Connect with us

Gulf

അനുഭവിച്ചറിയണം ഈ ഹൈടെക് വായനാലോകം

Published

|

Last Updated

വിരല്‍തുമ്പില്‍ വിവരങ്ങള്‍ ലഭ്യമാകുന്ന കാലമാണിത്. എന്തിനും ഏതിനും വിവരസാങ്കേതിക വിദ്യയും ആധുനിക യന്ത്രങ്ങളുമുപയോഗിച്ച് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കാനാണ് നമ്മള്‍ ശ്രമിക്കുന്നത്. വായനാലോകത്തും ഹൈടെക് വിസ്മയങ്ങള്‍ കണ്ടുതുടങ്ങിയിട്ട് കുറച്ചായി. പരിമിതമായ പുസ്തകങ്ങളുടെ കലവറ എന്നതില്‍ നിന്നും വിഭിന്നമായി അനന്തമായ വിജ്ഞാന ശേഖരത്തിലേക്കുള്ള കവാടമായി മാറുകയാണ് ഇന്നത്തെ ഹൈടെക് ലൈബ്രറികള്‍. ഉപയോഗിക്കാനുള്ള എളുപ്പമാണ് വായനക്കാരെ ഇത് ഏറെ പ്രിയങ്കരമാക്കുന്നത്.

വിവര സാങ്കേതികവിദ്യയുടെ പിന്‍ബലത്തില്‍ കൂടുതല്‍ ജനകീയമാകുന്ന മലപ്പുറം മഅ്ദിന്‍ അക്കാഡമിയിലെ ഹൈടെക് ലൈബ്രറി ഇതിനുദാഹരണമാണ്. ഒരു പുസ്തകമെടുക്കാന്‍ ഷെല്‍ഫുകളിലോ കാറ്റലോഗിലോ തിരയേണ്ടതില്ല. പുസ്തകത്തിന്റെയോ രചയിതാവിന്റെയോ പേര്, വിഷയം അല്ലെങ്കില്‍ ഐ എസ് ബി എന്‍ നമ്പറോ നല്‍കിയാല്‍ നിമിഷങ്ങള്‍ക്കകം തൊട്ടുമുന്നിലുളള സ്‌ക്രീനില്‍ നിങ്ങള്‍ തേടിയ പുസ്തകം തെളിഞ്ഞുവരും. ഇതില്‍ നോക്കിയാല്‍ പുസ്തകമുളള ഷെല്‍ഫും ചിത്രവുമടക്കം പുസ്തകത്തെക്കുറിച്ചുളള പൂര്‍ണ വിവരങ്ങള്‍ ലഭിക്കും. ആവശ്യമായ പുസ്തകമുണ്ടോ എന്നറിയാനോ പുസ്തകമെടുക്കാനോ ലൈബ്രറിയന്റെ സഹായവും തേടേണ്ടതില്ല. ഇതിനായി പ്രത്യേകം സ്ഥാപിച്ച മെഷീനിലുള്ള ഓണ്‍ലൈന്‍ പബ്ലിക്ക് ആക്‌സസ് കാറ്റലോഗ് (OPAC) എന്ന സിസ്റ്റമാണ് ഇതിന് സഹായകമാകുന്നത്.
ഷെല്‍ഫില്‍ പുസ്തകങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത് ഡ്യു ഡെസിനെല്‍ ക്ലാസിഫിക്കേഷന്‍ (DDC) സ്‌കീം ഉപയോഗിച്ചായതിനാല്‍ ഒരു പുസ്തകം തിരയുകയാണെങ്കില്‍ ലൈബ്രറിയില്‍ അതിന്റെ എത്ര കോപ്പിയുണ്ടെന്നും ലഭ്യമാണോയെന്നും അറിയാം. പുസ്തകം ലഭ്യമല്ലെങ്കില്‍ പുസ്തകമെടുത്തയാളുടെ പേരും തിരിച്ച് ഏല്‍പ്പിക്കുന്ന തിയ്യതിയും സ്‌ക്രീനില്‍ കാണാം. പുസ്തകങ്ങളെല്ലാം വിഷയാടിസ്ഥാനത്തില്‍ കാള്‍ നമ്പര്‍ പ്രകാരം ക്രമീകരിച്ചതിനാല്‍ ഒരു വിഷയം തിരയുമ്പോള്‍ അതിനോട് അനുബന്ധമായ വിഷയങ്ങളുളള പുസ്തകങ്ങളും നിങ്ങളുടെ മുമ്പിലെത്തുന്നു.
എടുത്ത പുസ്തകം ലൈബ്രറിയനെ കാണിച്ച് പേരും പുസ്തകത്തിന്റെ നമ്പറും രജിസ്റ്റര്‍ ചെയ്യുകയോ ബാര്‍കോഡ് രേഖപ്പെടുത്തുകയോ വേണ്ട. ഷെല്‍ഫില്‍ നിന്നെടുത്ത പുസ്തകവും ആര്‍ എഫ് ഐ ഡി (Radio Frequency Identification) ടാഗും ചെക്ക് ഇന്‍ കിയോസ്‌ക് മെഷീനില്‍ വെച്ച് സ്‌ക്രീനില്‍ കാണുന്ന ഇഷ്യു ബട്ടണ്‍ അമര്‍ത്തിയാല്‍ ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ പുസ്തകമെടുത്തയാളുടെ ഫോട്ടോയും പേരും അക്കൗണ്ട് നമ്പറും പുസ്തകത്തിന്റെ ചിത്രവും മെഷീന്‍ തന്നെ രേഖപ്പെടുത്തും.

