Connect with us

Gulf

പരമ്പരാഗത ശിക്ഷാമുറകൾക്ക്‌ വിട; സഊദിയിൽ ഇനി ബദൽശിക്ഷ

Published

|

Last Updated

ദമ്മാം: സഊദിയില്‍ ഇനി പരമ്പാഗത ശിക്ഷാ മുറകള്‍ക്ക് പകരം ബദല്‍ ശിക്ഷ നടപ്പാക്കാന്‍ നിര്‍ദ്ദേശം. നീതിന്യായ മന്ത്രാലയം കാബിനറ്റ് വിദഗ്ധ സമിതിയുടെ അംഗീകാരത്തിനായി ഇത് സമര്‍പ്പിച്ചിരിക്കുകയാണ്. ബദല്‍ ശിക്ഷാ നിയമത്തില്‍ നിന്ന് ഏഴു വന്‍ കുറ്റങ്ങളെ ഒഴിവാക്കി. ചാട്ടവാറടി, മൂന്ന് വര്‍ഷത്തില്‍ കൂടാത്ത ജയില്‍ ശിക്ഷ എന്നിവക്ക് പകരം പൊതു സേവനം, സന്നദ്ധ പ്രവര്‍ത്തനം എന്നിവയാണ് ബദല്‍ ശിക്ഷയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇത് സമൂഹത്തിന്റെയും അന്യായക്കാരന്റെയും അവകാശങ്ങളെ ഉറപ്പുവരുത്തി മാത്രം നടപ്പാക്കും.

കുറ്റകൃത്യം ശരീഅത്ത് അനുസരിച്ചുള്ള ശിക്ഷയുടെ കീഴില്‍ വരുന്നതോ എതിര്‍ കക്ഷി മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ ജയില്‍ശിക്ഷ അനുഭവിക്കുകയോ ചെയ്ത വ്യക്തിയോ ആണെങ്കില്‍, ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തികള്‍ ഉള്‍പ്പെട്ട കേസുകളും ഏഴു വന്‍ കുറ്റങ്ങളും ഈ ബദല്‍ ശിക്ഷയില്‍ നിന്ന് ഒഴിവാക്കും. പൊതു സുരക്ഷയെ ബാധിക്കുന്ന വിധമോ മറ്റുള്ളവര്‍ക്ക് ദോഷകരമായി ഭവിക്കുമെങ്കിലോ ജയിലിനേക്കാള്‍ പീഡനമാവും ബദല്‍ ശിക്ഷ എന്നിരിക്കേ അത് നടപ്പാക്കില്ല. ഇരയെ വെല്ലുവിളിച്ച് സായുധരായി നടത്തുന്ന ആക്രമണങ്ങളും കുറ്റകൃത്യങ്ങളും ഈ ഗണത്തില്‍ പെടും. അവര്‍ക്ക് ബദല്‍ ശിക്ഷ നല്‍കില്ല.

എതിര്‍ കക്ഷി ആവശ്യപ്പെടുന്ന പക്ഷം ബദല്‍ ശിക്ഷ വിധിക്കപ്പെട്ട ഒരാള്‍ക്ക് പരമ്പരാഗത രീതിയില്‍ ശിക്ഷ മാറ്റി നല്‍കാന്‍ ന്യായാധിപന് ഈ നിയമം അധികാരം നല്‍കുന്നുണ്ട്. ഇതനുസരിച്ച് കക്ഷി കോടതി നിയമങ്ങളും വിധികളും ലംഘിക്കുന്ന പക്ഷം ശിക്ഷ മാറ്റി ബദല്‍ ശിക്ഷ കൂട്ടി നല്‍കാനും ന്യായാധിപനു കഴിയും. വിധി പ്രഖ്യാപിക്കുന്നതിന് മുമ്പ് ബദല്‍ ശിക്ഷയില്‍ ഏതാണ് കുറ്റവാളിക്ക് യോജിച്ചതെന്ന് കണ്ടെത്താന്‍ അഭിഭാഷകര്‍, മനശ്ശാസ്ത്രജ്ഞര്‍, സാമൂഹ്യശാസ്ത്രജ്ഞര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന വിദഗ്ധ സമിതിക്ക് മുമ്പില്‍ പ്രതിയെ ഹാജറാക്കും. ആവശ്യമെങ്കില്‍ പ്രതി പ്രായപൂര്‍ത്തിയായതാണെങ്കില്‍ ശിക്ഷ ഏതായിരിക്കണമെന്ന് കോടതി, കമ്മിറ്റിയോട് അഭിപ്രായം തേടുകയും ചെയ്യും.

