Connect with us

Articles

സുല്‍ത്താനുല്‍ ഹിന്ദ് അജ്മീര്‍ ഖാജാ (റ)

Published

|

Last Updated

ലോക പ്രശസ്ത തീര്‍ഥാടന കേന്ദ്രമാണ് അജ്മീര്‍. സുല്‍ത്താനുല്‍ ഹിന്ദ് (ഇന്ത്യന്‍ ചക്രവര്‍ത്തി) എന്ന അപരനാമത്തില്‍ വിശ്രുതനായ സൂഫി പ്രമുഖന്‍ ഖാജാ മുഈനുദ്ദീന്‍ ചിശ്തിയുടെ അന്ത്യവിശ്രമസ്ഥാനമാണ് അജ്മീര്‍. ഖാജാ തങ്ങളുടെ ഉറൂസ് വേളയാണിത്. വിശുദ്ധ ജീവിതത്തിലൂടെ ആത്മീയ ചക്രവാളങ്ങള്‍ കീഴടക്കിയ ഖാജാ (റ) ലക്ഷങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കി ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കിടയില്‍ ചക്രവര്‍ത്തിപദം അലങ്കരിച്ചുകൊണ്ടിരിക്കുന്നു. അശരണര്‍ക്കും അഗതികള്‍ക്കും താങ്ങും തണലുമായിരുന്ന ഖാജാ തങ്ങളുടെ പ്രബോധന കേന്ദ്രമായിരുന്ന അജ്മീര്‍ ജാതിമതഭേദമന്യേ ഇന്നും ലക്ഷങ്ങള്‍ക്ക് ആശ്വാസകേന്ദ്രമാണ്.
അസ്സയ്യിദ് ശൈഖ് മുഈനുദ്ദീന്‍ ഹസന്‍ (റ) ഹിജ്‌റ 522ല്‍ ഇറാനിലെ സജിസ്ഥാനിലാണ് ജനിച്ചത്. പണ്ഡിതനും ധര്‍മിഷ്ഠനുമായിരുന്ന പിതാവ് സയ്യിദ് ഗിയാസുദ്ദീന്‍ സന്‍ജരിയുടെ ശിക്ഷണത്തിലാണ് പ്രാഥമിക പഠനം. പതിനൊന്നാം വയസ്സില്‍ പിതാവ് നിര്യാതനായി. ഒരിക്കല്‍ അദ്ദേഹം തോട്ടം നനച്ചുകൊണ്ടിരിക്കെ, സദ്‌വൃത്തരില്‍പെട്ട ശൈഖ് ഇബ്‌റാഹീം കടന്നുവന്നു. അദ്ദേഹത്തെ സ്വീകരിച്ച ഖാജ പഴങ്ങളും മറ്റും നല്‍കി ആദരിച്ചു. ഈ സംഭവം ഖാജയുടെ ഉയര്‍ച്ചയുടെ നിമിത്തമായി ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. തെന്നിന്ത്യന്‍ മുഫ്തിയും സമസ്തയുടെ ആദ്യകാല നേതാക്കളില്‍ പ്രമുഖരുമായ ശൈഖ് ശിഹാബുദ്ദീന്‍ ശാലിയാത്തി “മവാഹിബുര്‍റബ്ബില്‍ മതീന്‍” എന്ന രിസാലയില്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.

ഖാജായുടെ സ്വഭാവത്തില്‍ സന്തുഷ്ടനായ ശൈഖ് തന്റെ ഭാണ്ഡത്തില്‍ നിന്ന് ഒരു പഴം നല്‍കി. ഇത് ഭക്ഷിച്ച ശേഷം ഈ ബാലനില്‍ വലിയ മാറ്റങ്ങള്‍ കണ്ടുതുടങ്ങി. ആത്മാവ് പ്രഭാപൂരിതമാകാനും ആത്മീയതയുടെ ഉത്തുംഗതയിലേക്കുള്ള ചുവടുവെക്കാനും ഈ സംഭവം ഒരു നിയോഗവും നിമിത്തവുമായിത്തീര്‍ന്നു. ഭൗതികാഢംബരങ്ങളോട് വിരക്തി തോന്നിയ ഖാജാ തന്റെ മുഴുവന്‍ സമ്പത്തും ദാനം ചെയ്തു. ശൈഖ് നിസാമുദ്ദീന്‍ (റ)വില്‍ നിന്ന് വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കുകയും മതവിജ്ഞാനങ്ങളില്‍ അവഗാഹം നേടുകയും ചെയ്തു.

