Articles
മാപ്പിള മലയാളത്തിന്റെ ധീരമായ ചരിത്രം
മുസ്‌ലിം നവോത്ഥാനമെന്ന പേരില്‍ കേരളത്തില്‍ പ്രചരിക്കപ്പെടുന്ന പരിശ്രമങ്ങള്‍ അപകര്‍ഷതാബോധത്തില്‍ നിന്നു ഉരുവം കൊണ്ടവയാണ്. മുസ്‌ലിംകള്‍ക്കിടയില്‍ തങ്ങള്‍ ഒന്നിനും കൊള്ളാത്തവരാണെന്ന ധാരണ പ്രചരിപ്പിക്കേണ്ടത് ബ്രിട്ടീഷുകാരുടെ ആവശ്യമായിരുന്നു. കേരളത്തില്‍ തങ്ങളുടെ ഭരണ താത്പര്യങ്ങള്‍ക്കെതിരെ വീറോടെ പൊരുതി നിന്ന ഈ ജന വിഭാഗത്തെ ആത്മവിശ്വാസം കെടുത്തി അപമാനബോധത്താല്‍ തലതാഴ്ത്തി നിര്‍ത്തേണ്ടിയിരുന്നു അവര്‍ക്ക്. ഇതിന് വേണ്ടി ഭരണകൂടം ആവിഷ്‌കരിച്ച വ്യത്യസ്ത കര്‍മപദ്ധതികളുണ്ടായിരുന്നു. മുസ്‌ലിംകളുടെ മതഭക്തിയും ഭാഷയും സാഹിത്യ ശേഖരവുമെല്ലാം ഒറ്റയടിക്ക് നഷ്ടപ്പെട്ട് പോകാന്‍ കാരണമായതിന് പിന്നില്‍ ഒരു കൊടും ചതിയുടെ വേദനാജനകമായ കഥയുണ്ട്.
“”എണ്ണത്തില്‍ അധികമില്ലെങ്കിലും ലോക ചരിത്രത്തില്‍ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ഭാഗ്യം സിദ്ധിച്ച ഒരുല്‍കൃഷ്ട ജനവിഭാഗമാണ് കേരളത്തിലെ മാപ്പിള മുസ്‌ലിം സമുദായം. ഒരൊറ്റ പോരായ്മ മാത്രമേയുള്ളൂ. തങ്ങളാരെന്ന് അവര്‍ക്കറിയില്ല. അതവരെ വേണ്ടും വിധം ധരിപ്പിച്ചിട്ടില്ല. തന്നിമിത്തം തങ്ങളൊരു അധഃപതിച്ച ജനവിഭാഗമാണെന്ന് അവര്‍ ധരിച്ച് വെച്ചിരിക്കുകയാണ്. യഥാര്‍ഥത്തില്‍ അവരുടെ ജന്മവൈരികളായിരുന്ന ബ്രിട്ടീഷ് ഭരണാധികാരികളാണ് അവരെ ആ നിലക്ക് ചിത്രീകരിച്ച് ലോകസമക്ഷം പ്രദര്‍ശിപ്പിച്ചത്. അല്ലാതെ മറ്റൊരു ന്യായവുമതിനില്ല തന്നെ. ബ്രിട്ടീഷുകാരുമായി ഇടതടവില്ലാതെ പൊരുതിക്കൊണ്ടിരുന്ന മാപ്പിളമാരെ ഈ നിലക്ക് ചിത്രീകരിക്കുന്നത് അവരുടെ അന്തസ്സും ഭരണ ഭദ്രതയും നില നിര്‍ത്തുന്നതിന് ആവശ്യമായിരുന്നു. ഇവിടെ ഇസ്‌ലാം മതം കാലെടുത്തു വെച്ച കാലം മുതല്‍ക്ക് തന്നെ മാപ്പിളമാര്‍(മുസ്‌ലിംകള്‍) തങ്ങളുടെ വ്യക്തിത്വം ഉയര്‍ത്തിക്കാണിക്കാന്‍ തുടങ്ങിയിട്ടുണ്ട്.”” (കെ കെ മുഹമ്മദ് അബ്ദുല്‍ കരീം). ഇസ്‌ലാമിന്റെ ആവിര്‍ഭാവകാലം മുതല്‍ വ്യക്തിത്വം ഉയര്‍ത്തിപ്പിടിച്ച് ജീവിച്ച ഒരു ജനത എല്ലാം നഷ്ടപ്പെട്ടവരായി മാറിയത് കപട നവോത്ഥാനം ബ്രിട്ടീഷുകാരുമായി കൂട്ടുചേര്‍ന്ന് നടപ്പിലാക്കിയ കര്‍മപദ്ധതിയുടെ ക്രമബദ്ധമായ വിജയത്തോടെയായിരുന്നു.
