Kerala
ജേക്കബ് തോമസിനെതിരായ പ്രതിഷേധം: ഉദ്യോഗസ്ഥര്‍ കൂട്ട അവധിയിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ ഐ എ എസ് ഉദ്യോഗസ്ഥര്‍ നാളെ കൂട്ട അവധിയെടുക്കും. ഐ എ എസ് ഉദ്യോഗസ്ഥര്‍ക്കെതിരായ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നീക്കങ്ങളില്‍ പ്രതിഷേധിച്ചാണ് കൂട്ട അവധി. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ഐ എ എസ് ഉദ്യോഗസ്ഥര്‍ പ്രതിഷേധം അറിയിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ഐ എ എസ് ഉദ്യോഗസ്ഥര്‍ കേസില്‍പ്പെടുന്ന സംഭവങ്ങള്‍ പതിവായതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് തിങ്കളാഴ്ച കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാനുള്ള അസോസിയേഷന്റെ തീരുമാനം.
ഐ എ എസ് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്ന നടപടികളാണ് ജേക്കബ് തോമസിന്റേതെന്ന് യോഗം കുറ്റപ്പെടുത്തി. വ്യവസായ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി, മലബാര്‍ സിമന്റ്‌സ് മുന്‍ മാനേജിംഗ് ഡയറക്ടര്‍ പത്മകുമാര്‍, തൊഴില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, ധന അഡീഷനല്‍ ചീഫ് സെക്രട്ടറി കെഎം എബ്രാഹം തുടങ്ങിയവര്‍ക്കെതിരായ വിജിലന്‍സ് നടപടികളുടെ പശ്ചാത്തലത്തിലാണ് പ്രതിഷേധിക്കാന്‍ ഐ എ എസ് അസോസിയേഷന്‍ തീരുമാനിച്ചത്.
മുന്‍ മന്ത്രി ഇ പി ജയരാജന്‍ ഒന്നാം പ്രതിയായ ബന്ധുനിയമന കേസില്‍ വ്യവസായ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണിയെ വിജിലന്‍സ് പ്രതി ചേര്‍ത്തതിനെ അസോസിയേഷന്‍ വിമര്‍ശിച്ചു. പോള്‍ ആന്റണി മന്ത്രിയുടെ നിര്‍ദേശം അനുസരിക്കുക മാത്രമാണ് ചെയ്തതെന്നാണ് അസോസിയേഷന്റെ വാദം.
തങ്ങളുടെ ദുഃഖവും ജോലിയിലുള്ള അതൃപ്തിയും അറിയിക്കുന്നതിന് സഹപ്രവര്‍ത്തകരോടുള്ള ഐക്യദാര്‍ഢ്യം എന്ന നിലയിലാണ് അവധിയെടുക്കാനുള്ള തീരുമാനം. അതേസമയം,, നിയമപരമായ അടിയന്തര ജോലിയും ക്രമസമാധാനപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ജോലികളും യോഗങ്ങളും മുടക്കില്ലെന്ന് അസോസിയേഷന്‍ അറിയിച്ചു. ജില്ലാ കലക്ടര്‍മാരും സബ് കലക്ടര്‍മാരും അവധിയെടുക്കുമെങ്കിലും ഓഫീസുകളില്‍ ജോലിക്കെത്തും. ചീഫ് സെക്രട്ടറിക്ക് ഐ എ എസ് ഉദ്യോഗസ്ഥര്‍ അവധിയപേക്ഷ നല്‍കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥരോട് പോലും വൈരാഗ്യ ബുദ്ധിയോടെയുളള നിലപാടാണ് വിജിലന്‍സ് ഡയറക്ടര്‍ സ്വീകരിക്കുന്നത്. ഐ എ എസ് ഉദ്യോഗസ്ഥരോട് പ്രതികാര മനോഭാവമാണ് വിജിലന്‍സ് കാണിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ കുറ്റപ്പെടുത്തി. ഐ എ എസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കാനാണ് വിജിലന്‍സിന്റെ ശ്രമമെന്നും അസോസിയേഷന്‍ പാസ്സാക്കിയ പ്രമേയത്തില്‍ പറയുന്നു. ധനവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിന്റെ വസതിയില്‍ റെയ്ഡ് നടത്തിയതിലൂടെ ഐ എ എസുകാരെ അപമാനിക്കുകയെന്ന ലക്ഷ്യമാണ് വിജിലന്‍സിനുള്ളതെന്ന് അസോസിയേഷന്‍ കുറ്റപ്പെടുത്തി. ജേക്കബ് തോമസിന് നാല്‍പ്പത് കോടിയുടെ അനധികൃത സ്വത്തുണ്ടെന്നും പ്രമേയത്തില്‍ ആരോപിക്കുന്നു.
തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഉപകരണങ്ങള്‍ വാങ്ങിയതില്‍ അമ്പത് കോടിയുടെ അഴിമതി ജേക്കബ് തോമസ് നടത്തിയെന്നും പ്രമേയത്തില്‍ പറയുന്നു. കര്‍ണാടകയില്‍ അനധികൃതമായി 150 ഏക്കര്‍ വനഭൂമി കൈയേറിയെന്നതുള്‍പ്പെടെ പലവിധ ആരോപണങ്ങള്‍ ജേക്കബ് തോമസിനെതിരെ ഉയര്‍ന്നിട്ടും അതെല്ലാം വിജിലന്‍സ് കണ്ടില്ലെന്ന് നടിക്കുകയാണെന്നും അസോസിയേഷന്‍ ആരോപിക്കുന്നു.