Gulf
ഒമാന്‍ ജയിലില്‍ കഴിയുന്നത് 99 ഇന്ത്യക്കാര്‍

മസ്‌കത്ത്: വിവിധ കേസുകളില്‍ അകപ്പെട്ട് ഒമാന്‍ ജയിലില്‍ കഴിയുന്നത് 99 ഇന്ത്യക്കാര്‍. ഈ മാസം 15ന് ലോക്‌സഭയിലെ ചോദ്യത്തിന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് നല്‍കിയ മറുപടിയിലാണ് വിദേശ ജയിലുകളില്‍ തടവില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ വ്യക്തമാക്കിയത്.
സഊദി അറേബ്യയിലാണ് കൂടുതല്‍ ഇന്ത്യക്കാര്‍ തടവ് അനുഭവിക്കുന്നത്, 1709 പേര്‍. യു എ ഇയില്‍ 1214 ഇന്ത്യന്‍ പൗരന്മാരാണ് ജയിലില്‍ കഴിയുന്നത്. കുവൈത്തില്‍ 520, ഖത്വറില്‍ 159 എന്നിങ്ങനെയാണ് മറ്റ് ജി സി സി രാജ്യങ്ങളിലെ ഇന്ത്യന്‍ തടവുകാരുടെ എണ്ണം.
ബഹ്‌റൈനില്‍ ഇന്ത്യക്കാര്‍ തടവ് ശിക്ഷക്ക് വിധേയരാക്കപ്പെട്ടിട്ടില്ലെന്നും സുഷമ സ്വരാജ് സമര്‍പ്പിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. മയക്കുമരുന്ന്, വിദേശ നാണയം, വോയ്പ് സിം കാര്‍ഡുകള്‍, വ്യാജ പാസ്‌പോര്‍ട്ട്, സ്വര്‍ണം തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകളിലാണ് ഭൂരിഭാഗം പേര്‍ക്കും തടവ് അനുഭവിക്കേണ്ടി വന്നത്. ഇത്തരം കുറ്റങ്ങള്‍ക്കെതിരെ ശക്തമായ ശിക്ഷാ നിയമങ്ങളാണ് ഒമാന്‍ അടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിലനില്‍ക്കുന്നത്.
ഇന്ത്യക്കാരായവര്‍ അറസ്റ്റ് ചെയ്യപ്പെടുകയോ തടവ് ശിക്ഷക്ക് വിധേയരാകുകയോ ചെയ്തതായി വിവരം ലഭിക്കുന്ന പക്ഷം ഇവരുടെ പൗരത്വം സ്ഥിരീകരിക്കുന്നതിനും ക്ഷേമം ഉറപ്പുവരുത്തന്നതിനും അതത് രാജ്യങ്ങളിലെ എംബസികളുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാറുണ്ട്.