Kerala
ആര്‍എസ്എസിന്റെ ഗൂഢനീക്കങ്ങള്‍ക്ക് ജയില്‍ അധികൃതര്‍ വഴങ്ങുന്നു: വിഎസ്

തിരുവനന്തപുരം: കാസര്‍കോട് തുറന്ന ജയിലില്‍ “ഗോമാത പൂജ” നടത്തി അന്ധവിശ്വാസം പ്രചരിപ്പിക്കാന്‍ കൂട്ടുനിന്ന ജയില്‍ സൂപ്രണ്ടിനെതിരെ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
വ്യാജ സന്ന്യാസിയെന്ന ആരോപണം നേരിടുന്ന ഒരാളുടെ കാര്‍മികത്വത്തില്‍ ആര്‍എസ്എസുകാരായ തടവുകാര്‍ ഉള്‍പ്പെടെ ചേര്‍ന്ന് ജയിലില്‍ ഇത്തരം ഒരു പൂജ നടത്തിയതിന്റെ ദൃശ്യങ്ങളും വിവരങ്ങളുമാണ് പുറത്തുവന്നിരിക്കുന്നത്. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ സന്ധിയാത്ത പോരാട്ടങ്ങള്‍ നടത്തിയാണ് കേരളം മുന്നറിയതും ഇപ്പോള്‍ വജ്രജൂബിലി തിളക്കത്തില്‍ എത്തിയതും.
ഇത്തരമൊരു സന്ദര്‍ഭത്തില്‍ അനാചാരങ്ങളേയും അന്ധവിശ്വാസങ്ങളേയും പുനരാനയിക്കാനുള്ള ശ്രമങ്ങള്‍ അപലപനീയമാണ്. പോലീസ് അധികാരികളും ജയില്‍ മേധാവികളുമൊക്കെ ഇതിന് കൂട്ടു നില്‍ക്കുന്നത് അത്യന്തം അപകടകരമാണ്. ജയിലുകളെ പോലും കാവിവത്കരിക്കാനുള്ള ആര്‍എസ്എസ് ഗൂഢനീക്കങ്ങള്‍ക്ക് ജയിലധികാരികള്‍ വഴങ്ങുന്നുവെന്നതും ഗൗരവമായി കാണേണ്ടതുണ്ട്. ഈ പശ്ചാത്തലത്തില്‍ ഇത്തരം അസംബന്ധ നടപടികള്‍ക്ക് സഹായം ചെയ്ത ജയില്‍ സൂപ്രണ്ടിനും മറ്റു ഉദ്യോഗസ്ഥര്‍ക്കുമെതിരെ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.