Connect with us

Articles

ഉള്‍ക്കാഴ്ച പ്രദാനം ചെയ്ത ഗള്‍ഫ് സന്ദര്‍ശനം

Published

|

Last Updated

മലയാളിയുടെ രണ്ടാമിടം ഏതെന്നു ചോദിച്ചാല്‍ അര്‍ഥശങ്കക്കിടയാക്കാത്തവിധം പറയാന്‍ കഴിയുന്ന ഭൂമികയാണ് അറേബ്യന്‍ നാടുകള്‍. കേരളത്തിന്റെ സാമൂഹിക -സാമ്പത്തിക മേഖലകളെ കരുപ്പിടിപ്പിക്കുന്നതില്‍ ഗള്‍ഫുനാടുകള്‍ക്ക് ശ്രേഷ്ഠമായ സ്ഥാനമാണുള്ളത്. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയായ ശേഷം ദുബൈയിലും ഷാര്‍ജയിലും പിന്നീട് ബഹ്‌റൈനിലും സന്ദര്‍ശനം നടത്താന്‍ താല്‍പര്യം കാണിച്ചത്. ഈ രാജ്യങ്ങളിലെ ഭരണകൂടങ്ങളുടെ ഹാര്‍ദമായ ക്ഷണത്തെ മുന്‍നിര്‍ത്തിയുളള സന്ദര്‍ശനങ്ങള്‍ക്ക് നിരവധി തലങ്ങളാണുള്ളത്.

