Kerala
അഴിമതി ആരോപണം: ജേക്കബ് തോമസിനെതിരായ ഹര്‍ജി വിജിലന്‍സ് കോടതി തള്ളി
മുവാറ്റുപുഴ: വിജിലന്‍സ് കമ്മീഷണര്‍ ജേക്കബ് തോമസിനെതിരായ ഹര്‍ജികള്‍ വിജിലന്‍സ് കോടതി തള്ളി. തുറമുഖ വകുപ്പ് ഡയരക്ടറായിരിക്കെ ഡ്രജര്‍ വാങ്ങിയതില്‍ സര്‍ക്കാറിന് 15 കോടിയുടെ നഷ്ടം വരുത്തിയെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരുന്നത്. ഇടപാടില്‍ വിദേശകമ്പനിക്ക് അമിതമായ ലാഭം നേടാന്‍ കഴിയുന്ന തരത്തില്‍ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചുവെന്നാണ് ആരോപണം. എന്നാല്‍ ജേക്കബ് തോമസിനെതിരെ മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്.
കോടതി കൂടുതല്‍ തെളിവുകളുണ്ടെങ്കില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ധനവകുപ്പിന്റെ റിപ്പോര്‍ട്ടും സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും അത് പൂര്‍ത്തിയാകും വരെ ജേക്കബ് തോമസിനെ വിജിലന്‍സ് ഡയരക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തണമെന്നും ചീഫ് സെക്രട്ടറി എസ്എം വിജയാനന്ദ് മുഖ്യമന്ത്രിക്ക് നല്‍കിയ ശുപാര്‍ശയും ഹര്‍ജിക്കാരനായ ചേര്‍ത്തല സ്വദേശി മൈക്കിള്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.