Idukki
ഏഴ് വര്‍ഷത്തെ ആശങ്ക അകന്ന് പൊട്ടിപ്പുറം
ഇടുക്കി: ആട്ടിടയന്‍മാരുടെ ഗ്രാമമാണ് മതികെട്ടാന്‍ മലയോട് ചേര്‍ന്നുളള കണികാപരീക്ഷണ ശാല സ്ഥാപിക്കാന്‍ കണ്ടെത്തിയ തമിഴ്‌നാട്ടിലെ പൊട്ടിപ്പുറം ഗ്രാമം. പരീക്ഷണ ശാലക്കെതിരെയുളള ഹരിത ട്രൈബ്യൂണല്‍ വിലക്ക് ഏഴ് വര്‍ഷമായി നിലനിന്നിരുന്ന ഇവരുടെ ആശങ്ക അകറ്റും.
പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഇവിടത്തെ മലയ്ക്കുള്ളിലാണ് പരീക്ഷണകേന്ദ്രം സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നത്. പദ്ധതിക്ക് പിന്നില്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ കൈകളാണെന്ന സംശയം അന്നേ പരിസ്ഥിതി സംഘടനകള്‍ ഉയര്‍ത്തിയിരുന്നു.
ഭൂമിയില്‍ നിന്ന് 1,300 മീറ്റര്‍ താഴെവെച്ചാണ് ന്യൂട്രിനോ കണങ്ങളുടെ സ്വഭാവ സവിശേഷതകള്‍ നിരീക്ഷിക്കുക. ഭൗമികാന്തരീക്ഷത്തില്‍ വച്ച് ന്യൂട്രിനോകളെ വേര്‍തിരിക്കല്‍ അസാധ്യമായതിനാലാണ് ഭൂഗര്‍ഭ പരീക്ഷണശാല വേണ്ടി വരുന്നത്. ആണവോര്‍ജ വകുപ്പും ശാസ്ത്ര സാങ്കേതിക വകുപ്പും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയുടെ ഡയറക്ടര്‍ മുംബൈ ആസ്ഥാനമായ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിലെ പ്രൊഫ. നാബ മൊണ്ഡല്‍ ആണ്. തമിഴ്‌നാട് സര്‍ക്കാരും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. വിവിധ തരത്തിലുള്ള ന്യൂട്രിനോ കണങ്ങളുടെ പഠനത്തിനായി 50,000 ടണ്‍ കാന്തിക ഇരുമ്പ് കലോറി മീറ്റര്‍ ഡിറ്റക്ടര്‍(ഐ.സി.എ.എല്‍) നിര്‍മിക്കും.പദ്ധതി പ്രദേശത്തിന് 110 കി.മീ. അകലെ മധുരയില്‍ “ഇന്റര്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ സെന്റര്‍ ഫോര്‍ ഹൈ എനര്‍ജി ഫിസിക്‌സ്(ഐ.ഐ.സി.എച്ച്.ഇ.പി.) എന്ന സ്ഥാപനവും നിലവില്‍ വരും.
മനുഷ്യ ശരീരത്തിലൂടെ ഓരോ സെക്കന്റിലും ലക്ഷക്കണക്കിന് ന്യൂട്രിനോകള്‍ കടന്നു പോകുന്നു. 1930ല്‍ വോള്‍ഫ്ഗാങ്ക് പൗളിയാണ് ന്യൂട്രിനോയെ സംബന്ധിച്ച് ആദ്യമായി സൂചനകള്‍ നല്‍കിയത്. എന്നാല്‍ വീണ്ടും 26 വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷമാണ് ഇവയെ വേര്‍തിരിച്ചെടുക്കാന്‍ കഴിഞ്ഞത്. പ്രകൃതിയില്‍ നിന്നുള്ള ന്യൂട്രിനോ കണികയെ 1965ല്‍ കോളാര്‍ സ്വര്‍ണ ഖനികളിലെ പരീക്ഷണശാലയില്‍ വേര്‍തിരിച്ചെടുത്തിരുന്നു. ഖനികള്‍ പൂട്ടിയതോടെ 2000 മീറ്റര്‍ താഴ്ചയില്‍ ഭൂമിക്കടിയിലുള്ള പരീക്ഷണശാലയുടെ പ്രവര്‍ത്തനവും നിലച്ചു.
