Kerala
പള്‍സര്‍ സുനിയും വിജേഷും അറസ്റ്റില്‍; അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഉടന്‍ കൈമാറണമെന്ന് കോടതി
കൊച്ചി: എറണാകുളം എസിജെഎം കോടതിയില്‍ നിന്നും പിടികൂടിയ പള്‍സര്‍ സുനിയെയും വിജേഷിനെയും അന്വേഷണ ഉദ്യോഗസ്ഥര്‍ മുന്‍പാകെ ഹാജരാക്കാന്‍ കോടതി ഉത്തരവ്. കീഴടങ്ങാനെത്തിയ പ്രതികളെ കോടതിമുറിയില്‍ കയറി അറസ്റ്റ് ചെയ്തിനെതിരെ നല്‍കിയ ഹര്‍ജി നിരസിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാക്കാന്‍ എസിജെഎം ഉത്തരവിട്ടത്.
ഉച്ചയോടെ കോടതി മുറിയിലെത്തിയ പള്‍സര്‍ സുനിയെയും വിജേഷിനെയും പൊലീസ് ബലപ്രയോഗത്തിലൂടെയായിരുന്നു പിടികൂടിയത്.
എറണാകുളം സെന്‍ട്രല്‍ സിഐ അനന്ത്‌ലാലിന്റെ നേതൃത്വത്തിലായിരുന്നു കോടതിയില്‍നിന്ന് പള്‍സറിനെയും വിജേഷിനെയും പൊലീസ് പിടികൂടിയത്. ഇതിനെതിരെ പ്രതിഭാഗം അഭിഭാഷകര്‍ പ്രതിഷേധവുമായി എത്തി. പിന്നാലെയാണ് മജിസ്‌ട്രേറ്റിന് പരാതി നല്‍കി. പൊലീസ് കംപ്ലെയിന്റ്‌സ് അതോറിറ്റിക്കും പരാതി നല്‍കുമെന്നാണ് പ്രതിഭാഗം അഭിഭാഷകര്‍ പറഞ്ഞു. കസ്റ്റഡിയില്‍ ക്രൂരമര്‍ദ്ദനം ഏല്‍പ്പിക്കാനുളള സാധ്യതയുണ്ടെന്നും സുനിക്കായി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
ഉടന്‍ കോടതിയില്‍ ഹാജരാക്കണെന്ന പ്രതിഭാഗത്തിന്റെ ആവശ്യം തള്ളിയാണ് എത്രയുംവേഗം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാക്കാനും അറസ്റ്റ് രേഖപ്പെടുത്തി നടപടിക്രമമനുസരിച്ച് 24 മണിക്കൂറിനകം കോടതിയില്‍ ഹാജരാക്കാനും എസിജെഎം ഉത്തരവിട്ടത്. കോടതി മുറിയിലെ പ്രതിക്കൂട്ടില്‍ നിന്നും ബലം പ്രയോഗിച്ചാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തതെന്ന അഭിഭാഷകരുടെ വാദങ്ങള്‍ കോടതി പരിഗണിച്ചില്ല.