Connect with us

Articles

ജിന്നൂരിസത്തില്‍ നിന്ന് ദമ്മാജിലേക്കുള്ള ദൂരം

Published

|

Last Updated

മടവൂര്‍ വിഭാഗത്തിനെപ്പോലെത്തന്നെ ഔദ്യോഗിക ഗ്രൂപ്പിനും ശിര്‍ക്കിന് ഒരു പുല്ലു വിലയുമില്ലെന്ന് ഈ നാടകത്തിന്റെ പരിണാമങ്ങള്‍ ശ്രദ്ധിച്ച ഏത് പ്രേക്ഷകനും പെട്ടെന്ന് പിടിത്തം കിട്ടാവുന്നതേയുള്ളൂ. പുതിയ പുതിയ ശിര്‍ക്കുകള്‍ കണ്ടുപിടിക്കാനും അവ പൊടുന്നനെ തൗഹീദാക്കി മാറ്റാനും വീണ്ടും അത് ശിര്‍ക്കാക്കാനും മാറിമറിഞ്ഞ് വരുന്ന തൗഹീദ് ശിര്‍ക്കുകള്‍ ഞൊടിയിടയില്‍ റാന്‍മൂളികളായ അനുയായികള്‍ക്ക് പഠിപ്പിച്ച് കൊടുക്കാനും മികവും തികവുമുള്ള യുവകേസരികള്‍ തങ്ങള്‍ക്ക് എമ്പാടുമുണ്ടെന്ന് കേരളത്തിലെ ഏത് വഴിപോക്കനും അറിയും വിധം ബോധ്യപ്പെടുത്തിക്കൊടുത്ത ഒരു പ്രസ്ഥാനം ശിര്‍ക്കിനെ അതിലളിതമായും ലാഘവത്തോടെയുമാണ് സമീപിക്കുന്നതെന്ന് സുതരാം വ്യക്തമാകും. പിളരാന്‍ ഇന്ധനമാക്കിയ തൗഹീദ് എത്രമേല്‍ അസ്ഥിരമാണെന്ന് ബോധ്യപ്പെടുമ്പോള്‍ ലയിക്കാന്‍ അതെത്രമാത്രം തടസ്സമല്ല എന്നും മനസ്സിലാകും. അതിനായി ആ പിളര്‍പ്പിന്റെ സൈദ്ധാന്തിക കഥകള്‍ ഹൃസ്വമായൊന്ന് പറയാം. ഓര്‍മകള്‍ക്കെതിരെ എന്നും കലാപം കൂട്ടുന്നവരാണ് വഹാബികളെന്നറിയാം. സ്വന്തം ചരിത്രം കേള്‍ക്കുന്നത് അവര്‍ക്ക് തീരെ ഇഷ്ടമില്ലെന്നും അറിയാം. മറ്റുള്ളവരെ പോലെ അവര്‍ക്കും അതൊക്കെ കേള്‍ക്കുമ്പോള്‍ ഓക്കാനം വരുമെന്ന് പറയാം. എങ്കിലും ഈ നടനകലയുടെ അടുത്ത എപ്പിസോഡുകള്‍ അറപ്പോടെയാണെങ്കിലും അനുഭവിക്കാനിരിക്കുന്ന കേരള ജനതക്ക് ഈ വിവരങ്ങള്‍ ഗുണം ചെയ്യും.

