Connect with us

Articles

സ്ത്രീ സംരക്ഷണത്തിലെ ഇസ്‌ലാമിക മാതൃകയെക്കുറിച്ച്

Published

|

Last Updated

സ്ത്രീ എവിടെയും സുരക്ഷിതയല്ലെന്നുള്ള വാര്‍ത്തകളാണ് ദിനേന നാം വായിക്കുന്നത്. വീട്ടിലും വിദ്യാലയത്തിലും വഴിയിലും ജോലി സ്ഥലത്തും അവള്‍ അപമാനിതയാകുന്നു. വൈയക്തികവും ജൈവീകവുമായ അവളുടെ അസ്തിത്വത്തെയും സാമൂഹികതയില്‍ പ്രകൃതിപരമായി അവള്‍ക്കുള്ള ഭാഗധേയത്വത്തെയും വിലകുറച്ചു കാണുകയാണ് ഇന്ന് എല്ലാവരും. സ്ത്രീസ്വത്വത്തെ നിര്‍വചിക്കുന്നതില്‍ വീഴ്ച്ച വരുത്തിയ ആധുനികസമൂഹം പരിഷ്‌കരണത്തിന്റെ പേരു പറഞ്ഞ് അവള്‍ക്കു വേണ്ടി തയ്യാറാക്കിയത് തീരെ സുരക്ഷിതമല്ലാത്ത സാമൂഹിക സാഹചര്യങ്ങളായിരുന്നു.