കേരളത്തില്‍ ക്രമാനുഗതമായി വളര്‍ത്തിയെടുക്കപ്പെട്ടതാണ് മുസ്‌ലിം വ്യക്തിത്വം. അതത് കാലങ്ങളില്‍ പ്രവര്‍ത്തിച്ച മുസ്‌ലിം നവോത്ഥാന നായകരാണ് അതിന് നേതൃത്വം വഹിച്ചത്. മുസ്‌ലിം സമുദായം വീണ് പോയപ്പോയെല്ലാം ഈ നവോത്ഥാന ശ്രമങ്ങള്‍ നടന്നുകൊണ്ടിരുന്നു. ചരിത്രത്തില്‍ നിന്നും ഒരു ഉദാഹരണം പറയാം. “”പറങ്കികളുടെ ആഗമനത്തോടു കൂടി കേരളത്തിലുണ്ടായ സാമൂഹിക സംഘര്‍ഷവും സാന്‍മാര്‍ഗിക അധഃതനവും കണ്ട് മനം നൊന്ത അന്നത്തെ കേരളത്തിലെ കവികളത്രയും മനുഷ്യനെ ദൈവികവും ആധ്യാത്മികവുമായ പാന്ഥാവിലേക്ക് നയിക്കുവാന്‍ തീവ്രശ്രമങ്ങള്‍ നടത്തിയിരുന്നതിന്റെ ഉദാഹരണമാണ് എഴുത്തച്ഛന്റേയും ഖാസി മുഹമ്മദിന്റേയും കൃതികള്‍. എഴുത്തച്ഛന്‍ ഭാഷയിലൂടെ ഭക്തിപ്രസ്ഥാനത്തെ ജനകീയമാക്കുവാന്‍ ശ്രമിച്ചപ്പോള്‍ അതേ പ്രക്രിയതന്നെ അറബി മലയാളത്തിലൂടെ മുസ്‌ലിംകളുടെ ഇടയില്‍ പ്രചരിപ്പിക്കുകയാണ് ഖാളി മുഹമ്മദ് ചെയ്തത്. (അറബി മലയാളം. പുറം 27 ഡോ: സി കെ കരീം ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മാപ്പിള സ്റ്റഡീസ്.തൃശൂര്‍).
പതിനാറാം നൂറ്റാണ്ടില്‍ മുസ്‌ലിം കേരളം നേരിട്ട ഏറ്റവും വലിയ വെല്ലുവിളി പറങ്കികളുടെ കടന്ന് കയറ്റമായിരുന്നു. കേവലം രാഷ്ട്രീയ അധിനിവേശമായി ഇതിനെ ചുരുക്കിക്കാണാന്‍ മുസ്‌ലിം പണ്ഡിതന്മാരുടെ ദീര്‍ഘദൃഷ്ടി അനുവദിച്ചില്ല. അവര്‍ ഒരു സാംസ്‌കാരിക അധിനിവേശത്തെ ഭയപ്പെട്ടു. അത് തന്നെ സംഭവിക്കുകയും ചെയ്തു. നൂറ്റാണ്ടുകളായി മുസ്‌ലിം സമുദായം പരിപാലിച്ച് പോന്ന സാംസ്‌കാരിക വ്യക്തിത്വം പതുക്കെ തകര്‍ന്ന് കൊണ്ടിരുന്നു. ഇന്നും മുസ്‌ലിം സമുദായത്തില്‍ ഈ തകര്‍ച്ചയുടെ ആഴത്തിലുള്ള വടുക്കള്‍ മായാതെ നില്‍ക്കുന്നുണ്ട്.
