National
മുസ്‌ലിംകള്‍ക്കെതിരെ വീണ്ടും സാക്ഷി മഹാരാജ്
മീററ്റ്: രാജ്യത്തെ ജനസംഖ്യാ വര്‍ധനക്ക് കാരണം മുസ്‌ലിംകളാണെന്ന വിവാദ പരാമര്‍ശം നടത്തിയ ബി ജെ പി. എം പി സാക്ഷി മഹാരാജിനെതിരെ കേസെടുത്തു. രാജ്യത്ത് ജനസംഖ്യ വര്‍ധിക്കുന്നത് നാല് ഭാര്യമാരും 40 കുട്ടികളും വേണമെന്ന ആശയത്തെ പിന്തുണക്കുന്നവര്‍ ഉള്ളതുകൊണ്ടാണെന്നായിരുന്നു സാക്ഷി മഹാരാജിന്റെ പ്രസ്താവന. മീററ്റില്‍ പൊതുപരിപാടിക്കിടെയാണ് സാക്ഷി മഹാരാജിന്റെ വിവാദ പരാമര്‍ശം.
വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ സാക്ഷി മഹാരാജിനും മീററ്റിലെ പൊതുപരിപാടിയുടെ സംഘാടകര്‍ക്കും എതിരെ പോലീസ് കേസെടുത്തു. മതസ്പര്‍ധയുണ്ടാക്കുന്ന രീതിയില്‍ പ്രസംഗിച്ചതിന് ഐ പി സി 298, മതവികാരം വ്രണപ്പെടുത്തലിന് 295 എ, ദേശീയാഖണ്ഡതക്ക് വിഘാതമുണ്ടാക്കലിന് 153 ബി വകുപ്പുകള്‍ പ്രകാരം സദര്‍ ബസാര്‍ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് മീററ്റ് എസ് പി. ജെ രവീന്ദര്‍ ഗൗഡ പറഞ്ഞു. മഹാരാജിനെതിരെ നടപടി ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സീമിപിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.
അതേസമയം, സാക്ഷി മഹാരാജിന്റെ പ്രസ്താവനയുമായി പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലെന്നും ഇത് ബി ജെ പിയുടെ നിലപാടായി കാണരുതെന്നും കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി പ്രതികരിച്ചു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ക്ക് നല്‍കിയ പൊള്ളയായ വാഗ്ദാനങ്ങളില്‍ നിന്ന് ശ്രദ്ധ മാറ്റുന്നതിന് വേണ്ടിയാണ് ബി ജെ പി. എം പി മതവിദ്വേഷമുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ നടത്തുന്നതെന്ന് ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് നേതാവ് അഖിലേഷ് സിംഗ് പ്രതികരിച്ചു.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഉന്നാവോ എം പി വിദ്വേഷ പ്രസംഗം നടത്തിയത്. ജനസംഖ്യ നിയന്ത്രിക്കണമെങ്കില്‍ ശക്തമായി നിയമം നടപ്പാക്കണമെന്നും ഹിന്ദുക്കളല്ല, രാജ്യത്തെ ജനസംഖ്യാ പെരുപ്പത്തിന് കാരണമെന്നും സാക്ഷി മഹാരാജ് പ്രസംഗത്തില്‍ പറഞ്ഞു.
മഹാരാജ് ഇതിന് മുമ്പും മുസ്‌ലിംകള്‍ക്കെതിരെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. മുസ്‌ലിം സ്ത്രീകളുടെ അവസ്ഥ ചെരിപ്പിനേക്കാള്‍ ദയനീയമാണെന്നായിരുന്നു നേരത്തെ നടത്തിയ പരാമര്‍ശം. രണ്ട് കുട്ടികളില്‍ കൂടുതലുള്ള ദമ്പതിമാരുടെ വോട്ടവകാശം റദ്ദാക്കണമെന്നും മദ്‌റസകള്‍ തീവ്രവാദ കേന്ദ്രങ്ങളാണെന്നുമുള്ള പരാമര്‍ശങ്ങളും ഇദ്ദേഹം നടത്തിയിട്ടുണ്ട്.