ജയില്‍ ശിക്ഷക്ക് പകരം വിധിക്കുന്ന വേതന രഹിത സാമൂഹ്യ പൊതു സേവനങ്ങള്‍, സന്നദ്ധ പ്രവര്‍ത്തനം എന്നിവ ദിവസത്തില്‍ നാലുമണിക്കൂര്‍ തോതില്‍ പതിനെട്ട് മാസത്തില്‍ കൂടുതല്‍ ദീര്‍ഘിക്കാവുന്നതല്ല. പൊതു അവധികള്‍, അവധിയെടുക്കുന്ന ദിവസത്തിനു പകരം സേവനം ചെയ്യല്‍, താമസ സ്ഥലത്ത് നിന്ന് സേവനം ചെയ്യുന്നിടത്തേക്കുള്ള യാത്രാ ചിലവ് എന്നിവ ബദല്‍ ശിക്ഷക്ക് വിധിക്കപ്പെട്ട വ്യക്തിക്ക് നിഷേധിക്കരുത്. ശിക്ഷയുടെ ഭാഗമാണെങ്കില്‍ പോലും പൊതു ജന സേവനാര്‍ത്ഥം നടത്തുന്ന ഇത്തരം സന്ദര്‍ഭങ്ങളില്‍ സംഭവിക്കുന്ന അപകടങ്ങള്‍ക്കുള്ള ചെലവും രാജ്യം വഹിക്കും. മൂന്നു വര്‍ഷത്തില്‍ കുറഞ്ഞ ജയില്‍ ശിക്ഷക്ക് വിധിക്കപ്പെട്ട ആള്‍ക്ക് പൊതു ജന വികാരം മാനിച്ച് പകുതി ജയില്‍, പകുതി ബദല്‍ശിക്ഷ എന്നിവ നല്‍കാന്‍ ന്യായാധിപനു അവകാശമുണ്ട്.

പെരുമാറ്റ ദൂഷ്യങ്ങളില്ലാത്തവര്‍ക്ക് ശിക്ഷാ കാലയളവിന്റെ ആദ്യ വര്‍ഷം ദിവസത്തില്‍ നിശ്ചിത സമയം ജയിലില്‍ ഹാജറാകണമെന്ന നിബന്ധനയോടെയും ബദല്‍ ശിക്ഷ നല്‍കാം. വ്യക്തിത്വത്തിനും സ്വഭാവത്തിനും ദോഷകരമായി ബാധിക്കാത്ത വിധം പ്രത്യേക വ്യക്തികളുമായുള്ള ബന്ധവും നിശ്ചിത സ്ഥലങ്ങളിലേക്കുള്ള പോക്കും വിലക്കിക്കൊണ്ട് ബദല്‍ ശിക്ഷ നടപ്പാക്കാം. പ്രത്യേക പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതിനെയും ശിക്ഷിപ്പെട്ട അതേ കുറ്റത്തിലേക്ക് പ്രചോദനമാകുന്ന കാര്യങ്ങളില്‍ നിന്ന് തടഞ്ഞുകൊണ്ടുള്ള നിബന്ധനയും വെക്കാം. ഇലക്ട്രോണിക് സംവിധാനങ്ങള്‍ ഉപയോഗിച്ച് ബദല്‍ശിക്ഷക്ക് വിധിക്കപ്പെട്ട വ്യക്തിയുടെ നീക്കങ്ങളെ നിരീക്ഷിക്കാനും ന്യായാധിപനു നിയമം അനുവാദം നല്‍കുന്നുണ്ട്.

വിധിക്കപ്പെട്ട ബദല്‍ശിക്ഷ ശാരീരിക മാനസിക അവസ്ഥക്ക് യോജിച്ചതല്ലെങ്കില്‍ ജഡ്ജിക്ക് മാറ്റി നല്‍കാന്‍ അവകാശമുണ്ടാകും. വിദ്യാഭ്യാസ വികസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുക, ശിക്ഷാ കാലാവധി കഴിഞ്ഞും സന്നദ്ധരെങ്കില്‍ അതേ സേവനത്തില്‍ തുടര്‍ന്നും അവരെ ഉപയോഗപ്പെടുത്തുക എന്നിവയും ബദല്‍ ശിക്ഷ മുഖേന നടത്താം.

Latest