Articles
കുട്ടികളില്‍ വര്‍ഗീയത കുത്തിവെക്കരുത്
വിദ്യാഭ്യാസ മുന്നേറ്റ രംഗത്ത് മലബാറില്‍, വിശേഷിച്ച് ന്യൂനപക്ഷ വിഭാഗങ്ങളുടെ പഠന കാര്യങ്ങളിലുള്ള ഉന്നമനത്തില്‍ മര്‍കസ് സ്ഥാപനങ്ങള്‍ വലിയ പങ്കാണ് വഹിച്ചു പോരുന്നത്. വലിയൊരു സാമൂഹിക സേവനമാണ് ഈ പ്രസ്ഥാനം നിര്‍വഹിച്ചു പോരുന്നത്. മൂല്യാധിഷ്ഠിതമായ പഠന രീതികളിലൂടെ വിദ്യാര്‍ഥികളെ നന്മയിലേക്ക് ഉയര്‍ത്തുക, വിദ്യാഭ്യാസ പിന്നാക്കാവസ്ഥയില്‍ നിന്ന് പുതിയ കാലത്തിന് പര്യാപ്തമായ രീതിയില്‍ സമൂഹത്തെ സജ്ജമാക്കിയെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് മര്‍കസ് പ്രവര്‍ത്തിക്കുന്നത്. ഇത് രണ്ടും വിശിഷ്ടമായ കാര്യമാണ്.
വിദ്യാര്‍ഥി ജീവിതം വലിയ തോതില്‍ മതനിരപേക്ഷതയെ ശക്തിപ്പെടുത്തേണ്ട കാലമാണിത്. നമ്മുടെ കേരളത്തിലെ പൊതു വിദ്യാലയങ്ങള്‍ മതനിരപേക്ഷതയുടെ വിളനിലയങ്ങളായിട്ടാണ് പൊതുവെ മാറിയിരുന്നത്. ആധുനികവും ശാസ്ത്രീയവുമായ വിദ്യാഭ്യാസം നല്‍കുന്നതോടൊപ്പം വിദ്യാര്‍ഥികളുടെ സ്വഭാവ രൂപവത്കരണത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ട്. കേരളത്തില്‍ പൊതു വിദ്യാലയങ്ങളെല്ലാം വിവിധ വിഭാഗങ്ങളിലെ കുട്ടികള്‍ ഒന്നിച്ചിരുന്ന് പഠിച്ച് വളര്‍ന്ന് വരുന്ന സാഹചര്യം ഒരുക്കിയിട്ടുണ്ട്. ഏതു വിദ്യാലയമെടുത്താലും അവിടെ മതനിരപേക്ഷതയാണ് വലിയ തോതില്‍ ശക്തിപ്പെട്ടിരുന്നത്.
ഇന്നത്തെ സമൂഹം ദൂഷ്യങ്ങള്‍ക്ക് അടിമപ്പെട്ടു പോകുന്നു. അതിലൊന്നാണ് ലഹരി വസ്തുക്കള്‍ക്ക് അടിമപ്പെടല്‍. ശ്രദ്ധിച്ചില്ലെങ്കില്‍ അത് വളര്‍ന്ന് വരാനിടയാകും. ലോകത്ത് ഡ്രഗ്‌സ് മാഫിയ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിലെ ഒരുപാട് മാഫിയകള്‍ അധികരിച്ചതിനാല്‍ യഥാര്‍ഥ മാഫിയകള്‍ എന്താണെന്ന് നമ്മള്‍ മറന്നു പോയിട്ടുണ്ട്. ചില രാജ്യങ്ങളില്‍ സര്‍ക്കാറിനേക്കാള്‍ ശക്തിയുണ്ട് ഡ്രഗ്‌സ് മാഫിയക്ക്. അത്രമാത്രം സമ്പത്ത് തെറ്റായ മാര്‍ഗത്തിലൂടെ അവര്‍ സമ്പാദിച്ച് വെച്ചിട്ടുണ്ട്. ഇതിന്റെ കരങ്ങള്‍ പല സ്ഥലത്തുമെത്തുന്നു. കേരളത്തില്‍ അടുത്ത കാലത്ത് വലിയ തോതില്‍ മയക്കുമരുന്ന് വ്യാപനം നടന്നു വരികയാണ്. പഴയ ചരിത്രമെടുത്താല്‍ ഞങ്ങളുടെയൊക്കെ തലമുറ വിദ്യാര്‍ഥികളായിരിക്കുന്ന കാലത്ത് വിദ്യാര്‍ഥികള്‍ മിക്കവാറും പുകവലിച്ച് തുടങ്ങുമായിരുന്നു. അന്നത്തെ സമൂഹത്തിലെ മുതിര്‍ന്നവരെ മാതൃകയാക്കിയായിരുന്നു ആ ശീലം ചെറുപ്രായക്കാരില്‍ തുടങ്ങിയത്. ഇന്നത്തെ ക്യാമ്പസുകളില്‍ ഏറെക്കുറെ പുകവലി ഇല്ലാതായിരിക്കുന്നു. അത് വലിയ മാറ്റമാണ്. ആ മാറ്റം വന്നത് നല്ല ബോധവത്കരണത്തിലൂടെയാണ്. പുകവലിയുണ്ടാക്കുന്ന ആപത്തിനെക്കുറിച്ച് എല്ലാവരും ബോധവാന്മാരായി. അങ്ങനെയാണ് പൂര്‍ണമായും ഒഴിവാക്കാന്‍ കഴിഞ്ഞത്. എന്നാല്‍ വന്നുഭവിച്ചിട്ടുള്ള ആപത്ത് അതിനേക്കാള്‍ വലുതാണ്. മയക്കു മരുന്ന് സംഘങ്ങള്‍ വിദ്യാര്‍ഥികളെ ലക്ഷ്യം വെക്കുന്നു. അതിന് അവരുടെ ലാഭം വര്‍ധിക്കുക എന്ന ഉദ്ദേശ്യം മാത്രമല്ല. നമ്മുടെ സമൂഹത്തിനൊരു പ്രത്യേകതയുണ്ട്. നല്ല പ്രതികരണ ശേഷിയുള്ള സമൂഹമാണ്. ഇത്തരമൊരു സമൂഹത്തിന്റെ പ്രതികരണ ശേഷി ഇല്ലാതാക്കല്‍ ഇതിന്റെ പിന്നിലുള്ള ലക്ഷ്യമാണോ എന്ന് സംശയിക്കേണ്ടതുണ്ട്. ചിലയിടത്ത് ഈ രൂപത്തിലുള്ള പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. മയക്കുമരുന്നിന് അടിമപ്പെട്ടാല്‍ മനുഷ്യന്റെ സ്വാഭാവിക രീതികളെല്ലാം നഷ്ടപ്പെടും. ഒരു ഭാഗത്ത് സുബോധമില്ലാതാകുന്നു. പിന്നെ ഒന്നിനും ത്രാണിയില്ലാത്ത മട്ടില്‍ പ്രതികരിക്കാന്‍ കഴിയാത്തവനാകുന്നു. മയക്കുമരുന്നിനടിമപ്പെട്ടവര്‍ ഒരു പ്രത്യേക ലോകത്താകും. എന്താണ് ചെയ്യുന്നതെന്ന് പോലും അവര്‍ക്ക് അറിയില്ല. കുറച്ച് മാസം മുമ്പ് എറണാകുളത്ത് ഒരു കാരണവുമില്ലാതെ ഒരാള്‍ തന്റെ മുന്നിലൂടെ നടന്ന ഒരു ചെറിയ കുട്ടിയെ വെട്ടി കൊലപ്പെടുത്തിക്കളഞ്ഞു. ഇത് ചെയ്തയാള്‍ മയക്കുമരുന്നിനടിമപ്പെട്ടവനാണ്. ഇപ്പോള്‍ കേള്‍ക്കുന്ന കാര്യം നമ്മുടെ കുട്ടികളില്‍ ചിലര്‍, പ്രത്യേകിച്ച് സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലുള്ളവര്‍ രാവിലെ 5000 രൂപയൊക്കെ പോക്കറ്റ് മണിയായി ചോദിക്കുന്നു. സാധാരണ ഒരു രൂപ, രണ്ട് രൂപയൊക്കെ ചോദിക്കുന്ന പോലെ. ഈ ചോദിക്കുന്ന കുട്ടി മയക്കുമരുന്നിനടിമപ്പെട്ടവനാണ്. സ്വാഭാവികമായും രക്ഷിതാക്കള്‍ കൊടുക്കില്ല. അപ്പോള്‍ അവന്‍ അക്രമാസക്തനാകുന്നു. രക്ഷിതാവിനെ തല്ലാന്‍ തയ്യാറാവുന്നു. ഇത് ആ കുടുംബത്തിലുള്ളവര്‍ക്ക് പുറത്ത് പറയാന്‍ പറ്റില്ല. എന്നാല്‍ ഇത്തരത്തിലുള്ള ദുഃഖകരമായ സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. നമ്മുടെ സമൂഹത്തില്‍ ഒറ്റപ്പെട്ട രീതിയിലാണെങ്കിലും ഇത് വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. ആണ്‍കുട്ടികളെന്നോ പെണ്‍കുട്ടികളെന്നോ വ്യത്യാസമില്ലാതെ. ഇതിനെതിരെയുള്ള ശക്തമായ നീക്കങ്ങള്‍ ആവശ്യമാണ്.
