Connect with us

Articles

ഗാന്ധിജിയുടെ ചിത്രങ്ങള്‍ പോലും അവരെ ഭയപ്പെടുത്തുന്നു

Published

|

Last Updated

1948 ജനുവരി 30 ന്യൂഡല്‍ഹിയിലെ ബിര്‍ള ഹൗസ്. വൈകുന്നേരം അഞ്ചു മണിക്ക് ആരംഭിക്കേണ്ട പതിവ് പ്രാര്‍ഥനായോഗത്തിന് പത്ത് മിനുട്ടോളം വൈകിയതിന്റെ വിഷമത്തിലായിരുന്നു ഗാന്ധിജി. ഗാന്ധിജി തിരക്കിട്ട് പ്രാര്‍ത്ഥനാ ഹാളിലേക്കു പ്രവേശിച്ചപ്പോള്‍ ഒരു നിശബ്ദത അവിടെ പടര്‍ന്നു. അഭിവാദ്യം അര്‍പ്പിച്ചവരെ നോക്കി ഗാന്ധിജി കൈകള്‍ കൂപ്പി. ഇതിനിടെ ഒരാള്‍ ആളുകളുടെ ഇടയിലൂടെ ബലമായി കടന്നുവന്നു. മനു തടയാന്‍ നോക്കിയെങ്കിലും അവരെയും മറികടന്ന് അയാള്‍ ഗാന്ധിജിയുടെ മുന്നിലെത്തി. കൈകള്‍ കൂപ്പുകയും അല്‍പമൊന്നു കുനിഞ്ഞ് വന്ദിക്കുകയും ചെയ്ത ശേഷം നാഥുറാം ഗോഡ്‌സെ മൂന്നു തവണ ഗാന്ധിജിക്കു നേരേ നിറയൊഴിച്ചു.
ഇന്ത്യയെ ഒരു മതാധിഷ്ഠിത രാഷ്ട്രമാക്കാനുള്ള വെടിയൊച്ചയാണ് അന്നു മുഴങ്ങിയത്. വെടിയൊച്ചകള്‍ ഇന്നും നിലക്കുന്നില്ല. അതേ ശക്തികള്‍ പുതിയ തന്ത്രങ്ങളുമായാണ് ഇപ്പോള്‍ രംഗത്തുള്ളത്. തീവ്ര ദേശീശതയിലൂടെ വിദ്വേഷത്തിന്റെ കനലുകളാണ് അവര്‍ ഊതിക്കത്തിക്കുന്നത്. മതേതരത്വവും ബഹുസ്വരതയുമാണ് അവരുടെ ആക്രമണത്തിന് ഇരയാകുന്നത്. ഗാന്ധിജിയെ ഇല്ലാതാക്കിയാല്‍ മതാധിഷ്ഠിത രാഷ്ട്രമെന്ന ലക്ഷ്യത്തിലെത്താമെന്ന് അന്ന് അവര്‍ കരുതി.
ഐക്യരാഷ്ട്രസംഘടന ഗാന്ധിജയന്തി അന്താരാഷ്ട്ര അഹിംസാദിനമായി ആചരിക്കുന്നു. ഗാന്ധിജിയുടെ സന്ദേശം ലോകമെമ്പാടും വിപുലമായി എത്തിക്കാനുള്ള ശ്രമത്തിലാണവര്‍. ലോകത്തിന്റെ പല ഭാഗങ്ങളിലും ഗാന്ധിജിയാല്‍ പ്രചോദിതരായ നേതാക്കളും പ്രസ്ഥാനങ്ങളും പോരാട്ടങ്ങളും കടന്നുവരുന്നു. ഗാന്ധിജി അനിവാര്യമാണെന്നും മാനവരാശിക്കു മുന്നേറണമെങ്കില്‍ ഗാന്ധിജി ഉണ്ടായേ തീരൂവെന്നും മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് അര നൂറ്റാണ്ട് മുമ്പ് പറഞ്ഞത് എത്ര സത്യമാണ്!