വീണ്ടും മറ്റൊരു ബട്ടണമര്‍ത്തിയാല്‍ പുസ്തകത്തിന്റെ വിവരങ്ങളും തിരിച്ചു നല്‍കേണ്ട ദിവസവും രേഖപ്പെടുത്തിയ റസീപ്റ്റ് ലഭിക്കും.
ഓരോ പുസ്തകത്തിന്റെയും അന്‍പത്തിയൊന്നാം പേജില്‍ ഘടിപ്പിച്ചിട്ടുള്ള പ്രത്യേക ചിപ്പിലാണ് പുസ്തക വിവരങ്ങളെല്ലാം ശേഖരിച്ചു വെച്ചിട്ടുള്ളത്. മെഷീന്‍ ഈ ചിപ്പാണ് റീഡ് ചെയ്യുന്നത്. പുസ്തകം ചെക്ക് ഔട്ട് നടത്താതെ പുറത്തുപോയാലോ പുസ്തകം അധികമെടുത്താലോ ആന്റി തെഫ്റ്റ് ഗേറ്റില്‍ (ലൈബ്രറി വാതില്‍) നിന്ന് സൈറണ്‍ മുഴങ്ങും. ആര്‍ എഫ് ഐ ഡി ചിപ്പ് എല്ലാ പുസ്തകത്തിലും പതിച്ചതിനാലാണ് ഇത് സാധ്യമാകുന്നത്. ഈ ചിപ്പ് പതിച്ച ടാഗുള്ളവര്‍ക്ക് മാത്രമേ അകത്ത് പ്രവേശിക്കാനാകൂ. പ്രവേശന കവാടത്തില്‍ പ്രത്യേകം തയ്യാറാക്കിയ മെഷീനില്‍ കാര്‍ഡ് റീഡ് ചെയ്ത് അകത്ത് കടക്കാം. ഓരോ ദിവസവും എത്ര പേരാണ് ലൈബ്രറിയില്‍ വന്നതെന്നും ആരൊക്കെയെന്നും ഇതിലൂടെ അറിയാനാകും.

