Connect with us

National

ശശികലയുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തില്‍

Published

|

Last Updated

ന്യൂഡല്‍ഹി: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയും നിയുക്ത മുഖ്യമന്ത്രി ശശികലയും ഉള്‍പ്പെട്ട അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഒരാഴ്ചക്കുള്ളില്‍ വിധി വരാനിരിക്കെ സത്യപ്രതിജ്ഞ തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹരജി. ഈ സാഹചര്യത്തില്‍ ഇന്ന് നടക്കേണ്ട സത്യപ്രതിജ്ഞയില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. ഇന്ന് രാവിലെ 11ന് മദ്രാസ് യൂണിവേഴ്‌സിറ്റി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ നടക്കുമെന്നാണ് അറിയിച്ചിരുന്നത്. ഹരജി ഇന്ന് രാവിലെ പരിഗണിക്കുന്ന സാഹചര്യത്തിലാണ് അനിശ്ചിതത്വം നിലനില്‍ക്കുന്നത്.
കേസില്‍ വിധി പറയുന്നതിനെ കുറിച്ച് കര്‍ണാടക സര്‍ക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് വിധി പറയുന്നതിന് ഒരാഴ്ച കാത്തിരിക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടത്. ജസ്റ്റിസ് പി സി ഗോഷെയാണ് ഇക്കാര്യം അറിയിച്ചത്. ഇതിന് പിന്നാലെയാണ് പൊതുതാത്പര്യ ഹരജി നല്‍കിയത്.
ജയ മുഖ്യമന്ത്രിയായിരിക്കെ 1991- 96 കാലത്ത് 66.65 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് അന്ന് ജനതാപാര്‍ട്ടി അധ്യക്ഷനായിരുന്ന സുബ്രഹ്മണ്യന്‍ സ്വാമി കൊടുത്ത കേസിലാണ് സുപ്രീം കോടതി വിധി പ്രഖ്യാപിക്കാനിരിക്കുന്നത്. 2014ല്‍ ബെംഗളൂരു പ്രത്യേക കോടതി നാല് വര്‍ഷം തടവും നൂറ് കോടി രൂപ പിഴയും വിധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ജയലളിത, ശശികല, സുധാകരന്‍, ഇളവരശി എന്നിവര്‍ ജയില്‍വാസവും അനുഭവിച്ചിരുന്നു. 2015ല്‍ ഹൈക്കോടതി കുറ്റവിമുക്തയാക്കിയതിനെ തുടര്‍ന്ന് കര്‍ണാടക സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. മുഖ്യമന്ത്രിയാകാന്‍ തയ്യാറെടുത്തിരിക്കുന്ന വി കെ ശശികല ഉള്‍പ്പെട്ട കേസിലെ വിധി തമിഴ്‌നാട് രാഷ്ട്രീയത്തെ കൃത്യമായി ബാധിക്കും.
ഇന്നലെ രാവിലെ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തിന്റെ രാജി ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു സ്വീകരിച്ചിട്ടുണ്ട്. ഞായറാഴ്ച ചേര്‍ന്ന എ ഐ എ ഡി എം കെ യോഗത്തില്‍ ശശികലയെ പാര്‍ട്ടിയുടെ പാര്‍ലിമെന്ററി നേതാവായി തിരഞ്ഞെടുത്തിരുന്നു.