Connect with us

Kerala

നിലച്ചു, നിളയുടെ അവസാന കണ്ണീര്‍ തുള്ളിയും

Published

|

Last Updated

തൃശൂര്‍ :ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമത്തിന് ആക്കം പകരുമെന്ന ആശങ്കയുമായി ഭാരതപ്പുഴയുടെ വരള്‍ച്ച അതിരൂക്ഷമായി. പതിവിലും നേരത്തെ നീര്‍ച്ചാലായി മാറിയ നിളയുടെ പല ഭാഗങ്ങളിലും നീരൊഴുക്ക് പൂര്‍ണമായും നിലച്ചു. നിലവില്‍ അവശേഷിക്കുന്ന ജലക്കുഴികള്‍ പോലും വരണ്ടുണങ്ങി തുടങ്ങി. ഇതിനകം തന്നെ കുടിവെള്ളക്ഷാമം രൂക്ഷമായി തുടങ്ങിയ ഭാരതപ്പുഴയുടെ തീരപ്രദേശങ്ങള്‍ വേനലിന്റെ കാഠിന്യമേറുന്നതോടെ കൊടും വരള്‍ച്ചയാകും അഭിമുഖീകരിക്കേണ്ടി വരികയെന്നാണ് മുന്നറിയിപ്പുകള്‍.
കേരളത്തിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ നദിയായ ഭാരതപ്പുഴയുടെ ഈ കൊടും വരള്‍ച്ച സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ജലക്ഷാമവും വേനല്‍ കെടുതികളും നേരിടുന്ന പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളെയാണ് പ്രതികൂലമായി ബാധിക്കുക. ഈ മൂന്ന് ജില്ലകളിലുമായി 40 ലക്ഷത്തോളം കുടുംബങ്ങളാണ് പരോക്ഷമായും പ്രത്യക്ഷമായും ഭാരതപ്പുഴയെ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്. പശ്ചിമഘട്ടത്തിലെ ആനമലയില്‍ നിന്നുമുത്ഭവിച്ച് 209 കിലോമീറ്റര്‍ സഞ്ചരിക്കുന്ന ഭാരതപ്പുഴ കേരളത്തിലെ ഈ മൂന്ന് ജില്ലകളിലായുള്ള എട്ട് പ്രധാന നഗരസഭകളിലൂടെയും 175 ഗ്രാമ പഞ്ചായത്തുകളിലൂടെയുമാണ് കടന്നുപോകുന്നത്. ഈ പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും പുറമെ സമീപ പഞ്ചായത്തുകളുടെ കൂടി പ്രധാന ജലസ്രോതസ്സാണ് ഭാരതപ്പുഴ. ഇവിടങ്ങളില്‍ ജലവിഭവ വകുപ്പ് വഴിയും മറ്റുമായി നടപ്പാക്കിയിട്ടുള്ള പ്രധാന കുടിവെള്ള പദ്ധതികളുടെയെല്ലാം ഉറവിടം ഭാരതപ്പുഴയാണെന്നിരിക്കെ ഇത്തവണത്തെ വരള്‍ച്ചയുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ പ്രവചനാതീതമായിരിക്കും.
സാധാരണ ഗതിയില്‍ മാര്‍ച്ച് അവസാനത്തിലും ഏപ്രില്‍ ആദ്യത്തിലുമായാണ് ഭാരതപ്പുഴ വറ്റിവരളാറുള്ളത്. എന്നാല്‍ ഇത്തവണ മഴയിലുണ്ടായ വന്‍ കുറവ് ഭാരതപ്പുഴയെയും വലിയതോതില്‍ ബാധിച്ചു. പ്രതിവര്‍ഷം 1,552.3 ക്യുബിക് മില്ലിമീറ്റര്‍ ജലലഭ്യതയാണ് ഭാരതപ്പുഴക്കുളളത്. 1,341.2 ക്യുബിക് മില്ലിമീറ്റര്‍ ഉപരിതല ജലവും 211.1 ക്യുബിക് മില്ലിമീറ്റര്‍ ഭൂഗര്‍ഭ ജലവും. മഴ കുറഞ്ഞതോടെ ഉപരിതല ജലത്തിന്റെ അളവ് കുത്തനെ കുറഞ്ഞു. മണല്‍ വാരലും മറ്റുമായുള്ള പുഴ നശീകരണത്തോടെ ഭൂഗര്‍ഭ ജലവും ഇല്ലാതായ അവസ്ഥയാണ്. നവംബര്‍- ഡിസംബര്‍ മാസങ്ങളില്‍ തന്നെ നിള നീര്‍ച്ചാലായി മാറിക്കഴിഞ്ഞിരുന്നു. മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളില്‍ വരള്‍ച്ച കൂടുമ്പോള്‍ മലമ്പുഴയുള്‍പ്പെടെയുള്ള ഡാമുകള്‍ തുറന്ന് വിട്ട് ജലമെത്തിക്കാറാണ് പതിവ്. എന്നാല്‍ ഇത്തവണ മലമ്പുഴ ഡാം നേരത്തെ തന്നെ തുറന്ന് വിട്ടിരുന്നു. എന്നിട്ടും മാര്‍ച്ച് മാസം എത്തും മുമ്പ് തന്നെ നീരൊഴുക്ക് പൂര്‍ണമായും നിലച്ച അവസ്ഥ അധികൃതരെയും അങ്കലാപ്പിലാക്കിയിരിക്കുകയാണ്.
വടക്കുകിഴക്കന്‍ കാറ്റ് നിലച്ചതും സൂര്യതാപത്തിന്റെ തോത് 40 ഡിഗ്രി വരെ ഉയര്‍ന്നതും ഭാരതപ്പുഴയുടെ വരള്‍ച്ചയുടെ വേഗം കൂട്ടിയിരിക്കുകയാണ്. പുഴ വറ്റി വരണ്ട് തുടങ്ങിയതോടെ സമീപ പ്രദേശങ്ങളിലെ കിണറുകളും കുളങ്ങളുമുള്‍പ്പെടെയുള്ള ജലസ്രോതസ്സുകളുടെ ജലനിരപ്പും കുത്തനെ കുറഞ്ഞു. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ കുടിവെള്ള പദ്ധതി പ്രദേശങ്ങളില്‍ പുഴയില്‍ ജെ സി ബി ഉപയോഗിച്ച് കുഴിയെടുത്തും ചാലുകീറിയുമെല്ലാമാണ് കഴിഞ്ഞ മാസങ്ങളില്‍ ശുദ്ധ ജലവിതരണം നടത്തി വന്നത്. പമ്പ് ഹൗസുകള്‍ക്ക് സമീപം പല പഞ്ചായത്തുകളും മണല്‍ ചാക്കുകള്‍ കൊണ്ട് ജനകീയ തടയണകള്‍ തീര്‍ത്തും പ്രതിരോധത്തിനൊരുങ്ങിയിരുന്നു. എന്നാല്‍ ഇവയെല്ലാം ഇപ്പോള്‍ വരണ്ട് കഴിഞ്ഞു. ഭാഗികമായി നടത്തിവന്ന ജലസേചനവും ശുദ്ധജല വിതരണവും ദിവസങ്ങള്‍ക്കകം പൂര്‍ണമായി നിലക്കുമെന്ന അവസ്ഥയിലാണെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Latest