നടേ പറഞ്ഞ ജിന്ന് പിശാചാദി കാരണങ്ങളാല്‍ സലഫികള്‍ രണ്ടായി പിളര്‍ന്നു. അങ്ങനെ ജിന്നും സിഹ്‌റും മന്ത്രവും ബര്‍ക്കത്തും സംസമും ബാധയും ചികത്സയും “ഇറക്കലും” “കയറ്റലും” എല്ലാം അടങ്ങുന്ന തൗഹീദിന്റെ പുതിയ വേര്‍ഷന്‍ വിപണിയിലിറങ്ങി. അവര്‍ക്ക് എ പി അബ്ദുല്‍ ഖാദിര്‍ മൗലവി നേതൃത്വം നല്‍കിയതിനാല്‍ അവര്‍ മൗലവി ഗ്രൂപ്പ് എന്നറിയപ്പെട്ടു. സംഘടനാപരമായി ഇവരാണ് ഔദ്യോഗിക വിഭാഗം. ഇവര്‍ക്ക് ആദ്യകാലത്ത് സൈദ്ധാന്തികമായി നേതൃത്വം നല്‍കിയത് സ്വലാഹിമാര്‍. എന്നാല്‍ മറ്റൊരു വിഭാഗം ബുഖാരി അടക്കമുള്ള ഗ്രന്ഥങ്ങളിലെ സ്വഹീഹായ ഹദീസുകളെ പോലും തള്ളി, കണ്ണേറും സിഹ്‌റും മന്ത്രവും ബര്‍ക്കത്തും സംസമും ജിന്നുബാധയും ചികത്സയുമെല്ലാം ശിര്‍ക്കന്‍ വിശ്വാസമാണെന്ന് പ്രചരിപ്പിച്ച് പരിഷ്‌കൃത തൗഹീദില്‍ തന്നെ ഉറച്ചുനിന്നു. ഹുസൈന്‍ മടവൂര്‍ നേതൃത്വം നല്‍കുന്ന ഗ്രൂപ്പായതുകൊണ്ട് അവര്‍ മടവൂര്‍ ഗ്രൂപ്പ് എന്നറിയപ്പെട്ടു. എന്നാല്‍ മൗലവി വിഭാഗത്തില്‍ വീണ്ടും സംഘര്‍ഷം ഉടലെടുത്തു. ചിലര്‍ ജിന്ന് ഗവേഷണത്തില്‍ കുറെയേറെ മുന്നോട്ട് പോയി. സ്വതന്ത്രമായ ഗവേഷണത്തിന് പരവതാനി വിരിക്കുകയും ഖുര്‍ആനിന്റെയും സുന്നത്തിന്റെയും കവാടങ്ങള്‍ മലര്‍ക്കെ തുറന്നിടുകയും ചെയ്ത് “മുജ്തഹിദ് മുത്‌ലഖ്”(മതവിഷയത്തിലെ സ്വതന്ത്ര ഗവേഷകര്‍) മാരെ കൊണ്ട് കേരളം സമ്പന്നമാക്കിയ ഒരു സംഘടനയില്‍ അനിവാര്യമായും സംഭവിക്കേണ്ടത് തന്നെയായിരുന്നു അത്. അങ്ങനെ ജിന്ന് ചര്‍ച്ചകള്‍ കൊണ്ട് കേരളം സജീവമായി. കോട്ടക്കല്‍ വെച്ച് ജിന്ന് ആകാശത്ത് കയറിപ്പോകുന്നത് ചില മുജാഹിദുകള്‍ കണ്ടതായും വഹാബി തൗഹീദിന്റെ പ്രചരണാര്‍ഥം കൊല്ലം തോറും അവര്‍ നടത്തിവരാറുളള സാല്‍വേഷനില്‍ ജിന്ന് താത്ത വന്നിരുന്നു കുശലം പറഞ്ഞതായും മുജാഹിദുകള്‍ക്കിടയില്‍ പരക്കെ സംസാരമായി. വിഗ്രഹങ്ങള്‍ പാല്‍ കുടിച്ചതായി ചില ഹൈന്ദവ കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ച നുണക്കഥകളെ സത്യവത്കരിക്കാന്‍ ചില മുജാഹിദ് പ്രഭാഷകര്‍ ശ്രമിച്ചു. മേശ വലിപ്പില്‍ ജിന്ന് കുടുങ്ങാമെന്നും ജര്‍മനിയില്‍ നിന്ന് അര മണിക്കൂറിനുള്ളില്‍ മരുന്ന് കൊണ്ടുവരാന്‍ പിശാചിന് കഴിയുമെന്നും പ്രചരിപ്പിച്ചു. പുളിക്കലും ചെറുവാടിയിലും ശരീരത്തില്‍ കടന്നുകൂടിയ ജിന്നിനെ ഇറക്കാന്‍ വേണ്ടി യുവാക്കളെയും യുവതികളെയും മാരകമായി അടിച്ചതായി പരാതികളുയര്‍ന്നു. ഓരോ യൂണിറ്റുകളിലും ജിന്ന് ക്ലിനിക്കുകള്‍ തുടങ്ങാന്‍ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. മുജാഹിദ് പള്ളികളില്‍ ജിന്ന് സിഹ്‌റ് ചികിത്സാ തുടങ്ങി. കൊച്ചുകുട്ടികള്‍ക്കും സാമുഹിക പ്രവര്‍ത്തകര്‍ക്കും പത്രമാധ്യമങ്ങള്‍ക്കും ജിന്ന് എന്നത് മുജാഹിദ് എന്നതിന്റെ പര്യയമായി മാറും വിധം കാര്യങ്ങളെത്തി.

ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ജിന്നുകളോട് സഹായം തേടുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളായിരുന്നു. സിഹ്‌റും കണ്ണേറും ജിന്ന് ബാധയുമൊക്കെ തൗഹീദിനുള്ളില്‍ പെടുമെങ്കില്‍ – ഭൗതികമാണെങ്കില്‍ – ജിന്നിനോട് സഹായം തേടുന്നത് മാത്രം എന്തിന് അഭൗതികമാണെന്ന് ഒരു വിഭാഗം ചോദിച്ച് തുടങ്ങി. അങ്ങനെ മനുഷ്യകഴിവിന്നതീതമായ കാര്യങ്ങളിലുള്ള സഹായതേട്ടം എന്ന പ്രാര്‍ഥനയുടെ പഴയ നിര്‍വചനം പൊളിച്ചു പുതിയ നിര്‍വചനവുമായി സകരിയ്യാ സ്വലാഹി രംഗത്തെത്തി.സൃഷ്ടികളുടെ കഴിവിന്നതീതമായ കാര്യങ്ങളില്‍ സഹായം തേടലാണ് പ്രാര്‍ഥനയെന്ന് ഭേദഗതി ചെയ്യപ്പെട്ടു. അപ്പോള്‍ സൃഷ്ടിയുടെ കഴിവില്‍ പെട്ട കാര്യങ്ങള്‍ സൃഷ്ടികളോട് ചോദിച്ചാല്‍ അത് പ്രാര്‍ഥനയല്ലെന്നും വന്നു. പച്ചയില്‍ പറഞ്ഞാല്‍ ജിന്ന് പിശാചുക്കളോട് അവരുടെ കഴിവില്‍ പ്പെട്ടത് തേടുന്നത് പ്രാര്‍ഥനയല്ല. ശിര്‍ക്കല്ല. 2007 ഏപ്രില്‍ മാസത്തിലെ ഇസ്‌ലാഹില്‍ ജബ്ബാര്‍ മൗലവി ഇക്കാര്യങ്ങള്‍ വിശദീകരിച്ച് ലേഖനെമെഴുതി. വിജനമായ സ്ഥലത്ത് അകപ്പെട്ട ഒരാള്‍ തനിക്ക് വല്ല സഹായവും കിട്ടാന്‍ വേണ്ടി ജിന്നുകളെയോ മലക്കുകളേയോ ഉദ്ദേശിച്ച് “അല്ലാഹുവിന്റെ അടിമകളേ എന്നെ സഹായിക്കണേ” എന്ന് വിളിച്ചുപറഞ്ഞാല്‍ അത് അഭൗതികമായ സഹായതേട്ടമല്ലന്നായിരുന്നു മൗലവിയുടെ കണ്ടെത്തല്‍. “തൗഹീദ് 2007” എന്നാണ് ഈ തൗഹീദ് അറിയപ്പെട്ടത്.
