Connect with us

Sports

മീഡിയ സപ്പോര്‍ട്ട് !

Published

|

Last Updated

ഫിഫയുടെ പ്രഥമ ദ ബെസ്റ്റ് അവാര്‍ഡ് ചടങ്ങില്‍ മികച്ച ഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാധ്യമങ്ങള്‍ക്കിട്ടൊന്ന് കൊട്ടി : മീഡിയയുടെ ശക്തമായ ഗൂഢാലോചനകളെ അതിജീവിച്ചാണ് താന്‍ ബെസ്റ്റ് ആയിരിക്കുന്നത് !
നൂറ്റമ്പത് ദശലക്ഷം യൂറോയുടെ വരുമാന സ്രോതസുകള്‍ ക്രിസ്റ്റിയാനോ മറച്ചുവെച്ചെന്നും പത്തിലേറെ സ്വിസ് എക്കൗണ്ടുകളില്‍ കള്ളപ്പണമായി നിക്ഷേപിച്ചിരിക്കുകയാണെന്നും മാധ്യമങ്ങള്‍ അന്വേഷണാത്മകമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതാകണം, ക്രിസ്റ്റിയാനോ മനസിലിട്ട് കൊണ്ടു നടന്നത്.
എന്നാല്‍, രസകരമായ വസ്തുത മറ്റൊന്നാണ്. ഫിഫ വോട്ടിംഗില്‍ ലയണല്‍ മെസിയുമായുള്ള മത്സരത്തില്‍ ക്രിസ്റ്റിയാനോക്ക് ദ ബെസ്റ്റ് ആകുവാനുള്ള വലിയ പിന്തുണ ലഭിച്ചത് മീഡിയ വിഭാഗത്തില്‍ നിന്നാണ്.
നൂറ്റിമുപ്പതോളം വരുന്ന തിരഞ്ഞെടുക്കപ്പെട്ട മാധ്യമപ്രവര്‍ത്തകരാണ് വോട്ടിംഗില്‍ പങ്കെടുത്തിട്ടുള്ളത്. ഇതില്‍ 84 പേരും ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കാണ് അഞ്ച് പോയിന്റ് ലഭിക്കുന്ന ഫസ്റ്റ് വോട്ട് ചെയ്തിരിക്കുന്നത്. ലയണല്‍ മെസിക്ക് 23 ഫസ്റ്റ് വോട്ടുകള്‍ മാത്രമാണ് മീഡിയ കാറ്റഗറിയില്‍ ലഭിച്ചിരിക്കുന്നത്. ക്യാപ്റ്റന്‍മാരുടെയും പരിശീലകരുടെയും കാറ്റഗറിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഭീമമായ അന്തരം ഇവിടെ കാണാം. ക്രിസ്റ്റിയാനോ മെസിയെ പിന്തള്ളിയത് തന്നെ മീഡിയ വിഭാഗത്തിന്റെ കൈയ്യയച്ചുള്ള സഹായം കൊണ്ടാണെന്ന് പറയാം.
ഫിഫയിലെ 211 അംഗരാജ്യങ്ങളിലെ ദേശീയ ടീം ക്യാപ്റ്റന്‍മാരും പരിശീലകരും വോട്ടിംഗില്‍ പങ്കെടുത്തു. ഇതില്‍ ക്യാപ്റ്റന്‍മാരുടെ വിഭാഗത്തില്‍ ക്രിസ്റ്റ്യാനോക്ക് 86 വോട്ടുകള്‍ ലഭിച്ചപ്പോള്‍ മെസിക്ക് 44 വോട്ടുകള്‍ കിട്ടി. പരിശീലകരുടെ വിഭാഗത്തില്‍ ക്രിസ്റ്റ്യാനോക്ക് എഴുപത് വോട്ടുകളാണ് ലഭിച്ചത്. ഇവിടെ മെസി 51 വോട്ടുകള്‍ നേടി.

ക്രിസ്റ്റിയാനോയും
മെസിയും ആര്‍ക്ക് വോട്ട് ചെയ്തു ?