ഓരോ വര്‍ഷവും കേരളത്തിലേക്ക് ഒഴുകുന്ന വിദേശനാണ്യത്തിന്റെ അളവ് ഒരു ലക്ഷം കോടിയിലേറെയാണ്. ഇത്രയും സംഭാവന ചെയ്യുന്ന നമ്മുടെ പ്രവാസി സഹോദരങ്ങളോട് നീതി പുലര്‍ത്താന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ല എന്നു പറയേണ്ടിവരും. കേരളത്തിന്റെ മുന്നോട്ടുളള പ്രയാണത്തിന് നിസ്തുലമായ സംഭാവന ചെയ്യുന്ന പ്രവാസി സമൂഹത്തിന്റെ പ്രശ്‌നങ്ങളെ തൊട്ടറിയുക എന്നത് സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവാദിത്വമാണ്.
ഗള്‍ഫ് നാടുകളിലെ തൊഴില്‍ സാഹചര്യം അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് സുരക്ഷിതത്വബോധം പ്രദാനം ചെയ്യാന്‍ അവരുടെ സ്വദേശത്തും വിദേശത്തുമുളള പ്രതിസന്ധികള്‍ക്കും ആകുലതകള്‍ക്കും പരിഹാരം കാണേണ്ടത് നമ്മുടെ കര്‍ത്തവ്യമാണ്. സാമ്പത്തിക മുരടിപ്പില്‍ നിന്ന് കേരളത്തിന് കരകയറണമെങ്കില്‍ സ്വഭാവികമായും നിക്ഷേപങ്ങള്‍ വേണം. വിദേശ സ്ഥാപനങ്ങളുടെ നിക്ഷേപത്തെപ്പോലെത്തന്നെ പരമപ്രധാനമാണ് നമ്മുടെ പ്രവാസി സഹോദരങ്ങളുടെ മുതല്‍മുടക്കും.
അറേബ്യന്‍ രാജ്യങ്ങള്‍ക്ക് കേരളവുമായുളള സാംസ്‌കാരിക-സാമ്പത്തിക-വ്യാപാര വിനിമയത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. നമ്മുടെ സംസ്‌കൃതി രൂപംകൊളളുന്നതില്‍ നല്ലൊരു സംഭാവന അറേബ്യന്‍ നാടുകളില്‍ നിന്നുണ്ടായിട്ടുണ്ട്. ഗള്‍ഫ് ഭരണകൂടങ്ങളുടെയും ഇവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെയും നിക്ഷേപങ്ങള്‍ കേരളത്തിന്റെ സാമ്പത്തിക പ്രയാണത്തിന് അനിവാര്യമാണ്.
പരസ്പര വിശ്വാസവും ബഹുമാനവുമാണ് ആരോഗ്യകരമായ നിക്ഷേപത്തിന് അടിത്തറയാകുന്നത്. സമൃദ്ധമായ പാരമ്പര്യങ്ങളുടെ ഇഴചേരലുകള്‍ ഒരിക്കല്‍കൂടി ഉലയൂതി ഉദ്ദീപിപ്പിക്കുമ്പോള്‍ ഇരു നാടുകളും തമ്മിലുളള ബന്ധത്തിന് പുതിയമാനം കൈവരും. ഇതൊക്കെയാണ് ആദ്യ വിദേശ സന്ദര്‍ശനങ്ങള്‍ക്ക് ഗള്‍ഫുനാടുകള്‍ തിരഞ്ഞെടുക്കാന്‍ എന്നെ പ്രേരിപ്പിച്ചത്.
