Connect with us

Kerala

യു ഡി എഫ് സര്‍ക്കാറിന്റെ 115 ഉത്തരവുകള്‍ ക്രമവിരുദ്ധം

Published

|

Last Updated

തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാറിന്റെ അവസാനകാലത്തെ ഭൂരിപക്ഷം ഉത്തരവുകളും പരിശോധിച്ച മന്ത്രിസഭാ ഉപസമിതി 115 ഉത്തരവുകള്‍ ക്രമവിരുദ്ധമാണെന്ന് കണ്ടെത്തി. എഴുനൂറോളം ഉത്തരവുകള്‍ മന്ത്രിസഭാ ഉപസമിതി പരിശോധിച്ചു. മന്ത്രി എ കെ ബാലന്‍ കണ്‍വീനറായ ഉപസമിതിയാണ് യു ഡി എഫ് സര്‍ക്കാറിന്റെ അവസാനകാലത്തെ ഉത്തരവുകള്‍ ക്രമവിരുദ്ധമാണെന്ന് കണ്ടെത്തിയത്. ക്രമവിരുദ്ധമായ ഉത്തരവുകള്‍ പുനഃപരിശോധിക്കാന്‍ അതാത് വകുപ്പുകളോട് മന്ത്രിസഭാ യോഗം നിര്‍ദേശിച്ചിരുന്നു. 22ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഇതു സംബന്ധിച്ച നിര്‍ദേശം സമര്‍പ്പിക്കണമെന്നാണ് കഴിഞ്ഞ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
സര്‍ക്കാറിന്റെ റവന്യൂ ഭൂമി സംബന്ധിച്ചാണ് കൂടുതല്‍ ഉത്തരവുകള്‍ മന്ത്രിസഭാ ഉപസമിതി പരിശോധിച്ചത്. വിവാദ ഉത്തരവുകള്‍ വിജിലന്‍സിന്റെ പരിശോധനക്ക് വിടുന്നതിനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. കഴിഞ്ഞ പതിനഞ്ചിന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് മന്ത്രി എ കെ ബാലന്‍ കണ്‍വീനറായ ഉപസമിതി ഇതു സംബന്ധിച്ച് മന്ത്രിസഭാ യോഗത്തിന് റിപ്പോര്‍ട്ട് നല്‍കിയത്. യു ഡി എഫ് സര്‍ക്കാറിന്റെ പല ഉത്തരവുകളും ചട്ടവിരുദ്ധമായിരുന്നുവെന്ന് ഉപസമിതി കണ്ടെത്തി. റവന്യൂ വകുപ്പില്‍ വ്യാപക ക്രമക്കേട് നടന്നതായും പരിശോധന നടത്തിയ മന്ത്രിസഭാ ഉപസമിതി കണ്ടെത്തി.
റവന്യൂ വകുപ്പില്‍ മാത്രം 127 ഉത്തരവുകളാണ് മന്ത്രിസഭാ ഉപസമിതി പരിശോധിച്ചത്. ഇതില്‍ ഭൂരിപക്ഷവും ചട്ടവിരുദ്ധമായിരുന്നുവെന്ന് സമിതിയുടെ പരിശോധനയില്‍ വ്യക്തമായി. മെത്രാന്‍ കായല്‍, ഹോപ് പ്ലാന്റേഷന് ഭൂമി പതിച്ച് നല്‍കിയത്, ചെമ്പ് ഭൂമി ഇടപാട്, കടമക്കുടി നിലംനികത്തല്‍, സന്തോഷ് മാധവന്റെ ഭൂമിയിടപാട്, പത്തനംതിട്ട ജില്ലയില്‍ വിവിധ സാമുദായിക സംഘടനകള്‍ക്ക് ഭൂമി പതിച്ചുനല്‍കിയത്, താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തല്‍ തുടങ്ങിയവ സംബന്ധിച്ചുണ്ടായ ഉത്തരവുകളില്‍ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. റവന്യൂ വകുപ്പിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് മന്ത്രിസഭാ ഉപസമിതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം ഇടപാടുകള്‍ റദ്ദാക്കുന്നതിന് നടപടിയുണ്ടാകുമെന്നാണ് സൂചന.
2015 ജനുവരി ഒന്ന് മുതല്‍ യു ഡി എഫ് സര്‍ക്കാര്‍ കൈക്കൊണ്ട വിവാദ തീരുമാനങ്ങളില്‍ നിയമവിരുദ്ധമായവ പുനഃപരിശോധിക്കാന്‍ പുതിയ മന്ത്രിസഭയുടെ ആദ്യയോഗം തീരുമാനിച്ചിരുന്നു. ഇതിനുവേണ്ടിയാണ് എ കെ ബാലന്‍ അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതി രൂപവത്കരിച്ചത്. എ കെ ബാലന് പുറമേ മന്ത്രിമാരായ മാത്യു ടി തോമസ്, കടന്നപ്പളളി രാമചന്ദ്രന്‍, എ കെ ശശീന്ദ്രന്‍, വി എസ് സുനില്‍കുമാര്‍ എന്നിവര്‍ ഉപസമിതിയില്‍ അംഗങ്ങളാണ്. ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തില്‍ ഒരു മണിക്കൂറോളം ചര്‍ച്ച ചെയ്തത് ഉപസമിതി റിപ്പോര്‍ട്ടിനെക്കുറിച്ചായിരുന്നു. ഓരോ വകുപ്പും പ്രത്യേകമെടുത്ത് ഒരിക്കല്‍ കൂടി സൂക്ഷ്മ പരിശോധന നടത്തുന്നതിനാണ് വെള്ളിയാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
സോളാര്‍ കേസ് പ്രതിയുമായുള്ള ബന്ധത്തിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ മുന്‍ പി ആര്‍ ഡി ഡയറക്ടര്‍ക്ക് പുനര്‍നിയമനം നല്‍കിയത് ക്രമവിരുദ്ധമാണെന്നും ഉപസമിതി റിപ്പോര്‍ട്ടിലുണ്ട്.

Latest