വലിയ താത്പര്യമുള്ള ചോദ്യമാണിത്. രണ്ട് പേരും തങ്ങള്‍ക്ക് വോട്ട് ചെയ്തിട്ടില്ല. അതു പോലെ പരസ്പരം സഹായിക്കാനും മുതിര്‍ന്നിട്ടില്ല. റയല്‍മാഡ്രിഡിലെ സഹതാരങ്ങളെ സഹായിക്കാനാണ് ക്രിസ്റ്റ്യാനോ തന്റെ വോട്ടിംഗ് പവര്‍ ഉപയോഗിച്ചത്. വെയില്‍സ് താരം ഗാരെത് ബെയ്‌ലിന് അഞ്ച് പോയിന്റ് കൊടുത്തപ്പോള്‍ മൂന്ന് പോയിന്റുള്ള രണ്ടാം വോട്ട് ക്രൊയേഷ്യന്‍ മിഡ്ഫീല്‍ഡര്‍ ലൂക മോഡ്രിചിനും ഒരു പോയിന്റുള്ള മൂന്നാം വോട്ട് സ്പാനിഷ് ഡിഫന്‍ഡര്‍ സെര്‍ജിയോ റാമോസിനും നല്‍കി.
അര്‍ജന്റീന നായകനായ മെസി തന്റെ മൂന്ന് വോട്ടും ബാഴ്‌സ കളിക്കാര്‍ക്കാണ് നല്‍കിയത്. ആദ്യ വോട്ട് ലൂയിസ് സുവാരസിനും രണ്ടാം വോട്ട് നെയ്മറിനും നല്‍കിയ മെസി മൂന്നാം വോട്ട് ആന്‌ദ്രെ ഇനിയെസ്റ്റക്ക് കൊടുത്തു.

സഹതാരങ്ങളുടെ വോട്ട് ഇങ്ങനെ..

ക്രൊയേഷ്യന്‍ ക്യാപ്റ്റന്‍ കൂടിയായ ലൂക മോഡ്രിച് ആദ്യ വോട്ട് ക്രിസ്റ്റിയാനോക്ക് നല്‍കിയപ്പോള്‍ രണ്ടാം വോട്ട് ലയണല്‍ മെസിക്ക് നല്‍കി. മൂന്നാം വോട്ട് ഗാരെത് ബെയ്‌ലിന്. റയല്‍ താരമായ ലൂക മോഡ്രിച് ബാഴ്‌സ താരമായ മെസിക്ക് രണ്ടാം വോട്ട് നല്‍കിയത് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റായി. ക്ലബ്ബ് താത്പര്യങ്ങള്‍ തന്റെ വോട്ടിംഗില്‍ കാര്യമായി പ്രതിഫലിക്കാതെ നോക്കുവാന്‍ മോഡ്രിചിന് സാധിച്ചു. സ്‌പെയിന്‍ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് റയല്‍ ടീമംഗമായ ക്രിസ്റ്റിയാനോക്ക് അഞ്ച് പോയിന്റ് നല്‍കിയപ്പോള്‍ മെസിക്ക് രണ്ടാം വോട്ട് നല്‍കി. മൂന്നാം വോട്ട് സ്‌പെയിന്‍ ടീമംഗമായ ആന്ദ്രെ ഇനിയെസ്റ്റക്ക്. മെസിക്ക് വോട്ട് നല്‍കി റാമോസും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് കാത്തുസൂക്ഷിച്ചു.

ഇന്ത്യയുടെ വോട്ട് : ക്യാപ്റ്റന് തെറ്റിയില്ല ; കോച്ച് കോണ്‍സ്റ്റന്റൈന് പാളി !

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ആദ്യ വോട്ട് ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക്. ലയണല്‍ മെസിക്ക് രണ്ടാം വോട്ടും അന്റോയിന്‍ ഗ്രിസ്മാന് മൂന്നാം വോട്ടും നല്‍കി. ഫിഫയുടെ അന്തിമ പട്ടികയില്‍ ഇടം പിടിച്ചത് ഈ മൂന്ന് പേരാണ്. ഛേത്രിയുടെ ക്രമം തന്നെയാണ് ഫിഫയുടെ ഫലപ്രഖ്യാപനത്തിലും നിഴലിച്ചത്. ആ നിലക്ക് ഛേത്രിയുടെ നിഗമനം പൂര്‍ണമായും ശരിയായി. അതേ സമയം ഇന്ത്യയുടെ ഇംഗ്ലീഷ് കോച്ച് സ്റ്റീവന്‍ കോണ്‍സ്റ്റന്റൈന്റെ വോട്ടിംഗ് തീര്‍ത്തും വ്യത്യസ്തമായിരുന്നു. ആദ്യ വോട്ട് നല്‍കിയത് വെയില്‍സ് താരം ഗാരെത് ബെയ്‌ലിനാണ്. രണ്ടാം വോട്ട് ബയേണിന്റെ പോളിഷ് സ്‌ട്രൈക്കര്‍ റോബര്‍ട് ലെവന്‍ഡോസ്‌കിക്ക്. മൂന്നാം വോട്ട് ബാഴ്‌സ സ്‌ട്രൈക്കര്‍ ലൂയിസ് സുവാരസിന്. ഇവര്‍ മൂന്ന് പേരും അന്തിമ പട്ടികയില്‍ ഇടം പിടിച്ചില്ല.

ബ്രസീലും അര്‍ജന്റീനയും
ബാഴ്‌സക്കൊപ്പം !