പുസ്തകം തിരികെ നല്‍കാന്‍ ചെക്ക് ഔട്ട് മെഷീനില്‍ വെച്ച് റിട്ടേണ്‍ ബട്ടണ്‍ അമര്‍ത്തിയാല്‍ മതി. അപ്പോള്‍ അക്കൗണ്ട് തുറക്കുകയും ക്യാന്‍സല്‍ ചെയ്ത് റസീപ്റ്റ് ലഭിക്കുകയും ചെയ്യും. ലൈബ്രറി സമയം കഴിഞ്ഞാണ് എത്തുന്നതെങ്കിലും നിരാശപ്പെടേണ്ടതില്ല. പുസ്തകം ലൈബ്രറിക്ക് പുറത്തുള്ള ഡ്രോപ് ബോക്‌സില്‍ നിക്ഷേപിച്ചാല്‍ മതിയാകും. നമ്മുടെ അക്കൗണ്ടില്‍ നിന്നും ഓട്ടോമാറ്റിക്കായി പുസ്തകം ഡിലീറ്റ് ആകും. ഇതിനാല്‍ ഫൈനടക്കാതെ രക്ഷപ്പെടുകയും ചെയ്യാം. “കോഹ” എന്ന പ്രത്യേക സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് മഅ്ദിന്‍ പോളിടെക്‌നിക് കോളേജില്‍ സംവിധാനിച്ച ഡിജിറ്റല്‍ ലൈബ്രറിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
ഇനി ലൈബ്രറിയിലെ പുസ്തകങ്ങളിലെ ഏതെങ്കിലും ഭാഗമോ പേജോ ആവശ്യമുണ്ടെന്നിരിക്കട്ടെ. നിശ്ചിത പേജുകള്‍ അപ്പോള്‍ തന്നെ കോപ്പിയെടുക്കാം. റീപ്രോഗ്രാപിക് സര്‍വീസിലൂടെയാണ് ഇത് നല്‍കുന്നത്. പുതിയ പുസ്തകങ്ങള്‍ വന്നാല്‍, ന്യൂ അറൈവല്‍ ബുക്ക് ഡിസ്‌പ്ലെയില്‍ പ്രദര്‍ശിപ്പിക്കുന്നത് ഏറെ സഹായകമാണ്. പത്രങ്ങള്‍, ആനുകാലിക പ്രസിദ്ധീകരണങ്ങള്‍, പുസ്തകങ്ങള്‍ എല്ലാം വായിക്കുന്നതിന് വിപുലമായ സൗകര്യങ്ങളാണ് ഇവിടെയുള്ളത്. റീഡിംഗ് ടേബിളില്‍ പ്ലഗ്‌പോയിന്റും പുസ്തകത്തിലേക്ക് നേരിട്ട് വെളിച്ചം വരുന്ന പ്രത്യേക ലൈറ്റുകളും ഇരിപ്പിടങ്ങളും റഫറന്‍സ് ഏരിയയും പൂര്‍ണമായും ശീതീകരിച്ച ലൈബ്രറിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. കോളേജും ലൈബ്രറിയും പൂര്‍ണമായും വൈഫൈ സംവിധാനത്തിലായതിനാല്‍ ഏത് സമയവും ഇന്റര്‍നെറ്റില്‍ ആവശ്യമുള്ള വിഷയങ്ങള്‍ പരിശോധിക്കാം. ടച്ച് സ്‌ക്രീന്‍ സിസ്റ്റമാണ് ഇതിനായി സ്ഥാപിച്ചിട്ടുള്ളത്. ഇവിടത്തെ ഇന്റീരിയല്‍ വര്‍ക്കുകളും ഡിസൈനിംഗും അലങ്കാര ലൈറ്റുകളുമെല്ലാം ആരെയും ആകര്‍ഷിപ്പിക്കുന്നതാണ്. വായനക്ക് ഇണങ്ങിയ രൂപത്തിലാണ് എല്ലാത്തിന്റെയും സജ്ജീകരണം.