കുട്ടികള്‍ നിര്‍മല മനസ്‌കരാണ്. ഇളം പ്രായത്തില്‍ സ്‌കൂളില്‍ പഠിക്കുന്നു. അവര്‍ എല്ലാവരെയും സ്‌നേഹിക്കാന്‍ മാത്രം കഴിയുന്നവരാണ്. അവരില്‍ ഒരു തരത്തിലുള്ള വെറുപ്പിന്റെയോ വിദ്വേഷത്തിന്റെയോ പകയുടെയോ അംശങ്ങള്‍ എത്തിക്കാന്‍ പാടില്ല. ആ മനസ്സ് എപ്പോഴും നിര്‍മലമായിത്തന്നെയിരിക്കണം. ഇവിടെയാണ് മത നിരപേക്ഷതയുടെ പ്രാധാന്യം നിലകൊള്ളുന്നത്. നമ്മുടെ നാട്ടില്‍ എല്ലാവരെയും സഹോദരങ്ങളായിട്ടാണ് നാം കാണേണ്ടത്. മനുഷ്യരെല്ലാവരും സഹോദരങ്ങളാണ്. ഏത് ജാതിയായാലും മതമായാലും മനുഷ്യകുലത്തിലാണ്. കുഞ്ഞുങ്ങള്‍ എല്ലാവരുമായും ഇടപഴകുന്നവരാണ്. ഏതെങ്കിലും തരത്തിലുള്ള വിവേചനം സാധാരണ നിലയില്‍ അവരുടെ ഇടയില്‍ ഇല്ല. കുഞ്ഞുങ്ങളുടെ മനസ്സിനെ വര്‍ഗ്ഗീയമായി സ്വാധീനിക്കാന്‍ ശ്രമിച്ചാല്‍ അത് അങ്ങേയറ്റം ആപത്താണ്. എങ്ങനെ വാര്‍ത്തെടുക്കുന്നു എന്നാശ്രയിച്ചാണ് അത് രൂപപ്പെട്ടു വരുന്നത്.
ഇവിടെ ഒരു കാര്യം വ്യക്തമാക്കേണ്ടതുണ്ട്. മതവിശ്വാസവും വര്‍ഗീയതയും രണ്ടും രണ്ടാണ്. മത വിശ്വാസത്തിന്റെ ഭാഗമായി ഏതെങ്കിലും തരത്തിലുള്ള കുഴപ്പം സംഭവിക്കില്ല. മത വിശ്വാസികളായി ജീവിക്കുന്നതു കൊണ്ട് നാട്ടിന് ചേരാത്ത ഒരു പ്രവണതയും വന്നു ചേരില്ല. എല്ലാ മതവും സ്‌നേഹത്തിലും സാഹോദര്യത്തിലും ഊന്നിയാണ് പ്രവര്‍ത്തിക്കുന്നത്. വര്‍ഗീയതയുടെ പ്രത്യേകത മറ്റു മതസ്ഥരെ ശത്രുവായി അത് കാണുന്നുവെന്നതാണ്. വര്‍ഗീയത ഇളം മനസ്സില്‍ കുത്തിക്കയറ്റാന്‍ ശ്രമിച്ചാല്‍ അതിന്റെ ഫലം ഭീതിതമായിരിക്കും. ഒപ്പം പഠിക്കുന്ന കുട്ടിയെ തന്നെ ശത്രുവായി കാണും. ഇത് അങ്ങേയറ്റത്തെ ദുരവസ്ഥ ഉണ്ടാക്കും. അത്തരം സാഹചര്യത്തിലേക്ക് എത്തിപ്പെടാന്‍ പാടില്ല. നമ്മുടെ സമൂഹത്തില്‍ ഈ കാലത്ത് ചില ശക്തികള്‍ വലിയതോതില്‍ വര്‍ഗീയത പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. മതനിരപേക്ഷതക്ക് ഒരിക്കലും വര്‍ഗീയതയോട് വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ല.
