National
അനധികൃത സ്വത്ത് കേസ്: ശശികലക്ക് നാല് വര്‍ഷം തടവ്
ന്യൂഡല്‍ഹി/ ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ എ ഐ എ ഡി എം കെ ജനറല്‍ സെക്രട്ടറി വി കെ ശശികല കുറ്റക്കാരിയാണെന്ന് സുപ്രീം കോടതി. വിചാരണ കോടതി വിധി ശരിവെച്ചുകൊണ്ടാണ് സുപ്രീം കോടതി വിധി. കുറ്റവിമുക്തരാക്കിയ കര്‍ണാടക ഹൈക്കോടതി വിധി ചോദ്യം ചെയ്ത് കര്‍ണാടക സര്‍ക്കാറാണ് സുപ്രീം കോടതിയെ സമീപിച്ചത്. നാല് വര്‍ഷം തടവും പത്ത് കോടി രൂപ പിഴയുമാണ് വിചാരണ കോടതി വിധിച്ചിരുന്നത്. ജസ്റ്റിസുമാരായ പി സി ഘോഷ്, അമിതാവ റോയ് എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചിന്റേതാണ് സുപ്രധാന വിധി. നാലാഴ്ചക്കകം ബെംഗളൂരു കോടതിയില്‍ കീഴടങ്ങാനാണ് 570 പേജുള്ള വിധിന്യായത്തില്‍ ആവശ്യപ്പെട്ടത്.
ശിക്ഷിക്കപ്പെട്ടതോടെ പത്ത് വര്‍ഷത്തേക്ക് ശശികലക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. കേസില്‍ ഒന്നാം പ്രതിയായ ജയലളിതയെ ഒഴിവാക്കിക്കൊണ്ടാണ് വിധി പ്രസ്താവിച്ചത്. ഇരുവര്‍ക്കും പുറമെ ജയലളിതയുടെ വളര്‍ത്തുമകന്‍ വി എന്‍ സുധാകരന്‍, ജെ ഇളവരശി എന്നിവരാണ് മറ്റു പ്രതികള്‍. കേസില്‍ ആറ് മാസം ശശികല തടവ് ശിക്ഷ അനുഭവിച്ചത് കുറച്ച് ശേഷിക്കുന്ന ശിക്ഷ അനുഭവിച്ചാല്‍ മതിയാകും. കേസില്‍ ശക്തമായ നിരീക്ഷണങ്ങള്‍ നടത്തിയ കോടതി, വിടുതല്‍ നല്‍കിയ കര്‍ണാടക ഹൈക്കോടതിയെ രൂക്ഷമായി വിമര്‍ശിച്ചു. രക്തബന്ധമില്ലെങ്കിലും ശശികലയെ ജയലളിത വീട്ടില്‍ താമസിപ്പിച്ചത് സഹാനുഭൂതിയുടെ ഭാഗമായല്ലെന്നും ഗൂഢാലോചനയുടെ ഭാഗമായാണെന്നും കോടതി ചൂണ്ടിക്കാട്ടി. ജയലളിതയുടെ സ്വത്ത്, വളര്‍ത്തുമകന്റെ വിവാഹത്തിന് ചെലവാക്കിയ തുക തുടങ്ങിയവ ഹൈക്കോടതി കണക്കുകൂട്ടിയതില്‍ പ്രകടമായ വീഴ്ച ഉണ്ടായി എന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
സുപ്രീം കോടതി വിധിക്കെതിരെ ശശികല പുനഃപരിശോധനാ ഹരജി നല്‍കിയേക്കും. അതിനു ശേഷം തിരുത്തല്‍ ഹരജി നല്‍കുന്നതിനും അവസരമുണ്ട്.