കഴിഞ്ഞ ഡിസംബര്‍ അവസാനമാണ് ദുബൈ സര്‍ക്കാറിന്റെ ക്ഷണപ്രകാരം വ്യത്യസ്ത പരിപാടികള്‍ക്കായി ദുബൈയിലും ഷാര്‍ജയിലും പര്യടനം നടത്തിയത്. സ്മാര്‍ട്ട് സിറ്റി ഉള്‍പ്പെടെയുളള പദ്ധതികളുടെ നടത്തിപ്പുകാരാണ് ദുബായ് ഹോള്‍ഡിംഗ്. നിരവധി രാജ്യങ്ങളില്‍ ഈ ഗവണ്‍മെന്റ് സ്ഥാപനത്തിന് വന്‍ നിക്ഷേപങ്ങളുണ്ട്. സ്മാര്‍ട്ട് സിറ്റിയുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതോടൊപ്പം നമ്മുടെ ടൂറിസം അനുബന്ധ മേഖലകളില്‍ വര്‍ധിച്ച നിക്ഷേപം നടത്താനുള്ള താല്‍പര്യം ദുബൈ ഹോള്‍ഡിംഗ് പ്രകടിപ്പിക്കുകയുണ്ടായി.
കേരളത്തിന് ലോകത്തിനു മുമ്പില്‍ സമര്‍പ്പിക്കാന്‍ കഴിയുന്ന നിരവധി സുവര്‍ണ പ്രതലങ്ങളുണ്ട്. ഏതൊരു പാശ്ചാത്യ രാജ്യത്തേയും വെല്ലുന്ന സാമൂഹിക സൂചകങ്ങളാണ് നമുക്കുള്ളത്. വിദ്യാഭ്യാസ അവബോധം, ആരോഗ്യം, സമൃദ്ധമായ പ്രകൃതി സൗന്ദര്യം എന്നിങ്ങനെ ആ പട്ടിക നീളുന്നു. പരിസ്ഥിതിക്ക് ഇണങ്ങുന്ന രീതിയില്‍ നമ്മുടെ ഉയര്‍ന്ന മൂല്യമുളള മനുഷ്യശേഷിയെയും പ്രകൃതിസമ്പത്തിനെയും ഉപയോഗപ്പെടുത്തിക്കൊണ്ടുളള പദ്ധതികള്‍ സംസ്ഥാന വികസനത്തിന് അലകും പിടിയും സമ്മാനിക്കും. ഇത്തരത്തിലുള്ള ഏതൊരു പദ്ധതിയുമായും കൈകോര്‍ക്കാമെന്ന ഉറപ്പാണ് ദുബൈയിലെ വിവിധ ഏജന്‍സികളില്‍ നിന്നുണ്ടായത്.
ഷാര്‍ജ ഭരണാധികാരിയും ബഹ്‌റൈന്‍ ഭരണകൂടവുമൊക്കെ എന്നോടു കാണിച്ച സ്‌നേഹവായ്പ്പിന്റെ നേരവകാശികള്‍ നമ്മുടെ പ്രവാസി സുഹൃത്തുക്കളാണ്. ഇവരുടെ കഠിനാധ്വാനവും സമര്‍പ്പണവുമാണ് കേരള സര്‍ക്കാറിനെ ഈ രാജ്യങ്ങളിലൊക്കെ സ്വീകാര്യമാക്കുന്നത്.