ഇളം മനസ്സ് എങ്ങനെയാണ് വര്‍ഗീയതക്ക് അടിമപ്പെടുന്നത്? വര്‍ഗീയമായ ആക്രമണ സംഭവമില്ലെങ്കിലും ഏഴാം തരത്തില്‍ പഠിക്കുന്ന കുട്ടി ഒരു കൊലക്കേസില്‍ പ്രതിയായി. വര്‍ഗീയത കൈമുതലാക്കിയ ഒരു കൂട്ടരുടെ ശാഖയില്‍ പോവുന്ന കുട്ടിയായിരുന്നു അത്. ഈ കൂട്ടര്‍ ഒരു ആക്രമണം പ്ലാന്‍ ചെയ്തപ്പോള്‍ ഈ ആക്രമണത്തിന് ഇരയാകേണ്ടയാള്‍ അവിടെത്തന്നെയുണ്ടോയെന്ന് നോക്കാന്‍ അയച്ചത് ഈ കുട്ടിയെയാണ്. ആ കുട്ടി വിവരം കൊടുത്ത് അതില്‍ പങ്കാളിയായി. ഒരു ഇളം മനസ്സിന് എങ്ങനെയാണ് മാറ്റം വരുന്നത് എന്ന് നോക്കണം. ഇത് നമ്മുടെ നാട്ടില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ എസ് എസ് ശാഖയുടെ ഭാഗമായിട്ടുള്ള കാര്യമാണ്. അടുത്ത നാളില്‍ ഒരു വാര്‍ത്ത നമ്മുടെയെല്ലാം മനസ്സില്‍ പതിയത്തക്ക വിധത്തില്‍ വന്നു. അത് ഈ ഏഴാം തരത്തിലുള്ള കുട്ടിയുടെ സംഭവത്തേക്കാളും ഭീകരമായിരുന്നു. ഐ എസ് ക്യാമ്പിലുള്ള ഒരു ചെറിയ കുട്ടിയുടെ സംഭവമാണത്. ആ കുട്ടിയാണ് അവര്‍ കൊലപ്പെടുത്തേണ്ട ആളുകളുടെ നേരെ തോക്ക് ചൂണ്ടി വെടിവെക്കുന്നത്. നമുക്ക് ഊഹിക്കാന്‍ പോലും കഴിയാത്ത സംഭവം. ആ തരത്തിലേക്ക് എങ്ങനെ മാറ്റിയെടുക്കാന്‍ സാധിച്ചു. വാര്‍ത്തയില്‍ പറയുന്നത് ആ കുട്ടി കഴുത്തറുക്കുന്ന ദൃശ്യവും ഉണ്ടെന്നാണ്. വര്‍ഗീയതയില്‍ നിന്നാണ് തീവ്രവാദത്തിലേക്ക് പോവുന്നത്. വര്‍ഗീയത നമ്മള്‍ അകറ്റി നിര്‍ത്തേണ്ട കാര്യമാണ്. ഇത് സമൂഹത്തിന്റെ ദുഃഖമാണ്. ആ ദുഃഖം അകറ്റാന്‍ നമുക്ക് കഴിയണം. ഇത് അങ്ങേയറ്റം ശ്രദ്ധിക്കേണ്ട കാര്യമാണ്.