ശേഷം ഇറാഖില്‍ ശൈഖ് ഉസ്മാന്‍ ഹാറൂനി (റ)യുടെ ശിഷ്യത്വം തേടി 20 വര്‍ഷം കഴിച്ചുകൂട്ടി. ശൈഖ് ഉസ്മാന്‍ (റ)വിനെ ബൈഅത്ത് ചെയ്ത് സ്ഥാനവസ്ത്രം (ഹിര്‍ക) സ്വീകരിച്ച് വിഖ്യാതമായ ചിശ്തി ത്വരീഖത്തില്‍ പ്രവേശിച്ചു. ശൈഖ് ഖാജാ പിന്നീട് നൂഹ് നബിയുടെ കപ്പല്‍ കരക്കടിഞ്ഞ ജൂദി പര്‍വതത്തിലെത്തി. ശൈഖ് മുഹ്‌യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനിയുമായി കണ്ടു. ആ പ്രകാശ ഗോപുരത്തില്‍ നിന്നും ആത്മജ്ഞാനം സ്വന്തമാക്കികൊണ്ട് ഏഴ് മാസത്തോളം കഴിഞ്ഞു. ശൈഖ് ശിഹാബുദ്ദീന്‍ സുഹ്‌റവര്‍ദി, ശൈഖ് ളിയാഉദ്ദീന്‍ (റ), ശൈഖ് യൂസുഫുല്‍ ഹമദാനി തുടങ്ങി ആത്മീയ വിഹായസ്സിലെ പ്രോജ്വല താരങ്ങളായ നിരവധി ആത്മജ്ഞാനികളുമായി ബന്ധപ്പെടുകയും ആശീര്‍വാദങ്ങള്‍ നേടുകയും ചെയ്തു. ഈ മഹദ്‌വ്യക്തികളില്‍ നിന്ന് പ്രകടമായ തിളക്കം ആര്‍ജിച്ചെടുത്ത് തന്റെ ജീവിതത്തില്‍ തിളക്കമാര്‍ന്ന സേവന പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കാന്‍ ശൈഖ് ഖാജാ (റ)വിന് സാധിച്ചു.
നിരവധി അസാധാരണ സംഭവങ്ങള്‍ ഖാജയുടെ ചരിത്രത്തില്‍ കാണാം. മരിച്ച മകനെ അല്ലാഹുവിന്റെ അനുമതിയില്‍ തിരിച്ചുവിളിച്ചതും അഗ്നി ആരാധകരെ വെല്ലുവിളിച്ചുകൊണ്ട് ഒരു ചെറുപ്പക്കാരനെ തീയില്‍ കടത്തി ഒരു പോറലുമേല്‍പ്പിക്കാതെ തിരിച്ചുവിളിച്ചതും അക്രമിയായ രാജാവ് നിഷ്‌കരുണം വധിച്ച ചെറുപ്പക്കാരനെ എഴുന്നേല്‍പ്പിച്ചതുമെല്ലാം ഖാജയുടെ കറാമത്തുകളില്‍ ചിലതാണ്. നിരവധിപേര്‍ ഇത്തരം കറാമത്തുകളിലൂടെ ഇസ്‌ലാമിലേക്ക് കടന്നുവന്നു.

ഒരിക്കല്‍ വിശുദ്ധ റൗളാ ശരീഫില്‍ നബി (സ)യെ സിയാറത്ത് ചെയ്ത് വിശ്രമത്തിനിടെ ഉറങ്ങിപ്പോയ ഖാജാ (റ)വിന് സ്വപ്‌നദര്‍ശനമുണ്ടായി. നബി (സ) നിര്‍ദേശിച്ചു. നിങ്ങള്‍ ഹിന്ദുസ്ഥാനിലേക്ക് പുറപ്പെടുക, അവിടെയുള്ള അന്ധകാരങ്ങള്‍ അകറ്റി വിശ്വാസത്തിന്റെ വെളിച്ചം പകരുക. ഈ നിര്‍ദേശം ഒരു കര്‍ത്തവ്യമായി ചുമലിലേറ്റിയ ശൈഖ് 40 അനുയായികള്‍ക്കൊപ്പം ഹിജ്‌റ 561 മുഹര്‍റം മാസത്തില്‍ ഇന്ത്യയിലേക്ക് യാത്ര തിരിച്ചു അജ്മീറിലെത്തി. ഉത്തരേന്ത്യയില്‍ രജപുത്ര രാജാക്കന്മാരുടെ ഭരണകാലമായിരുന്നു അത്.
വിശുദ്ധ ഇസ്‌ലാമിന്റെ അന്തസ്സത്ത അടുത്തറിയാന്‍ കഴിയാത്ത വിശ്വാസികളില്‍ ചിലര്‍ ഖാജായെയും അനുയായികളെയും സംശയത്തിന്റെയും ശത്രുതയുടെയും കണ്ണുകളോടെ കണ്ടു. അജ്മീറിനടുത്ത് ആനാസാഗറിലെ വെള്ളമെടുത്ത് ദൈനംദിനാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന ഖാജായെയും അനുയായികളെയും തടയാന്‍ ശ്രമം നടന്നു. ആ വെള്ളത്തിന് പുണ്യം കല്‍പ്പിച്ചിരുന്ന അവിശ്വാസികള്‍ പൃഥ്വി രാജാവിനോട് പരാതി പറഞ്ഞു. തന്നെയും അനുയായികളെയും ശല്യം ചെയ്തവരോട് ഖാജാ ഏറ്റുമുട്ടലിന്റെ മാര്‍ഗം സ്വീകരിച്ചില്ല. ഒരു പാത്രം വെള്ളമെടുത്ത് പിന്മാറി. പിറ്റേദിവസത്തെ വാര്‍ത്ത അമ്പരപ്പിക്കുന്നതായിരുന്നു. ആനാസാഗറിലെ വെള്ളം വറ്റിപ്പോയിരിക്കുന്നു. അത്ഭുത വാര്‍ത്ത പരന്ന് അജ്മീര്‍ ജനസാഗരമായി.