“തൗഹീദ് 2007” പുറത്തിറങ്ങിയപ്പോള്‍ ചോദ്യശരങ്ങളുമായി സുന്നികള്‍ വഹാബിസത്തെ നിര്‍ത്തിപ്പൊരിച്ചു. താമരശ്ശേരി ചുരത്തിലെ ആറാം വളവില്‍ നിന്നും ബസ്സിന്റെ ബ്രേക്ക് പൊട്ടിയാല്‍ അല്ലാഹു അല്ലാത്ത ആരെ വിളിച്ചാലും ശിര്‍ക്കാണെന്ന് പറഞ്ഞിരുന്ന വഹാബികള്‍ക്ക് ചുരത്തിലാണെങ്കിലും കടലിലാണെങ്കിലും ഏത് പ്രതിസന്ധിഘട്ടത്തിലും പരിസരത്തുണ്ടാവാനിടയുള്ള മലക്കുകളോടോ ജിന്നുകളോടോ വിളിച്ച് തേടിയാല്‍ ശിര്‍ക്കല്ലെന്ന് പറയേണ്ടിവരുന്ന ഗതിയിലെത്തി. മക്കാ മുശ്‌രിക്കുകളേക്കാള്‍ കടുത്ത മുശ്‌രിക്കുകള്‍ എന്ന് മടവൂര്‍ വിഭാഗം ഇവരെ ആക്ഷേപിച്ചു. ബദ്‌രീങ്ങളെ വിളിച്ചാല്‍ ശിര്‍ക്കും പിശാചിനെ വിളിച്ചാല്‍ തൗഹീദുമാകുന്ന വൈരുധ്യത്തെ സുന്നികള്‍ ചോദ്യം ചെയ്തു. ഗത്യന്തരമില്ലാതെ അഞ്ച് വര്‍ഷത്തിന് ശേഷം- 2012 ല്‍ മുജാഹിദുകള്‍ വീണ്ടും സുന്നഹദോസ് കൂടി. അബ്ദുറഹ്മാന്‍ സലഫിയുടെ നേതൃത്വത്തില്‍ ഭൂരിപക്ഷാഭിപ്രായപ്രകാരം അഞ്ച് വര്‍ഷക്കാലത്തെ ഈ തൗഹീദ് ശിര്‍ക്കായി തീരുമാനിക്കപ്പെട്ടു. മുവാറ്റുപുഴ സുന്നി-മുജാഹിദ് സംവാദത്തില്‍ വെച്ച് 2007ലെ തൗഹീദ് ശിര്‍ക്കായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഈ തൗഹീദിന് ബീജാവാപം നല്‍കിയ ജബ്ബാര്‍ മൗലവിയേയും അതിന്റെ പ്രചാരണം ഏറ്റെടുത്ത സകരിയ്യാ സ്വലാഹിയേയും കാഫിറായതായി സംഘടനാ നേതാക്കള്‍ നാടെങ്ങും പ്രചരിപ്പിച്ചു. കുറേ ആളുകള്‍ അവര്‍ക്കൊപ്പം കൂടി. അറിയപ്പെടാന്‍ പ്രത്യേകിച്ച് പേരുകളൊന്നും ഇല്ലാത്തതിനാല്‍ ജിന്നൂരികള്‍ എന്നാണ് മാതൃസംഘടനയും മറ്റുള്ളവരും അവരെ വിളിച്ചിരുന്നത്. അപ്പോള്‍ മറ്റൊരു പ്രശ്‌നം 2012 പ്രകാരം 2007ലെ തൗഹീദിനെ ന്യായീകരിച്ച മറ്റു മൗലവിമാരും മുശ്‌രിക്കുകളാകുമല്ലോ? അപ്പോള്‍ എന്ത് ചെയ്യും? അതിനെന്തുണ്ട് പരിഹാരം? തൗബ തന്നെ! അങ്ങനെ 2007ലെ തൗഹീദ് അഞ്ച് വര്‍ഷം കൊണ്ടു നടന്നതിന് പരിഹാരമായി അനസ് മൗലവിയും സംഘവും പരസ്യമായി തൗബ ചെയ്തു!!
