Articles
എളുപ്പമല്ല, ബി ജെ പിക്ക് ട്രയല്‍ റണ്‍
വയസ്സ് എഴുപത്തിയെട്ടിലേക്ക് കടന്നിരിക്കുന്നു മുലായം സിംഗ് യാദവിന്. രാം മനോഹര്‍ ലോഹ്യയുടെയും രാജ് നാരായണന്റെയും അനുഗ്രഹാശിസ്സുകളോടെ രാഷ്ട്രീയത്തിലിറങ്ങിയ മുലായം അന്നുമുതല്‍ ഇന്നോളം സോഷ്യലിസ്റ്റ് പക്ഷത്തായിരുന്നു. സോഷ്യലിസ്റ്റ് ചേരിയിലെ നേതാക്കളില്‍ ഏതാണ്ടെല്ലാവര്‍ക്കുമുണ്ടായിരുന്ന, ഇപ്പോഴുമുള്ള, താന്‍പോരിമ പ്രകടിപ്പിക്കുന്നതില്‍ ഒട്ടും പിന്നാക്കം നിന്നിട്ടുമില്ല അദ്ദേഹം. ഉത്തര്‍ പ്രദേശില്‍ അധികാരം ഉറപ്പാക്കുന്നതിന് വേണ്ടി, ദേശീയ രാഷ്ട്രീയത്തില്‍ തനിക്കും പാര്‍ട്ടിക്കും നിര്‍ണായക സ്ഥാനം ഉറപ്പിക്കുന്നതിന് വേണ്ടിയൊക്കെ പലവിധ രാഷ്ട്രീയ പരീക്ഷണങ്ങള്‍ക്ക് മടിച്ചിട്ടില്ല മുലായം. ഭൂരിപക്ഷ വര്‍ഗീയതയെ ജ്വലിപ്പിച്ച് നിര്‍ത്താന്‍ ശ്രമിക്കുന്ന ബി ജെ പിയുമായി ഇക്കാലം വരെ കൈകോര്‍ത്തിട്ടില്ല, മതനിരപേക്ഷതയില്‍ അടിയുറച്ചുവിശ്വസിക്കുന്ന ഈ നേതാവ്. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയതിന് ശേഷം ഉത്തര്‍പ്രദേശിലെ രാഷ്ട്രീയം വലിയ തോതില്‍ മാറിയപ്പോള്‍ ഇരുപത് ശതമാനം വരുന്ന മുസ്‌ലിംകള്‍ മുലായം സിംഗിന്റെ പാര്‍ട്ടിയില്‍ വിശ്വാസമര്‍പ്പിച്ചതും ഇപ്പോഴും അത് തുടരുന്നതും ഈ നിഷ്ഠയിലുള്ള വിശ്വാസം കൊണ്ടാണ്.
ഈ നിലപാട് തുടരുമ്പോള്‍ തന്നെ, പാര്‍ട്ടിയെ കുടുംബാധിപത്യത്തിന് കീഴില്‍ കൊണ്ടുവരുന്നതിന് മടി കാണിച്ചില്ല “നേതാജി”. സഹോദരന്‍, പിതൃസഹോദര പുത്രന്‍മാര്‍, മകന്‍, മകന്റെ ഭാര്യ എന്നിങ്ങനെ കുടുംബത്തിലെ ഏതാണ്ടെല്ലാവരും പാര്‍ട്ടി സ്ഥാനങ്ങളോ തിരഞ്ഞെടുക്കപ്പെട്ട പദവികളോ വഹിക്കുന്നു. ഇടക്കാലത്ത് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടുവെങ്കിലും അമര്‍ സിംഗെന്ന അധികാര ദല്ലാളുമായുള്ള ബന്ധം എക്കാലത്തും ദൃഢമായിരുന്നു നേതാജിക്ക്. രാജ്യത്തെ ഏതാണ്ടെല്ലാ കോര്‍പ്പറേറ്റ് കമ്പനികളുടെയും ഏജന്റുകൂടിയായ അമര്‍ സിംഗിന് എസ് പിയുടെ ജനപിന്തുണയേക്കാള്‍ പ്രധാനം അധികാരവുമായുള്ള ബന്ധവും അതിന്റെ പ്രയോജനപ്പെടുത്തലുമായിരുന്നു. അതിന്റെ പ്രയോജനം ഒരു പരിധിവരെ മുലായത്തിന് ലഭിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടാണ് അമര്‍ സിംഗിനെ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിക്കാന്‍ മുലായം തയ്യാറായത്. അതിനൊപ്പം നില്‍ക്കാന്‍ സഹോദരന്‍ ശിവപാല്‍ യാദവിനെപ്പോലുള്ളവരുണ്ടാകുകയും ചെയ്തു.