പോര്‍ച്ചുഗീസ് കടന്നുകയറ്റത്തെ രണ്ട് രീതിയില്‍ അപഗ്രഥിച്ച് ചെറുക്കാനാണ് മുസ്‌ലിംകള്‍ ശ്രമിച്ചത്. ഒന്നാമതായി അവരുടെ രാഷ്ട്രീയ, സാമ്രാജ്യത്വ മോഹങ്ങളെ തകര്‍ക്കുക. ഇത് ദേശ സ്‌നേഹത്തന്റെ ഭാഗമായിരുന്നു. രണ്ടാമതായി സാംസ്‌കാരിക അധിനിവേശ ലക്ഷ്യങ്ങളെ ഉന്നംവെക്കുക. ഇത് മതപ്രതിബദ്ധയുടെ ഭാഗമായിരുന്നു. രണ്ടും സാധിച്ചു മുസ്‌ലിംകള്‍. മത പണ്ഡിതന്മാര്‍ ഇതിന് ആവേശം പകര്‍ന്നു. കുഞ്ഞാലിമരക്കാര്‍ സഹോദരങ്ങള്‍ കടലില്‍ സാമ്രാജ്യത്വ പിശാചുക്കളോട് പടവെട്ടി. രാഷ്ട്രീയ സാംസ്‌കാരിക അധിനിവേശത്തിനെതിരെയുള്ള ധീരോധാത്തങ്ങളായ പോരാട്ടങ്ങളെ പിന്തുണച്ച് കൊണ്ട് സൈനുദ്ദീന്‍ മഖ്ദൂമിന്റെ വിശ്വോത്തര ഗ്രന്ഥം തുഹ്ഫതുല്‍ മുജാഹിദീന്‍ വിരചിതമായി. ഖാസി മുഹമ്മദിന്റെ ഫതഹുല്‍ മുബീന്‍ പോരാളികള്‍ക്ക് ആവേശമായി. മമ്പുറം തങ്ങളുടെ അസ്സൈഫുല്‍ ബത്താര്‍ ഉമര്‍ ഖാളിയുടെ നികുതി നിഷേധ പോരാട്ടങ്ങളെ ജ്വലിപ്പിച്ചു. മുന്നൂറിലധികം ചെറുതും വലുതുമായ യുദ്ധങ്ങള്‍ അധിനിവേശ ശക്തികള്‍ക്കെതിരെയുള്ള ചെറുത്ത് നില്‍പ്പിന്റെ ഭാഗമായി മുസ്‌ലിംകള്‍ക്ക് നടത്തേണ്ടി വന്നിട്ടുണ്ട്. ഈ സമരപോരാട്ടങ്ങളുടെ അഭാവത്തില്‍ മുസ്‌ലിം കേരളത്തിന്റെ ചരിത്രം തന്നെ മാറിമറിയുമായിരുന്നു.
മുസ്‌ലിം സമുദായം അന്തസ്സ് മുറ്റിനിന്ന ഈ ഘട്ടംമുതല്‍ തന്നെ ഔന്നത്യത്തിന്റെ ഗിരിശിഖിരത്തില്‍ നിന്നും അവരെ വലിച്ചു താഴെയിടാനുള്ള ഗൂഢമായ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. സര്‍വരംഗങ്ങളിലും വളര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന ഈ വടവ്യക്ഷത്തെ വെട്ടി താഴെയിടാന്‍ കേവലം കോടാലി മതിയാകില്ലെന്നും അതിനൊരു കൈകൂടി വേണമെന്നും വൈദേശിക ശക്തി മനസ്സിലാക്കി. അവര്‍ മരത്തില്‍ നിന്ന് തന്നെ ഒരു കോടാലി കൈവശപ്പെടുത്തിക്കൊണ്ടിരിക്കുകയായിരുന്നു. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഇസ്‌ലാമിന്റെ എന്നത്തേയും വൈരികള്‍ക്ക് കോടാലി കൈകളായി നിന്ന് കൊടുക്കാന്‍ കേരളത്തില്‍ ഒറ്റുകാരുണ്ടായി.
കേരളത്തില്‍ മുസ്‌ലിംകള്‍ എന്നും വിജ്ഞാനത്തിന്റെ അമരത്ത് തന്നെ നില കൊണ്ടവരാണ്. അക്ഷരജ്ഞാനമില്ലാതെ ഒരു കാലം മുസ്‌ലിംകള്‍ക്ക് ചരിത്രത്തില്‍ കഴിഞ്ഞ് പോയിട്ടില്ല. ഗ്രന്ഥരചനക്ക് പക്ഷെ, അറബി ഭാഷയെ ആശ്രയിക്കേണ്ടിയിരുന്നു. മലയാളം ഒരു പ്രാദേശിക വാമൊഴി ഭാഷയായി നില നില്‍ക്കുകയായിരുന്നു. അതിന് ലിപിയില്ലായിരുന്നു. അത്ഭുതകരമായൊരു മഹാചരിത്ര സൃഷ്ടിപ്പിലൂടെ ഈ പരിമിതി പില്‍ക്കാലത്ത് മുസ്‌ലിംകള്‍ അതിജീവിച്ചു. അത് വരേക്കും മുസ്‌ലിം പണ്ഡിതന്മാര്‍ അറബി ഭാഷയെ ആശ്രയിച്ച് പോന്നു. കേരളത്തില്‍ അറബി ഭാഷയുടെ വികാസവും പ്രചാരവും ഇത് മൂലം സാധ്യമായി. സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍, സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍, ഉസ്മാനുബ്ന്‍ ജമാലുദ്ദീന്‍, ഖാളി മുഹമ്മദ്, ഉമര്‍ഖാളി, ശുജായി മൊയ്തു മുസ്‌ലിയാര്‍, സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍, ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി, പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, കിടങ്ങയം ഇബ്‌റാഹീം മുസ്‌ലിയാര്‍, അഹ്മദ് കോയ ശാലിയാത്തി തുടങ്ങിയ മഹാരഥന്‍മാര്‍ വിജ്ഞാനത്തെ ജ്വലിപ്പിച്ചു നിര്‍ത്തിയ നവോത്ഥാന നായകരായിരുന്നു. ആ മഹാ പ്രതിഭകള്‍ ഒഴുക്കി പരത്തിവിട്ട വിജ്ഞാനത്തിന്റെ മഹാ പ്രവാഹത്തെ സമസ്ത കേരള ജംഇയ്യതുല്‍ ഉലമ മുന്നോട്ട് നയിക്കുന്നതാണ് പിന്നീട് നാം വായിക്കുന്നത്. സമസ്തയുടെ സ്ഥാപകനേതാക്കളില്‍ പ്രമുഖരായ അഹ്മദ് കോയ ശാലിയാത്തി, അമ്പതോളം രചനകള്‍ നടത്തി വിജ്ഞാന പ്രവാഹത്തിന് ശക്തി പകര്‍ന്നു. പാങ്ങില്‍ എ പി അഹ്മദ് മുസ്‌ലിയാര്‍ പന്ത്രണ്ട് മഹാ രചനകള്‍ മുസ്‌ലിം കേരളത്തിനായി സമര്‍പ്പിച്ചു. കിടങ്ങയം ഇബ്‌റാഹിം മുസ്‌ലിയാര്‍ പത്തിലേറെ ഭാഷകള്‍ കൈകാര്യം ചെയ്ത മഹാ പ്രതിഭയായിരുന്നു. ഇദ്ദേഹം രചിച്ച വൈദ്യശാസ്ത്ര ഗ്രന്ഥം ആയിരം ഔഷധങ്ങളുടെ സര്‍വോപയോഗങ്ങളും വിശദീകരിക്കുന്നു.
നവോത്ഥാന പരിശ്രമങ്ങളുടെ ഈ തുടര്‍ച്ച പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാരില്‍ നിന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരിലേക്കും വരക്കല്‍ മുല്ലക്കോയ തങ്ങളില്‍ നിന്ന് താജുല്‍ ഉലമയിലേക്കും ചേര്‍ന്ന് നില്‍ക്കുന്ന ഈ ഘട്ടത്തിലും വിജ്ഞാനത്തിന്റെ ഒഴുക്ക് നിലച്ച് പോകുന്നില്ല. സര്‍വ ഭാവങ്ങളോടെയും അത് ശക്തമായി നിലനില്‍ക്കുന്നു. ജീവിച്ചിരിക്കുന്നവരും തൊട്ടടുത്ത് മരണപ്പെട്ടവരുമായ കേരളീയ മുസ്‌ലിം പണ്ഡിതന്‍മാരുടെ അറബി രചനകള്‍ മാത്രം പരിശോധിച്ചാല്‍ മതി, നവോത്ഥാന പരിശ്രമങ്ങളുടെ തുടര്‍ച്ച ചേര്‍ന്ന് നില്‍ക്കുന്ന താവഴി ഏതെന്ന് വ്യക്തമാകുന്നതാണ്.
മുസ്‌ലിംകള്‍ക്ക് പക്ഷേ, മത പ്രബോധനത്തിനും വൈജ്ഞാനിക മുന്നേറ്റത്തിനുമായി അറബി ഭാഷ മാത്രം മതിയാകുമായിരുന്നില്ല. സാധാരണ ജനങ്ങളില്‍ ഇസ്‌ലാമിന്റെ ചൈതന്യവും മതഭക്തിയും നിതാന്തമായി നില നിര്‍ത്തേണ്ടതുണ്ടായിരുന്നു. ഇവിടെയാണ് മുസ്‌ലിം സമുദായം പുതിയ ചരിത്രം സൃഷ്ടിക്കുന്നത്. അറബി മലയാള ഭാഷയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ മഹാചരിത്രം ഇവിടെ ആരംഭിക്കുന്നു.