സംഘടനക്കുള്ളില്‍ പിടിമുറുക്കിയ ജിന്നൂരികളുടെ താഴ്‌വേരുകള്‍ കണ്ട സംഘടനാ നേതാക്കളായ ടി പി അബ്ദുല്ലക്കോയയും എ പി അബ്ദുല്‍ ഖാദിര്‍ മൗലവിയും സ്തബ്ധരായി. അവര്‍ സംഘടനയെ ശുദ്ധികലശം ചെയ്യാന്‍ തീരുമാനിച്ചു. വ്യക്തികളെ പുറത്താക്കാന്‍ തുടങ്ങിയാല്‍ പട്ടിക അനന്തമായി നീളും എന്നു മാത്രമല്ല, പുറത്താക്കപ്പെട്ടവര്‍ക്ക് ഹീറോ പരിവേഷം കിട്ടുകയും ചെയ്യും. അങ്ങനെയാണ് അവരാ കടും കൈ ചെയ്തത്. യുവജന വിദ്യാര്‍ഥി സംഘടനകളുടെ സംസ്ഥാന, ജില്ല, മണ്ഡല, ശാഖ കമ്മിറ്റിയെ മുഴുവനും പിരിച്ചു വിടുക! എന്നിട്ട് ജിന്നൂരികളില്‍ നിന്ന് പരിപൂര്‍ണമായും മുക്തമായ അഡ്‌ഹോക്ക് കമ്മിറ്റികള്‍ രൂപവത്കരിക്കുക.

അങ്ങനെ ചരിത്രത്തിലാദ്യമായിട്ടായിരിക്കാം ഒരു സംഘടന എല്ലാ പോഷക ഘടകങ്ങളുടെയും മുഴുവന്‍ കമ്മിറ്റികളെയും പിരിച്ചു വിട്ട് അഡ്‌ഹോക് കമ്മിറ്റികളുണ്ടാക്കി. തുടര്‍ന്ന് യുവജനങ്ങളെ വിശിഷ്യ ജിന്നൂരിസത്തില്‍ കൂടുതലായി കുടുങ്ങിപ്പോയ വിദ്യാര്‍ഥികളെ ജിന്ന് വിമുക്ത തൗഹീദ് പഠിപ്പിക്കാന്‍ പദ്ധതികള്‍ തയ്യാറാക്കി.
സ്വലാഹിയെ പുറത്താക്കിയതോടെ പ്രഭാഷകരെല്ലാം സ്വലാഹിയുടെ കൂടെ മറുകണ്ടം ചാടി. ഹുസൈന്‍ സലഫി, മുജാഹിദ് ബാലുശ്ശേരി അടക്കമുളള തീപ്പൊരി പ്രഭാഷകരെല്ലാം ഒരു ഭാഗത്ത്. മരത്തിനേക്കാള്‍ വലിയ കൊമ്പായി സകരിയ്യ ഗ്രൂപ്പ് വളര്‍ന്ന് സംഘടനയെ വെല്ലുവിളിച്ച് നാടു നീളെ ദഅ്‌വാ സമ്മേളനങ്ങള്‍, എക്‌സിബിഷന്‍, സംവാദങ്ങള്‍, മുഖാമുഖങ്ങള്‍, പ്രോഫ്‌കോണ്‍, വെല്ലുവിളികള്‍, തെറിപ്പാട്ടുകള്‍…അങ്ങനെ മൗലവി ഗ്രൂപ്പ് വീണ്ടും പിളര്‍ന്നു. ചുരുക്കത്തില്‍ പ്രയോഗ തലത്തില്‍ മുജാഹിദുകള്‍ മൂന്ന് വിഭാഗമായി മാറി. മടവൂര്‍ വിഭാഗവും ഔദ്യോഗിക വിഭാഗവും ജിന്ന് വിഭാഗവും.

