Connect with us

Articles

വൈലത്തൂര്‍ തങ്ങളുപ്പാപ്പ

Published

|

Last Updated

ഖുതുബുല്‍ അഖ്താബ് ശൈഖ് ജീലാനി(റ)യുടെ സന്താനങ്ങളില്‍ ഏറെ പ്രമുഖനാണ് സയ്യിദ് അബ്ദുര്‍റസാഖുല്‍ ഖാദിരി. അദ്ദേഹത്തിന്റെ പരമ്പരയില്‍ പതിനൊന്നാമത്തെ പേരക്കുട്ടിയാണ് സയ്യിദ് ഫത്ഹുല്ലാഹില്‍ ബഗ്ദാദി. വലിയ്യും സാഹിദുമായ അദ്ദേഹം ജനിച്ചത് ബഗ്ദാദിലാണ്. ഖാദിരി ത്വരീഖത്തില്‍ പ്രശസ്തനായ ഇദ്ദേഹം പിന്നീട് ഇന്ത്യയില്‍ വന്നു. കര്‍ണാടകയിലെ കാര്‍വാര്‍ ജില്ലയിലെ ആംകോലയില്‍ നിന്നാണ് വിവാഹം കഴിച്ചത്. ബബ്ബര്‍വാഡയിലാണ് വഫാത്ത്. അവിടെ അദ്ദേഹത്തിന് ജനിച്ച നാല് കുട്ടികളില്‍ ഏറെ പ്രഗത്ഭനാണ് സയ്യിദ് മൂസാ വലിയ്യുല്ലാഹി. അവരുടെ മകനാണ് കവരത്തിയിലെ ആത്മീയ തേജസ്സായ മുഹമ്മദ് കാസിം വലിയ്യുല്ലാഹി. ഹിജ്‌റ 1075ലാണ് അവര്‍ കവരത്തിയിലെത്തിയത്. കാസിം വലിയ്യുല്ലാഹിയുടെ മൂത്ത മകനാണ് സയ്യിദ് അബൂ സ്വാലിഹ് കവരത്തി. അദ്ദേഹത്തിന്റെ മകന്‍ കവരത്തിയില്‍ ജനിച്ച് പരപ്പനങ്ങാടിയില്‍ നിര്യാതനായ സയ്യിദ് ഖാസിം. അദ്ദേഹത്തിന്റെ മകന്‍ സയ്യിദ് യൂസുഫ് എന്നവര്‍ വാരണാക്കരയിലാണ് വഫാത്തായത്. അദ്ദേഹത്തിന്റെ മകന്‍ സയ്യിദ് ഖാസിം കോയയുടെ മകന്‍ സയ്യിദ് കോയഞ്ഞിക്കോയ എന്നവരുടെ മകനായി ജീലാനി പരമ്പരയില്‍ ആണ് സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍ ജനിച്ചത്.
പ്രഗത്ഭരായ ഉസ്താദുമാരില്‍ നിന്ന് മതപഠനം നേടിയ ശേഷം കൂടുതല്‍ ആത്മീയാന്വേഷണങ്ങള്‍ക്കായി ഏറെ കാലം വിനിയോഗിച്ച മഹാനായിരുന്നു തങ്ങള്‍. നിരവധി മഹത്തുക്കളുടെ കൂടെ ഏറെ ചെലവഴിച്ചാണ് തങ്ങള്‍ ആത്മീയ അറിവുകളും ശിക്ഷണങ്ങളും നേടിയെടുത്തത്. സി എം വലിയ്യുല്ലാഹിയെ പിന്തുടരുകയും അനുഭവിക്കുകയും ചെയ്തവരായിരുന്നു തങ്ങളുപ്പാപ്പ. രണ്ട് പതിറ്റാണ്ടോളം ആ സാമീപ്യം തങ്ങള്‍ അനുഭവിച്ചു. “ഞാന്‍ അവരുടെ ക്ലര്‍ക്ക് ആയിരുന്നില്ല. മറിച്ച് ആവശ്യ സേവനങ്ങള്‍ ചെയ്ത് തുടരുകയായിരുന്നു” എന്നാണ് അഭിമാനപൂര്‍വം തങ്ങള്‍ അനുസ്മരിക്കാറുണ്ടായിരുന്നത്. പ്രധാന