ഗാന്ധിജിയെ ലോകം പുനഃനിര്‍മിക്കുമ്പോള്‍, നിര്‍ഭാഗ്യവശാല്‍ നമ്മുടെ രാജ്യത്ത് അദ്ദേഹത്തെ തമസ്‌കരിക്കാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. ഖാദി കലണ്ടറില്‍ ചര്‍ക്കയുടെ പിന്നിലിരിക്കുന്ന ഗാന്ധിജിയുടെ ചിത്രത്തിനു പകരം നരേന്ദ്ര മോദി ചര്‍ക്ക തിരിക്കുന്ന ചിത്രം ചേര്‍ത്തതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. കഴിഞ്ഞ ഒക്‌ടോബര്‍ 18ന് ലുധിയാനയില്‍ 500 വനിതകള്‍ക്കു ചര്‍ക്ക വിതരണം ചെയ്യുന്ന ചടങ്ങിലാണ് മോദി ചര്‍ക്ക തിരിക്കുന്ന ചിത്രമെടുത്തത്. എന്നാല്‍ ഈ ചര്‍ക്കകളൊന്നും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നു വീട്ടമ്മമാര്‍ നടത്തിയ സാക്ഷ്യമാണ് ഇതിലെ രസകരമായ ട്വിസ്റ്റ്. ഇന്ത്യന്‍ കറന്‍സിയിലുള്ള ഒരേയൊരു ചിത്രം ഗാന്ധിജിയുടേതാണ്. അതു മാറ്റണമെന്ന് ഹിന്ദുമഹാസ ആവശ്യപ്പെട്ടതും നാഥുറാം ഗോഡ്‌സയെ തൂക്കിലേറ്റിയ നവം. 15 ബലിദാന്‍ ദിവസമായി ആചരിക്കുന്നതുമൊക്കെ ഗാന്ധിജിയെ തമസ്‌കരിക്കുന്നതിന്റെ ഭാഗമാണ്.
ഗാന്ധിജിയെ എന്തിനാണു കൊന്നത്? വര്‍ഗീയ ധ്രുവീകരണത്തിനെതിരെ അദ്ദേഹം അചഞ്ചലമായ നിലപാടെടുത്തു. ഇന്ത്യയുടെ ബഹുസ്വരത നിലനിര്‍ത്താന്‍ വിട്ടുവീഴ്ചയില്ലാതെ പോരാടി. ഗാന്ധിജിയെ ചിലര്‍ ഹിന്ദുവര്‍ഗീയ വാദിയെന്നും മറ്റു ചിലര്‍ മുസ്‌ലിംപക്ഷപാതിയെന്നും മുദ്രകുത്തി. എന്നാല്‍ താന്‍ ആരാണെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സത്യത്തേയും അഹിംസയേയും ഭയക്കുന്നവര്‍ വെടിയുണ്ടകള്‍ പായിച്ച് ഗാന്ധിജിയെ ഇല്ലാതാക്കി. പക്ഷേ ഗാന്ധിസത്തെ കൊല്ലാനായില്ല. അത് വെള്ളരിപ്രാവുകളെപ്പോലെ നീലാകാശത്ത്, ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലും പറന്നുകളിച്ചു.
വെള്ളരിപ്രാവുകളെ വെടിവച്ചു വീഴ്ത്തുന്നതില്‍ അഭിരമിക്കുന്നവരാണ് ഇന്നു രാജ്യം ഭരിക്കുന്നത്. മതധ്രുവീകരണമാണ് അവര്‍ ലക്ഷ്യമിടുന്നത്. തീവ്രദേശീയതയാണ് അവരുടെ ആയുധം. ഗാന്ധിജി ബഹുസ്വരതക്കു വേണ്ടി നിലകൊണ്ടെങ്കില്‍ ഇപ്പോള്‍ രാജ്യം ഭരിക്കുന്നവര്‍ ഏകസ്വരതക്കു വേണ്ടിയാണ് തന്ത്രങ്ങള്‍ പയറ്റുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തില്‍ പോലും ഏകശിലാ രൂപം കൊണ്ടുവരാന്‍ അവര്‍ ശ്രമിക്കുന്നു. നമുക്കു ഹിതകരമല്ലെന്നു തോന്നുന്നവരോട് രാജ്യം വിട്ടുപോകാന്‍ തിട്ടൂരം നല്‍കുന്നു. അവരെ ആക്രമിച്ച് കീഴ്‌പ്പെടുത്തുന്നു. മൃഗീയമായി കൊല്ലുന്നു.