ഷാര്‍ജ ഭരണാധികാരിയും യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഷേക്ക് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖ്വാസിമി, ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് ഖലിഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ, ക്രൗണ്‍ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ തുടങ്ങിയവര്‍ എന്നെയും കൂടെയുണ്ടായവരെയും സ്‌നേഹംകൊണ്ട് വീര്‍പ്പുമുട്ടിച്ചു. പതിവിനു വിപരീതമായി കൈപിടിച്ച് കൂട്ടിക്കൊണ്ടു പോയപ്പോള്‍ അത് മലയാളികള്‍ക്കുള്ള ആശ്ലേഷണമായിട്ടുവേണം മനസ്സിലാക്കാന്‍.
ഇരു സര്‍ക്കാറുകളും തമ്മിലുളള ആശയ വിനിമയത്തോടൊപ്പം മലയാളി സമൂഹത്തിന്റെ ഒട്ടേറെ പരിപാടികളില്‍ സംബന്ധിക്കാന്‍ എനിക്ക് ഭാഗ്യം ലഭിച്ചു. ദുബൈയില്‍ ലേബര്‍ ക്യാമ്പും ഷാര്‍ജയില്‍ ഇന്ത്യന്‍ സ്‌കൂളിന്റെ സ്വീകരണവും പൗരസ്വീകരണവും വിവിധ വ്യവസായികളുമായിട്ടുളള കൂടിക്കാഴ്ചകളും എന്റെ സന്ദര്‍ശനത്തിന് പുതിയ അര്‍ഥതലങ്ങളാണ് സമ്മാനിച്ചത്. കക്ഷി രാഷ്ട്രീയത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിച്ചുകൊണ്ടാണ് ബഹറൈന്‍ മലയാളികള്‍ എന്നെ സ്വീകരിച്ചത്. വികസന കാര്യങ്ങളില്‍ കേരളം സ്വീകരിക്കേണ്ട മാതൃകയുടെ പ്രതിഫലനമായിരുന്നു ഇത്.

എല്ലാ കൂടിക്കാഴ്ചകളിലും ഗള്‍ഫ് ഭരണാധികാരികള്‍ മലയാളി സമൂഹവുമായുള്ള നൂറ്റാണ്ടുകളുടെ സഹകരണത്തെക്കുറിച്ച് വികാരവായ്‌പ്പോടെ ഒട്ടേറെ കാര്യങ്ങള്‍ പങ്കുവെച്ചു. തന്റെ മുതുമുത്തച്ഛന്റെ ഏറ്റവും പ്രധാനപ്പെട്ട സഹായി ഒരു മലയാളിയായിരുന്നു എന്ന കാര്യം ബഹ്‌റൈന്‍ പ്രധാനമന്ത്രി ആവര്‍ത്തിച്ചു പറഞ്ഞു. ബഹ്‌റൈന്‍ എന്ന രാജ്യത്തിന്റെ ജനസംഖ്യയില്‍ 20 ശതമാനം മലയാളികളാണെന്നതു കൊണ്ടുതന്നെ കേരളത്തിന് ഒരു രാജ്യത്തിന്റെ പദവി തങ്ങള്‍ നല്‍കുന്നുവെന്ന് ബഹ്‌റൈന്‍ ക്രൗണ്‍ പ്രിന്‍സും ഫസ്റ്റ് ഡെപ്യൂട്ടി പ്രൈമിനിസ്റ്ററുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ പറഞ്ഞതില്‍നിന്നു തന്നെ എനിക്കു കിട്ടിയ സ്വീകരണത്തിന്റെ വിസ്തൃതി മനസ്സിലാവും. നമ്മള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങളോട് ബഹ്‌റൈന്‍ വളരെ അനുകൂലമായിട്ടാണ് പ്രതികരിച്ചത്. തന്റെ കാര്യാലയത്തില്‍ ഈ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന ഉറപ്പും ക്രൗണ്‍ പ്രിന്‍സ് നല്‍കി. മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ ഓരോന്നും പരിഗണന അര്‍ഹിക്കുന്നതാണെന്ന് കണ്ടെത്തിയ അദ്ദേഹം ബന്ധപ്പെട്ട ക്യാബിനറ്റ് മന്ത്രിമാരുടെ സാന്നിധ്യത്തില്‍ത്തന്നെ നടപടിക്കായി നിര്‍ദ്ദേശം നല്‍കി. ബഹ്‌റൈന്റെ വിദേശനിക്ഷേപങ്ങളില്‍ നേരിട്ടിടപെടുന്ന ബഹ്‌റൈന്‍ ഇക്കണോമിക് ഡവലപ്പ്‌മെന്റ് ബോര്‍ഡിനെയാണ് നിക്ഷേപക സംഗമത്തിന് അദ്ദേഹം പങ്കാളിയാക്കിയത്.