ഖാജക്ക് മുമ്പില്‍ മാപ്പപേക്ഷിക്കാന്‍ രാജാവിനോട് പലരും ഉപദേശിച്ചു. പൃഥി രാജന്‍, പക്ഷേ ഒരു കൈ നോക്കാന്‍ തന്നെ തീരുമാനിച്ചു. മൂസ നബിയുടെ കാലത്ത് ഫറോവയുടെ മാരണവിദ്യക്കാരെ അനുസ്മരിപ്പിക്കുന്ന പ്രകാരം തന്റെ ചെരിപ്പുകള്‍ പറന്നു രാജാവ് രംഗത്തിറക്കിയ അജയ് പാലിനെ അടിച്ചുവീഴ്ത്തി. പരാജയം സമ്മതിച്ച അജയ് പാല്‍ ഖാജാ (റ)വിന്റെ മുമ്പില്‍ വന്ന് കലിമ ചൊല്ലി ഇസ്‌ലാം ആശ്ലേഷിച്ചു. പൃഥി രാജാവ് ഖാജാ (റ)വിനോട് മാപ്പപേക്ഷിച്ചു. അനുയായികള്‍ എടുത്തുവെച്ച ഒരു കപ്പ് വെള്ളം കുളത്തില്‍ ഒഴിക്കാന്‍ തീരുമാനിച്ചു. അല്‍പ്പനേരം കൊണ്ട് വറ്റിപ്പോയ കുളം നിറഞ്ഞു. പരിസരങ്ങളിലെ വറ്റിപ്പോയ കിണറുകള്‍ സ്വജലങ്ങളായി.
ഇത്തരം അത്ഭുത സംഭവങ്ങളും വ്യക്തിവൈശിഷ്ട്യവും ആകര്‍ഷണീയവുമായ പെരുമാറ്റച്ചട്ടങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും കാരണം നിരവധി പേര്‍ ഇസ്‌ലാമിലേക്കാകര്‍ഷിക്കപ്പെട്ടുവെന്നതിന് ചരിത്രം സാക്ഷിയാണ്. ഹിജ്‌റ 633 റജബ് ആറിന് തിങ്കളാഴ്ചയാണ് മഹാന്‍ ഈ ഭൗതിക ലോകത്തോട് വിട പറയുന്നത്. ആ ദിവസം പൂര്‍ണമായും വാതിലടച്ചു കഴിയുകയായിരുന്നു.
വാതില്‍ തുറന്നുനോക്കിയപ്പോള്‍ പുറത്ത് കാത്തിരുന്ന സ്‌നേഹജനങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞത് നെറ്റിത്തടത്തില്‍ പ്രകാശത്താല്‍ എഴുതപ്പെട്ട ഒരു ലിഖിതമായിരുന്നു. ഹാദാ ഹബീബുല്ലാഹി, മാത്ത ഫീ ഹുബ്ബില്ലാഹ് (അല്ലാഹുവിന്റെ ഹബീബ് ഇതാ, അവന്റെ പ്രീതിയിലായി മരിച്ചിരിക്കുന്നു. (മവാഹിബു റബ്ബില്‍ മത്തീന്‍, പേജ് 26).