എന്നാല്‍ ജിന്ന് വിഭാഗത്തിലും പിന്നീട് അപസ്വരമുണ്ടാകുന്നതാണ് കണ്ടത്. ഈ വിഭാഗം ഗള്‍ഫ് സലഫികളെയാണല്ലോ ഖിബ്‌ലയാക്കിയിരുന്നത്. നേതൃനിരയിലുള്ള ചിലര്‍ ഗള്‍ഫ് സലഫിസത്തില്‍ കുറേ കൂടി തീവ്രമായി ചിന്തിക്കാന്‍ തുടങ്ങി. നിലവിലുള്ള സംഘടനാ സംവിധാനങ്ങള്‍ തന്നെ ആഗോള സലഫിസത്തിന് എതിരാണെന്നും ആശയങ്ങളിലും നിലപാടുകളിലും ഇന്ത്യയുടെ ബഹുസ്വരതയെ പാടെ അവഗണിച്ച് തീവ്ര സലഫിസം ഇറക്കുമതി ചെയ്യപ്പെടണമെന്നുള്ള നിലപാടുകള്‍ മുളപൊട്ടുന്നത് ഈ പ്രവണതയില്‍ നിന്നാണെന്ന് ന്യായമായും സംശയിക്കാം. ക്രിസ്ത്യാനികളോടുള്ള സമീപനം പോലും കേരളത്തിലെ സുന്നികള്‍ അര്‍ഹിക്കുന്നില്ലെന്നും അവരുമായുള്ള വിവാഹ ബന്ധം അസാധുവാണെന്നും സ്വത്ത് അനന്തരം എടുക്കാനോ കൊടുക്കാനോ പാടില്ലെന്നും അടക്കമുള്ള ലേഖനങ്ങള്‍ “അല്‍ ഇസ്‌ലാഹ്” മാസികയില്‍ പ്രസിദ്ധീകരിക്കപ്പെട്ടത് ഈ ചിന്താധാരയുടെ ഫലമായിരിക്കാം. ഈ മാസികയില്‍ ഇപ്പോള്‍ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളധികവും തീവ്ര സലഫികളുടെ ലേഖനങ്ങളുടെ പരിഭാഷയാണ്. ആശയപരമായി അവരോട് യോജിക്കുമ്പോഴും ഈ നീക്കത്തിന്റെ അപകടം മനസ്സിലാക്കി ഒരു വിഭാഗം പ്രത്യക്ഷത്തില്‍ ജനാധിപത്യ സംവിധാനങ്ങളുമായി സഹകരിച്ച് മുന്നോട്ട് നീങ്ങി. അവരാണ് വിസ്ഡം ഗ്രൂപ്പ് എന്ന് ഇപ്പോള്‍ അറിയപ്പെടുന്നത്. ജിന്ന് വിഭാഗത്തിന് ജന്മം നല്‍കിയ സകരിയ്യ സ്വലാഹിയടക്കം ഈ വിസ്ഡം ഗ്രൂപ്പില്‍ ഇല്ല. സിറിയയിലേക്കും ദമ്മാജിലേക്കുമൊക്കെ പലായനം ചെയ്തു എന്ന് സംശയിക്കപ്പെടുന്നവര്‍ ഗള്‍ഫ് തൗഹീദ് ഇന്ത്യയില്‍ നടപ്പിലാക്കുക പ്രയാസമാണെന്ന് മനസ്സിലാക്കിയ ഈ വിഭാഗമാണോ എന്ന അന്വേഷണം പ്രസക്തമാണ്.