നിക്ഷേപത്തിന്റെ കാര്യത്തിലുളള നമ്മുടെ പുതിയ കാഴ്ചപ്പാട് വിവിധ വേദികളില്‍ ഊന്നിപ്പറയാന്‍ ഈ സന്ദര്‍ശനവേളകള്‍ അവസരം നല്‍കി. പ്രവാസികളുടെ നിക്ഷേപത്തിന് നമ്മള്‍ ഗ്യാരണ്ടി നല്‍കും. സര്‍ക്കാറിനെ വിശ്വസിച്ചുകൊണ്ടാണ് അവര്‍ വരുന്നത്. അവര്‍ അഭിമുഖീകരിക്കുന്ന ഏതൊരു പ്രശ്‌നവും പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ത്തന്നെ സംവിധാനമുണ്ടാവും. വന്‍കിട നിക്ഷേപങ്ങള്‍ സ്വീകരിക്കാനുളള KIIFB ക്കു പുറമെ പ്രവാസനിക്ഷേപ ബോര്‍ഡ് രൂപവത്കരിക്കുന്നതാണ്. നോര്‍ക്കയുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തി പ്രവാസികളുടെ നാനാവിധമായ പ്രശ്‌നങ്ങള്‍ സമൂലമായി പരിഹരിക്കും.
പ്രവാസികള്‍ ഗള്‍ഫ് നാടുകളില്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍ വിദ്യാഭ്യാസ-ആതുര മേഖലയുമായി ബന്ധപ്പെട്ടതാണ്. കേരള സര്‍ക്കാറിന്റെയും അറേബ്യന്‍ ഭരണകൂടങ്ങളുടെയും സഹായത്തോടെ വിദ്യാഭ്യാസ-ആരോഗ്യ സമുച്ചയങ്ങള്‍ നിര്‍മിക്കുക, ഇരു ഭൂമികകളുടെയും സാംസ്‌കാരിക വിനിമയത്തിനുളള സ്ഥാപനങ്ങള്‍ രൂപവത്കരിക്കുക, നിക്ഷേപങ്ങള്‍ ത്വരിതപ്പെടുത്താന്‍ സംവിധാനങ്ങള്‍ ഒരുക്കുക, ബഹ്‌റൈന്റെ സഹായത്തോടെ എറണാകുളത്ത് ഫൈനാന്‍ഷ്യല്‍ ഹബ് രൂപീകരിക്കുക, ഗള്‍ഫ് മേഖലയിലേക്ക് കേരളത്തില്‍നിന്നുള്ള ഭക്ഷ്യകയറ്റുമതി വര്‍ധിപ്പിക്കുക എന്നിങ്ങനെയുളള ആവശ്യങ്ങള്‍ക്കെല്ലാം അനുകൂല പ്രതികരണമാണുളവായത്.
കേരളത്തില്‍ നിക്ഷേപം നടത്താന്‍ ഗള്‍ഫിലെ ഒട്ടേറെ ഏജന്‍സികള്‍ക്ക് താല്‍പര്യമുണ്ട്. ഇതിനുളള അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് ഏറ്റവും പ്രധാനം. കേരളം നിക്ഷേപത്തിന് അനുയോജ്യമല്ലാത്ത സംസ്ഥാനമെന്ന ദുഷ്പ്രചരണത്തെ ഒരു പരിധിവരെ മുറിച്ചുകടക്കാന്‍ വിവിധ കൂടിക്കാഴ്ചകളും സംഗമങ്ങളും സഹായിച്ചു.
ഏതു സാഹചര്യത്തിലും പ്രവാസികളുടെ കൂടെ സര്‍ക്കാരുണ്ടാവും. നല്ല ജോലി കിട്ടാതിരിക്കുക, കിട്ടിയ ജോലി നഷ്ടപ്പെടുക, തൊഴിലുടമകളുടെ വഞ്ചന, രോഗങ്ങള്‍, മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുളള നൂലാമാലകള്‍, യാത്രാക്ലേശം, രോഗിയായി നാട്ടിലെത്തിയാല്‍ ജീവിക്കാന്‍ കഴിയാത്ത സാഹചര്യം എന്നിങ്ങനെ പ്രവാസികള്‍ നേരിടുന്ന ഓരോ പ്രശ്‌നത്തിലും താങ്ങും തണലുമായി സര്‍ക്കാര്‍ ഒപ്പമുണ്ടാവും. ജോലി നഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക് മറ്റൊരു തൊഴില്‍ കിട്ടുന്നതുവരെ ആറു മാസത്തെ ശമ്പളം തൊഴില്‍ നഷ്ട സുരക്ഷ എന്ന നിലക്ക് നല്‍കാന്‍ ശ്രമിക്കും. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്ന സംഘടനകള്‍ക്ക് ധനസഹായം നല്‍കും. പ്രവാസികള്‍ക്ക് നിയമ സഹായം നല്‍കാന്‍ അഭിഭാഷക പാനല്‍ ആരംഭിക്കും. തൊഴില്‍ ആവശ്യമുളളവര്‍ക്കും തൊഴിലാളികളെ ആവശ്യമുളളവര്‍ക്കും സഹായകരമാകുന്ന ജോബ് പോര്‍ട്ടല്‍ ആരംഭിക്കും. തൊഴിലാളികളെ ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന ഉറപ്പും പ്രവാസികള്‍ക്ക് നല്‍കാനായി.

കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനിടെ ഒട്ടേറെ തവണ ഞാന്‍ എല്ലാ ഗള്‍ഫ് നാടുകളും സന്ദര്‍ശിച്ചിട്ടുണ്ട്. ഓരോ സന്ദര്‍ശനവും പുതിയ ഉള്‍ക്കാഴ്ച എനിക്ക് പ്രദാനം ചെയ്തിട്ടുണ്ട്. ഗള്‍ഫ് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. രണ്ടാമതൊരിടം എന്നു പറയുന്നതിനേക്കാള്‍ പ്രധാനം നമ്മുടെ സ്വന്തം വീടിനോട് തുല്യമായ തലമായിട്ടുവേണം ഈ പ്രദേശത്തെ കാണാന്‍. കേരളത്തിന്റെ ഇന്നത്തെ അവസ്ഥക്ക് ഏറ്റവും കൂടുതല്‍ പങ്ക് വഹിച്ചത് പ്രവാസികളാണ്. അവരുടെ ഓരോ ശ്വാസത്തിന്റെയും വില തിരിച്ചറിയുമ്പോള്‍ മാത്രമാണ് നമ്മുടെ പ്രവര്‍ത്തനം സാര്‍ഥകമാകുന്നത്.