National
തിരഞ്ഞെടുപ്പ് കമ്മീഷനെ തള്ളി ആര്‍ ബി ഐ
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ഇളവ് നല്‍കില്ലെന്ന് റിസര്‍വ് ബേങ്ക്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ആഴ്ചയില്‍ പിന്‍വലിക്കാവുന്ന പണത്തിന്റെ പരിധി ഉയര്‍ത്തണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യം തള്ളിക്കൊണ്ടാണ് റിസര്‍വ് ബേങ്ക് തീരുമാനം.
തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് ആര്‍ ബി ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വീണ്ടും കത്തയച്ചു. ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടിന്റെ ആഴം ആര്‍ ബി ഐക്ക് മനസ്സിലായിട്ടില്ലെന്ന് തോന്നുന്നതായി കത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിമര്‍ശിക്കുന്നുണ്ട്. തീരുമാനം പുനഃപരിശോധിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ പണം പിന്‍വലിക്കുന്നതിന് ഇളവ് നല്‍കണമെന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് റിസര്‍വ് ബേങ്കിനോട് ആവശ്യപ്പെട്ടത്. ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുക 24,000 ത്തില്‍ നിന്ന് രണ്ട് ലക്ഷമാക്കി ഉയര്‍ത്തണമെന്നായിരുന്നു ആവശ്യം. സ്ഥാനാര്‍ഥികള്‍ക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം ലഭിക്കാന്‍ വളരെ ബുദ്ധിമുട്ടുണ്ടാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യം.