“”ഒരു മനുഷ്യന്‍ ഇസ്‌ലാമില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ നമസ്‌കാരാദികര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിനും ഖുര്‍ആന്‍ പാരായണം ചെയ്യാനും അറബി ഭാഷ വായിക്കാനെങ്കിലും പഠിച്ചിരിക്കണമല്ലോ. പക്ഷേ, ഇത് മാത്രം പോര, ഇസ്‌ലാമിക കര്‍മങ്ങള്‍ അനുഷ്ഠിക്കാന്‍ പഠിപ്പിക്കണം. വിശ്വാസ സിദ്ധാന്തങ്ങളും നബിയുടെ ചര്യകളും പഠിപ്പിക്കണം. അതെല്ലാം മലയാള ഭാഷയില്‍ ഈ അറബി മലയാള ലിപി ഉപയോഗപ്പെടുത്തി പഠിപ്പിച്ച് കൊണ്ട് പോന്നു.”” (കെ കെ, മുഹമ്മദ് അബ്ദുല്‍ കരീം)
നമ്മുടെ അഭിനവ നവോത്ഥാനം സംഭവിക്കുന്നതിന്റെയും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മുസ്‌ലിംകള്‍ അവരുടെ മത ചൈതന്യവും വിജ്ഞാന പ്രചരണവും നില നിര്‍ത്തുന്നതിന് ഭാഷ തടസ്സമാകുന്നു എന്ന് കണ്ടപ്പോള്‍ ഒരു പുതിയ ഭാഷ തന്നെ നിര്‍മിക്കുന്ന അത്ഭുതമാണ് ചരിത്രത്തില്‍ നാം വായിക്കുന്നത്. അറബി ഉള്‍പ്പടെയുള്ള ഭാഷകളില്‍ നിന്നും അക്ഷരങ്ങള്‍ പകര്‍ന്ന് നല്‍കി അറബി മലയാളത്തെ സമ്പന്നവും സമ്പൂര്‍ണവുമായ ഒരു ഭാഷയായി പരിവര്‍ത്തിപ്പിക്കുക വഴി മുസ്‌ലിംകള്‍ പുതിയ ഉത്ഥാനം സാധ്യമാക്കി. അറബി മലയാള ഭാഷയുടെ പുഷ്‌കലമായ ചരിത്രത്തിലൂടെ സഞ്ചരിക്കുക ആവേശകരമാണ്. അറബി മലയാളം കേവലം ലിപി മാത്രമായിരുന്നില്ല. ലക്ഷണമൊത്ത ഒരു ഭാഷ തന്നെയായിരുന്നു. സാക്ഷാല്‍ മലയാള ഭാഷയെപ്പോലും പോഷിപ്പിച്ച് പരിപാലിക്കാന്‍ മാത്രം സമ്പന്നമായിരുന്നു ആ ഭാഷ.
“”അറബി മലയാള ഭാഷ സ്വതന്ത്രമായി വളര്‍ന്ന് ഒരു വലിയ വിഭാഗം ജനങ്ങളുടെ വ്യവഹാര ഭാഷയായും തീര്‍ന്നിരുന്നു, ഒരു ഭാഷക്കാവശ്യമായ നിബന്ധനകളും ശൈലികളും വ്യാകരണങ്ങളും എല്ലാം ഉള്‍ക്കൊണ്ട് കൊണ്ട് അത് പുഷ്‌കലമായി. വ്യാകരണ ഗ്രന്ഥങ്ങളും നിഘണ്ടുകളും നാനാര്‍ഥ പര്യായ ഗ്രന്ഥങ്ങളും അറബി മലയാളത്തില്‍ വളരെ മുമ്പ് തന്നെ സ്ഥലം പിടിച്ചു. വെറും പ്രാദേശിക ശൈലിയായിരുന്ന മലയാള ഭാഷയെ അംഗീകൃതമായ ഒരു വ്യവസ്ഥാപിത ഭാഷയായി ആദ്യകാലത്ത് മാറ്റിയത് അറബി മലയാളം വഴിയായിരുന്നു. മുഹ്‌യിദ്ദീന്‍ മാല വിരചിതമാകുന്ന പതിനാറാം നൂറ്റാണ്ടില്‍ അറബി മലയാളം ഉല്‍കൃഷ്ടമായി വികാസം പ്രാപിച്ചിരുന്നു. എ, ഏ, ഒ, ഓ എന്നീ സ്വരചിഹ്നങ്ങളും