എന്തുകൊണ്ടായിരിക്കും സ്ത്രീ ഇത്രമേല്‍ ആക്രമിക്കപ്പെടുന്ന ഒരു സ്ഥിതി വിശേഷമുണ്ടായത്? സ്ത്രീ സ്വാതന്ത്യത്തിന്റെ പേരില്‍ സ്ത്രീയെ തെരുവിലേക്ക് ഉന്തിത്തള്ളിയവര്‍ അവളുടെ സുരക്ഷക്ക് വേണ്ടി പുരുഷാധിപത്യമാണ് സമൂഹത്തിലാകെ എന്ന് ദണ്ണപ്പെടുക മാത്രമാണ് ചെയ്തത്. മാത്രവുമല്ല സ്ത്രീജനങ്ങള്‍ വീടുകള്‍ക്കകത്ത് പീഡിതരാണ് എന്ന് പറഞ്ഞിരുന്നവര്‍ ഇനി സ്ത്രീകള്‍ എത്തിച്ചേര്‍ന്നിട്ടുള്ള എല്ലാ ഇടങ്ങളിലെയും പീഡനങ്ങളെ കുറിച്ച് ആരെയാണ് കുറ്റപ്പെടുത്താന്‍ പോകുന്നത്?
പെണ്ണുടല്‍ നല്ലൊരു വിപണന സാധ്യതയാണെന്ന് വരുത്തിയ സാമൂഹിക സ്ഥിതിയുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഫെമിനിസ്റ്റ് വാദങ്ങള്‍ക്ക് ഒഴിഞ്ഞു നില്‍ക്കാനാവില്ല. യുക്തി രഹിതമായ സ്വാതന്ത്ര്യ ബോധവും അത് സ്വായത്തമാക്കാന്‍ പ്രകൃതി വിരുദ്ധമായ വഴികളും സമൂഹത്തില്‍ അവതരിപ്പിച്ച ഫെമിനിസ്റ്റ് വാദങ്ങള്‍ വിചാരണ ചെയ്യപ്പെടണം. ഉടലാവിഷ്‌കാരങ്ങളിലൂടെയുള്ള സ്വാതന്ത്ര്യ പ്രഖ്യാപനം പെണ്ണുടലിന്റെ കാമനകളെ അങ്ങേയറ്റം മോഷമായ രീതിയില്‍ ചൂഷണം ചെയ്യപ്പെടാന്‍ പാകത്തിന് പ്രദര്‍ശിപ്പിച്ച് സ്ത്രീകളെ കുറിച്ച് സാര്‍വത്രികമായി തെറ്റായ ഒരു സന്ദേശം നല്‍കുകയായിരുന്നില്ലേ ചെയ്തത്? സ്ത്രീകളെ ആക്രമിച്ച കേസുകളില്‍ പിടിക്കപ്പെടുന്നവരില്‍ നടത്തിയ പഠനങ്ങള്‍ എത്തിച്ചേര്‍ന്ന നിഗമനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടവയാണ്. ഇവരില്‍ വിവാഹിതരായ പുരുഷന്മാരില്‍ കണ്ടെത്തിയ കടുത്ത അപകര്‍ഷതക്കു പിന്നില്‍ ദാമ്പത്യത്തിനിടക്ക് സ്ത്രീപങ്കാളിയുടെ ഭാഗത്തു നിന്നുള്ള ഫെമിനിസ്റ്റ് കാഴ്ച്ചപ്പാടുകള്‍ക്ക് വലിയ പങ്കുണ്ടത്രെ. പുരുഷാധിപത്യമുള്ള ഈ സാമൂഹികതയെ തോല്‍പ്പിക്കാന്‍ ഇനി സ്ത്രീകള്‍ പ്രസവിക്കാതിരിക്കുകയാണ് വേണ്ടതെന്ന് വാദിച്ച ഫെമിനിസ്റ്റ് വാദത്തെ ഇവിടെ ചേര്‍ത്തു വായിക്കണം. അതുപോലെ അവിവാഹിതരിലും പ്രത്യേകിച്ച്, കൗമാരക്കാരിലും കണ്ട് വരുന്ന തെറ്റായ ലൈംഗിക ധാരണകളില്ലാതാക്കാന്‍ (ഡല്‍ഹി പ്രശ്‌നത്തില്‍ ഏറ്റവും ക്രൂരമായി പെരുമാറിയത് കൂട്ടത്തിലെ കൗമാരക്കുറ്റവാളിയായിരുന്നു.) അശ്ലീല സൈറ്റുകളുടെ സമ്പൂര്‍ണ നിരോധനമാണ് വേണ്ടത്.
എന്തിനും പുരുഷാധിപത്യം എന്ന് ബഹളമുണ്ടാക്കുന്നവര്‍ സമൂഹത്തില്‍ നടക്കുന്ന പെണ്‍വാണിഭങ്ങളടക്കമുള്ള സ്ത്രീചൂഷണങ്ങളുടെയെല്ലാം പിറകില്‍ സ്ത്രീകളായ കുറ്റവാളികളാണെന്ന വിവരങ്ങള്‍ കണക്കിലെടുക്കാത്തത് എന്തുകൊണ്ടാണ്?
അതുപോലെ ഉദാര ലൈംഗികതയെ കുറിച്ച് സിദ്ധാന്തിച്ചവരും സ്ത്രീ സുരക്ഷയെ ഏറ്റവും അധികം വെല്ലുവിളിച്ചതിന് സമാധാനം പറഞ്ഞേ മതിയാകൂ. വിവാഹമെന്ന സാമൂഹിക സ്ഥാപനത്തെ തന്നെ വെല്ലുവിളിച്ച ഇത്തരം മൂല്ല്യനിരാസങ്ങള്‍ മനുഷ്യന്റെ ജൈവീകമായ ചോദനകളെ അപമാനിക്കുകയും മലിനപ്പെടുത്തുകയുമാണുണ്ടായത്. ജീവിതത്തിന്റെ ഏതെങ്കിലും നിരാശാജനകമായ അവസരങ്ങളില്‍ മാനം വിറ്റ് ജീവിക്കാന്‍ ഇറങ്ങിത്തിരിച്ചവരെ പുനരധിവസിപ്പിക്കുന്നതിന് പകരം ലൈംഗികത്തൊഴിലിനെ മഹത്വ വത്ക്കരിച്ച് അവരെ വീണ്ടും വില്‍പ്പനക്കു വെച്ച വിചാര ധാരകള്‍ എത്രമേല്‍ അപരിഷ്‌കൃതാമാണ് എന്ന് അപലപിക്കാതെ നിവൃത്തിയില്ല. ഒപ്പം സ്ത്രീസ്വാതന്ത്ര്യത്തിന്റെ പേരില്‍ ഇവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സംശയിക്കപ്പെടേണ്ടിയുമിരിക്കുന്നു.