പാര്‍ട്ടി നേതൃത്വത്തില്‍ തനിക്കൊപ്പം നില്‍ക്കുന്നവര്‍ക്ക് സ്ഥാനങ്ങള്‍ ഉറപ്പാക്കുന്നതില്‍ മാത്രം ശ്രദ്ധിച്ച് മുന്നോട്ടുപോയിരുന്ന മുലായത്തിന് അഞ്ച് വര്‍ഷം കൊണ്ട് മകന്‍ അഖിലേഷ് യാദവ് നേടിയെടുത്ത ജനസമ്മതിയും പാര്‍ട്ടിയുടെ താഴേത്തട്ടിലുണ്ടാക്കിയ സ്വാധീനവും മനസ്സിലായതേയില്ല. തന്റെ തീരുമാനങ്ങള്‍ ലംഘിച്ച് മുന്നോട്ടുപോകാന്‍ പാകത്തിലുള്ള രാഷ്ട്രീയ നിശ്ചയദാര്‍ഢ്യം അഖിലേഷ് കൈവരിച്ചുവെന്ന് തിരിച്ചറിയാനും അദ്ദേഹത്തിന് സാധിച്ചില്ല. എഴുപത്തിയെട്ടാമത്തെ വയസ്സില്‍ സ്വന്തം പാര്‍ട്ടിയിലെ ന്യൂനപക്ഷ വിഭാഗവുമായി മുലായം സിംഗ് യാദവ് നില്‍ക്കുമ്പോള്‍ അത് ഉത്തര്‍ പ്രദേശ് രാഷ്ട്രീയത്തിന്റെയും ദേശീയ രാഷ്ട്രീയത്തിന്റെയും ഗതിയെ മാറ്റിമറിക്കാന്‍ പാകം വന്നുനില്‍ക്കുന്നുവെന്ന് നിസ്സംശയം പറയാം.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 46 ശതമാനം വോട്ടും 71 സീറ്റും നേടിയ ബി ജെ പി ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ അനായാസ ജയം പ്രതീക്ഷിച്ചിരുന്നു. വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങള്‍ അനായാസ മുന്നേറ്റത്തിന് ആക്കം കൂട്ടുമെന്ന് കണക്ക് കൂട്ടുകയും ചെയ്തു. ആ പ്രതീക്ഷകളെക്കൂടിയാണ് പിതാവും പുത്രനും തമ്മിലുള്ള കലഹവും അതില്‍ ജേതാവായി നില്‍ക്കുന്ന അഖിലേഷിന് കിട്ടുന്ന പിന്തുണയും തളര്‍ത്തുന്നത്. അഖിലേഷിന്റെ അഞ്ച് വര്‍ഷത്തെ ഭരണം, കഴിഞ്ഞ ദശകങ്ങളിലൊക്കെ ഉത്തര്‍ പ്രദേശിലുണ്ടായതിനേക്കാള്‍ മികച്ചതാണെന്ന വിലയിരുത്തല്‍ ശക്തമാണ്. വിവിധ വിഭാഗങ്ങളെ തൃപ്തിപ്പെടുത്തി നിര്‍ത്തുക എന്ന അജന്‍ഡയിലേക്ക് ചുരുങ്ങിയിരുന്ന ഭരണത്തെ വികസനോന്മുഖമാക്കി മാറ്റാന്‍ ശ്രമിച്ചുവെന്നതാണ് അഖിലേഷിന്റെ ജനസമ്മതിക്ക് കാരണം. യുവതീ യുവാക്കളുടെ വലിയ പിന്തുണയാര്‍ജിക്കാന്‍ അഖിലേഷിന് സാധിച്ചിരിക്കുന്നു. സമാജ് വാദി പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്ന യാദവ് – മുസ്‌ലിം വിഭാഗങ്ങള്‍ അഖിലേഷിന്റെ ചേരിയിലേക്ക് മാറിയാല്‍ അധികാരത്തില്‍ തിരിച്ചെത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ സാധിച്ചാല്‍ അഖിലേഷിന്റെ പ്രതീക്ഷകള്‍ വര്‍ധിക്കുമെന്നുറപ്പ്.