ദിവസങ്ങളിലും യാത്രാവേളകളിലും മടവൂരില്‍ സിയാറത്ത് ചെയ്തുകൊണ്ട് വഫാത്തിന് ശേഷവും ആ ബന്ധം നിലനിന്നു. കറാമത്തുകള്‍ ഒരു ഒഴുക്കുപോലെ, പ്രകടിപ്പിച്ച സി എം വലിയ്യുല്ലാഹിയെ ലോകത്തിന് പരിചയപ്പെടുത്തിയ തങ്ങളുടെ പ്രഭാഷണങ്ങള്‍ ഏറെ പ്രസിദ്ധമാണ്. തന്റെ സഹചാരിയുടെ ആത്മീയ ഗുണങ്ങള്‍ നേരിട്ടറിഞ്ഞ മടവൂര്‍, വൈലത്തൂര്‍ തങ്ങളില്‍ നിന്ന് ദിക്‌റ് സ്വീകരിക്കാനാണ് തന്നെ തേടിയെത്തിയ പലരോടും പറഞ്ഞിരുന്നത്. സ്വന്തം ആരാധനകള്‍ മാത്രമല്ല, ജനസേവനം കൂടി ആത്മജ്ഞാനികളുടെ മാര്‍ഗമാണെന്ന് നമുക്ക് ദിശാബോധം നല്‍കിയ ശൈഖുനാ സി എം, തങ്ങളോടും ആ മാര്‍ഗം അവലംബിക്കാന്‍ ആവശ്യപ്പെട്ടു.
മര്‍കസ് ട്രഷററായിരുന്ന കൊടുവള്ളി കുഞ്ഞഹമ്മദ് അധികാരിയുടെ വീട്ടില്‍ ശൈഖുന സി എം സന്ദര്‍ശിക്കുന്ന കാലം നൂറുകണക്കിനാളുകള്‍ നീറുന്ന പ്രശ്‌നങ്ങളുമായി മഹാനവര്‍കളെ സമീപിക്കുമായിരുന്നു. ആയിടക്കാണ്, തങ്ങളോട് ശൈഖിന്റെ നിര്‍ദേശം. ആഴ്ചയില്‍ ഒരു ദിവസം കൊടുവള്ളിയില്‍ വരണം. അധികാരി പലപ്പോഴും പറയാറുണ്ടായിരുന്നു “സി എം അവര്‍കളാണ് തങ്ങളെ ഇങ്ങോട്ട് കൊണ്ടുവരാന്‍ വേണ്ടി എന്നോട് പറഞ്ഞത്” എന്ന്. ശൈഖിനെ തേടിയെത്തിയ പോലെ ആയിരങ്ങളാണ് തങ്ങളെയും തേടി വെള്ളിയാഴ്ചകളില്‍ കൊടുവള്ളിയിലെത്തിയത്. വഫാത് ദിവസവും രാവിലെ മുതല്‍ വൈകുന്നേരം വരെ പ്രശ്‌നങ്ങള്‍ കേട്ടും പരിഹാരം നല്‍കിയും ബര്‍കത് നല്‍കിയും ആയിരങ്ങള്‍ക്ക് സാന്ത്വനമേകി.
1974 മുതലാണ് കൊടുവള്ളിയില്‍ തങ്ങള്‍ ചികിത്സ തുടങ്ങിയത്. ശൈഖിന്റെ ശൈലിയില്‍ തന്നെയായിരുന്നു തങ്ങളുടെയും പ്രതികരണം. “അത് വേണ്ട”, “അതില്ല”, “സുഖപ്പെട്ടിരിക്കുന്നു”. തങ്ങളുടെ ചികിത്സാ ഫലങ്ങള്‍ ആവേശത്തോടെ പങ്കുവെക്കുന്ന ആയിരങ്ങളാണ് സന്ദര്‍ശകരിലുള്ളത്. സി എം അവര്‍കളുടെ വഫാത് അറിഞ്ഞ് ഉടനെ കോഴിക്കോട്ടെത്തിയ തങ്ങളുപ്പാപ്പയാണ് ജനാസ കുളിപ്പിച്ചതും കഫന്‍ ചെയ്തതുമെല്ലാം. തന്റെ ശൈഖിനെ കുളിപ്പിക്കാന്‍ കിട്ടിയ ഭാഗ്യമാണ് കഅ്ബ കഴുകല്‍ ചടങ്ങിന് തന്നെ യോഗ്യനാക്കിയതെന്ന് തങ്ങള്‍ പറയുമായിരുന്നു. രണ്ട് തവണയാണ് തങ്ങള്‍ക്ക് അതിന് ഭാഗ്യമുണ്ടായത്.