മയക്കുമരുന്നും വര്‍ഗീയതയും ക്യാമ്പസുകള്‍ക്ക് പുറത്തുനിര്‍ത്താന്‍ നമുക്ക് കഴിയണം. അതിനുള്ള ശ്രമം സമൂഹം കൂട്ടായി നടത്തണം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജ്‌മെന്റുകളും നല്ലത് പോലെ ഇക്കാര്യം ശ്രദ്ധിക്കണം. കുട്ടികളെ രക്ഷിതാക്കള്‍ ശ്രദ്ധിക്കുന്നുണ്ട്. എന്നാല്‍ കുട്ടികളെപ്പോഴും കൂടുതല്‍ സമയമുളളത് വിദ്യാഭ്യാസ സ്ഥാപനത്തിലാണ്. അവര്‍ക്ക് അവിടെവെച്ച് മയക്കുമരുന്നുകാരുമായൊക്കെ ബന്ധപ്പെടുവാന്‍ കഴിയും. എന്തെങ്കിലും പാടില്ലാത്തത് സംഭവിക്കുന്നുണ്ടോ എന്നത് ശ്രദ്ധിക്കേണ്ടതാണ്. അനഭിലഷണീയമായ മാര്‍ഗങ്ങളിലേക്ക് വിദ്യാര്‍ഥികള്‍ നീങ്ങിപ്പോകാതിരിക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം. അതോടൊപ്പം തന്നെ പൊതു സമൂഹവും ശ്രദ്ധിക്കണം. കുടുംബത്തില്‍ നല്ല ശ്രദ്ധ ഉണ്ടാകേണ്ടതുണ്ട്. പല വീടുകളിലും മൊബൈല്‍ ഫോണ്‍ വന്നതോടെ അച്ഛനമ്മമാര്‍ക്കൊക്കെ ഈ ഫോണില്‍ സംസാരിക്കാനേ നേരമുണ്ടാകൂ. ഈ കുട്ടിയോട് രണ്ടു കളിതമാശ പറയാന്‍ സമയമുണ്ടാകില്ല. അപ്പോള്‍ കുട്ടിയുടെ വികാരം കൃത്യമായി മനസ്സിലാക്കാനും കഴിഞ്ഞില്ലെന്ന് വരും. ഇതെല്ലാം ഇന്നത്തെ കാലത്തിന് വന്നൊരു മാറ്റമാണ്. കുട്ടിക്കെന്തെങ്കിലും പ്രശ്‌നങ്ങള്‍, തെറ്റിപ്പോകുന്നുണ്ടോ, വഴിപിഴച്ചു പോകുന്നുണ്ടോ എന്നത് മനസ്സിലാക്കാന്‍ ഓരോരുത്തരുടെയും തിരക്ക് കൊണ്ട് കഴിയാത്ത അവസ്ഥയാണ്.
ഏറ്റവും പ്രധാനമായി നാം ശ്രദ്ധിക്കേണ്ടത് മതനിരപേക്ഷതയുടെ, മനുഷ്യസ്‌നേഹത്തിന്റെ മൂല്യങ്ങള്‍ കുട്ടികളുടെ മനസ്സില്‍ ഉറപ്പിക്കാനാണ്. ഇക്കാര്യത്തില്‍ സമൂഹത്തിന്റെയാകെ മുന്‍കൈ ഉണ്ടാകണം. മര്‍കസിന്റെ നേതൃത്വത്തില്‍ രാജ്യത്താകെ നടത്തിവരുന്ന വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെല്ലാം അഭിനന്ദനീയമാണ്. കാല്‍ ലക്ഷത്തോളം വിദ്യാര്‍ഥികളാണ് മര്‍കസിന്റെ കീഴിലുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ചു വരുന്നത്. വിദ്യാഭ്യാസ മേഖലയില്‍ മാതൃകാപരമായ സേവനം മര്‍കസ് നടത്തിവരികയാണ്. നമ്മുടെ കേരളത്തിന്റെ വിദ്യാഭ്യാസ മേഖല രാജ്യത്തിനകത്തും പുറത്തും മാതൃകാപരമായ മികവ് പുലര്‍ത്തിയ മേഖലയാണ്. കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക മുന്നേറ്റത്തില്‍ ഇവിടുത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഹിച്ച പങ്ക് വിസ്മരിക്കാനാവില്ല. അതുകൊണ്ട് തന്നെ കേരളത്തിന്റെ വിദ്യാഭ്യാസ മേഖല ലോക ശ്രദ്ധ പിടിച്ചു പറ്റിയതുമാണ്. മികവുറ്റ അധ്യാപക സമൂഹം ഇവിടെയുണ്ടായിട്ടുണ്ട്. സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളില്‍ ശക്തമായി ഇടപെടുന്ന വിദ്യാര്‍ഥി സമൂഹവും നമ്മുടെ കേരളത്തിലുണ്ടായിട്ടുണ്ട്. ഇതെല്ലാം ഗുണപരമായ ഒട്ടേറെ മുന്നേറ്റങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട് എന്നതാണ് വസ്തുത.
