Connect with us

Articles

സിറാജുല്‍ഹുദ സില്‍വര്‍ ജൂബിലിയുടെ നിറവില്‍

Published

|

Last Updated

0.9.138

ശൂന്യതയില്‍ നിന്നാണ് സിറാജുല്‍ ഹുദായുടെ തുടക്കം. ഏതാനും സുഹൃത്തുക്കളില്‍ നിന്ന് കടം വാങ്ങിയ സംഖ്യ ഉപയോഗിച്ച് പതിനെട്ട് സെന്റ് സ്ഥലം വാങ്ങി. ഓല ഷെഡില്‍ പ്രാഥമിക വിദ്യാ കേന്ദ്രം മദ്‌റസ ആരംഭിച്ചു. കുറ്റിയാടി കേന്ദ്രമായി ആരംഭിച്ച സ്ഥാപനത്തിന്റെ ലക്ഷ്യം സമൂഹ പുരോഗതി മാത്രമാണ്. വൈജ്ഞാനിക സാംസ്‌കാരിക വളര്‍ച്ചയുടെ പര്യായമാണ് പുരോഗമനം എന്ന പദം. ഇന്ന് 75 ഏക്കറിലധികം സ്ഥലം, കോടിക്കണക്കിന് രൂപ ചെലവ് വരുന്ന നൂറിലേറെ കെട്ടിടങ്ങള്‍, 13,000 വിദ്യാര്‍ഥികള്‍ എണ്ണൂറിലധികം സ്റ്റാഫുകള്‍. വിവിധ വില്ലേജുകളിലായി സ്ഥാപനം 25 വര്‍ഷത്തിനുള്ളില്‍ വികസിച്ച് വളര്‍ന്നു. ഇസ്‌ലാമിക സാംസ്‌കാരിക പാരമ്പര്യത്തിന് ക്ഷതം സംഭവിച്ച ഇടങ്ങളെ സംസ്‌കാര സമ്പന്നമാക്കുകയായിരുന്നു പ്രഥമ പ്രവര്‍ത്തനം. ആദരിക്കപ്പെടേണ്ട വ്യക്തികളെയും സംവിധാനങ്ങളെയും ആദരിക്കുന്ന, തിന്മകളെയും ആദര്‍ശ അധിനിവേശത്തെയും ധൈഷണികമായി പ്രതിരോധിക്കുന്ന, സമൂഹത്തെ സ്‌നേഹത്തിന്റെയും സേവനത്തിന്റെയും ചിന്തയോടെ സമീപിക്കുന്ന ഉത്തമ സമൂഹത്തെ സൃഷ്ടിച്ചു കൊണ്ട് മാത്രമേ ഈ ലക്ഷ്യം നേടാനാകൂ. ഇക്കാരണത്താല്‍ വിദ്യാഭ്യാസ രംഗമാണ് പ്രധാനമായും സിറാജുല്‍ ഹുദായുടെ പ്രധാന പ്രവര്‍ത്തന മണ്ഡലം.

പ്രാഥമിക വിദ്യാ കേന്ദ്രങ്ങളാണ് ആരംഭ ദശയില്‍ സ്ഥാപിച്ചത്. രണ്ട് ഘട്ടമായി കുറ്റിയാടിയില്‍ ഓല ഷെഡില്‍ ഹോസ്റ്റല്‍ സൗകര്യം ചെയ്തു കൊണ്ട് ശരീഅത്ത് കോളജ് സ്ഥാപിച്ചു രണ്ടാം ഘട്ടത്തിലേക്ക് നീങ്ങി. ഇതോടൊപ്പം ഐക്യത്തിന്റെ സന്ദേശം വിളിച്ചോതുന്ന സുന്നി ജുമുഅയും സ്ഥാപിച്ചു. ലക്ഷ്യത്തിന്റെ മഹത്വവും മാര്‍ഗത്തിന്റെ പുണ്യവും മനസ്സില്‍ വെച്ച് അസൗകര്യങ്ങളെ ഹൃദ്യമായി താലോലിക്കുന്ന വിദ്യാര്‍ഥികളും സഹപ്രവര്‍ത്തകരും കൗതുകത്തോടെ നോക്കിക്കണ്ട് പ്രോത്സാഹനങ്ങള്‍ നല്‍കിയ സജ്ജനങ്ങളുമാണ് സ്ഥാപനത്തിന്റെ വളര്‍ച്ചയുടെ അടിസ്ഥാന ഘടകം.
ജുമുഅ, ശരീഅത്ത് കോളജ്, മദ്‌റസ- തലങ്ങും വിലങ്ങും ഓല ഷെഡുകള്‍. യു എ ഇയിലെ പത്ര പ്രവര്‍ത്തകന്‍ ഇസ്മാഈല്‍ ഫഖ്‌റാനി ഇത് നേരില്‍ കണ്ടപ്പോള്‍ അത്യധികം സന്തോഷിച്ചു, ആശ്ചര്യം പ്രകടിപ്പിച്ചു, അദ്ദേഹം അന്ന് ജാമിഅത്തുന്‍ തഹ്തല്‍ അരീശ് (പന്തലിന് ചുവട്ടില്‍ ഒരു യൂനിവേഴ്‌സിറ്റി) എന്ന തലവാചകത്തില്‍ തന്റെ പത്രത്തില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചു.