ഐ എസ് അക്ഷര വായനയുടെ വിധാതാക്കളാണ്. പൈതൃകവും പാരമ്പര്യവും ചരിത്രവും അവര്‍ ചവിട്ടിത്തെറിപ്പിക്കുന്നു. സ്മാരകങ്ങളും മഖ്ബറകളും തകര്‍ക്കുന്നു. നബിദിനം ആഘോഷിക്കുന്നവരെ കൂട്ടക്കൊല ചെയ്യുന്നു. നേര്‍ച്ചകള്‍ നിരോധിക്കുന്നു. ലോകത്ത് സമാധാനവും ശാന്തിയും കൊണ്ട് വന്ന സൂഫിസത്തെയും മത പ്രമാണങ്ങള്‍ക്കും തദ്വാര ഇസ്‌ലാമിക സമൂഹങ്ങള്‍ക്കും നിദാന ശാസ്ത്രവും കൃത്യതയും ഭദ്രതയും നല്‍കിയ മദ്ഹബുകളെയും അവര്‍ അറപ്പോടെ വീക്ഷിക്കുന്നു. വെറുപ്പും വിദ്വേഷവും കൃഷി ചെയ്യുന്നു. ഖുര്‍ആന്‍ സൂക്തങ്ങളോതി കൊടും ക്രൂരതകള്‍ ചെയ്യുന്നു. ഇതൊക്കെത്തന്നെയാണ് സലഫിസവും ചെയ്തത്. മദ്ഹബീ ഭദ്രത മുന്നോട്ട് വെക്കുന്ന ഇസ്‌ലാമിന്റെ താത്വികതയും സൂഫീ ജീവിതം പ്രകാശിപ്പിക്കുന്ന ഇസ്‌ലാമിന്റെ പ്രായോഗികതയും വലിച്ചെറിഞ്ഞവര്‍ മുജ്തഹിദ് മുത്‌ലഖുമാരായി വേഷം കെട്ടിയപ്പോള്‍ സ്വാഭാവികമായും ചിലര്‍ അത്തിക്കാട്ടും ദമ്മാജും മൊസൂളും സ്വപ്‌നം കണ്ടു. (ഖുര്‍ആന്‍ കൊണ്ട് ചിലരെ നാം പിഴപ്പിക്കുമെന്നും അല്ലാഹു പറഞ്ഞിട്ടുണ്ടല്ലോ) ഐ എസ് മലയാളത്തില്‍ ബ്ലോഗ് തുറന്നതെങ്ങനെയാണ് ? ആയത്തുകളുദ്ധരിച്ച് അതിലൂടെ കൊലവിളികള്‍ ഉയര്‍ത്തുന്നത് എങ്ങനെയാണ്? ഐ എസ് മുദ്രയുള്ള ലഘുലേഖ വിതരണം ചെയ്തതിന് രണ്ട് മലയാളികളെ ഗോവയിലെ പനാജിയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തുവെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത.

ഇത്തരം തീവ്രവാദ പ്രവണതകളുടെ വേരുകള്‍ തീവ്ര സലഫിസത്തിലും അവയുടെ വേരുകള്‍ ഔദ്യോഗിക മുജാഹിദ് പ്രസ്ഥാനത്തിലും ചെന്നു മുട്ടുന്നതായി പലകോണുകളില്‍ നിന്നും വിമര്‍ശങ്ങള്‍ ഉയര്‍ന്നപ്പോഴാണ് ജിന്ന് വിഭാഗത്തെ പാടെ മാറ്റി നിര്‍ത്തി, മത യുക്തിവാദികളായ മടവൂര്‍ വിഭാഗവുമായി ലയിക്കുന്നതിനെ കുറിച്ച് സംഘടന സഗൗരവം ചിന്തിക്കുന്നതെന്നാണ് മനസ്സിലാകുന്നത്. ഇരുമ്പുലക്ക വിഴുങ്ങിയിട്ട് ചുക്കു വെള്ളം കുടിച്ചിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ലെങ്കിലും പ്രയാസപ്പെട്ട് കഴിയുന്ന മടവൂരി വിഭാഗത്തെ സംബന്ധിച്ചിടത്തോളം ആസ്വാദ്യകരമായ ഒരു ഓഫറായിരുന്നു അത്. പത്തിലേറെ വിഷയങ്ങളില്‍ ശിര്‍ക്കില്‍ തുടരുന്ന വിഭാഗമാണെങ്കിലും അത്രയും വിഷയങ്ങളില്‍ തങ്ങളെ ഹദീസ് നിഷേധികളായി ചിത്രീകരിച്ചവരാണെങ്കിലും ഒരു തല്‍ക്കാല അഡ്ജസ്റ്റ്‌മെന്റിന് അവര്‍ തയ്യാറായി. അങ്ങനെ ബിരിയാണിച്ചെമ്പിന് താഴെ ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് ഇന്ധനമായി വര്‍ത്തിച്ച ശിര്‍ക്ക് കുഫ്‌റുകള്‍ ഒരുപിടി ചാരമായി മാറി. ഇത്ര ലളിതമാണ് ശിര്‍ക്കെങ്കില്‍ ഒത്തിരി ഒത്തിരി ലയനങ്ങളും പിളര്‍പ്പുകളും ഇനിയും പ്രതീക്ഷിക്കാം. അല്ലേ!

