Sports
അകക്കണ്ണിന്റെ പ്രകാശം ചതുരംഗപ്പലകയില്‍ ; ഇവര്‍ വിസ്മയ തേരാളികള്‍
തൃശൂര്‍: കാഴ്ചവൈകല്യമെന്ന ഇരുട്ടിനെ അകക്കണ്ണിന്റെ തീവ്ര പ്രകാശം കൊണ്ട് മറികടന്ന് ചതുരംഗപ്പലകയില്‍ വിസ്മയം രചിക്കുകയാണവര്‍. തൃശൂരിലെ പൂങ്കുന്നം ചെസ് ഒളിമ്പ്യന്‍സ് അക്കാദമിയും ഓള്‍ കേരള ചെസ് അസോസിയേഷന്‍ ഫോര്‍ ദ ബ്ലൈന്‍ഡും ചേര്‍ന്ന് തൃശൂരിനകത്തും പുറത്തുമായി വര്‍ഷാവര്‍ഷം നടത്തുന്ന ക്യാമ്പില്‍ നിന്ന് പരിശീലനം നേടുന്ന ഒരുകൂട്ടം കാഴ്ചവൈകല്യമുള്ള തേരാളികളാണ് കഥാപാത്രങ്ങള്‍. കാണാന്‍ കഴിയുന്നില്ലെങ്കിലും മനസ്സും ശരീരവും ജാഗരൂകമാക്കിയുള്ള ഇവരുടെ ത്വരിതഗതിയിലുള്ള കരുനീക്കങ്ങള്‍ കാഴ്ചയുള്ളവരെ തെല്ലൊന്നുമല്ല അമ്പരപ്പിക്കുക. അധികം ചിന്തിക്കാതെയും സമയമെടുക്കാതെയുമാണ് മന്ത്രി, കാലാള്‍പ്പട, കുതിര, ആന, തേര് തുടങ്ങിയ കരുക്കള്‍ കൊണ്ട് സ്വന്തം രാജാവിനെ പ്രതിരോധിക്കുന്നതും എതിരാളിയുടെ പടയെ തകര്‍ക്കുന്നതും.
തെലുങ്കാനയില്‍ കഴിഞ്ഞ രണ്ടിന് തുടങ്ങി ഇന്നലെ സമാപിച്ച ദക്ഷിണേന്ത്യന്‍ ബ്ലൈന്‍ഡ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ക്യാമ്പില്‍ പരിശീലനം നേടിയ 15 പേര്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തു. 20 പേരാണ് പങ്കെടുക്കേണ്ടിയിരുന്നതെങ്കിലും അഞ്ച് പേര്‍ക്ക് ശാരീരികാസ്വാസ്ഥ്യങ്ങള്‍ വിലങ്ങുതടിയായി. മത്സരത്തില്‍ കോട്ടയത്തുകാരനായ സുജിത്ത് എം ഉണ്ണി റണ്ണറപ്പായി. സുജിത്തിനെ കൂടാതെ കാസര്‍കോട് സ്വദേശിയും അസോസിയേഷന്‍ പ്രസിഡന്റും 72 കാരനുമായ കെ രാജന്‍ മാസ്റ്റര്‍, ടി ഷൈബു, എം എം ഷിദാദ്, ഇ ബാലരാമന്‍, അബ്ദുല്‍സമദ്, ഇ പി നൗഷാദ്, കെ എം നൗഷാദ്, എ അഗേഷ്‌കുമാര്‍ എന്നീ ഒമ്പത് മലയാളികള്‍ ഈമാസം 26 മുതല്‍ ഒമ്പത് വരെ കൊല്‍ക്കത്തയില്‍ നടക്കുന്ന ദേശീയ ബി ചെസ് ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടി. കര്‍ണാടക സ്വദേശി ശ്രീനിവാസനാണ് ടൂര്‍ണമെന്റില്‍ ചാമ്പ്യനായത്. ദേശീയ ബിയില്‍ വിജയികളാകുന്ന ആറുപേര്‍ രാജ്യത്തെ പ്രതിനിധീകരിച്ച് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും അന്തര്‍ദേശീയ ചാമ്പ്യന്‍ഷിപ്പിലും മാറ്റുരക്കും. കേരളത്തിന് പുറമെ കര്‍ണാടകം, തമിഴ്‌നാട്, ആന്ധ്ര, പോണ്ടിച്ചേരി, തെലുങ്കാന എന്നിവിടങ്ങളില്‍ നിന്നായി 146 പേരാണ് ദക്ഷിണേന്ത്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത്.