സിറാജുല്‍ ഹുദാക്ക് ആദ്യമായി ലഭിച്ച കെട്ടിടം കുറ്റിയാടി ടൗണില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ജുമാ മസ്ജിദാണ്. വര്‍ഷങ്ങളായി തുടര്‍ന്നു വരുന്ന ഓല ഷെഡിലെ ജുമുഅ മസ്ജിദിലേക്ക് മാറുന്നുവെന്നതില്‍ വിശ്വാസികള്‍ അത്യധികം സന്തോഷവും ആഹ്ലാദവും പ്രകടിപ്പിച്ചു. കുറ്റിയാടിയില്‍ സുന്നി മസ്ജിദില്‍ നിസ്‌കാരം നിര്‍വഹിച്ച് മരണം പൂകിയാല്‍ മതിയായിരുന്നു എന്നാഗ്രഹിച്ച വിശ്വാസികള്‍ക്ക് ആഗ്രഹ സാഫല്യത്തിന്റെ ആത്മ നിര്‍വൃതി അനുഭവിക്കാന്‍ കഴിഞ്ഞു. ഇതേ കാലയളവില്‍ കുറ്റിയാടിയുടെ പരിസരത്തുള്ള നിരവധി മഹല്ലുകളില്‍ സുന്നി മദ്‌റസയും മസ്ജിദും സ്ഥാപിച്ചു. അഹ്‌ലുസ്സുന്ന ആശയാധിഷ്ഠിത ആരാധനകളും ആചാരങ്ങളും പുനഃസ്ഥാപിച്ചു. ധാരാളം മഹാന്‍മാര്‍ അന്ത്യവിശ്രമം കൊള്ളുന്ന പ്രദേശങ്ങളാണ് കുറ്റിയാടി പരിസരം. അവരുടെ ആത്മീയാനുവാദം ഈ സ്ഥാപനത്തിന് ലഭിച്ചിരിക്കുമെന്ന് ഞാന്‍ കരുതുന്നു. സ്ഥാപനത്തിന്റെ അടിത്തറ പാകുമ്പോള്‍ പ്ലാന്‍ ചെയ്യപ്പെട്ട ലക്ഷ്യം ഇതോടെ നേടിയെങ്കിലും സമൂഹത്തിന്റെ ആവശ്യങ്ങള്‍ ലക്ഷ്യത്തെ വികസിപ്പിച്ചു. മറ്റു സ്ഥലങ്ങളിലേക്ക് കൂടി ഇത് വ്യാപിക്കേണ്ടതുണ്ടെന്ന് തിരിച്ചറിയുന്നു.
വടകര താലൂക്കിലെ പല കലാലയങ്ങളിലും വിവിധ കാരണങ്ങളാല്‍ കലാപങ്ങള്‍ പതിവായി. ഇതിന്റെ പ്രതിഫലനമെന്നോണം സംഘര്‍ഷാവസ്ഥയും അസഹിഷ്ണുതയും വിദ്യാര്‍ഥികളില്‍ തലപൊക്കി. വിദ്യാലയങ്ങളില്‍ വിജയ ശതമാനം പേരിന് മാത്രമായി. ഇതിന്റെ പരിഹാരമായാണ് സിറാജുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ എന്ന ആശയം രൂപപ്പെടുന്നത്. നാദാപുരത്ത് ആരംഭിച്ച ഈ സംരംഭം വടകര, കൊയിലാണ്ടി, തലശ്ശേരി താലൂക്കുകളെ സ്പര്‍ശിച്ച് വളര്‍ന്ന് കൊണ്ടിരിക്കുന്നു. ഇപ്പോള്‍ ഒന്‍പത് സ്‌കൂളുകള്‍ സമൂഹത്തിന്റെയും അധികാരികളുടെയും എല്ലാ പ്രശംസകളും ഏറ്റുവാങ്ങി സുഗമമായി മുന്നോട്ട് ഗമിക്കുന്നു.

