Connect with us

Kerala

കാലാവസ്ഥയിലെ മാറ്റം: കശുവണ്ടി കര്‍ഷകര്‍ പ്രതിസന്ധിയില്‍

Published

|

Last Updated

അരീക്കോട്: കാലവര്‍ഷത്തിലെ വ്യതിയാനം കശുമാവ് പൂക്കുന്നതിനെ പ്രതികൂലമായി ബാധിക്കുന്നു. മഴ അവസാനിച്ച് നവംബര്‍ അവസാനത്തോടെയാണ് കശുമാവും മാവും പൂക്കാറ്. തണുപ്പ് കൂടുന്നതിനനുസരിച്ചാണ് ഇവയില്‍ പൂക്കള്‍ നിലനില്‍ക്കാറ്. എന്നാല്‍, ഇത്തവണ ഒക്‌ടോബര്‍ ആദ്യ പാദത്തോടെ മഴ നിലച്ചതിനാല്‍ മഞ്ഞ് തുള്ളികള്‍ വീഴാന്‍ തുടങ്ങി. അതോടെപ്പം തന്നെ മാവും കശുമാവും പൂക്കാന്‍ തുടങ്ങി. ഇത് പതിവിന് വിപരീതമാണെന്ന് പുരാതന കര്‍ഷകര്‍ പറയുന്നു.
നവംബര്‍ അവസാനത്തോടെ പൂക്കാന്‍ തുടങ്ങുന്ന കശുമാവുകള്‍ ജനുവരിയോടെയാണ് പൂക്കള്‍ നിലച്ച് കായ്കള്‍ ഉണ്ടാകാന്‍ തുടങ്ങുക. മഴ നിലച്ചാല്‍ കശുമാവുകള്‍ പുതിയ തളിരിടും. അതോടെയാണ് പൂക്കാന്‍ തുടങ്ങുക. എന്നാല്‍, മാവ് തളിരിടാതെ പൂക്കുകയാണ് പതിവ്.
മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, ഊര്‍ങ്ങാട്ടീരി, കീഴുപറമ്പ് ഭാഗങ്ങളില്‍ ലക്ഷങ്ങളുടെ കശുമാവിന്‍ തോട്ടങ്ങളാണ് സര്‍ക്കാര്‍ മേഖലകളിലും സ്വകാര്യമേഖലകളിലും ഉണ്ടായിരുന്നത്. മനുഷ്യവാസ യോഗ്യമല്ലാത്ത സ്ഥലത്താണ് ഇവ കൃഷിചെയ്യാറ്. ചിലവ് കുറഞ്ഞ കാര്‍ഷിക മേഖലയായതിനാല്‍ ഒരുകാലത്ത് എല്ലാവരും പാഴ് ഭുമിയില്‍ കശുമാവായിരുന്നു നട്ട് വളര്‍ത്തിയിരുന്നത്. എന്നാല്‍, മരങ്ങള്‍ക്ക് അസുഖം വന്ന് തുടങ്ങിയതും ഭൂമിയുടെ വില വര്‍ധിച്ചതും പതിയെ കര്‍കരെ കശുമാവിന്‍ കൃഷിയില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ പ്രേരിപ്പിച്ചു.
1972ലാണ് സര്‍ക്കാര്‍ ഭൂമികളില്‍ ചിലയിടങ്ങളില്‍ കശുമാവ് വെച്ച് പിടിപ്പിക്കാന്‍ തുടങ്ങിയത്. അവയെല്ലാം സംരക്ഷിക്കാന്‍ ആളില്ലാത്തതിനാല്‍ നശിച്ച്‌കൊണ്ടിരിക്കുകയാണ്. കീഴുപറമ്പ് പഞ്ചായത്തിലെ തേക്കിന്‍ ചുവട്ടില്‍ 320 ഏക്കര്‍ സ്ഥലത്ത് 35,000 തൈകളാണ് നട്ട് പിടിപ്പിച്ചിരുന്നത്. അഞ്ച് ബ്ലോക്കായി തിരിച്ചിരുന്ന