ഈയടുത്തായി കേരള മനസ്സാക്ഷിയെ ഞെട്ടിച്ച ഒട്ടേറെ സംഭവങ്ങളുണ്ടായി. പ്രബുദ്ധ കേരളമെന്ന നമ്മുടെ ഗര്‍വിന് നേര്‍ക്കുള്ള ശരങ്ങളായിരുന്നു അവ. ഓടിക്കൊണ്ടിരിക്കുന്ന ട്രെയ്‌നില്‍ വെച്ച് ആക്രമിക്കപ്പെടുകയും പിന്നീട് ക്രൂരമായി കൊലചെയ്യപ്പെടുകയും ചെയ്ത പെണ്‍കുട്ടിയുടെ കാര്യത്തില്‍ അക്രമി ഒരന്യ നാട്ടുകാരനായിരുന്നല്ലോ എന്ന് നാം സമാധാനിച്ചു. പെരുമ്പാവൂരില്‍ ഭീകരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കേസിലും പിടിക്കപ്പെട്ടത് മലായാളി ആയിരുന്നില്ലല്ലോ എന്ന് ആശ്വാസം കൊണ്ടു. എന്നാല്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ നമ്മുടെ എല്ലാ വിശ്വാസവും അസ്ഥാനത്താവുകയാണുണ്ടായത്. സമൂഹത്തില്‍ ഏറ്റവും ജനകീയമാണെന്ന് കരുതപ്പെടുന്ന, ഏറ്റവും സ്വാധീനമുള്ളതെന്ന് വിലയിരുത്തപ്പെടുന്ന സിനിമാ വ്യവസായത്തിന്റെ ഉള്ളുകള്ളികള്‍ നമ്മെ ചിന്തിപ്പിച്ചിട്ടുണ്ടാകണം. സിനിമകള്‍ക്കകത്ത് തന്നെയുള്ള സ്ത്രീ വിരുദ്ധതയെ പറ്റി വന്ന പഠനങ്ങള്‍ നാമെല്ലാവരും കണ്ടതാണല്ലോ? പരിഷ്‌കൃതമെന്നും പുരോഗമനപരമെന്നും വിശ്വസിപ്പിച്ച വാദങ്ങളുടെയും സാംസ്‌കാരികതകളുടെയും തല്‍ച്ചേലെങ്ങനെയുണ്ട്?
വേണ്ടത് ഇസ്‌ലാം നിര്‍ദേശിക്കുന്ന പരിഹാരങ്ങളാണ്. ആറാം നൂറ്റാണ്ടിന്റെ അപരിഷ്‌കൃത യുക്തിയാണ് ഇസ്‌ലാമിന്റേതെന്ന് വിമര്‍ശിച്ചിരുന്നവര്‍ക്ക് സ്വന്തം വീട്ടില്‍ അനിഷ്ടങ്ങളുണ്ടാകുമ്പോഴാണ് ബോധോദയമുണ്ടാകുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷം ചലച്ചിത്ര നടീനടന്മാരുടെ സംഘടനയായ അമ്മ പറഞ്ഞ പരിഹാരം സ്ത്രീകള്‍ ഒറ്റക്കു പുറത്തിറങ്ങരുത് എന്നായിരുന്നു. ലോക വനിതാ ദിനത്തോടനുബന്ധിച്ച് കേന്ദ്രത്തില്‍ കുട്ടികളുടെയും സ്ത്രീകളുടെയും ക്ഷേമകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മനേകാ ഗാന്ധിക്ക് പറയാനുള്ളത് വൈകീട്ട് ആറു മണിക്ക് ശേഷം സ്ത്രീ പുറത്തിറങ്ങുന്നതിലെ അപകടത്തെ സംബന്ധിച്ചാണ്. ഡല്‍ഹിയില്‍ ഒരു പാരാമെഡിക്കല്‍ വിദ്യാര്‍ഥി കൂട്ടമാനഭംഗത്തിന് ഇരയായ സംഭവത്തോട് ദേശീയ വനിതാ കമ്മീഷന്‍ പ്രതികരിച്ചത് സ്ത്രീകളുടെ വസ്ത്രധാരണ രീതിയിലെ അപാകതകളെ കുറിച്ചായിരുന്നല്ലോ. സ്ത്രീകളുടെ കാര്യത്തില്‍ ഇസ്‌ലാം നൂറ്റാണ്ടുകള്‍ക്കു മുമ്പ് തന്നെ ചില കാര്യങ്ങള്‍ നിര്‍ദേശിച്ചിരുന്നു. ഉറ്റവരുടെ അകമ്പടിയോടെയല്ലാതെ സ്ത്രീ യാത്ര ചെയ്യരുതെന്ന് പറഞ്ഞതും, അന്യരായ ഒരു സ്ത്രീയും പുരുഷനും ഒറ്റക്കിരിക്കരുതെന്ന് നിഷ്‌കര്‍ഷിച്ചതും, സ്ത്രീയുടെ വസ്ത്രധാരണം അവളുടെ സവിശേഷമായ ശരീര പ്രകൃതത്തെ പ്രതിഫലിപ്പിക്കുന്നതാകരുത് എന്ന് മുന്നറിയിപ്പ് നല്‍കിയതും അതില്‍ ചിലതാണ്. ഇതൊക്കെ തന്നെയാണല്ലോ പുതിയ പരിഷ്‌കൃത പദ്ധതികള്‍.
ഇസ്‌ലാമിലെ സ്ത്രീകളെ കുറിച്ചു പറയാനായിരുന്നു എല്ലാവര്‍ക്കും താത്പര്യം. ഈ മതത്തില്‍ സ്ത്രീക്ക് സ്വാതന്ത്ര്യം ഇല്ലെന്നായിരുന്നു പലരുടെയും കണ്ടെത്തലുകള്‍. ചരിത്രത്തെ അപനിര്‍മിച്ചും മത പ്രമാണങ്ങളില്‍ അടിസ്ഥാനയോഗ്യത പോലുമില്ലാതെ കടന്നു കയറി ദുര്‍വ്യാഖ്യാനങ്ങള്‍ നടത്തിയും തത്പര കക്ഷികള്‍ മെനഞ്ഞെടുത്ത നുണക്കഥകള്‍ ഒരുപാടുണ്ട്. അതെല്ലാം അവര്‍ മുന്‍ധാരണകളില്ലാതെ പുനര്‍വായനക്കു വിധേയമാക്കട്ടെ. സ്ത്രീവിഷയ സംബന്ധിയായ വിഷയങ്ങളില്‍ മതത്തിന്റെ കാഴ്ച്ചപ്പാടുകളെ കുറിച്ച് ആധികാരിക സ്രോതസ്സുകളില്‍ മനസ്സിലാക്കാനും അവര്‍ തയ്യാറാകട്ടെ.