ബ്രസീല്‍ ക്യാപ്റ്റന്‍ ഡാനി ആല്‍വസിന്റെ മൂന്ന് വോട്ടും ബാഴ്‌സലോണ താരങ്ങള്‍ക്ക്. ബ്രസീലും അര്‍ജന്റീനയും ബദ്ധവൈരികളാണെന്ന് പറഞ്ഞ് നടക്കുന്നവര്‍ക്ക് തെറ്റി. ഇവിടെ ക്ലബ്ബ്‌മേറ്റുകളോടുള്ള സ്‌നേഹത്തിന് മാത്രമേ സ്ഥാനമുള്ളൂ. ലയണല്‍ മെസിക്കാണ് ബ്രസീല്‍ ക്യാപ്റ്റന്റെ അഞ്ച് പോയിന്റ്. നാട്ടുകാരനായ നെയ്മറിന് രണ്ടാം വോട്ടും ഉറുഗ്വെ സ്‌ട്രൈക്കര്‍ ലൂയിസ് സുവാരസിന് മൂന്നാം വോട്ട്. ആല്‍വസ് ഇപ്പോള്‍ ബാഴ്‌സ താരമല്ല. യുവെന്റസിന് വേണ്ടിയാണ് കളിക്കുന്നത്.
അര്‍ജന്റീന ക്യാപ്റ്റന്‍ മെസിയുടെ വോട്ട് സുവാരസ്, നെയ്മര്‍, ഇനിയെസ്റ്റ എന്നിങ്ങനെ ബാഴ്‌സ ടീം മേറ്റുകള്‍ക്ക്.
അര്‍ജന്റീന കോച്ച് എഡ്ഗാര്‍ഡോ ബൗസ തന്റെ ടീമിന്റെ ക്യാപ്റ്റനായ മെസിക്ക് ആദ്യ വോട്ട് നല്‍കി. അര്‍ജന്റീനയുടെ സെര്‍ജിയോ അഗ്യുറോക്ക് രണ്ടാം വോട്ട് നല്‍കിയ ബൗമ മൂന്നാം വോട്ട് അന്റോയിന്‍ ഗ്രിസ്മാനാണ് നല്‍കിയത്. ക്രിസ്റ്റിയാനോയെ തടയുക എന്ന ഉദ്ദേശ്യം ഈ വോട്ടിംഗില്‍ വ്യക്തം!
ബ്രസീല്‍ കോച്ചിനുള്ള വോട്ട് ലിയോനാര്‍ഡോ അഡെനോറാണ് ചെയ്തത്. സ്വാഭാവികമായും നെയ്മറിനെയാണ് ആദ്യം പരിഗണിക്കേണ്ടിയിരുന്നത്. പക്ഷേ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ബെസ്റ്റ് എന്ന് ബ്രസീല്‍ കോച്ച് വിധിയെഴുതി. രണ്ടാം വോട്ട് നെയ്മറിന് നല്‍കിയ ലിയോനാര്‍ഡോ മൂന്നാം വോട്ടിന് ഗ്രിസ്മാനെ പരിഗണിച്ചു. മെസിയെ വെട്ടി ! ബ്രസീല്‍-അര്‍ജന്റീന പരിശീലകരുടെ വോട്ടിംഗില്‍ ആ ബദ്ധവൈരം കാണാം.