ലോകമെമ്പാടും ഇന്ന് തീവ്രദേശീയത അലയടിക്കുകയാണെന്നതിന്റെ തെളിവാണ് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ വിജയം. തീവ്രദേശീയത എന്ന ചുവന്ന പരവതാനിയിലൂടെയാണ് ഫാസിസ്റ്റുകള്‍ കടന്നുവന്നിട്ടുള്ളത്. ഗാന്ധിജി നമ്മെ പഠിപ്പിച്ചത് ജയ് ഹിന്ദ് എന്നു മാത്രം പറയാനല്ല, മറിച്ച് ജയ് ജഗത് എന്നു കൂടി പറയാനാണ്.
യുദ്ധത്തിലും സമാധാനത്തിലും ഒരു സര്‍ക്കാറിന്റെ ലക്ഷ്യം സാധാരണക്കാരന്റെ സന്തോഷമായിരിക്കണം എന്നാണ് മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം ചൂണ്ടിക്കാട്ടിയത്. പക്ഷേ, ഇന്ന് ഏറ്റവും മുറിവേല്പിക്കപ്പെടുന്നത് ഈ സാധാരണക്കാരാണ്. നോട്ടുപിന്‍വലിക്കല്‍ പോലുള്ള നടപടികള്‍ ഏറ്റവുമധികം ബാധിച്ചത് ഈ വിഭാഗത്തെയാണ്. യുദ്ധങ്ങളും കലാപങ്ങളും എന്തിന് പ്രകൃതിക്ഷോഭങ്ങള്‍ പോലും ചില മുന്നറിയിപ്പുകളിലൂടെയാണ് കടന്നുവരുന്നത്. എന്നാല്‍, നോട്ടുപിന്‍വലിക്കല്‍ പോലുള്ള നടപടികള്‍ ഒരു കൊള്ളിയാന്‍ പോലെ കടന്നുവന്ന് സാധാരണക്കാരെ നിലംപരിശാക്കിയാണു കടന്നുപോയത്. വറചട്ടിയില്‍ നിന്ന് അവര്‍ എരിതീയിലേക്ക് എടുത്തെറിയപ്പെട്ടു. നോട്ടെണ്ണാന്‍ പോലും കൃത്യമായി അറിയാത്ത ഒരു ജനസഞ്ചയത്തോടാണ് ഡിജിറ്റലാകാന്‍ ഇന്നു പ്രധാനമന്ത്രി ആവശ്യപ്പെടുന്നത്.
ഗാന്ധിജി ഏറെ പ്രതീക്ഷയര്‍പ്പിച്ച സഹകരണ പ്രസ്ഥാനത്തെ ഇപ്പോഴത്തെ “രണകര്‍ത്താക്കള്‍ തള്ളിപ്പറയുന്നു. ഗാന്ധിജിയും ഗാന്ധിസവും ഉയര്‍ന്നു നില്ക്കുന്നിടത്തോളം കാലം നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യവും സംസ്‌കാരവും തകര്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ല. മതേതരത്വത്തിന്റെയും മതസൗഹാര്‍ദത്തിന്റെയും വിജയപതാകകള്‍ പാറിക്കളിക്കും. അതു മനസിലാക്കിയാണ് ഗാന്ധിജിയെ ഇല്ലായ്മ ചെയ്യാന്‍ ചിലര്‍ ശ്രമിക്കുന്നത്. ഗാന്ധിജിയുടെ ചിത്രങ്ങള്‍പോലും ചിലരെ”ഭയപ്പെടുത്തുന്നു.

Latest