പഴയ കാലമെടുത്താല്‍ സാങ്കേതിക വിദ്യകള്‍ വികസിച്ച കാലമല്ല. അടിസ്ഥാനപരമായ സൗകര്യങ്ങളും മെച്ചപ്പെട്ടിരുന്നില്ല. വിദ്യാലയ നടത്തിപ്പ് ആ കാലത്ത് സാമൂഹിക സേവനത്തിന്റേതായ ഒരു മാര്‍ഗമായിരുന്നു. കേരളത്തിലെ ഈ പറയുന്ന വിദ്യാഭ്യാസ മികവ് നേടിയത്, ലോകം ശ്രദ്ധിക്കുന്ന തലത്തിലേക്ക് കേരളം വളര്‍ന്നെത്തിയത് നമ്മുടെ കേരളത്തില്‍ ഉയര്‍ന്നു വന്ന അടിസ്ഥാന വിദ്യാഭ്യാസം കൊണ്ടാണ്. പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് വളര്‍ന്നത്. ഇതിനുതന്നെ ഒരു ചരിത്രമുണ്ട്. ആ ചരിത്രം പരിശോധിച്ചാല്‍ ആദ്യ ഘട്ടത്തില്‍ അപൂര്‍വം ആളുകള്‍ക്ക് മാത്രമേ വിദ്യാഭ്യാസം ലഭിച്ചിരുന്നുള്ളൂ. ഞങ്ങളുടെയെല്ലാം ചെറുപ്പകാലത്ത് നാട്ടിന്‍പുറങ്ങളില്‍ വിദ്യ അഭ്യസിച്ചവര്‍ ചുരുക്കമായിരുന്നു. കുട്ടികള്‍ ഒന്നിച്ച് പഠിത്തം അവസാനിപ്പിക്കുമായിരുന്നു.
നമ്മുടെ നാട്ടിലെങ്ങനെയാണ് വിദ്യാലയങ്ങള്‍ വളര്‍ന്നു വന്നത്? 1956ലാണ് സംസ്ഥാനം രൂപം കൊള്ളുന്നത്. 1957ല്‍ ഇ എം എസ്സിന്റെ നേതൃത്വത്തിലുള്ള ആദ്യത്തെ ഗവണ്‍മെന്റ് വന്നു. ആ സര്‍ക്കാര്‍ പൊതു വിദ്യാലയങ്ങള്‍ സ്ഥാപിക്കാന്‍ നല്ല ശ്രമം നടത്തി. കേരളത്തിലെ എല്ലാ സ്ഥലങ്ങളിലും വിദ്യാര്‍ഥികള്‍ക്ക് നടന്നെത്താവുന്ന ദൂരത്ത് സ്‌കൂളുകളും ഹൈസ്‌കൂളുകളും കോളജുകളും സ്ഥാപിച്ചു. ഞാന്‍ കോളജില്‍ നടന്നുപോയി പഠിച്ച ആളാണ്. നാലു മൈലിലധികം വരുന്ന ദൂരം വാഹനമില്ലാതെ പോയി പഠിച്ചു. അതിനേക്കാളും ദൂരം നടന്നു പഠിച്ചവരുണ്ട്. നടന്നെത്താവുന്ന ദൂരത്ത് വിദ്യാലയങ്ങളുണ്ടായി. പഠിക്കാനാവശ്യമായ സൗകര്യങ്ങള്‍ നമ്മുടെ നാട്ടിലുണ്ടായി. ഇതിന്റെ ഭാഗമായാണ് നമുക്ക് നല്ലത് പോലെ വിദ്യാലയങ്ങള്‍ വളര്‍ന്നു വരാന്‍ ഇടയായത്. അക്കാലത്തെ വിദ്യാലയ നടത്തിപ്പിന് സര്‍ക്കാറിന്റേതല്ലാതെ സ്വകാര്യ മാനേജ്‌മെന്റുകളുമുണ്ടായിരുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്വകാര്യ വിദ്യാലയങ്ങളാണ്. അവയെല്ലാം എയ്ഡഡാണ്. അത്തരം സ്ഥാപനങ്ങള്‍ സ്ഥാപിച്ചവര്‍ക്ക് സാമൂഹിക സേവനത്തെപ്പറ്റി മാത്രമേ ചിന്തയുണ്ടായിരുന്നുള്ളൂ. അതിലൂടെ കാശുണ്ടാക്കാം എന്ന് അവര്‍ ധരിച്ചിരുന്നില്ല. കുട്ടികള്‍ക്ക് വിദ്യാഭ്യാസം