ദീനിന്റെ കാവലാളുകളായ പണ്ഡിതന്മാര്‍ക്ക് തണല്‍ വിരിച്ചവരാണ് ഔലിയാക്കള്‍. ദീന്‍ പറയാന്‍ അവര്‍ക്ക് കരുത്തും പ്രോത്സാഹനവും നല്‍കുകയാണ് ഔലിയാക്കള്‍ നിര്‍വഹിച്ച ധര്‍മം. സി എം വലിയ്യുല്ലാഹി ഏത് പ്രതിസന്ധി ഘട്ടത്തിലും സുല്‍ത്താനുല്‍ ഉലമ കാന്തപുരം ഉസ്താദിന് തണലായിരുന്നത് അതുകൊണ്ടാണ്. ഈ പിന്തുണയും സ്‌നേഹവും ഏറ്റവും അറിഞ്ഞത് മടവൂരിനെ നിഴല്‍പോലെ പിന്തുടര്‍ന്ന തങ്ങളായിരുന്നു. അവിടുന്ന് പ്രസംഗിച്ച ഒരു വേദിയിലും ശൈഖിനെക്കുറിച്ചും ഉസ്താദിനെ കുറിച്ചും പറയാതിരുന്നില്ല. റഈസുല്‍ ഉലമ സുലൈമാന്‍ ഉസ്താദിനെ കുറിച്ച് തന്റെ ആത്മീയ ഉപദേഷ്ടാവ് എന്നാണ് തങ്ങള്‍ പറഞ്ഞിരുന്നത്. തങ്ങള്‍ തന്റെ അവസാന കാലങ്ങളില്‍ എല്ലാ വെള്ളിയാഴ്ചകളിലും ഉസ്താദിനെ വീട്ടില്‍ ചെന്ന് സന്ദര്‍ശിക്കാറുണ്ടായിരുന്നു. വഫാത് ദിവസവും അത് മുടങ്ങിയില്ല. വഫാതിന്റെ തൊട്ടുമുമ്പ് ഒരു മണിക്കൂറിലേറെ സുല്‍ത്താനുല്‍ ഉലമയെ കുറിച്ചും ഉസ്താദിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും തങ്ങള്‍ പ്രസംഗിച്ചു. ഏത് ഘട്ടത്തിലും ഉസ്താദിന്റെ ഒപ്പം നില്‍ക്കാന്‍ തന്റെ ശൈഖ് മടവൂര്‍ തന്നെ ഓര്‍മിപ്പിച്ച കാര്യം ഉണര്‍ത്തി. പുതിയ തലമുറയോട് തങ്ങള്‍ വസിയ്യത്ത് ചെയ്തു, ഉസ്താദില്ലാതെ നമുക്ക് ഒരു ദീനീ പ്രവര്‍ത്തനവും നടത്താനാവില്ല.
നിരവധി ത്വരീഖത്തുകളുടെ ഖിലാഫത്ത് സയ്യിദവര്‍കള്‍ക്കുണ്ടായിരുന്നു. ശൈഖ് തങ്ങളോട് പറഞ്ഞു: “നിങ്ങള്‍ക്ക് എല്ലാം നല്‍കാം. നിങ്ങള്‍ക്ക് നിബന്ധനയില്ല. സ്വീകരിക്കുന്നവര്‍ക്ക് നിബന്ധനയുണ്ട്.” ബിദ്അത്തുകാരോട് കടുത്ത അമര്‍ഷമായിരുന്നു തങ്ങള്‍ക്ക്. മറ്റേത് ആത്മജ്ഞാനികളെയും പോലെ സയ്യിദവര്‍കളും വലിയ വിനയമുള്ളവരായിരുന്നു. കട്ടിലില്‍ കിടന്നുറങ്ങാറില്ല. തറയില്‍ വിരിച്ചാണ് ഉറങ്ങിയിരുന്നത്. ചിലപ്പോള്‍ സ്വന്തം തന്നെ വസ്ത്രം അലക്കും. സാധാരണക്കാരെ പോലെ ജീവിക്കും.
