Gulf
സഊദിയിലെ ഈ അരി വാങ്ങാന്‍ ഇത്തിരി പുളിക്കും
ദമ്മാം: സഊദി കിഴക്കന്‍ പ്രവിശ്യയിലെ അല്‍ ഹസ്സയില്‍ വിളയുന്ന ഈ അരി വാങ്ങാന്‍ ചില്ലറ നല്‍കിയാല്‍ മതിയാകില്ല. ലോകത്തിലെ ഏറ്റവും വിലകൂടിയ അരിയായാണ് മരുഭൂമിയിലെ ഏറ്റവും വലിയ പച്ചത്തുരുത്തയ അല്‍ഹസ ഹുഫൂഫില്‍ സമൃദ്ധമായി വളരുന്ന “ഹസാവി” യെ കണക്കാക്കുന്നത്. കിലോ ഒന്നിന് 50 റിയാല്‍ (ഏകദേശം 850 ഇന്ത്യന്‍ രൂപ) വില വരും. ചുവന്ന നിറമാണ് ഇതിന് എന്നതിനാല്‍ ഹസാവി ചുവന്ന അരി എന്നു തന്നെ ആളുകള്‍ വിളിക്കുന്നു. പച്ചപ്പിന്റെയും കൃഷ്ടിയുടെയും ഈത്തപ്പഴ തോട്ടങ്ങളുടെയും മരുഭൂമിയിലെ അഹങ്കാരമാണ് ഹുഫൂഫ്. ഹുഫൂഫില്‍ വിളയുന്ന ഒരു വന്യ ധാന്യ വിളയാണ് ഹസാവി. ധാരാളം ലവണങ്ങളടങ്ങിയ മണ്ണിലാണ് സാധാരണയായി ഹസാവി വളരുക എന്നതാണ് ഇതിന്റെ പ്രത്യേകത. 6070 ശതമാനവും ശുദ്ധ ജലം ലഭ്യമാകുന്ന ഇടവുമാണ് അല്‍ ഹസ. ധാരാളം വെള്ളം ആവശ്യമായി വരുന്ന ഈ ധാന്യം വളരെ കഷ്ടപ്പെട്ടാണ് കൃഷിയിറക്കുന്നത്. ജല സ്രോതസ്സുക്കളുടെ ദൗര്‍ലഭ്യം ഈ വിളക്ക് കടുത്ത ഭീഷണി ഉയര്‍ത്തുന്നതായി കൃഷിക്കാരനായ ത്വാഹിര്‍ അല്‍ അഖര്‍ പറയുന്നു. ഈ വിളയുടെ കൃഷി രീതിയും വംശനാശ ഭീഷണിയും പ്രമേയമാക്കി ഡോക്യുമെന്ററികളും ഫീച്ചറുകളും ഇറങ്ങിയിട്ടുണ്ട്. നാട്ടിലെ നെല്‍ വിളയെപ്പോലെ മുഴുസമയ ജല സേജനം ആവശ്യമാണിതിന്.
മണ്ണ് കുഴഞ്ഞ വെള്ളത്തില്‍ നട്ടതിന് ശേഷം വിളയുന്നത് വരെ ആഴ്ചയില്‍ അഞ്ചു ദിവസവും തുടരെ ജലം എത്തിച്ചു കൊടുത്തുകൊണ്ടിരിക്കണം. പക്ഷെ ചൂടുപ്രദേശങ്ങളില്‍ മാത്രം വിളയുന്ന ഇനം കാര്‍ഷികോല്‍പന്നമാണ് ഹസാവി അരി. വിളഞ്ഞതിന് ശേഷം പാകമാകാന്‍ 48 ഡിഗ്രി ചൂട് ആവശ്യമാണ്. ഹസാവി അരിയില്‍ ധാരാളം കാര്‍ബോ ഹൈഡ്രേറ്റും പ്രോട്ടീനും ഫൈബറും മറ്റു പോഷക ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. എല്ലിനു ബലക്ഷയം സംഭവിച്ചവര്‍ക്കും, സന്ധിവാതം പിടിപെട്ടവര്‍ക്കും മുന്തിയ ഇനം ഔഷധമാണ് ഹസാവി. പ്രസവ ശുശ്രൂഷക്ക് നല്ലൊരു മരുന്നായും ഇത് ഉപയോഗിച്ച് വരുന്നു. സ്വഭാവഗുണം കൊണ്ട് പുറത്തെ ഉമിയും തോടും കളയാതെയാണ് ഹസാവി അരി കഴിച്ചിരുന്നത്. ബലക്ഷയമോ തളര്‍ച്ചയോ നേരിടുന്ന ആര്‍ക്കും ഹസാവി അരി വെച്ച് കഴിച്ചാല്‍ ക്ഷീണം പമ്പകടക്കും. കൃഷിക്കാരുടെ അഭാവം, കൃഷി ചെയ്യാനുള്ള പ്രയാസം, വളര്‍ച്ചാ കാലഘട്ടത്തിന്റെ ദൈര്‍ഘ്യം എന്നിവ കാരണം വളരെ വില കൂടുതലാണിന്ന്.
വേനല്‍ പോകുന്നതോടെയാണ് ഇതിന് കൃഷിയിറക്കുക. സാധാരണയില്‍ സെപ്തംബര്‍ ഒക്ടോബര്‍ മാസങ്ങളില്‍. അതിനു മുമ്പ് കര്‍ഷകര്‍ നിലം ഉഴുത് പാകമാക്കി വെക്കും. വിള പരിപാലനവും വളരെ കടുത്തതാണ്. ഫ്രാന്‍സ്, ഇറ്റലി, ഏഷ്യയിലെ ചില ഭാഗങ്ങളില്‍ എന്നിവിടങ്ങളിലാണ് പിന്നെ ഈ വിള അപൂര്‍വമായുള്ളത്. 20,000 ഹെക്ടറില്‍ മൂന്നു മില്യന്‍ ഈത്തപ്പനകളുള്ള ലോകത്തിലെ വലിയ തോട്ടവും അല്‍ ഹസ്സ തന്നെ. അല്‍ ഹസ്സയിലെ പാരമ്പര്യ ഭക്ഷണം ഐഷ് ഹസാവി(ഹസാവി ബ്രഡ്) ആണ്. പഴ വര്‍ഗങ്ങളും പച്ചക്കറികളും ധാരാളം വിളയുന്നുണ്ടീ മണ്ണില്‍. സാധാരണയില്‍ ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് സന്ദര്‍ശനത്തിനു പറ്റിയ സമയം.