Connect with us

Gulf

ചിക്കു റോബര്‍ട്ട് വധം: ഭര്‍ത്താവ് ലിന്‍സന് 332 ദിവസത്തിന് ശേഷം പൂര്‍ണ മോചനം

Published

|

Last Updated

മസ്‌കത്ത്: സലാലയില്‍ മലയാളി നഴ്‌സ് ചിക്കു റോബര്‍ട്ട് കൊല്ലപ്പെട്ട സംഭവത്തില്‍ റോയല്‍ ഒമാന്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്ന ഭര്‍ത്താവ് ലിന്‍സന്‍ നാട്ടിലേക്ക് മടങ്ങി. പോലീസിന്റെ കൈവശമായിരുന്ന ലിന്‍സന്റെ പാസ്‌പോര്‍ട്ട് ഇന്നലെ അഭിഭാഷകന്‍ മുഖേന ലിന്‍സനു കൈമാറിയതോടെയാണ് നാട്ടിലേക്കുള്ള യാത്രക്ക് കളമൊരുങ്ങിയത്. എന്നാല്‍, സംഭവത്തില്‍ പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. ഇന്നലെ രാത്രിയിലെ കൊച്ചിയിലേക്കുള്ള ഒമാന്‍ എയര്‍ വിമാനത്തിലാണ് ലിന്‍സന്‍ നാട്ടിലേക്ക് തിരിച്ചത്.

സംഭവം നടന്ന് 332 ദിവസത്തിന് ശേഷമാണ് ലിന്‍സന് പൂര്‍ണ്ണ മോചനം സാധ്യമാകുന്നതും നാടണയാന്‍ സാധിക്കുന്നതും. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഇരുപതിനാണ് പെരുമ്പാവൂര്‍ സ്വദേശിനി ചിക്കു റോബര്‍ട്ടിനെ താമസ സ്ഥലത്ത് കൊല്ലപെട്ട നിലയില്‍ കണ്ടെത്തിയത്. സലാലയിലെ ബദര്‍ സമ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു ചിക്കു റോബര്‍ട്ട്.

ചങ്ങനാശേരി സ്വദേശിയായ ഭര്‍ത്താവ് ലിന്‍സനും അതേ ആശുപത്രിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ ചിക്കു റോബര്‍ട്ടിന്റെ കൊലപാതകവുമായി ബന്ധപെട്ടു ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി സംഭവ ദിവസം തന്നെ ലിന്‍സനെ റോയല്‍ ഒമാന്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പോലീസ് കസ്റ്റഡിയില്‍ കഴിഞ്ഞിരുന്ന ലിന്‍സനെ ആഗസ്ത് പതിനെട്ടിനാണ് പോലീസ് വിട്ടയച്ചത്. അതേസമയം, ലിന്‍സന്റെ മേല്‍ കേസുകളൊന്നും ചുമത്തിയിരുന്നില്ല.
കസ്റ്റഡിയില്‍ നിന്നും വിട്ടയച്ചെങ്കിലും രാജ്യം വിട്ടു പുറത്തു പോകാന്‍ ലിന്‍സന് പോലീസ് അനുമതി ഉണ്ടായിരുന്നില്ല.

പാസ്‌പോര്‍ട്ട് റോയല്‍ ഒമാന്‍ പോലീസ് തിരിച്ചു നല്‍കിയിരുന്നുമില്ല. അന്വേഷണത്തിന്റെ ഭാഗമായി, ഭര്‍ത്താവ് ലിന്‍സന് രാജ്യത്തു തന്നെ ഉണ്ടാകണം എന്ന കാരണത്താല്‍ പാസ്‌പോര്‍ട്ട് പോലീസ് കൈവശം വെക്കുകയായിരുന്നു.

Latest