ലോകത്തിലെ പ്രധാന ന്യൂട്രിനോ പരീക്ഷണശാലകളെല്ലാം ഭൂമിക്കടിയിലാണ് സ്ഥാപിച്ചിരിക്കുന്നത്. കാനഡയിലെ സൂബറി, ജപ്പാനിലെ കാമിയോക്ക, ഇറ്റലിയിലെ ഗ്രാന്‍ സാസോ, അമേരിക്കയിലെ സൗദാന്‍ മൈനുകള്‍ തുടങ്ങിയവയെല്ലാം ഇത്തരത്തിലുള്ളവയാണ്.
ആണവ നിലയങ്ങള്‍ പോലെ ദോഷവശങ്ങള്‍ ന്യൂട്രിനോ പരീക്ഷണശാലകള്‍ക്ക് ഇല്ല എന്നതാണ് പദ്ധതിയെ അനുകൂലിക്കുന്നവരുടെ വാദം.
മതിക്കെട്ടാന്‍ചോലക്ക് സമീപം 1300 അടി താഴ്ചയില്‍ കരിമ്പാറ തുരന്ന് 2.5 കിലോ മീറ്റര്‍ നീളത്തിലാണ് തുരങ്കം നിര്‍മിക്കുന്നത്. 132 മീറ്റര്‍ നീളവും 26 മീറ്റര്‍ വീതിയും 30 മീറ്റര്‍ ഉയരവുമുള്ള പ്രത്യേക അറയിലായാണു പരീക്ഷണശാല ഒരുക്കുന്നത്. ഭൂഗര്‍ഭ അറയുടെ നിര്‍മാണത്തിനായി 2.25 ലക്ഷം ഘനമീറ്റര്‍ പാറ പശ്ചിമഘട്ടത്തില്‍ നിന്ന് പൊട്ടിച്ചു മാറ്റേണ്ടി വരുമെന്നാണ് പ്രാഥമിക നിഗമനം.
പരീക്ഷണശാലക്കു ചുറ്റുമുള്ള 66 ഏക്കര്‍ പ്രദേശത്ത് സുരക്ഷ ഒരുക്കാനായി രണ്ട് കിലോ മീറ്റര്‍ നീളത്തില്‍ വൈദ്യുതി വേലിയും പ്രവേശന കവാടത്തില്‍ പ്രത്യേക സുരക്ഷാ ഗേറ്റും പൊട്ടിപ്പുറം ഗ്രാമവുമായി വേര്‍തിരിക്കുന്ന പാലവും നിര്‍മിച്ചു. 25 ലക്ഷം ലിറ്റര്‍ ജലം ശേഖരിക്കാനുള്ള കൂറ്റന്‍ വാട്ടര്‍ ടാങ്കും സ്ഥാപിച്ചു. മുല്ലപ്പെരിയാറില്‍ നിന്നുള്ള ജലമാണ് ഇവിടേക്ക് എത്തിക്കുക.
ശുദ്ധജലക്ഷാമം നേരിടുന്ന പൊട്ടിപ്പുറത്ത് പരീക്ഷണശാലക്ക് ആവശ്യമായ വെള്ളം തമിഴ്‌നാട് വാട്ടര്‍ ആന്‍ഡ് ഡ്രെയിനേജ് ബോര്‍ഡ് എത്തിക്കും. പാറ പൊട്ടിക്കുന്നതു മുതല്‍ ഇവിടെനിന്ന് നീക്കം ചെയ്യുന്നതുവരെ പൊടിപടലങ്ങള്‍ ഉണ്ടാകാതെ ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യും. ജനറേറ്ററുകള്‍ ശബ്ദരഹിതമായിരിക്കും. മരങ്ങള്‍ വെട്ടി നശിപ്പിക്കേണ്ടതില്ല. ഇവിടേക്കുള്ള യാത്രാ സൗകര്യം വര്‍ധിപ്പിക്കും. കൃഷിയിടങ്ങള്‍ പദ്ധതിക്കായി ഏറ്റെടുക്കില്ല. കന്നുകാലി വളര്‍ത്തലിനും തടസ്സമുണ്ടാകില്ല. റേഡിയേഷന്‍ പ്രശ്‌നമില്ലാത്തതിനാല്‍ ഭാവി തലമുറ സുരക്ഷിതമായിരിക്കും തുടങ്ങിയ ഉറപ്പ് അധികൃതര്‍ നല്‍കിയിട്ടുണ്ടെങ്കിലും ജനങ്ങള്‍ ആശങ്കയിലായിരുന്നു.
മഴ നിഴല്‍ പ്രദേശമാണ് 200 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റു വീശുന്ന പൊട്ടിപ്പുറം.തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ച കണികാ പരീക്ഷണശാല പരിസ്ഥിതി പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് പൊട്ടിപ്പുറത്തേക്ക് മാറ്റിയത്.