പകര്‍ന്നു കൊടുക്കുക എന്നത് മാത്രമായിരുന്നു അവര്‍ ലക്ഷ്യമിട്ടത്. ആ തരത്തിലാണ് കേരളത്തിന്റെ പൊതുവിദ്യാലയങ്ങള്‍ വളര്‍ന്നു വന്നത്. ഇപ്പോള്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിച്ചു. സാങ്കേതിക സൗകര്യങ്ങളുടെ ലഭ്യത കൂടുതലായി. ഇക്കാലത്ത് കേള്‍ക്കാന്‍ ആഗ്രഹമില്ലാത്ത പല കാര്യങ്ങളും നാം കേള്‍ക്കുകയാണ്. ഇതിനു കാരണം മറ്റേതു മേഖലയെപ്പോലെയും ഈ മേഖലയിലും വ്യാപിച്ച ലാഭക്കൊതി തന്നെയാണ്. ഇതാണ് ഇവിടെ വില്ലനായി മാറിയിരിക്കുന്നത്.
വിദ്യാര്‍ഥികളെ സാമ്പത്തികമായി ചൂഷണം ചെയ്യുന്ന പ്രവണത നല്ലതുപോലെ വര്‍ധിച്ചു വരികയാണ്. അതിനെ ചോദ്യം ചെയ്യുന്ന വിദ്യാര്‍ഥികളെ തല്ലുന്ന കൂട്ടര്‍ തന്നെയുണ്ടെന്നാണ് ഇപ്പോള്‍ കേട്ടുവരുന്നത്. തല്ലാനുള്ള സംഘത്തെയടക്കം വിദ്യാലയങ്ങളില്‍ ഒരുക്കി നിര്‍ത്തിയിരിക്കുന്നുവെന്നാണ് കേള്‍ക്കുന്നത്. ഇതെല്ലാം ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാര്യങ്ങളാണ്. സമൂഹിക സേവനമെന്ന ലേബലിലാണ് പണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയത്. പക്ഷേ, അതില്‍ നിന്ന് വ്യതിചലിച്ച് പൊതുസമൂഹത്തിന് ഒരിക്കലും യോജിക്കാന്‍ പറ്റാത്ത ചെയ്തികളില്‍ ചില വിദ്യാഭ്യാസ മാനേജ്‌മെന്റുകള്‍ ഏര്‍പ്പെടുന്നുണ്ട്. അത്തരം വിദ്യാഭ്യാസ മാനേജ്‌മെന്റുകള്‍ ആ നടപടി പൂര്‍ണമായും അവസാനിപ്പിക്കേണ്ടതാണ്.
നമ്മുടെ നാട്ടിലെ പൊതു വിദ്യാഭ്യാസ രംഗം സങ്കീര്‍ണമായ നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. ഏറ്റവും പ്രധാനമായി ഈ വിദ്യാഭ്യാസസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ലാഭം എന്ന പദം ആവര്‍ത്തിച്ചു കേള്‍ക്കുന്നു എന്നതാണ്. ലാഭം കച്ചവടത്തിലാണ്.”ലാഭകരമല്ലാത്ത വിദ്യാഭ്യാസ സ്ഥാപനം എന്ന അപകടകരമായ പ്രയോഗം തന്നെ നമ്മുടെ വിദ്യാഭ്യാസ മേഖലയിലുണ്ടായി. വിദ്യാഭ്യാസത്തിന്റെ ലാഭമെന്നത് കാര്യക്ഷമതയും പ്രതിബദ്ധതയുമുള്ള പുതിയ തലമുറയാണ്. ഇതാണ് മലയാളികള്‍ ഇതേവരെ മനസ്സിലാക്കിയിട്ടുള്ളത്. ഓരോ സ്ഥാപനത്തില്‍ നിന്നും പുറത്തുവരുന്ന വിദ്യാര്‍ഥികളാണ് ലാഭം. അതാണ് മുതല്‍ക്കൂട്ട്. ആ ധാരണ തിരുത്താനാണ് ചിലര്‍ ശ്രമിക്കുന്നത്.
