Connect with us

Kerala

വരള്‍ച്ചാ ദുരിതാശ്വാസത്തിന് 61 കോടി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 61,13,15,199 രൂപ അനുവദിച്ചതായി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു. ഇതില്‍ വരള്‍ച്ച മൂലമുള്ള കൃഷി നാശത്തിന് 17,03,00,000 രൂപയും കുടിവെള്ള വിതരണത്തിന് 34,42,15,199 രൂപയുമാണ് വിനിയോഗിക്കുക. മുന്‍കാലങ്ങളില്‍ വെള്ളപ്പൊക്കത്തില്‍പ്പെട്ട് കൃഷി നശിച്ചവര്‍ക്ക് ആശ്വാസ ധനമായി വിതരണം ചെയ്യാന്‍ 9,68,00,000 രൂപയും അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
വരള്‍ച്ചയിലെ കൃഷിനാശം, കുടിവെള്ള വിതരണം, മുന്‍ വെള്ളപ്പൊക്കങ്ങളിലെ കൃഷിനാശം എന്നിവക്ക് വിതരണം ചെയ്യാന്‍ ജില്ലകള്‍ക്ക് അനുവദിച്ച തുക ക്രമത്തില്‍: തിരുവനന്തപുരം- രണ്ട് കോടി, 97,00,000, ഒരു കോടി, കൊല്ലം- ഒരുകോടി, 1,50,00,000, 25,00,000, പത്തനംതിട്ട- 50,00,000, 75,00,000, 50,00,000, ആലപ്പുഴ- 1,25,00,000, ഒരുകോടി, 75,00,000, കോട്ടയം- 1,25,00,000, 1,50,00,000, 50,00,000, ഇടുക്കി- 1,50,00,000, 2,50,00,000, 1,50,00,000, എറണാകുളം- ഒരുകോടി, 5,50,00,000, 35,00,000, തൃശൂര്‍- 1,50,00,000, 3,60,00,000, 75,00,000, പാലക്കാട്- 2,25,00,000, അഞ്ച് കോടി, 1,35,00,000, മലപ്പുറം- രണ്ട് കോടി, 3,90,00,000, കോഴിക്കോട്- 75,00,000, 1,50,00,000, 50,00,000, വയനാട്- 75,00,000, 75,00,000, രണ്ട് കോടി, കണ്ണൂര്‍- 78,00,000, 4,43,15,199, 23,00,000, കാസര്‍കോട്- 50 ലക്ഷം, 1.52 ലക്ഷം. വരള്‍ച്ചാ ദുരിതാശ്വാസത്തിന് ജില്ലകളിലെ നീക്കിയിരിപ്പ് തുക കൂടാതെ 14 ജില്ലാ കലക്ടര്‍മാര്‍ക്കും പ്രാഥമിക വിനിയോഗത്തിന് 50 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്.
ഓരോ ജില്ലയിലെയും വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ഒരു മന്ത്രിക്ക് ചുമതല നല്‍കിയിട്ടുണ്ട്. കാര്‍ഷിക കടങ്ങളിന്മേലുള്ള റവന്യൂ റിക്കവറിക്ക് സര്‍ക്കാര്‍ മോറട്ടോറിയം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ ദുരന്ത നിവാരണ അതോറിറ്റി യോഗം സംസ്ഥാനത്തെ എല്ലാ ജില്ലകളെയും വരള്‍ച്ച ബാധിതമായി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് വരള്‍ച്ച നേരിടാന്‍ കലക്ടര്‍മാര്‍ക്ക് അടിയന്തര നിര്‍ദേശം നല്‍കി. ജല സ്രോതസ്സുകളുടെ സംരക്ഷണം, ജല ഉപയോഗത്തിന് മുന്‍ഗണനാക്രമം നിശ്ചയിക്കല്‍, പരമ്പരാഗത ജല സ്രോതസ്സുകള്‍ ഇല്ലാത്ത ഇടങ്ങളില്‍ പ്രത്യേക സംവിധാനത്തിലൂടെ ജലലഭ്യത ഉറപ്പാക്കല്‍, വാര്‍ഡില്‍ കുറഞ്ഞത് ഒന്ന് എന്ന തോതില്‍ ശുദ്ധജല കിയോസ്‌കുകള്‍ (തണ്ണീര്‍പ്പന്തല്‍) സ്ഥാപിക്കല്‍, ജല വിതരണത്തിനായി ടാങ്കറുകള്‍ ഉപയോഗിക്കുന്നുവെങ്കില്‍ അവയില്‍ ജി പി എസ് ഘടിപ്പിക്കല്‍ തുടങ്ങിയ ജോലികള്‍ അടിയന്തരമായി നിര്‍വഹിക്കും. ജില്ലാ കലക്ടറുടെ നിരീക്ഷണ പ്രകാരം മാത്രമായിരിക്കും ജലവിതരണം നടത്തുകയും അതിന് പണം അനുവദിക്കുകയും ചെയ്യുക. ഭൂഗര്‍ഭ ജലത്തിന്റെ ഉപയോഗം 75 ശതമാനം കുറക്കണം എന്ന് ഭൂഗര്‍ഭജല വകുപ്പിനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ 20 കോടിയോളം രൂപ ശുദ്ധജല കിയോസ്‌കുകള്‍ക്കായി മാറ്റിവെക്കാന്‍ തീരുമാനമായി. ജില്ലാ കലക്ടര്‍മാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് 11210 ശുദ്ധജല കിയോസ്‌കുകള്‍ ആവശ്യമാണ്. ഇവ സ്ഥാപിക്കുന്നതിന് ചട്ടങ്ങള്‍ പാലിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ജില്ലകളില്‍ കൂടുതല്‍ പണം ആവശ്യമുണ്ടെങ്കില്‍ അത് കലക്ടര്‍മാര്‍ക്ക് സമയബന്ധിതമായി നല്‍കുന്നതിനുള്ള തുക റവന്യൂ വകുപ്പിലുണ്ട്.
സര്‍ക്കാറിന്റെ കരുതല്‍ നടപടികള്‍ക്കൊപ്പം ജല സ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിനും, ജലദുരുപയോഗം തടയുന്നതിനും പൊതുജനങ്ങള്‍ ജാഗ്രതയോടെ പ്രവര്‍ത്തിണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു. ജലവിതരണത്തിന്റെ പേരില്‍ ജനങ്ങളെ ചൂഷണം ചെയ്യാനോ അഴിമതി നടത്താനോ ആരെയും അനുവദിക്കില്ല. ഇത്തരം ക്രിമിനല്‍ നടപടികള്‍ക്കെതിരെ ജാഗ്രതാ സംവിധാനവും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Latest