പുതിയ ലയനത്തിന് ഒരു കൗതുകമുണ്ട്. ഏത് ശിര്‍ക്കുകള്‍ തൗഹീദായാലും ഏത് തൗഹീദ് ശിര്‍ക്കായാലും ഇനി ഫിഫ്റ്റി ഫിഫ്റ്റിയായാലും ഞൊടിയിടയില്‍ അതൊക്കെ തിരു മണ്ടന്മാരായ തങ്ങളുടെ അണികള്‍ക്ക് ചൊല്ലിപ്പഠിപ്പിക്കാന്‍ അസാമാന്യമായ മികവ് സലഫിസത്തിനുണ്ടായിരുന്നു. മുമ്പ് ശിര്‍ക്കായിരുന്ന ജിന്ന് സഹായം 2007-ല്‍ തൗഹീദായപ്പോഴും 2012-ല്‍ വീണ്ടും അത് ശിര്‍ക്കായി തന്നെ പരിണമിച്ചപ്പോഴും ആ നടനകല നാമേറെ ആസ്വദിച്ചതാണ്. സര്‍ക്കുലറുകളില്‍ മാറിമാറി വരുന്ന തങ്ങളുടെ തൗഹീദിനെക്കുറിച്ച് നല്ല അപ്‌ഡേഷന്‍ അണികള്‍ക്കിടയില്‍ നടക്കാറുണ്ടായിരുന്നു. തൗഹീദിന്റെ പ്രസന്റ് സ്റ്റാറ്റസിനെക്കുറിച്ച് ചെറിയ ഒരു ധാരണയെങ്കിലും അവര്‍ക്കുണ്ടായിരുന്നു. ഇപ്പോ അതും പോയി. ആകെ ഒരു കണ്‍ഫ്യൂഷന്‍. സിഹ്‌റ് ഫലിക്കുമെന്നത് ഇപ്പോഴും ശിര്‍ക്ക് തന്നെയാണോ എന്ന് മടവൂരിനോട് ചോദിക്കുമ്പോള്‍ എല്ലാം ഞങ്ങള്‍-നേതാക്കള്‍- തീരുമാനിക്കും അഥവാ തീരുമാനിച്ചിട്ടുണ്ട് എന്നാണ് മറുപടി. സിഹ്‌റ് നിഷേധം ഇപ്പോഴും ഹദീസ് നിഷേധം തന്നെയാണോ, മടവൂര്‍ വിഭാഗം അതൊക്കെ പിന്‍വലിച്ചിട്ടുണ്ടോ എന്ന് ഔദ്യോഗിക വിഭാഗക്കാരനോട് ചോദിക്കുമ്പോഴും മറുപടി തഥൈവ!
നേതാക്കള്‍ എന്താണോ തീരുമാനിച്ചിരിക്കുന്നത് അതാണ് തങ്ങളുടെ വിശുദ്ധമായ തൗഹീദെന്നും അതല്ലാത്തതെല്ലാം കൊടിയ ശിര്‍ക്കുകളാണെന്നും സലഫിക്കുട്ടികള്‍ ഇനിയും പറഞ്ഞുകൊണ്ടിരിക്കും. നേതൃത്വം പറയുന്നത് നിങ്ങള്‍ അനുസരിക്കുക. അത് തെറ്റാണെങ്കില്‍ അല്ലാഹുവിന് മുമ്പില്‍ അതിന്റെ കുറ്റം ഞങ്ങള്‍ ഏറ്റെടുത്തോളാം എന്ന് പരസ്യമായി പ്രസംഗിച്ച് അബ്ദുല്ലക്കോയ മദനിയാണ് ഐക്യ മുജാഹിദിനെ നയിക്കുന്നത്. ശരിയാ. അണികള്‍ക്ക് സമാധാനിക്കാന്‍ ഇനിയും എമ്പാടും വഹയുണ്ട്.
(അവസാനിച്ചു)