ഇത്തരം ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ നേര്‍ക്കുനേര്‍ നല്ല വിദ്യാഭ്യാസം നല്‍കുന്നതോടൊപ്പം മറ്റു വിദ്യാലയങ്ങള്‍ക്ക് നല്ല വിദ്യാഭ്യാസത്തിന് പശ്ചാത്തലം സൃഷ്ടിക്കുന്നു. നേരത്തെ വിജയ ശതമാനം തീരെ കുറഞ്ഞ സ്ഥാപനങ്ങള്‍ ക്യാമ്പസന്തരീക്ഷങ്ങളില്‍ ഗുണപരമായ പരിവര്‍ത്തനത്തിന് നിര്‍ബന്ധിതരാവുകയും വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടാന്‍ കാരണമാകുകയും ചെയ്തുവെന്നത് അനിഷേധ്യ യാഥാര്‍ഥ്യമാണ്. മുഴുവന്‍ സ്‌കൂളുകളിലും അനാഥര്‍ക്ക് സര്‍വ കാര്യങ്ങളും സൗജന്യമാണ്. 150 ഓളം യതീമുകള്‍ ഈ ആനുകൂല്യം നിലവില്‍ അനുഭവിക്കുന്നു.
ഭൗതിക വിദ്യാഭ്യാസത്തോടുള്ള സമൂഹത്തിന്റെ സമീപനം മാറിവരുന്നതനുസരിച്ച് ആത്മീയ വിദ്യാഭ്യാസ രംഗം പുഷ്ടിപ്പെടുത്തുക ലക്ഷ്യം വെച്ചു തുടങ്ങിയതാണ് ദഅ്‌വ കോളജുകള്‍. കേരളത്തില്‍ ഉന്നത ദഅ്‌വാ കോളജുകളില്‍ ഒന്നാണ് സിറാജുല്‍ ഹുദാ കോളജ് ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റഡീസ്. അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ പഠിക്കുന്നു. ഇതിനകം നൂറോളം വിദ്യാര്‍ഥികള്‍ പഠനം പൂര്‍ത്തിയാക്കി.

ശരീഅത്ത് വിഷയത്തില്‍ ഉന്നത പഠനം ലക്ഷ്യം വെച്ച് ആരംഭിച്ച ശരീഅത്ത് കോളജ് നൂറുക്കണക്കിന് പ്രഗത്ഭരെ ഇതിനകം സമൂഹത്തിന് സമര്‍പ്പിച്ചു കഴിഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ നേതാക്കളായി അവര്‍ സേവനം ചെയ്യുന്നു. ശരീഅത്ത് കോളജില്‍ 150 ഓളം വിദ്യാര്‍ഥികള്‍ പഠനം നടത്തുന്നു. എം ബി ബി എസ്, എന്‍ജിനീയറിംഗ്, എം ബി എ, സി എ തുടങ്ങിയ പ്രൊഫഷനല്‍ കോഴ്‌സുകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇസ്‌ലാമിക ജ്ഞാനം പകരാനുള്ള സംരംഭമാണ് കോളജ് ഓഫ് സയന്‍സ് ആന്റ് ഇസ്‌ലാമിക് സ്റ്റഡീസ്. തങ്ങളുടെ തൊഴിലിന്റെ ഇസ്‌ലാമികമായ നൈതികതയും സാമൂഹിക പ്രതിബദ്ധതയും സംബന്ധിച്ച് ഭാവി പ്രൊഫഷനലുകള്‍ക്ക് ആഴത്തിലുള്ള ബോധ്യമുണ്ടാക്കുന്നു. കോളജ് ഓഫ് എക്‌സലന്‍സിന്റെ മുഖ്യ ലക്ഷ്യം സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ (ഇംഗ്ലീഷ് മീഡിയവും മലയാളം മീഡിയവും) മതമൂല്യങ്ങള്‍ വിളക്കിച്ചേര്‍ക്കുക എന്നതാണ്. കുട്ടികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ നല്‍കി ചെറുപ്പത്തിലേ പരിശീലിപ്പിച്ചെടുക്കുകയാണിവിടം.
കിന്റര്‍കാര്‍ട്ടന്‍; കുഞ്ഞിളം മനസ്സുകളെ ഇസ്‌ലാമികവും