ദാരിദ്ര്യത്തിന്റെ ഞെരുക്കങ്ങളില്‍, കൊച്ചുകുട്ടിയായിരിക്കെ വിവാഹിതയാകേണ്ടി വന്ന യെമനിലെ പത്തു വയസ്സുകാരിയുടെ ദുരനുഭവങ്ങളും ഗോത്രപ്പോരിന്റെ പേരില്‍ പാക്കിസ്ഥാനില്‍ കൂട്ടമാനഭംഗത്തിനിരയായ മുഖ്താര്‍മയിയുടെ ദയനീയാവസ്ഥയും എങ്ങനെയാണ് ഇസ്‌ലാമിന്റെ പ്രശ്‌നമെന്ന് സാമാന്യ വത്കരിക്കുക? മാത്രമല്ല, കൂടുതല്‍ പരിഷ്‌കൃതമെന്ന് കരുതുന്ന ഇടങ്ങളിലാണ് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കൂടുതല്‍ നടക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ കണ്ടില്ലെന്ന് വെക്കുന്നതിലെ താത്പര്യമെന്താണ്?
സ്ത്രീകളെ ഏറ്റവും ഉത്കൃഷ്ടമായി കണ്ട ഒരു മതത്തെ കുറിച്ചാണ് അപവാദങ്ങളുണ്ടാക്കിയതെന്നോര്‍ക്കണം. ജനിക്കാന്‍ വിധിച്ചിട്ടില്ലാതിരുന്ന ഒരു സമൂഹത്തിന്റെ സ്ത്രീ സങ്കല്‍പ്പം അവളേറ്റവും ആദരവര്‍ഹിക്കുന്നവളാണെന്ന തലത്തിലേക്കുയര്‍ത്തിയതാണ് ഇസ്‌ലാമിന്റെ നിലപാട്. ലോകത്ത് ഏതെങ്കിലും സമൂഹം ചിന്തിക്കുന്നതിന് മുമ്പേ അവള്‍ക്ക് സ്വത്തവകാശം കൊടുത്തതാണ് ഇസ്‌ലാമിന്റെ സ്ത്രീശാക്തീകരണ പദ്ധതി. യാത്ര പോകുന്ന വേളയില്‍ ഉറ്റവരായ പുരുഷന്മാര്‍ അവള്‍ക്ക് അകമ്പടി സേവിക്കട്ടെ എന്നതാണ് ഇസ്‌ലാമിന്റെ സ്ത്രീസുരക്ഷാ കാഴ്ച്ചപ്പാട്.
പെണ്‍കുട്ടികളെ വളര്‍ത്തി വലുതാക്കി, നല്ല വസ്ത്രം ഉടുപ്പിച്ച്, നല്ല ഭക്ഷണം നല്‍കി, പഠിപ്പിച്ച് പ്രബുദ്ധയാക്കി, നല്ല ഇണയെ കണ്ടെത്തിക്കൊടുക്കുകില്‍ അയാള്‍ക്ക് സ്വര്‍ഗമുണ്ടെന്നും മാതാവിന്റെ തൃപ്തി കരസ്ഥമാക്കാത്തവന് പരലോകത്ത് പറുദീസ ഒരുക്കപ്പെടുകയില്ലെന്നും ഉദ്‌ഘോഷിച്ച സ്ത്രീവാദമാണ് ഇസ്‌ലാമിന്റേത്.
സ്ത്രീസ്വാതന്ത്ര്യത്തിനായി മുറവിളി കൂട്ടുന്നവര്‍ അഴിഞ്ഞാട്ടവും അരാജകത്വവുമാണ് ആഗ്രഹിക്കുന്നതും ലക്ഷ്യം വെക്കുന്നതും. സ്വന്തം വീട്ടിലേക്ക് സ്ത്രീസ്വാതന്ത്ര്യവാദങ്ങള്‍ എത്തുമ്പോള്‍ തീരാവുന്ന പ്രശ്‌നങ്ങളേ ഈ അരാജകത്വവാദികള്‍ക്കുള്ളൂ എന്നതാണ് യാഥാര്‍ഥ്യം. കുടുംബബന്ധങ്ങളുടെ തകര്‍ച്ചയാണ് ഈ അരാജകത്വത്തിന്റെ അനന്തരഫലം. പൂര്‍ണസ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നവര്‍ക്ക് തമ്മില്‍ കാണാം, ഒപ്പം ഇരിക്കാം, സംസാരിക്കാം, ചുംബനം പോലും ആകാം. മനുഷ്യന്റെ അധമസ്വത്വത്തെ പ്രലോഭിപ്പിച്ച് ഒടുക്കം അരുതായ്മകള്‍ എന്തെങ്കിലും നടക്കുമ്പോള്‍ വിലപിച്ചിട്ടെന്ത് കാര്യം?