ക, ങ, ച, ജ, ഞ, ട, ണ, ത, ദ, ന, പ, ബ, മ, യ, ര, ല, വ, ശ, സ, ള എന്നീ വ്യഞ്ജനാക്ഷരങ്ങളും മുഹ്‌യുദ്ദീന്‍ മാലയുടെ രചനക്ക് ഉപയോഗിച്ചിട്ടുള്ളതായി കാണാം. എഴുത്തച്ഛന്റെ സമകാലികനായ ഒരു മാപ്പിള കവി സാമ്രാട്ട് തന്റെ മഹാ കാവ്യത്തില്‍ മേലുദ്ധരിച്ച സ്വര ചിഹ്നങ്ങളും വ്യഞ്ജനങ്ങളും നിര്‍ലോഭം പ്രയോഗിച്ച് കാണുന്നതില്‍ നിന്നും ഊഹിക്കാവുന്നത് അറബി മലയാള ഗദ്യ ശൈലിയും ഭാഷയും, എഴുത്തച്ഛനെ വളരെ സ്വാധീനിച്ചിരിക്കണമെന്നത്രെ. അറബി മലയാളത്തില്‍ നിന്നുള്ള അക്ഷരങ്ങളും ചില ചിഹ്നങ്ങളും വ്യജ്ഞനങ്ങളും അതേപടി അംഗീകരിക്കുകയാണോ എഴുത്തച്ഛന്‍ ചെയ്തത് എന്ന കാര്യം തറപ്പിച്ച് പറയാനാവുകയില്ലെങ്കിലും ഭാഷാ പണ്ഡിതന്മാരുടേയും ഗവേഷകന്മാരുടേയും പരിഗണനയുടെ പടിവാതില്‍ക്കല്‍ ഞാനിതവതരിപ്പിക്കുകയാണ്.”” (ഡോ: സി കെ കരീം, അറബി മലയാളം പുറം. 24-28)
ഭാഷയുടെ പുനരുത്ഥാനവും പുതുനിര്‍മിതിയും സാധ്യമായതോടെ സാഹിത്യ നിര്‍മ്മിതിയിലും വിജ്ഞാനപ്രചാരണത്തിലും ഒരു വന്‍ കുതിപ്പ് തന്നെ മുസ്‌ലിംകള്‍ നടത്തുകയുണ്ടായി. മത പണ്ഡിതന്മാരും എഴുത്തുകാരും കവികളുമെല്ലാം ഈ മുന്നേറ്റത്തിന് മഹത്തായ സംഭാവനകള്‍ അര്‍പ്പിച്ചു. വിജ്ഞാനത്തിന്റെ പുഷ്‌കല കാലം. ഗദ്യ പദ്യസാഹിത്യങ്ങളുടെ തുടിപ്പ് തുടിച്ചുനിന്ന കാലം. മുസ്‌ലിംകളുടെ മതഭക്തിയും വിജ്ഞാന തൃഷ്ണയും ദേശസ്‌നേഹവും ഉത്തേജിപ്പിച്ചു നിര്‍ത്തി ഈ സാഹിത്യ സൃഷ്ടികള്‍. വിജ്ഞാനത്തിന്റെ പരന്നൊഴുക്ക് സാധ്യമായതോടെ വൈജ്ഞാനിക നവോത്ഥാനത്തിന് ഒരിക്കല്‍ കൂടി കളമൊരുങ്ങി. മത പ്രബോധകന്മാര്‍ക്ക് മുമ്പില്‍ അനന്തമായസാധ്യതകളുടെ വാതായനങ്ങള്‍ തുറന്നു. മുസ്‌ലിംകളുടെ വിശ്വാസവും വ്യക്തിപ്രഭാവവും പരിരക്ഷിക്കുന്നതിന് അറബിമലയാള ഭാഷ സഹായകമായി. മുഹ്‌യിദ്ദീന്‍ മാല, രിഫാഈ മാല, കപ്പപ്പാട്ട്, ആദിമുതല്‍ പുരാണം, മിഅ്‌റാജ് പാട്ടുകള്‍, ദാനിയാല്‍ നബി ഖിസ്സപ്പാട്ട്, മുഅ്ജിസത്ത് മാല, ഈസാ നബി ഖിസ്സപ്പാട്ട്, തൃക്കാല്ല്യാണപ്പാട്ട്, നൂല്‍ മാല, വഫാത് ഖിസ്സപ്പാട്ട്, ഇബ്‌റാഹീം ബിന്‍ അദ്ഹം ഖിസ്സപ്പാട്ട്, ബദര്‍ പടപ്പാട്ട്, ഉഹ്ദ് പടപ്പാട്ട്, മലപ്പുറം പടപ്പാട്ട്, ഹിജ്‌റപ്പാട്ട്, ചേറൂര്‍ പടപ്പാട്ട്, സഫലമാല…. ഇവിടെ തീരുന്നില്ല ഈ പട്ടിക.