നൈതികവുമായ അന്തരീക്ഷത്തില്‍ വളര്‍ത്തിയെടുക്കുന്ന ഒന്‍പത് എല്‍ കെ ജി ഡിവിഷനുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. മാതൃഭാഷക്ക് പുറമെ സ്പഷ്ടമായ ഇംഗ്ലീഷിലുള്ള വിനിമയ രീതി ഫലപ്രദവും ആകര്‍ഷകവുമാണ്. സമുദായത്തിലെ വനിതകളെ അക്കാദമികമായ മുഖ്യധാരയിലേക്ക് കൊണ്ടുവരികയും അതോടൊപ്പം ഇസ്‌ലാമിക പാരമ്പര്യങ്ങളിലും മൂല്യങ്ങളിലും ആഴത്തിലുള്ള ബോധവത്കരണം നല്‍കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായതാണ് വിമന്‍സ് കോളജ്. പ്ലസ് വണ്‍ കൊമേഴ്‌സ്,അഫ്‌സലുല്‍ ഉലമ പ്രിലിമിനറി, ബി. കോം, ബി എ ഇംഗ്ലീഷ്, അറബി എന്നിവയാണ് കോഴ്‌സുകള്‍. ശരീഅത്ത് കോഴ്‌സിലും ധാരാളം വിദ്യാര്‍ഥിനികള്‍ പഠനം നടത്തുന്നു.
ഗൗരവമുള്ള ഗവേഷണ പഠനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലൈബ്രറി ആന്റ് റിസര്‍ച്ച് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. അറബി, ഉറുദു, മലയാളം, ഇംഗ്ലീഷ്, കന്നട, തമിഴ് തുടങ്ങിയ പല ഭാഷകളിലുമുള്ള പുസ്തകങ്ങളുടെ വന്‍ ശേഖരം ഈ ലൈബ്രറിയിലുണ്ട്. ഭാവി തലമുറയുടെ ഗവേഷണാവശ്യങ്ങള്‍ക്കായി അപൂര്‍വ ഗ്രന്ധങ്ങളും കയ്യെഴുത്തു പ്രതികളും ശേഖരിക്കാനും സംരക്ഷിക്കാനുമുള്ള തയ്യാറെടുപ്പിലാണ് സിറാജുല്‍ ഹുദാ. കോളേജ് ഓഫ് ഖുര്‍ആന്‍; പ്രതിഭാധനരായ വിദ്യാര്‍ഥികള്‍ക്ക് ഖുര്‍ആന്‍ മനഃപാഠമാക്കാനും ഒപ്പം സെക്കന്‍ഡറി സ്‌കൂള്‍ പഠനം നടത്താനും അവസരം കൊടുക്കുകയാണിവിടെ. ഖിറാഅത്ത്, തജ്‌വീദ് എന്നിവ ശാസ്ത്രീയമായി അഭ്യസിക്കപ്പെടുന്നു. സ്‌കൂള്‍ വിദ്യാഭ്യാസത്തിലും പഠിതാക്കള്‍ പ്രാവീണ്യം നേടുകയും ചെയ്യുന്നു. മുന്നൂറോളം വിദ്യാര്‍ഥികള്‍ ഇതില്‍ പഠനം നടത്തുന്നു. സില്‍വര്‍ ജൂബിലി സമ്മേളനത്തില്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയ 165 വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ട്. പ്രദേശവാസികളായ വിദ്യാര്‍ഥികള്‍ക്ക് മാനവിക, ശാസ്ത്ര വിഷയങ്ങളില്‍ സര്‍വകലാശാലാ തല പഠനത്തിന് വാതിലുകള്‍ തുറന്നിടുകയാണ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ്. പ്രൊഫഷനല്‍ ആയി ഭരണ നിര്‍വഹണം നടത്തപ്പെടുകയും നൈതിക ധാര്‍മിക മൂല്യങ്ങളിലൂന്നി മുന്നോട്ട് ഗമിക്കുകയും ചെയ്യുന്ന ഈ സ്ഥാപനം ഒരു മാതൃകാ സംരംഭമാണ്.