സംഘടനാ പ്രവര്‍ത്തകര്‍ക്ക് തങ്ങള്‍ എന്നും ആവേശമായിരുന്നു. പ്രവര്‍ത്തകരെ ആവേശഭരിതരാക്കാനും എപ്പോഴും ശ്രമിച്ചു. ഉസ്താദിന്റെ ആഗമന വേദികളിലെ “കൂലൂ തക്ബീര്‍” വിളികളും നോളജ് സിറ്റി ഉദ്ഘാടന വേളയില്‍ ബുള്ളറ്റില്‍ സഞ്ചരിച്ചതും ആവേശം നല്‍കുന്നു. ദീനീ പ്രവര്‍ത്തനത്തിന്റെ ശരിയായ മാര്‍ഗമാണ് സംഘടനാ പ്രവര്‍ത്തനമെന്ന് തങ്ങള്‍ ഉള്‍ക്കൊണ്ടു. യൂനിറ്റ് തലം മുതല്‍ സുപ്രീം കൗണ്‍സില്‍വരെ തങ്ങളുടെ സാന്നിധ്യം പ്രവര്‍ത്തകര്‍ക്ക് ആവേശമായിരുന്നു.
മര്‍കസ് സമ്മേളന സ്വാഗത സംഘം യോഗം കഴിഞ്ഞ് കരുവന്‍തുരുത്തിയില്‍ നടന്ന താജുല്‍ ഉലമ ഉറൂസ് പരിപാടിയിലേക്കാണ് തങ്ങള്‍ പോയത്. പ്രാര്‍ഥന നിര്‍വഹിച്ച് തിരിച്ചുപോരുമ്പോള്‍ പറഞ്ഞു: ക്ഷീണിതനായിട്ടും ഞാനവിടെ പോയി. ചിലര്‍ അവിടെ മറ്റൊരു പരിപാടി നടത്തിയിരുന്നു. എന്നെ അതിലേക്ക് ക്ഷണിച്ചിട്ടുമുണ്ടായിരുന്നു. അവരുടെ വഴിയിലല്ല ഞാനെന്ന് ബോധ്യപ്പെടുത്താനാണ് അതിന് പോകാതെ സംഘനാ പ്രവര്‍ത്തകര്‍ നടത്തിയ ഈ പരിപാടിയില്‍ സംബന്ധിച്ചത്. തമാശ പറയാനും തമാശ ഉള്‍ക്കൊള്ളാനും തങ്ങള്‍ക്ക് സാധിച്ചു. ഒരിക്കല്‍ അവിടുന്ന് പറഞ്ഞു: “നിങ്ങള്‍ക്ക് കളിക്കാനും തമാശ പറയാനും ഒരു തങ്ങള്‍. അതാണ് ഞാന്‍.” അത്മീയ വിജയത്തിന് മഹാന്മാര്‍ സ്വീകരിച്ച വഴി അദബായിരുന്നു. ശഅ്‌റേ മുബാറക് വന്ന ശേഷം മര്‍കസിന് മുന്നിലൂടെ യാത്ര ചെയ്യുമ്പോള്‍ പോലും വളരെ ആദരവായിരുന്നു തങ്ങള്‍ക്ക്. വാഹനത്തില്‍ തങ്ങള്‍ക്ക് ഇരിക്കാന്‍ കഴിയുമായിരുന്നില്ല.
വഫാതിന്റെ ദിവസം വീട്ടിലെത്തിയത് രാത്രി പത്തിന് ശേഷമാണ്. കാപ്പി കുടിച്ചു കിടന്നു. അസ്വസ്ഥത ഉണ്ടെന്ന് കുടുംബത്തെ അറിയിച്ചു. താഴെ വന്നു കിടന്നു. ശഅ്‌റെ മുബാറകിന്റെ വെള്ളം ആവശ്യപ്പെട്ടു. അത് കുടിച്ച് ബറകതെടുത്ത ശേഷമാണ് തന്റെ വലിയുപ്പ ശൈഖ് ജീലാനി തങ്ങള്‍ വഫാതായ അതേ മാസത്തില്‍ സയ്യിദ് യൂസുഫുല്‍ ജീലാനി അല്‍ മശ്ഹൂര്‍ ബില്‍ ബുഖാരി തങ്ങള്‍ അവര്‍കള്‍ വഫാതായത്. നാഥന്‍ അവരോടൊപ്പം സ്വര്‍ഗത്തില്‍ നമ്മെയും ഒരുമിച്ചുകൂട്ടട്ടെ.

Latest