ഭക്തി തുടിക്കുന്ന കാവ്യങ്ങളിലൂടെ ചരിത്രവും കര്‍മശാസ്ത്ര വിധികളും അനുഷ്ഠാന മുറകളുമെല്ലാം മുസ്‌ലിം സമുദായം പഠിച്ചെടുത്തു. ഗദ്യ ലോകത്ത് അത്ഭുതകരമായ രചനകളാണ് നടന്നത്. “”ഗദ്യ ഭാഷയിലേക്ക് മുസ്‌ലിം പണ്ഡിതന്‍മാരുടെ ശ്രദ്ധ തിരിഞ്ഞപ്പോള്‍ ഏതെല്ലാം വിഷയങ്ങളാണ് അവര്‍ കൈകാര്യം ചെയ്തിരിക്കുന്നത്? ഒരു വിഷയവും വാസ്തവത്തില്‍ അവര്‍ ഒഴിവാക്കിയില്ല. ഫിഖ്ഹ്, ആധ്യാത്മിക വിഷയങ്ങള്‍, ചരിത്രം, നോവലുകള്‍, നിഘണ്ടുകള്‍, പത്രമാസികകള്‍ മുതലായ എല്ലാ തലങ്ങളിലും അവര്‍ പ്രവേശിച്ചു. എല്ലാം അവര്‍ കൈകാര്യം ചെയ്ത് കൊണ്ട് പോന്നു. ഒന്നിലും അവര്‍ പിന്നിലായിരുന്നില്ല. (അഭിനവ നവോത്ഥാനക്കാര്‍ വായിക്കണം). ആദം മുതല്‍ 1914 ലെ ഖലീഫ അബ്ദുല്‍ ഹമീദ് ഖാന്‍ വരെയുള്ള ലോക മുസ്‌ലിം ചരിത്രം മൂന്ന് കനത്ത വാല്യങ്ങളിലായി അവര്‍ പ്രസിദ്ധീകരിച്ചു. പേര് ഫത്ഹുല്‍ ഫത്താഹ്; ഗ്രന്ഥ കര്‍ത്താവ് കുളങ്ങര വീട്ടില്‍ ശുജാഇ മൊയ്തു മുസ്‌ലിയാര്‍.””(മഹത്തായ മാപ്പിള പാരമ്പര്യം പുറം: 50-51)
അറബി ഭാഷക്ക് ശേഷം വിശിഷ്യാ കേരള മുസ്‌ലിംകളെ അന്തസ്സോടെ തല ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കാന്‍ പ്രാപ്തരാക്കിയത് അറബിമലയാള ഭാഷയായിരുന്നു. അവരുടെ മത ഭക്തിയെ അത് ജ്വലിപ്പിച്ചു നിര്‍ത്തി. പോരാട്ട വീര്യത്തെ ഉത്തേജിപ്പിച്ചു. വിജ്ഞാന തൃഷ്ണയെ ഉണര്‍ത്തി. ചരിത്ര ബോധത്തേയും അന്വേഷണ ത്വരയേയും ആവേശം കൊള്ളിച്ചു. സര്‍ഗസാഹിത്യത്തിലും മുസ്‌ലിംകള്‍ വ്യക്തി മുദ്ര പതിപ്പിക്കുകയുണ്ടായി.
“”വൈജ്ഞാനിക-ദാര്‍ശനിക മണ്ഡലങ്ങളിലെ അമൂല്യങ്ങളായ സംഭാവനകള്‍ക്ക് പുറമെ ഗദ്യസാഹിത്യത്തില്‍ സര്‍ഗാത്മക സൃഷ്ടികള്‍ നടത്തുന്നതിലും അറബി മലയാള ഭാഷ പിന്നിലായിരുന്നില്ല. ചന്തുമേനോന്റെ ഇന്ദുലേഖയാണല്ലോ മലയാളത്തിലെ ആദ്യത്തെ നോവല്‍. 1889-ല്‍ വിരചിതമായ ഈ കൃതിയേക്കാള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ്തന്നെ “ചാര്‍ ദര്‍വേശ്” എന്ന പേര്‍ഷ്യന്‍ നോവല്‍ അറബി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരുന്നു. അങ്ങനെ മലയാളത്തിലെ ആദ്യത്തെ നോവല്‍ അറബിമലയാളത്തിലാണെന്ന വസ്തുത അനിഷേധ്യമായി നില്‍ക്കുന്നു. ഇതിനെത്തുടര്‍ന്ന് പ്രസിദ്ധീകൃതങ്ങളായ നോവലുകള്‍ ധാരാളമുണ്ട്. കണ്ട് കിട്ടിയവയില്‍ അലാവുദ്ദീന്‍, ഗുല്‍സനോബര്‍, സുബൈദ, സൈനബ, ഖിളര്‍ നബിയെക്കണ്ട നബീസ തുടങ്ങിയവ പ്രമുഖങ്ങളാണ്””. (ഡോ: സികെ കരീം)
സമ്പന്നമായിരുന്നു മാപ്പിള സാഹിത്യങ്ങളുടെ ഉള്ളടക്കം. മുസ്‌ലിം സാഹിത്യകാരന്മാര്‍ വിഷയദാരിദ്ര്യം നേരിട്ടതായി സൂചിപ്പിക്കുന്നു ചില രചനകളുടെ ഉള്ളടക്കം. രചനകള്‍ അച്ചടിക്കാന്‍ ഒരു പ്രസ്സ് സ്ഥാപിതമാകുന്നതിന്റെ മുമ്പായിരുന്നു ഈ സാഹിത്യശേഖരമെന്നോര്‍ക്കുമ്പോഴാണ് മുസ്‌ലിം സമുദായത്തിന്റെ വിജ്ഞാന തൃഷ്ണ, വായന എന്ത് മാത്രം ഉയര്‍ന്ന നിലയിലായിരുന്നു എന്ന് വ്യക്തമാവുക. 1868 ലാണ് ഒന്നാമത്തെ പ്രസ്സ് തലശ്ശേരിയില്‍ സ്ഥാപിതമാകുന്നത്. പ്രസ്സ് സ്ഥാപിതമായതോടെ രചനാ രംഗത്ത് മുസ്‌ലിംകള്‍ കാണിച്ച മുന്നേറ്റത്തെക്കുറിച്ച് കപട നവോത്ഥാനത്തിന്റെ വക്താവായിരുന്ന സി എന്‍ അഹ്മദ് മൗലവി ആവേശം കൊള്ളുന്നത് മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യത്തില്‍ ഇങ്ങനെ വായിക്കാം.
