക്ക പലിശ നിരക്ക് ഉയര്‍ത്തിയത് മുലം മാത്രം അവര്‍ നാല് ബില്യന്‍ ഡോളറാണ് ഇവിടെ നിന്ന് തിരിച്ചു പിടിച്ചത്. കഴിഞ്ഞ മാസം അവര്‍ ഓഹരി വിപണിയില്‍ നിന്ന് 8176 കോടി രൂപയുടെ നിക്ഷേപം തിരിച്ചു പിടിച്ചു. പ്രമുഖ നാണയങ്ങള്‍ക്ക് മുന്നില്‍ യു എസ് ഡോളര്‍ മുന്നേറ്റം തുടരുന്നു. ഡോളര്‍ ഇന്‍ഡക്‌സ് പോയ വര്‍ഷം 3.7 ശതമാനം ഉയര്‍ന്നു.
ആഗോള വിപണിയില്‍ എണ്ണ വില ബാരലിന് 53 ഡോളറിലും സ്വര്‍ണം ഔണ്‍സിന് 1150 ഡോളറിലമാണ്. ഒപ്പെക്ക് എണ്ണ ഉത്പാദനം കുറക്കുമെന്ന തീരുമാനം രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ത്തി.