ഇന്ത്യന്‍ ടീമിലേക്ക് ഇതേവരെ മലയാളികളാരും തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല. ഒരാളെയെങ്കിലും അവിടെയെത്തിക്കുക എന്നതാണ് പരിശീലനം സംഘടിപ്പിക്കുന്നവരുടെ ലക്ഷ്യം. 21 വര്‍ഷത്തോളമാട്ടുള്ള ക്യാമ്പ് തീര്‍ത്തും ശാസ്ത്രീയാടിസ്ഥാനത്തിലാണ്. ബ്രെയ്ല്‍ ചെസ് സെറ്റുകള്‍, ചെസ് സോഫ്റ്റ്‌വെയര്‍, ചെസ് ക്ലോക്കുകള്‍ എന്നിവയാണ് ഇതിന് ഉപയോഗിക്കുന്നത്. സാധാരണ ചെസ് ബോര്‍ഡുകളില്‍ നിന്ന് വ്യത്യസ്തമാണ് ബ്രെയില്‍ ചെസ് ബോര്‍ഡ്. കറുത്തത് ഉയര്‍ന്നിട്ടും വെള്ള താഴ്ന്നിട്ടുമുള്ള രീതിയിലാണ് ഇതിലെ ചതുരങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്. ചതുരങ്ങളില്‍ ചെറിയ ദ്വാരങ്ങളുണ്ടായിരിക്കും. അടിഭാഗത്ത് നീണ്ട മുന പോലുള്ള ഭാഗം സജ്ജീകരിച്ചിരിക്കുന്ന കരുക്കള്‍ ഇറക്കിവെക്കാനാണിത്. കരുക്കള്‍ കൈതട്ടി വീണുപോകാതിരിക്കാനും നീക്കങ്ങള്‍ തെറ്റാതിരിക്കാനും ഇത് സഹായിക്കുന്നു. കറുത്ത കരുക്കളുടെ മുകളില്‍ ഉയര്‍ന്ന ഭാഗമുള്ളതിനാല്‍ സ്പര്‍ശനത്തിലൂടെ ഏതൊക്കെ കരുക്കളാണെന്ന് തിരിച്ചറിയാം. അയ്യന്തോള്‍ ശക്തന്‍ തമ്പുരാന്‍ കോളജിലാണ് അഞ്ച് ദിവസം നീണ്ട ഇത്തവണത്തെ പരിശീലന ക്യാമ്പ് നടന്നത്.
1993ലാണ് ഓള്‍ കേരളാ ചെസ് അസോസിയേഷന്‍ ഫോര്‍ ബ്ലൈന്‍ഡ് രൂപവത്കരിച്ചത്. നിലവില്‍ ബ്ലൈന്‍ഡ് സ്‌കൂള്‍ അധ്യാപകനായി വിരമിച്ച കെ രാജന്‍ മാസ്റ്റര്‍ പ്രസിഡന്റും കണ്ണൂര്‍ സ്വദേശി എ അകേഷ് കുമാര്‍ സെക്രട്ടറിയുമാണ്. ഫിഡെ ട്രെയിനറായ എന്‍ ആര്‍ അനില്‍കുമാര്‍, കെ കെ മണികണ്ഠന്‍, വി എന്‍ രഘുരാജ്, പ്രസാദ്കുമാര്‍ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്.