മാസാന്തം 70 ലക്ഷം രൂപ ചെലവ് വരുന്ന സിറാജുല്‍ ഹുദാക്ക് സഹൃദയരുടെ സംഭാവനകളാണ് പ്രധാന വരുമാനം. സിറാജുല്‍ ഹുദാ മാനസിക വ്യഥയനുഭവിക്കുന്ന പലര്‍ക്കും സാന്ത്വനമായി അനുഭവപ്പെടുന്നു. ഇക്കാരണത്താല്‍ നിര്‍ലോഭമായ സഹായ സഹകരണങ്ങള്‍ സിറാജുല്‍ ഹുദാക്ക് എന്നും ലഭിച്ചു പോന്നിട്ടുണ്ട്. അല്ലാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ.
സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന ഈ വേളയില്‍ സര്‍വരേയും നന്ദിപൂര്‍വ്വം ഓര്‍ക്കുന്നു. കാന്തപുരം ഉസ്താദ്, സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രസിഡന്റുമാരും ഈ കുറിപ്പുകാരന്‍ ജനറല്‍ സെക്രട്ടറിയുമായ കമ്മിറ്റിയാണ് സിറാജുല്‍ ഹുദായെ നയിക്കുന്നത്. വിടപറഞ്ഞ് പോയ വടകര മുഹമ്മദ് ഹാജി തങ്ങള്‍, സയ്യിദ് മുഹമ്മദ് മാലികി മക്ക, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, അവേലത്ത് തങ്ങള്‍, താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍, നൂറുല്‍ ഉലമ എം എ ഉസ്താദ്, പുല്ലൂക്കര ഉസ്താദ്, മറ്റ് സയ്യിദന്‍മാര്‍, ഗുരുവര്യന്‍മാര്‍ എല്ലാവരുടെയും സന്തോഷങ്ങള്‍ ആര്‍ജിക്കാന്‍ കഴിഞ്ഞുവെന്നത് മഹാഭാഗ്യമായി കാണുന്നു.
ഒരു വര്‍ഷം മുമ്പ് ആരംഭിച്ച സില്‍വര്‍ ജൂബിലിയെ സുന്നി നേതൃത്വവും സമൂഹവും നെഞ്ചിലേറ്റിയെന്നത് ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നു. 25 ഭവനരഹിതര്‍ക്ക് വീടുകള്‍, വിധവാ സഹായങ്ങള്‍, സൗജന്യ ഹെല്‍മറ്റ് വിതരണം, സര്‍ക്കാര്‍ ആശുപത്രികളില്‍ കുടിവെള്ള പദ്ധതി, തുടങ്ങി ജനോപകാര പ്രദമായ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ പലതും സില്‍വര്‍ ജൂബിലിയുടെ ഭാഗമായി ചെയ്തുകൊണ്ടിരിക്കുന്നു. വീടില്ലാത്തവര്‍ക്ക് വീടുകള്‍ നല്‍കിയും രോഗികള്‍ക്ക് സഹായങ്ങള്‍ എത്തിച്ചും വിവാഹാവശ്യങ്ങള്‍ക്ക് ധനസഹായം കൊടുത്തും ഇതുവരെ കഴിയുന്നത് ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. ഇനിയും ഒരുപാട് കടമ്പകള്‍ അതിജീവിക്കണം. ശൂന്യമായ മേഖലകളില്‍ ഹരിതാഭമാക്കാന്‍ ധാരാളം പദ്ധതികള്‍ മുന്നിലുണ്ട്. എല്ലാവരുടെയും സഹായം അഭ്യര്‍ഥിക്കുന്നു. സില്‍വര്‍ ജൂബിലി ആഘോഷം ഫെബ്രുവരി 3,4,5 ന് സമാപിക്കുന്നു. സമാപന ചടങ്ങില്‍ സംബന്ധിച്ചും മറ്റു സഹായ സഹകരണങ്ങള്‍ നല്‍കിയും സിറാജുല്‍ ഹുദായോടൊപ്പം നിങ്ങളുണ്ടാകുമെന്ന പ്രത്യാശ ഞങ്ങള്‍ക്കുണ്ട്.

 

 

Latest