എഴുപത്തിയെട്ടാം വയസ്സില്‍ പാര്‍ട്ടിയും അധികാരവും പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന പിതാവിന് മുന്നില്‍ പതറാതെ നില്‍ക്കുന്നുവെന്നത് ചെറുതല്ലാത്ത പ്രതിച്ഛായ അഖിലേഷിന് നല്‍കുകയും ചെയ്തിരിക്കുന്നു. അമര്‍ സിംഗിനെ മാറ്റിനിര്‍ത്തി പാര്‍ട്ടിയില്‍ ഐക്യമുണ്ടാക്കുകയും ദേശീയ അധ്യക്ഷസ്ഥാനത്ത് തിരിച്ചെത്തുകയും ചെയ്താലും അഖിലേഷിന് കീഴിലേ മുലായത്തിന് ഇനി സ്ഥാനമുണ്ടാകൂ. അഖിലേഷിനോട് മത്സരിക്കാന്‍ പാകത്തില്‍ ഒരു നേതാവിനെ ഉയര്‍ത്തിക്കാട്ടാന്‍ ബി ജെ പിക്ക് സാധിക്കുന്നില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയാലും അഖിലേഷിന്റെ തോളൊപ്പം നില്‍ക്കാനാവില്ലെന്ന തോന്നല്‍ ബി ജെ പി നേതൃത്വത്തിന് തന്നെയുണ്ട്. അധികാരത്തില്‍ തിരിച്ചെത്താന്‍ അഖിലേഷിന് സാധിച്ചാല്‍ ദേശീയ രാഷ്ട്രീയത്തില്‍ വലിയ പങ്കിലേക്ക് ഈ 43കാരന്‍ വളരാനുള്ള സാധ്യതയും കുറവല്ല.
എസ് പിയിലെ തര്‍ക്കം യാദവ വോട്ടുകളെ ഭിന്നിപ്പിക്കാനുള്ള സാധ്യതയുണ്ട്. മുലായം – അഖിലേഷ് വിഭാഗങ്ങള്‍ യാദവ വോട്ടുകള്‍ സമാഹരിക്കാന്‍ നടത്തുന്ന തീവ്ര ശ്രമം ബി ജെ പിയിലേക്ക് പോകാന്‍ ഇടയുള്ള യാദവ വോട്ടുകളെ കുറക്കാന്‍ സാധ്യത ഏറെയാണ്. തര്‍ക്കം എസ് പിയുടെ സാധ്യതകളെ ബാധിക്കുമെന്ന തോന്നലുണ്ടായാല്‍ 20 ശതമാനം വരുന്ന മുസ്‌ലിം വോട്ട് ബി എസ് പിയിലേക്ക് ചായാനാണ് ഇട. അങ്ങനെ വന്നാല്‍ മായാവതിയുടെ നേതൃത്വത്തില്‍ ബി എസ് പി അധികാരം പിടിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായിരുന്ന അനുകലാന്തരീക്ഷം ബി ജെ പിക്ക് ഇപ്പോഴില്ല. നോട്ട് പിന്‍വലിക്കലുള്‍പ്പെടെ നടപടികള്‍ ഗ്രാമീണ – കാര്‍ഷിക മേഖലകളിലുണ്ടാക്കിയ പ്രതിസന്ധി ചെറുതല്ലാത്ത പ്രയാസം അവര്‍ക്കുണ്ടാക്കുകയും ചെയ്യും. അതിനെ വര്‍ഗീയതകൊണ്ട് മറികടക്കാനാകുമെന്നാണ് സംഘപരിവാരം കരുതുന്നത്. ജനസംഖ്യാ പെരുപ്പത്തിന് കാരണം മുസ്‌ലിംകളാണെന്ന പ്രസ്താവനയുമായി സാക്ഷി മഹാരാജിനെപ്പോലുള്ളവര്‍ ഒരിടവേളക്ക് ശേഷം രംഗത്തുവന്നത് ഈ ലക്ഷ്യം മുന്‍ നിര്‍ത്തിയാണ്. ഇത്തരം പ്രസ്താവനകള്‍ കൂടുതല്‍ നേതാക്കളുടെ ഭാഗത്തു നിന്ന് വരും ദിവസങ്ങളിലുണ്ടാകാനുള്ള സാധ്യത ഏറെയാണ്.
തിരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബിലും ഗോവയിലും ആം ആദ്മി പാര്‍ട്ടിയുടെ പ്രകടനമാണ് ഫലത്തെ നിര്‍ണയിക്കുന്നതില്‍ പ്രധാനമാകുക. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നാല് സീറ്റില്‍ വിജയിക്കാന്‍ ആം ആദ്മി പാര്‍ട്ടിക്ക് സാധിച്ചത് അപ്രതീക്ഷിതമായിരുന്നു. അതിനുശേഷമുണ്ടായ ആഭ്യന്തര പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് ഏതാണ്ടൊറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുകയാണ് ആം ആദ്മി പാര്‍ട്ടി. മദ്യത്തിനും മയക്കുമരുന്നിനുമെതിരെ പാര്‍ട്ടി നടത്തിയ പ്രചാരണം സ്ത്രീകളുടെ പിന്തുണ നേടിക്കൊടുത്തിട്ടുമുണ്ട്. അകാലിദള്‍, ബി ജെ പി, കോണ്‍ഗ്രസ് എന്നിവയുടെ വോട്ടുകളിലേക്ക് ആം ആദ്മി കടന്നുകയറുമെന്ന് ഉറപ്പ്. ഇതൊരുപക്ഷേ, പഞ്ചാബിലൊരു തൂക്കു സഭയിലേക്ക് കാര്യങ്ങളെ എത്തിച്ചേക്കാം. ശക്തമായ ഭരണവിരുദ്ധ വികാരം നേരിടുന്ന അകാലി – ബി ജെ പി സഖ്യം മുന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടാല്‍ അത്ഭുതപ്പെടാനില്ല.
ഗോവയില്‍ കൊങ്കണി ഭാഷാ പ്രശ്‌നമുയര്‍ത്തി ആര്‍ എസ് എസ്സില്‍ നിന്ന് പുറത്തിറങ്ങിയ സുഭാഷ് വെലിംഗ്കര്‍, ബി ജെ പിയുടെ തിരഞ്ഞെടുപ്പ് സാധ്യതകളെ ബാധിക്കാനിടയുണ്ട്. ഐ പി എസ് ഉപേക്ഷിച്ച് രാഷ്ട്രീത്തിലിറങ്ങിയ എല്‍വിസ് ഗോമസാണ് ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. ഉന്നതങ്ങളിലെ അഴിമതിയും സ്വജനപക്ഷപാതവും മടുത്താണ് രാഷ്ട്രീയത്തിലിറങ്ങിയതെന്നും ഇവ ഇല്ലാതാക്കാന്‍ ശ്രമിക്കുമെന്നുമുള്ള ഗോമസിന്റെ വാഗ്ദാനം, ഡല്‍ഹിയില്‍ അരവിന്ദ് കേജ്‌രിവാളുണ്ടാക്കിയതുപോലുള്ള സ്വാധീനം ഗോവയിലുണ്ടാക്കുമെന്ന് ആം ആദ്മി പാര്‍ട്ടി പ്രതീക്ഷിക്കുന്നുണ്ട്. അത്ര അസ്ഥാനത്തല്ല ഈ പ്രതീക്ഷയെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെ വന്നാല്‍ അത് ബി ജെ പിയുടെയും കോണ്‍ഗ്രസിന്റെയും വോട്ടുകളില്‍ വിള്ളലുണ്ടാക്കും. ബി ജെ പി അധികാരത്തില്‍ തിരിച്ചെത്തിയാലും ശക്തമായ പ്രതിപക്ഷമായി ആം ആദ്മി പാര്‍ട്ടിയുണ്ടാകാനുള്ള സാധ്യത ഏറെയാണ്.
ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നേരിടുന്ന ഭരണവിരുദ്ധവികാരം ബി ജെ പിക്ക് ഗുണം ചെയ്യാന്‍ സാധ്യത ഏറെയാണ്. ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ കുതിരക്കച്ചവടത്തിലൂടെ മറിച്ചിടാന്‍ ബി ജെ പി ശ്രമിച്ചത്, ആ പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിച്ചുവെന്നത് കോണ്‍ഗ്രസിന് ചെറുതല്ലാത്ത ആശ്വാസം നല്‍കുന്നു. ബി ജെ പിയിലേക്ക് ചേക്കേറാന്‍ ശ്രമിച്ചവരെ മാറ്റിനിര്‍ത്തി, നേതൃനിരയില്‍ ഐക്യമുണ്ടെന്ന പ്രതീതി ജനിപ്പിക്കാന്‍ കോണ്‍ഗ്രസിന്റെ ഉത്തരാഖണ്ഡ് ഘടകത്തിന് കഴിയുന്നുണ്ട്. അതു നിലനിര്‍ത്തി മുന്നോട്ടുപോകാന്‍ കോണ്‍ഗ്രസിന് സാധിച്ചാല്‍ ശക്തമായ മത്സരത്തിന് ഉത്തരാഖണ്ഡ് വേദിയാകും.
തുടര്‍ച്ചയായി മൂന്ന് തവണ അധികാരത്തിലിരുന്ന ശേഷം തിരഞ്ഞെടുപ്പിനേ നേരിടുന്ന കോണ്‍ഗ്രസിന് മണിപ്പൂരില്‍ പ്രതീക്ഷക്ക് കുറവില്ല. നാഗാ വിഭാഗങ്ങള്‍ ഏര്‍പ്പെടുത്തുന്ന ഉപരോധം ജനങ്ങള്‍ക്കുണ്ടാക്കിയ പ്രയാസം കോണ്‍ഗ്രസിനും ബി ജെ പിക്കും ഒരുപോലെ തലവേദനയായുണ്ട്. ഉപരോധം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് സാധിക്കുന്നില്ലെന്നത് ബി ജെ പിയെ പ്രതികൂലമായി ബാധിക്കും. നാഗ വിഭാഗങ്ങളുമായി സമാധാന ചര്‍ച്ചകള്‍ നടത്തുകയും കരാറില്‍ ഏര്‍പ്പെടുകയും ചെയ്ത കേന്ദ്ര സര്‍ക്കാര്‍ മണിപ്പൂര്‍ ജനതയെ പരിഗണിക്കുന്നില്ലെന്ന പ്രചാരണം ശക്തമായി നടത്താന്‍ കോണ്‍ഗ്രസിന് സാധിക്കും. അതേസമയം കോണ്‍ഗ്രസ് സര്‍ക്കാറിന്റെ പിടിപ്പുകേടാണ് ഇത്തരം അവസ്ഥയിലേക്ക് എത്തിച്ചതെന്ന വാദമാണ് ബി ജെ പി ഉയര്‍ത്തുക. 2012ലെ തെരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. അതിനെ അട്ടിമറിക്കാന്‍ പാകത്തിലുള്ള ശക്തി ബി ജെ പിക്കുണ്ടായിട്ടില്ല. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റിലും കോണ്‍ഗ്രസ് വിജയിക്കുകയും ചെയ്തിരുന്നു.
ഡല്‍ഹി, ബിഹാര്‍ തിരഞ്ഞെടുപ്പുകളില്‍ വലിയ തിരിച്ചടിയേറ്റ ബി ജെ പിക്ക് 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള ട്രയല്‍ റണ്ണാണ് അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ്. അതില്‍ നേട്ടമുണ്ടാക്കാന്‍ സംഘപരിവാരം ഏതടവും പയറ്റുമെന്ന് ഉറപ്പ്. വര്‍ഗീയ ധ്രുവീകരണത്തിന്റെ ആഴം കുട്ടാന്‍ പാകത്തില്‍ അവര്‍ പുറത്തെടുക്കാന്‍ പോകുന്ന തീവ്ര ഹിന്ദുത്വ കാര്‍ഡുകള്‍ ഏതളവില്‍ സ്വാധീനിക്കുമെന്നതിനെക്കൂടി ആശ്രയിച്ചായിരിക്കും തെരഞ്ഞെടുപ്പ് ഫലം. മതനിരപേക്ഷ ചേരിയുടെ ഭാവിയെ നിര്‍ണയിക്കുന്നതും.