വിദ്യാഭ്യാസ മിഷന്‍ പ്രവര്‍ത്തനം ഇപ്പോള്‍ ആരംഭിക്കുന്നുണ്ട്. അതിന്റെ ഭാഗമായി ഒന്നാം തരം മുതല്‍ പന്ത്രണ്ടാം തരം വരെയുള്ള എല്ലാ പൊതു വിദ്യാലയങ്ങളും ഹൈടെക് ആക്കി മാറ്റുന്നതിനുള്ള ശ്രമമുണ്ട്. അതുപോലെ തന്നെ ശാസ്ത്രീയമായ ഒരു പാഠ്യപദ്ധതി ആവിഷ്‌കരിക്കാനും ഉദ്ദേശിക്കുന്നുണ്ട്. നേരത്തെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു സ്‌കൂള്‍ ഓരോ മണ്ഡലത്തിലുമെന്ന വിധത്തില്‍ നമ്മുടെ സംസ്ഥാനത്ത് ആയിരം കോടി രൂപ ബജറ്റില്‍ പ്രഖ്യാപിച്ചുകൊണ്ട് വകയിരുത്തിയ ഒരു കാര്യമാണ്. അതിപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍, അതിനോടൊപ്പം പല പ്രശ്‌നങ്ങള്‍ വന്നപ്പോള്‍ എല്ലാ വിദ്യാലയങ്ങളും മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന തരത്തിലാണ് നീങ്ങുന്നത്. ഈ വര്‍ഷം അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാലയങ്ങള്‍ ഉണ്ടാക്കുകയെന്നതിന് ഇരുനൂറ്റി അമ്പത് കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. വിദ്യാഭ്യാസ രംഗത്ത് വലിയ തോതിലുള്ള നവീകരണം, ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്ന വിദ്യാലയങ്ങള്‍ എന്നിവയൊരുക്കുന്നതിനാണ് നടപടികള്‍ സ്വീകരിച്ചു വരുന്നത്. പൊതു വിദ്യാലയങ്ങള്‍ സജീവമാക്കുക, ഹൈടെക്ക് ആക്കുക തുടങ്ങിയവക്കാവശ്യമായ പണം മുഴുവന്‍ നാട്ടില്‍ നിന്ന് സമാഹരിക്കുക എന്നാണ് ഉദ്ദേശിക്കുന്നത്. ഈ ദൗത്യത്തില്‍ സര്‍ക്കാറും പങ്ക് വഹിക്കും. നാടാകെ സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സ്‌കൂളുകളില്‍ നിന്ന് പഠിച്ചു പുറത്തു വരുന്ന വിദ്യാര്‍ഥികളെ സ്വീകരിക്കത്തക്ക രീതിയില്‍ ഉന്നത വിദ്യാഭ്യാസ രംഗവും മാറണമെന്നാണ് ഉദ്ദേശിക്കുന്നത്. ഉന്നത വിദ്യാഭ്യാസ രംഗവും ഇതിനനുസരിച്ച് മെച്ചപ്പെടുത്താനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളില്‍ നിന്ന് പുറത്തിറങ്ങുന്ന വിദ്യാര്‍ഥികള്‍ ഇന്ന് ലോക കമ്പോളത്തില്‍ മത്സരിക്കുകയാണ്. അതിനുള്ള മിടുക്കികളേയും മിടുക്കന്മാരേയും സൃഷ്ടിക്കുക എന്നതാണ് നമ്മുടെ വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നത്.
(മര്‍കസില്‍ സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രഭാഷണത്തിന്റെ പൂര്‍ണരൂപം)