“”കുറേ കൊല്ലങ്ങളോളം മാപ്പിള സമുദായം ആ ആഹ്ലാദം കൊണ്ടാടിയോ എന്ന് തോന്നിപ്പോകും, അന്നുണ്ടായ അവരുടെ സാഹിത്യ പ്രവര്‍ത്തനങ്ങള്‍ കണ്ടാല്‍. മറ്റൊരു വിധത്തില്‍ പറയുകയാണെങ്കില്‍കൂട്ടില്‍ നിന്നും തുറന്ന് വിട്ട പക്ഷികള്‍ തത്തിക്കളിക്കും പോലെ മാപ്പിളസമുദായം ആകമാനം ആനന്ദത്തിലാറാടിക്കൊണ്ട് നൃത്തം വെച്ചത് കണ്‍മുമ്പിലിതാ കാണുന്നു. ഒരു വലിയ വിഭാഗം സാഹിത്യകാരന്മാര്‍ അതാ കാവ്യരചനയില്‍ മുഴുകിയിരിക്കുന്നു. അങ്ങനെ അവര്‍ തയ്യാര്‍ ചെയ്ത കൃതികള്‍ എത്രയെന്നോ ? അതാര്‍ക്കും ഇന്ന് എണ്ണിക്കണക്കാക്കാന്‍ കഴിയില്ല. കവിതാരചനക്ക് വിഷയങ്ങള്‍ അന്വേഷിച്ച് കൊണ്ട് നാലുപാടുമുള്ള അവരുടെ ഓട്ടം കാണുമ്പോള്‍ നമുക്ക് അനുകമ്പ തോന്നിപ്പോകും. ഗദ്യമോ പദ്യമോ എന്താണെങ്കിലും അന്നത്തെ സാഹിത്യകാരന്‍മാരുടേത് ഇസ്‌ലാമിക വിഷയങ്ങള്‍ മാത്രമായിരുന്നു. ഒന്നുകൂടി വ്യക്തമായിപ്പറയുകയാണെങ്കില്‍ നബിയുടേയും അനുചരന്‍മാരുടേയും സമര ചരിത്രങ്ങള്‍. ആ സമരങ്ങളില്‍ ഒരൊറ്റ ഒന്നെങ്കിലും കാവ്യ രൂപത്തില്‍ വാര്‍ത്തെടുക്കാതെ അവര്‍ അടങ്ങിയില്ല. ഈ ചരിത്രം എല്ലാവരും കൂടി പങ്കിട്ട് കഴിയുമ്പോള്‍ വേഗം അവസാനിക്കുമല്ലോ. അപ്പോള്‍ അവരുടെ ശ്രദ്ധ തിരിഞ്ഞത് പൂര്‍വ പ്രവാചകന്‍മാരിലേക്കാണ്. കാവ്യരൂപത്തില്‍ വാര്‍ത്തെടുക്കാതെ അവരില്‍ വല്ലവരുടെയും ചരിത്രം മാപ്പിള സാഹിത്യ കാരന്‍മാര്‍ വിട്ട് കളഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ്””
അറബി മലയാള ഭാഷയെ കുറിച്ചുള്ള അജ്ഞതയോ സ്വാര്‍ത്ഥ താല്‍ പര്യമോ ആണ് ഈ ഭാഷയെ വിമര്‍ശിക്കുന്നവരുടെ പ്രചോദനം. നശീകരണ നവോത്ഥാനത്തിന്റെ വക്താക്കള്‍ ഭാഷയെ കൊഞ്ഞനം കുത്തിയത് രണ്ടാമത് പറഞ്ഞ കാരണത്താലായിരുന്നു. അറബി ഭാഷ നില നില്‍ക്കുന്നത് ഇവരുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായിരുന്നു. വിശ്വാസവും ഭക്തിയും ദേശസ്‌നേഹവും പോരാട്ട വീര്യവുമെല്ലാം നശിച്ച് ഷണ്ഡീകരിക്കപ്പെട്ട ഒരു ജനതയെയായിരുന്നു ഇവര്‍ക്ക് ആവശ്യം. “നവോത്ഥാനത്തി”ന്റെ ഭാഗമായി നടന്ന ആസൂത്രിത നീക്കങ്ങളിലൂടെ അവര്‍ ആ ലക്ഷ്യം നേടിയെടുക്കുക തന്നെ ചെയ്തു.