തോട്ടത്തില്‍ ഇപ്പോള്‍ നാമമാത്രമായ കശുമാവുകളാണുള്ളത്. ഇവയില്‍ലാകട്ടെ കായ്ഫലവും ഇല്ല. നേരത്തേ ലക്ഷങ്ങള്‍ക്ക് ലേലം ചെയ്തിരുന്ന തോട്ടങ്ങളായിരുന്നു. അസുഖമുള്ള മരം പിഴുതെടുത്ത് പകരം വെക്കാന്‍ അധികൃതര്‍ തയ്യാറാകുന്നുമില്ല. കഴിഞ്ഞ വര്‍ഷം 80 മുതല്‍ 120 രൂപവരെ വിലയുണ്ടായിരുന്ന കശുവണ്ടിക്ക് ഈ വര്‍ഷം 150 രൂപവരെയെത്തുമെന്ന് വ്യാപാരികള്‍ പറയുന്നു.
സ്വകാര്യ മേഖലയിലെ തോട്ടങ്ങളെല്ലാം റബ്ബറിന് വഴിമാറിയിരിക്കുകയാണ്. നിലവില്‍ സര്‍ക്കാര്‍ മേഖലകളിലല്ലാതെ കശുമാവിന്‍ തോട്ടങ്ങളില്ല. സര്‍ക്കാര്‍ അതിന് പ്രോത്സാഹിപിക്കാന്‍ വേണ്ട നടപടിയും സ്വീകരിക്കുന്നില്ല. മഞ്ചേരി ആനകയത്ത് കശുമാവ് ഗവേഷണ കേന്ദ്രം ഉണ്ടെങ്കിലും വേണ്ടത്ര ശ്രദ്ധ ഈ മേഖലയില്‍ ചെലുത്തുനില്ലന്ന ആക്ഷേപവവും ഉണ്ട്. കാല വര്‍ഷാദ്യം കൃഷിഭവനുകള്‍ മുഖേനെ കശുമാവിന്‍ തൈകള്‍ വിതരണം ചെയ്ത് കൈ കഴുകുകയാണ് ഇവിടത്തെ ഉദ്യോഗസ്ഥര്‍. പാഴ് സ്ഥരങ്ങളില്‍ തോട്ടങ്ങള്‍ നിര്‍മിക്കാന്‍ വേണ്ട നടപടി സ്വീകരിച്ചാല്‍ അന്യം നിന്ന് പോകുന്ന കശുവണ്ടി തോട്ടങ്ങള്‍ വീണ്ടെടുക്കാന്‍ സാധിക്കും. കൂടുതല്‍ പരിചരണം ഈ കൃഷിക്ക് ആവശ്യവുമില്ല. പോയ വര്‍ഷങ്ങളില്‍ കശുമാവിന്‍ തോട്ടങ്ങള്‍ പാട്ടത്തിനെടുക്കാന്‍ തയ്യാറായവര്‍ ഇത്തവണ അതിന് വിസമ്മതിക്കുകയാണ്. കാസര്‍കോട്, കൊല്ലം ജില്ലകളിലാണിപ്പോള്‍ കശുമാവിന്‍ തോട്ടങ്ങള്‍ കൂടുതലായുള്ളത്. പാറപൊട്ടിക്കലും ചെങ്കല്ല് വെട്ടലും തുടങ്ങിയതോടെയാണ് ഇവക്ക് വംശ നാശം ഉണ്ടാകാന്‍ തുടങ്ങിയത്. വെള്ളം ലഭിക്കാത്ത മലം പ്രദേശങ്ങലിലാണ് ഇവ അധികവും നട്ട് പിടിപ്പിക്കാറ്. കൂടുതല്‍ ചിലവില്ലാത്ത കൃഷി രീതിയാണെങ്കിലും കര്‍ഷകര്‍ ഈ മേഖലയില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ്. വിദേശ പണം ഏറെ വാങ്ങിതരുന്ന കൃഷിയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലങ്കില്‍ പറങ്കികള്‍ കൊണ്ട് വന്ന കശുവണ്ടി കൃഷി നമ്മുടെ നാട്ടില്‍ നിന്നും നാമാവശേഷമാകും.

Latest