Gulf
സഊദിയിൽ പൊതുമാപ്പ്; ഹുറൂബായവർക്കും പുതിയ വിസയിൽ വരാം
ദമ്മാം: പലകാരണങ്ങളാൾ താമസ രേഖകകളില്ലാതെ രാജ്യത്ത് തങ്ങുന്നവർക്ക് പിഴ കൂടാതെ രാജ്യം വിടാനുള്ള കാമ്പയിൻ(പൊതുമാപ്പ്) സഊദി ജവാസാത്ത് പ്രഖ്യാപിച്ചു. ഈ മാസം 29-നാണ് പൊതുമാപ്പ് പ്രാബല്യത്തിൽ വരിക. കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ മുഹമ്മദ് ബിൻ നായിഫ് രാജകുമാരന്റെ നിർദേശാനുസരണമാണ് പാസ്‌പോർട്ട് ഡയറക്ടറേറ്റ് ഇളവ് നൽകിയിട്ടുള്ളത്. താമസ, തൊഴിൽ രേഖകളില്ലാതെയോ കാലാവധി കഴിഞ്ഞോ രാജ്യത്ത് തങ്ങുന്നത് നിയമലംഘനമായാണ് കണക്കാക്കുന്നത്. സന്ദർശന വിസ, ഹജ്, ഉംറ വിസകളിൽ സഊദിയിൽ എത്തി വിസാ കാലാവധിക്കു ശേഷം അനധികൃതമായി രാജ്യത്ത് തങ്ങുന്നവർക്ക് എയർപോർട്ടുകളും തുറമുഖങ്ങളും ചെക്ക് പോസ്റ്റുകളും അടക്കമുള്ള അതിർത്തികളിൽ ജവാസാത്ത് കൗണ്ടറുകളിൽ നിന്ന് ഫൈനൽ എക്‌സിറ്റ് നൽകും. പൊതുമാപ്പ് പ്രഖ്യാപിച്ച് 90 ദിവസത്തിനകം സ്വമേധയാ രാജ്യം വിടുന്നവരെയാണ് ശിക്ഷാ നടപടികളിൽ നിന്ന് ഒഴിവാക്കുക. സ്‌പോൺസർമാർ ഹുറൂബാക്കിയവർക്കും ഈ ആനുകൂല്യം ലഭിക്കും.