ശശികലക്കെതിരായ വിധി പ്രഖ്യാപിച്ചതിനു പിന്നാലെ പൊതുമരാമത്ത് മന്ത്രി എടപ്പാടി കെ പളനിസ്വാമിയെ പാര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. ശശികലയുടെ സാന്നിധ്യത്തില്‍ റിസോര്‍ട്ടില്‍ ചേര്‍ന്ന യോഗത്തിലാണ് പളനിസ്വാമിയെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തത്. കാവല്‍ മുഖ്യമന്ത്രിയായ ഒ പനീര്‍ശെല്‍വത്തെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ശശികല പുറത്താക്കുകയും ചെയ്തു. ഒ പി എസിന് പുറമെ സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി പാണ്ഡ്യരാജന്‍ ഉള്‍പ്പെടെ പത്തൊമ്പത് പേരെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. ഇന്നലെ വൈകീട്ട് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവുമായി കൂടിക്കാഴ്ച നടത്തിയ പളനിസ്വാമി, മന്ത്രിസഭ രൂപവത്കരിക്കാന്‍ അവകാശവാദമുന്നയിച്ചു. പതിനൊന്ന് മന്ത്രിമാര്‍ക്കൊപ്പമാണ് പളനിസ്വാമി രാജ്ഭവനിലെത്തിയത്. മന്ത്രിസഭാ രൂപവത്കരണത്തിനു മുമ്പ് സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണമെന്നും ഭൂരിഭാഗം എം എല്‍ എമാരുടെ പിന്തുണയുണ്ടെന്നും പളനിസ്വാമി ഗവര്‍ണറെ അറിയിച്ചു. പിന്തുണ പ്രഖ്യാപിച്ച് 127 എം എല്‍ എമാര്‍ ഒപ്പുവെച്ച കത്ത് ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ട്. സ്യപ്രതിജ്ഞക്കു ശേഷം ഭൂരിപക്ഷം തെളിയിക്കാനാകും പളനിസ്വാമിയോട് ഗവര്‍ണര്‍ ആവശ്യപ്പെടുകയെന്നാണ് റിപ്പോര്‍ട്ട്.
വിശ്വാസ വോട്ടെടുപ്പ് നടത്തുന്നതിന് വേണ്ടി സഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി, അഭിഭാഷകരായ മോഹന്‍ പരാശരന്‍, സോളി സൊറാബ്ജി എന്നിവര്‍ നിയമോപദേശം നല്‍കിയതായി അറിയിച്ചുള്ള കത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഗവര്‍ണര്‍ നല്‍കിയിട്ടുണ്ട്. ഈ ആഴ്ച തന്നെ സഭാ സമ്മേളനം വിളിക്കാനാണ് സാധ്യത.
കൂവത്തൂരില്‍ കാഞ്ചിപുരം ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. എം എല്‍ എമാരുമായി കൂടിക്കാഴ്ച നടത്തുന്നതിനായുള്ള ഒ പി എസ് ക്യാമ്പിലെ പ്രമുഖനായ മന്ത്രി പാണ്ഡ്യരാജന്റെ ശ്രമം ഫലം കണ്ടില്ല. പനീര്‍ശെല്‍വത്തിന് പിന്തുണ തേടിയാണ് കൂവത്തൂരിലെ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ പാണ്ഡ്യരാജന്‍ എത്തിയത്. എന്നാല്‍, ക്രമസമാധാനനില കണക്കിലെടുത്ത് പാണ്ഡ്യരാജനെ പോലീസ് തടയുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ട് റിസോര്‍ട്ടിലെത്തിയ ശശികല ഇന്നലെ രാത്രി വൈകിയാണ് ചെന്നൈയിലേക്ക് തിരിച്ചത്.
ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാറും പനീര്‍ശെല്‍വവും ചെന്നൈ മറീന ബീച്ചിലെ എം ജി ആര്‍ സ്മാരകത്തില്‍ വെച്ച് കൂടിക്കാഴ്ച നടത്തി. തന്റെ രാഷ്ട്രീയ യാത്ര ഇവിടെ ആരംഭിക്കുകയാണെന്ന് ദീപ വ്യക്തമാക്കി.