Gulf
ഇറാഖില്‍ അമേരിക്കന്‍ അധിനിവേശം തെറ്റായിരുന്നു: ശൈഖ് മുഹമ്മദ്

ദുബൈ: ഇറാഖ് അധിനിവേശം, മുല്ലപ്പൂ വിപ്ലവത്തിന് പിന്തുണ എന്നിവയടക്കം അമേരിക്കന്‍ ഭരണകൂടങ്ങള്‍ മേഖലയില്‍ തെറ്റുകളുടെ പരമ്പരയാണ് വരുത്തിയതെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പറഞ്ഞു.
ലോക ഭരണ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു ശൈഖ് മുഹമ്മദ്. അതേസമയം സഊദി അറേബ്യയുടെ ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നേതൃത്വത്തിലുള്ള ഗള്‍ഫ് സഹകരണ കൗണ്‍സില്‍ അറബ് രാജ്യങ്ങളില്‍ ഗുണപരമായ സ്വാധീനമാണ് ചെലുത്തിയത്. ലോകത്തിന്റെ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. എന്നാല്‍ വികസനത്തില്‍ മുന്നോട്ട് പോകേണ്ടതുണ്ട്. സമഗ്രമായ മുന്നേറ്റമുണ്ടാകണം. പ്രതീക്ഷ കൈവിടരുത്. ചുറ്റുമുള്ള വെല്ലുവിളികള്‍ നേരിടണം. ഞങ്ങള്‍ പൂര്‍ണത അവകാശപ്പെടുന്നില്ല. പക്ഷെ ഓരോ ദിവസവും പാഠങ്ങള്‍ ഉള്‍കൊള്ളുന്നു. ഞങ്ങള്‍ സമയം പാഴാക്കുന്നില്ല. നിരന്തരം അധ്വാനിക്കുന്നു. ലക്ഷ്യങ്ങള്‍ നേടുന്നു. നേട്ടങ്ങള്‍ എല്ലാവര്‍ക്കും പങ്കുവെക്കുന്നു. തുറന്ന സമ്പദ്‌വ്യവസ്ഥ ഒരു യാഥാര്‍ഥ്യമാണ്. ആഗോള കമ്പോളം എല്ലാവര്‍ക്കും തുറന്നിട്ടിരിക്കുകയാണ്. അറബ് ലോകം ഒറ്റപ്പെട്ടു നില്‍ക്കരുത്. കഴിഞ്ഞ അഞ്ചു വര്‍ഷം ജി സി സി വന്‍ നേട്ടം കൈവരിച്ചു. അതിനു മുമ്പത്തെ 40 വര്‍ഷത്തെ വളര്‍ച്ചക്ക് തുല്യമാണത്. വിജയം എന്ന് പറയുന്നത് ജനസംഖ്യയുടെ വലുപ്പത്തിലോ എണ്ണ വരുമാനത്തിലോ അല്ല അടിസ്ഥാനപ്പെടുത്തുന്നത്. ലക്ഷ്യ ബോധത്തിലും നേട്ടങ്ങളിലുമാണ്.
യു എ ഇയും ഇടപെടലുകള്‍ക്ക് വിധേയമായിട്ടുണ്ട്. അത് കഠിനാധ്വാനത്തില്‍ നിന്ന് പിന്തിരിപ്പിച്ചിട്ടില്ല. ഗൂഡാലോചനകള്‍ നൂറ്റാണ്ടുകളായി ഉള്ളതാണ്. അറബ് ലോകം സാംസ്‌കാരിക അടിത്തറയുള്ളതാണെന്ന് അത്തരക്കാര്‍ ഓര്‍ക്കണം. പരിശുദ്ധ ഖുര്‍ആന്റെ പേരില്‍ ചിലര്‍ കൂട്ടക്കൊല നടത്തുന്നു. അവര്‍ സ്വയം പൊട്ടിത്തെറിക്കുന്നു. അറബ് പ്രദേശങ്ങള്‍, യൂറോപ്പ്, യു എസ് എന്നിവടങ്ങളിലൊക്കെ ഇത്തരക്കാരുണ്ട്. അവര്‍ക്ക് ഇസ്‌ലാമുമായി ബന്ധമില്ല. ഇസ്‌ലാം സഹിഷ്ണുതയുടെയും നിഷ്‌കളങ്കതയുടെയും മതമാണ്. ഇസ്‌ലാമിന് മുമ്പ് ഗോത്രങ്ങള്‍ ഏറ്റുമുട്ടിയിരുന്നു. ഇസ്‌ലാം അത് അവസാനിപ്പിച്ചു. വലിയ നാഗരികത സൃഷ്ടിച്ചു. അത് ലോകത്തിനാകെ ഗുണകരമായി, ശൈഖ് മുഹമ്മദ് പറഞ്ഞു.