പലിശാധിഷ്ഠിത സമ്പദ്ഘടന നിരന്തരം സാമ്പത്തിക പ്രതിസന്ധികളുണ്ടാക്കുകയും അരക്ഷിതമാകും വിധം സാമ്പത്തിക അസമത്വം ഉദ്ദീപിപ്പിക്കുകയും ചെയ്ത വേളയില്‍ ഇസ്‌ലാമിന്റെ പലിശരഹിത സാമ്പത്തിക വ്യവസ്ഥ സ്വീകാര്യമായിത്തീര്‍ന്നത് നാം കണ്ടു. ഇസ്‌ലാമിക് ബേങ്കുകള്‍ക്ക് വേണ്ടി സാമ്പത്തിക രംഗം പരിവര്‍ത്തിതപ്പെടുത്താനും പുതിയ ജാലകങ്ങള്‍ തുറക്കാനും അമേരിക്കയും ബ്രിട്ടണും ജര്‍മ്മനിയും അടക്കമുള്ള വികസിത രാജ്യങ്ങളൊക്കെ തയ്യാറായതും കണ്ടു. അതുപോലെ ഇന്നേറ്റവും ഗുരുതരമായ സ്ത്രീസുരക്ഷക്കും ഇസ്‌ലാമിന്റെ സര്‍വകാലികമായ നിലപാടിലേക്ക് ലോകം വരണം. മാനവ സമൂഹത്തിന്റെ അധ്യാത്മിക മൂല്യങ്ങളെ നിരാകരിച്ച് സാമൂഹിക ക്രമം പാടെ അവതാളത്തിലാക്കിയ, അരക്ഷിതാവസ്ഥകള്‍ സൃഷ്ടിച്ച പദാര്‍ഥവാദത്തെ നിരസിച്ചു തള്ളേണ്ട സമയം എന്നേ അതിക്രമിച്ചിരിക്കുന്നു.

---- facebook comment plugin here -----

Latest