Connect with us

National

ശശികലയുടെ മുഖ്യമന്ത്രി മോഹങ്ങള്‍ തട്ടിത്തെറിപ്പിച്ച് കോടതിവിധി

Published

|

Last Updated

ന്യൂഡല്‍ഹി: ജയലളിതക്ക് ശേഷം മുഖ്യമന്ത്രി കസേര സ്വപ്‌നം കണ്ട് കാത്തിരുന്ന വികെ ശശികലക്കേറ്റ കനത്ത പ്രഹരമാണ് സുപ്രീംകോടതി വിധി. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ 10 വര്‍ഷത്തേക്ക് ശശികലക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല. ശശികല ജയലളിതയുടെ ബിനാമിയാണെന്ന വാദവും സുപ്രീംകടതി ശരിവെച്ചു. ശശികലയോടൊപ്പം മറ്റു പ്രതികളായ ജയയുടെ വളര്‍ത്തുമകനായിരുന്ന വിഎന്‍ സുധാകരന്‍, ശശികലയുടെ ബന്ധു ഇളവരശി എന്നിവരും വിചാരണക്കോടതി വിധിച്ച ശിക്ഷ അനുഭവിക്കണം.

തമിഴ്‌നാട്ടിലെ തിരുവാരൂര്‍ ജില്ലയിലെ തിരുത്തുറൈപോണ്ടിയില്‍ തേവര്‍ സമുദായത്തിലെ കള്ളാര്‍ ജാതിയില്‍പെട്ട കുടുംബത്തില്‍ 1957 ഏപ്രില്‍ ഒന്നിനായിരുന്നു ശശികലയുടെ ജനനം. പിന്നീട് തിരുവാരൂര്‍ ജില്ലയിലെ മണ്ണാര്‍കുടിയിലേക്ക് താമസം മാറി. നാലു സഹോദരങ്ങളും ഒരു സഹോദരിയുമടങ്ങുന്ന കുടുംബം. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പഠിപ്പ് തുടരാന്‍ നിവൃത്തിയുണ്ടായിരുന്നില്ല. തമിഴ്‌നാട് സര്‍ക്കാറില്‍ പബ്ലിക് റിലേഷന്‍സ് ഓഫിസറായിരുന്ന എം നടരാജന്‍ ശശികലയെ വിവാഹം കഴിച്ചതോടെയാണ് ജീവിതത്തിന്റെ ഗതി മാറിയത്. അടിയന്തരാവസ്ഥക്കാലത്ത് നടരാജന് ജോലി നഷ്ടമായി. പിന്നെ കഷ്ടപ്പാടിന്റെ കാലമായിരുന്നു. 1980ന്റെ മധ്യത്തില്‍ നടരാജന്‍ ജോലിയില്‍ തിരികെയത്തെി. അക്കാലത്തായിരുന്നു കുടുംബത്തിന് സഹായകമാകാന്‍ ശശികല വിഡിയോ പാര്‍ലര്‍ തുടങ്ങിയത്.

കല്യാണങ്ങളുടെയും ബിസിനസ് ചടങ്ങുകളുടെയും വിഡിയോ എടുത്തുനടക്കുന്ന ആ കാലത്ത് എഐഎഡിഎംകെയുടെ പ്രചാരണവിഭാഗത്തിന്റെ ചുമതല മുഖ്യമന്ത്രി എംജിആര്‍ ഏല്‍പിച്ചിരുന്നത് ജയലളിതയെയായിരുന്നു. നടരാജന്റെ അപേക്ഷപ്രകാരം ആര്‍ക്കോട്ട് ജില്ലാ കലക്ടര്‍ വിഎസ് ചന്ദ്രലേഖ ശശികലയെ ജയലളിതക്ക് പരിചയപ്പെടുത്തിയത് മറ്റൊരു വഴിത്തിരിവായി. പാര്‍ട്ടി ചടങ്ങുകള്‍ വിഡിയോവില്‍ പകര്‍ത്തി തുടങ്ങിയ ആ ബന്ധം ജയലളിതയുടെ വിശ്വസ്തയായി അവരെ മാറ്റി. മറ്റുള്ളവര്‍ക്കു മുന്നില്‍ അടഞ്ഞുകിടഞ്ഞ പോയസ് ഗാര്‍ഡന്റെ കവാടം ഏതു പാതിരാത്രിയിലും ശശികലക്കു മുന്നില്‍ മലര്‍ക്കെ തുറന്നുകിടന്നു. എംജിആറിനുശേഷം പാര്‍ട്ടിയിലും ഭരണത്തിലും ജയ വെന്നിക്കൊടി പാറിച്ചു. ജനങ്ങള്‍ ജയയെ “അമ്മ”യായി വാഴിച്ചപ്പോള്‍ ആദരപൂര്‍വം തോഴിയെ അവര്‍ “ചിന്നമ്മ” എന്നു വിളിച്ചു. ആ ബന്ധം അസാധാരണമായി വളര്‍ന്നു. എംജിആറിനുശേഷം 1991ല്‍ മുഖ്യമന്ത്രിയായപ്പോള്‍ ഭരണപരിചയമില്ലാത്ത ജയലളിതക്കാവശ്യമായ ഉപദേശങ്ങള്‍ ശശികലയിലൂടെ നല്‍കിയത് നടരാജനായിരുന്നു.

