Connect with us

Idukki

മാധ്യമങ്ങള്‍ ഒരുപാട് ഉപദ്രവിച്ചു; പെമ്പിളൈ ഒരുമ പ്രവര്‍ത്തകരോട് നേരിട്ടെത്തി മാപ്പു പറയുകയില്ല: എംഎം മണി

Published

|

Last Updated

തൊടുപുഴ: പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മാത്രമേ രാജിവയ്ക്കുകയുള്ളൂവെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. വേറെ ആര് ആവശ്യപ്പെട്ടാലും രാജിവയ്ക്കില്ല. പെമ്പിളൈ ഒരുമ പ്രവര്‍ത്തകരോട് നേരിട്ടെത്തി മാപ്പു പറയുകയില്ല. മൂന്നാറില്‍ സമരം അവസാനിപ്പിക്കാന്‍ ഇടപെടില്ല. അവരെ അവിടെ ഇരുത്തിയവര്‍ തന്നെ തിരിച്ചുകൊണ്ട് പോകട്ടെ. നിര്‍വ്യാജമായ ഖേദപ്രകടനം പൊതുസമൂഹത്തോട് പറഞ്ഞുകഴിഞ്ഞു. ഖേദം പ്രകടിപ്പിച്ചതോടെ ആ അധ്യായം അടഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞിട്ടാണ് ഖേദപ്രകടനം നടത്തിയതെന്നും മണി പറഞ്ഞു.
തന്റെ ദീര്‍ഘമായ പ്രസംഗത്തെ വളച്ചൊടിക്കുകയായിരുന്നു. പ്രസംഗത്തില്‍ പെമ്പിളൈ ഒരുമ എന്ന പദം ഉപയോഗിച്ചിരുന്നു. എന്നാല്‍ സ്ത്രീകളെ മോശമായി ഒന്നും പറഞ്ഞിട്ടില്ല. സുരേഷ് കുമാറിനെതിരെ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു. ഇതൊന്നും പറഞ്ഞ് എന്നെ പിന്തിരിപ്പിക്കാന്‍ നോക്കേണ്ട. പറയാനുള്ളത് ഞാന്‍ പറഞ്ഞിരിക്കുമെന്നും മണി പറഞ്ഞു.
മാധ്യമങ്ങള്‍ തന്നെ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്. എത്ര നാറ്റിച്ചാലും ഞാന്‍ അതിനുമുകളില്‍ നില്‍ക്കും. കാരണം ഞാന്‍ സാധാരണക്കാരനായ പൊതുപ്രവര്‍ത്തകനാണ്. താന്‍ ഭൂമി കയ്യേറിയെന്ന തരത്തിലാണ് മാധ്യമങ്ങള്‍ വാര്‍ത്ത കൊണ്ടുവരുന്നത്. ഞാന്‍ ഭൂമി കയ്യേറിയെന്ന പ്രചാരണം തെറ്റാണ്. അര്‍ഹതയില്ലാത്ത ഒരു കാര്യത്തിലും താല്‍പര്യമില്ലെന്നും മണി കൂട്ടിച്ചേര്‍ത്തു.

ഇടുക്കിയിലെ ഹര്‍ത്താല്‍ അനാവശ്യമാണ്. മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നാലും ശൈലി മാറ്റില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Latest