ഷെല്‍ഫില്‍ പുസ്തകങ്ങള്‍ സ്ഥാനം മാറ്റി വെക്കുകയോ വര്‍ഷത്തില്‍ പുസ്തകങ്ങളുടെ മുഴുവന്‍ എണ്ണമെടുക്കുകയോ ചെയ്യണമെങ്കില്‍ ഹാന്‍ഡ് ഹെല്‍ഡ് റീഡര്‍ സഹായിക്കും. റീഡര്‍ ഷെല്‍ഫിന് മുകളില്‍ കാണിച്ച് സ്വിച്ച് ഓണ്‍ ചെയ്താല്‍ മൊത്തം പുസ്തകങ്ങളുടെ എണ്ണം റീഡറില്‍ റെക്കോര്‍ഡാകും. ഇത് കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ച് പ്രിന്റെടുത്താല്‍ നഷ്ടപ്പെട്ട പുസ്തകങ്ങളും ഷെല്‍ഫ് മാറി വെച്ച പുസ്തകങ്ങളും അറിയാനാകും. മാറിവെച്ച പുസ്തകത്തിന്റെ നമ്പര്‍ റീഡറില്‍ സെറ്റ് ചെയ്താല്‍ പുസ്തകമുള്ള ഷെല്‍ഫില്‍ നിന്ന് പ്രത്യേക സൈറണ്‍ മുഴങ്ങും.
ഇരുപതിനായിരത്തോളം പുസ്തകങ്ങള്‍ക്കു പുറമെ പഠനാര്‍ഹമായ നിരവധി സി ഡി, ഡി വി ഡി ശേഖരവും വിഷ്വല്‍ ആന്‍ഡ് മീഡിയ വിഭാഗവുമുണ്ടിവിടെ. നൂറുകണക്കിന് വായനാപ്രിയരാണ് ഇവിടം സന്ദര്‍ശിക്കാനെത്തിയത്. അതില്‍ വിദേശികളും വിദ്യാഭ്യാസ സാമൂഹിക മേഖലയിലെ പ്രമുഖരുമുണ്ട്. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, മലേഷ്യന്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍, ഇന്റര്‍നാഷണല്‍ ബിസിനസ് മാഗസിന്‍ (ഒ ഐ സി) എഡിറ്റര്‍ ഡോ. രാജാ യതീം, കേരളാ സ്റ്റേറ്റ് പബ്ലിക് പ്രൊസിക്യുട്ട് അഡ്വ. ആസഫലി, ബി ബി സി റിപ്പോര്‍ട്ടര്‍ ശുഭ്രാന്‍ശു ചൗധരി, പ്രശസ്ത ട്രൈനര്‍ മധുഭാസ്‌കരന്‍, എസ് ഐ കൃഷ്ണന്‍ കുട്ടി, കേരളാ ഹൈക്കോടതി അഡ്വക്കറ്റുമാര്‍, ജാമിഅ മില്ലിയ യൂനിവേഴ്‌സിറ്റി പ്രൊഫസര്‍മാര്‍, കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രൊഫസര്‍മാര്‍, ഡല്‍ഹി നെതര്‍ലാന്റ് എംബസിയിലെ പ്രമുഖര്‍, മിലിറ്ററീസ്, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ജനാര്‍ദന്‍, പി എസ് എം ഒ മുന്‍ പ്രിന്‍സിപ്പല്‍ മേജര്‍ ഇബ്‌റാഹീം, ജില്ലാ പ്രോഗ്രാം ഓഫീസര്‍, ഭാരത് സേവഗ് സമാജ് അംഗങ്ങള്‍, തുടങ്ങിയവര്‍ സന്ദര്‍ശകരില്‍ പ്രമുഖരാണ്. ആധുനിക ഹൈടെക് സോഫ്റ്റ്‌വെയറായ ഡി-സ്‌പെയ്‌സ് ഉപയോഗിച്ച് വിദ്യാര്‍ഥികള്‍ക്കാവശ്യമായ സ്റ്റഡി മെറ്റീരിയലുകളും ചോദ്യപേപ്പറുകളും ഇ-ബുക്ക്, ഇ-ജേണലുകളും വീട്ടില്‍ നിന്ന് ഐ പി അഡ്രസ് വെച്ച് ഇന്റര്‍നെറ്റിലൂടെ ലൈബ്രറി ഉപയോഗപ്പെടുത്താനുള്ള ഡെല്‍-നെറ്റ് സംവിധാനവും ഇവിടെയുണ്ട്. 32 വര്‍ഷത്തോളം ലൈബ്രറിയനായി സേവനമനുഷ്ഠിച്ച പി കെ മുഹമ്മദ് ബശീറും സഹായി കെ പി അഷ്‌ക്കറലിയുമാണ് ലൈബ്രറിയുടെ മേല്‍നോട്ടം വഹിക്കുന്നത്.
തൃശൂര്‍ മെഡിക്കല്‍ കോളജ്, പാലക്കാട് വിക്‌ടോറിയ കോളജ്, ഇടുക്കി എന്‍ജിനീറിംഗ് കോളജ്, കോഴിക്കോട് വെസ്റ്റ്ഹില്‍ ഗവ എന്‍ജിനീറിംഗ് കോളജ്, ഫാറൂഖ് കോളജ്, കോട്ടക്കല്‍ വനിതാ പോളിടെക്‌നിക്, പെരിന്തല്‍മണ്ണ പി ടി എം ഗവ. കോളജ് എന്നിവിടങ്ങളില്‍ ലൈബ്രറിയനായി മുഹമ്മദ് ബശീര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വിപുലമായ ആധുനിക സൗകര്യങ്ങളോടെയുള്ള കേരളത്തിലെ ആദ്യ ഹൈടെക് ലൈബ്രറിയാണ് മഅ്ദിനില്‍ പ്രവര്‍ത്തിക്കുന്നത്.

 

Latest