മെസിയെ തഴഞ്ഞ് റൂണി, ന്യുവറും റോഡ്രിഗസും സ്വന്തക്കാര്‍ക്കൊപ്പം

ഇറ്റലി ക്യാപ്റ്റന്‍ ജിലായന്‍ ജൂലി ബുഫണ്‍ ആദ്യ വോട്ട് മെസിക്ക് നല്‍കി. ഗാരെത് ബെയില്‍, ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നിവര്‍ക്കാണ് മറ്റ് വോട്ട്.
ഫ്രാന്‍സ് ക്യാപ്റ്റന്‍ ഹ്യുഗോ ലോറിസ് ടീമംഗമായ അന്റോയിന്‍ ഗ്രിസ്മാന് ആദ്യ വോട്ട് നല്‍കി. മെസിക്ക് രണ്ടാം വോട്ടും ക്രിസ്റ്റിയാനോക്ക് മൂന്നാം വോട്ടും നല്‍കി. ഇംഗ്ലണ്ട് നായകന്‍ വെയിന്‍ റൂണി തന്റെ മുന്‍ സഹതാരമായ ക്രിസ്റ്റിയാനോക്കാണ് ആദ്യ വോട്ട് നല്‍കിയത്. ലൂയിസ് സുവാരസിന് രണ്ടാം വോട്ടും ലെസ്റ്റര്‍ സിറ്റിയുടെ ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ ജാമി വര്‍ഡിക്ക് മൂന്നാം വോട്ടും നല്‍കി. അര്‍മേനിയന്‍ ക്യാപ്റ്റനും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരവുമായ മഹിതരിയന്റെ ആദ്യ വോട്ട് ക്രിസ്റ്റിയാനോക്ക്. മെസി, ഗ്രിസ്മാന്‍ എന്നിവരെയും പരിഗണിച്ചു. കൊളംബിയന്‍ ക്യാപ്റ്റന്‍ ഹാമിഷ് റോഡ്രിഗസിന്റെ വോട്ട് റയലില്‍ സഹതാരമായ ക്രിസ്റ്റിയാനോക്ക്. രണ്ടാം വോട്ട് ലൂക മോഡ്രിചിനും മൂന്നാം വോട്ട് ഗാരെത് ബെയ്‌ലിനും. പരിഗണിച്ചത് റയല്‍ താരങ്ങളെ മാത്രം !
ജര്‍മന്‍ നായകന്‍ മാനുവല്‍ ന്യുവര്‍ പരിഗണിച്ചത് തന്റെ സഹതാരങ്ങളെ മാത്രം. ആദ്യ വോട്ട് ജര്‍മന്‍ ടീം അംഗമായ ടോണി ക്രൂസിന്. രണ്ടാം വോട്ട് ആഴ്‌സണല്‍ താരം മെസുറ്റ് ഒസിലിന്. അവിടെയും ദേശീയ വികാരം നിഴലിച്ചു. മൂന്നാം വോട്ട് ബയേണിലെ സഹതാരം റോബര്‍ട് ലെവന്‍ഡോസ്‌കിക്ക്.
ക്രിസ്റ്റിയാനോ, മെസി, നെയ്മര്‍ ഇങ്ങനെയാണ് ഘാന ക്യാപ്റ്റന്‍ അസമോവ ഗ്യാന്റെ വോട്ടിംഗ് ക്രമം.
മെക്‌സിക്കോയുടെ ക്യാപ്റ്റന്‍ റാഫേല്‍ മാര്‍ക്വേസ് താനൊരു മുന്‍ ബാഴ്‌സ താരമാണെന്ന് മറന്നില്ല. മെസിക്ക് ആദ്യ വോട്ടും സുവാരസിന് മൂന്നാം വോട്ടും നല്‍കി. രണ്ടാം വോട്ട് ഗ്രിസ്മാന്.
തുര്‍ക്കി നായകന്‍ ആര്‍ദ ടുറാന്‍ ബാഴ്‌സയിലെ സഹതാരങ്ങളെ മാത്രമേ കണ്ടുള്ളൂ. മെസി, നെയ്മര്‍, ഇനിയെസ്റ്റ !
അമേരിക്ക ക്യാപ്റ്റന്‍ മൈക്കല്‍ ബ്രാഡ്‌ലി കൃത്യമായി പ്രവചിച്ചു. ക്രിസ്റ്റ്യാനോ-മെസി-ഗ്രിസ്മാന്‍.

ജേര്‍ണലിസ്റ്റുകളുടെ വോട്ട് പോളിറ്റിക്‌സ് !

ബ്രസീലിന്റെ വോട്ട് ക്രിസ്റ്റിയാനോക്കാണ്. മെസിക്ക് രണ്ടാം വോട്ട് നല്‍കിയ വിന്‍ഷ്യസ് പൗലോ കൊയ്‌ലോ നാട്ടുകാരനായ നെയ്മറിനെ മൂന്നാമനായാണ് പരിഗണിച്ചത്.
അര്‍ജന്റീന ജേര്‍ണലിസ്റ്റ് മകായ മാര്‍ക്വെസ് എന്റിക്വെ ആദ്യ വോട്ട് മെസിക്ക് തന്നെ നല്‍കി. സുവാരസിന് രണ്ടാം വോട്ടും ക്രിസ്റ്റിയാനോക്ക് മൂന്നാം വോട്ടും നല്‍കി.
ഇന്ത്യന്‍ പ്രതിനിധി ഹിന്ദുസ്ഥാന്‍ ടൈംസിലെ ദിമന്‍ സര്‍ക്കാര്‍ ആദ്യ വോട്ട് ക്രിസ്റ്റിയാനോക്കും രണ്ടാം വോട്ട് മെസിക്കും മൂന്നാം വോട്ട് നെയ്മറിനും നല്‍കി.
ജര്‍മനി, ഇറ്റലി, ഹംഗറി, ഗ്രീസ്, ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, എന്നിങ്ങനെ യൂറോപ്യന്‍ രാഷ്ട്രങ്ങളിലെ ജേര്‍ണലിസ്റ്റുകള്‍ ക്രിസ്റ്റ്യാനോക്കാണ് ആദ്യ വോട്ട് നല്‍കിയത്.

---- facebook comment plugin here -----

Latest