ജയലളിതയിലേക്കുള്ള തൂക്കുപാലമായി ശശികല മാറുന്നതാണ് തമിഴകം കണ്ടത്. അധികാരത്തിന്റെ മറ്റൊരു കേന്ദ്രമായി ശശികലയും നടരാജനും മാറിയതോടെ മണ്ണാര്‍ഗുഡി മാഫിയ എന്ന പേരില്‍ ഈ കേന്ദ്രം അറിയപ്പെട്ടുതുടങ്ങി. പാര്‍ട്ടി ചിഹ്നമായ രണ്ടിലകളില്‍ ഒന്ന് അമ്മയും മറ്റൊന്ന് ചിന്നമ്മയുമാണെന്നുവരെ അനുയായികള്‍ വിശേഷിപ്പിച്ചു.

ഭരണം മണ്ണാര്‍ഗുഡി മാഫിയയുടെ നിയന്ത്രണത്തിലായതോടെ തമിഴ്‌നാട് രാഷ്ട്രീയം അഴിമതിയില്‍ മുങ്ങി. 1996ല്‍ അധികാരം നഷ്ടപ്പെട്ട ജയലളിത അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടു. അതിനു കാരണം ശശികലയാണെന്ന് അനുയായികള്‍ ആരോപിച്ചപ്പോള്‍ തോഴിയെയും ഭര്‍ത്താവിനെയും ജയ പോയസ് ഗാര്‍ഡനില്‍നിന്ന് പുറത്താക്കി. മാപ്പു പറഞ്ഞ് തിരികെയത്തെിയ തോഴിയെ ജയ സ്വീകരിച്ചു.

2011ല്‍ വീണ്ടും പുറത്താക്കി. മോണോറെയില്‍ പദ്ധതിയുടെ കരാര്‍ സിംഗപ്പൂര്‍ ആസ്ഥാനമായ കമ്പനിക്ക് നല്‍കണമെന്ന ജയലളിതയുടെ താല്‍പര്യം മറികടന്ന് മലേഷ്യന്‍ കമ്പനിക്ക് നല്‍കാന്‍ ശശികല തീരുമാനിച്ചതായിരുന്നു പുറത്താക്കലിനു കാരണം. പക്ഷേ, രണ്ടു മാസത്തിനുശേഷം ചിന്നമ്മ പോയസ് ഗാര്‍ഡനില്‍ തിരികെയത്തെി.

രണ്ടുതവണ പുറത്താക്കിയപ്പോഴും ജയലളിതക്കെതിരെ ശശികല ഒരക്ഷരം മിണ്ടിയില്ല. രഹസ്യങ്ങളുടെ കൊട്ടാരമായിരുന്നിട്ടും അവരുടെ നാവില്‍നിന്ന് എതിരായി ഒന്നും പുറത്തുവന്നില്ല. ആ വിശ്വാസ്യതയായിരുന്നു വീണ്ടും ചിന്നമ്മയെ ജയയിലേക്കടുപ്പിച്ചത്. അപ്പോഴും നടരാജനെ ജയ അകറ്റിനിര്‍ത്തിയിരുന്നു. അനധികൃത സമ്പാദ്യത്തെക്കുറിച്ച് പുറത്തുപറയുമെന്ന പേടിയാണ് ശശികലയെ തിരിച്ചെടുക്കാന്‍ കാരണമായതെന്ന് നടരാജന്‍ ടിവി അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

അഴിമതിക്കേസില്‍ വീണ്ടും ജയയും തോഴിയും ജയിലിലായി. ഇതിന്റെ വിചാരണ നടക്കുന്നതിനിടയിലാണ് ജയ ആശുപത്രിയിലാകുന്നത്. നാടകീയമായ ഒട്ടനവധി അഭ്യൂഹങ്ങള്‍ക്കുശേഷം ഒടുവില്‍ ജയയുടെ മൃതദേഹമാണ് അപ്പോളോ ആശുപത്രിയില്‍നിന്ന് പുറംലോകത്തത്തെിയത്. മരണത്തില്‍ ദുരൂഹത നിലനില്‍ക്കുന്നതായി തമിഴ്‌നാട്ടിലെ ജനങ്ങളില്‍ വലിയൊരു വിഭാഗം ആശങ്ക പുലര്‍ത്തിയിരുന്നു

ജയലളിതയുടെ മരണത്തോടെ ഒഴിവ് വന്ന ചെന്നൈ ആര്‍കെ നഗര്‍ നിയമസഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി ജയിച്ച് മുഖ്യമന്ത്രി സ്ഥാനം അരക്കെട്ടുറപ്പിക്കാമെന്ന് ശശികല കണക്കൂകൂട്ടി. എന്നാല്‍ പന്നീര്‍ശെല്‍വം ശശികലക്കെതിരായതോടെ അണ്ണാഡിഎംകെയില്‍ പുതിയ പോര്‍മുഖം തുറന്നു. എങ്കിലും ഭൂരിപക്ഷം എല്‍എല്‍എമാരുടെ പിന്തുണയോടെ മുഖ്യമന്ത്രി സ്ഥാനത്തെത്താമെന്ന ശശികലയുടെ മോഹത്തിനാണ് കോടതി വിധിയിലൂടെ അന്ത്യമായിരിക്കുന്നത്.