Connect with us

Ongoing News

മെസി മിന്നി; എല്‍ക്ലാസിക്കോയില്‍ ബാഴ്‌സ

Published

|

Last Updated

മാഡ്രിഡ്: ആവേശം നിറഞ്ഞ എല്‍ക്ലാസിക്കോ പോരാട്ടത്തില്‍ ബാഴ്‌സലോണക്ക് തകര്‍പ്പന്‍ ജയം. സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ഇരട്ട ഗോളുകളാണ് ബാഴ്‌സക്ക് ജയമൊരുക്കിയത്.
ഇഞ്ചുറി ടൈമിലെ അവസാന മിനുട്ടില്‍ മെസി വിജയ ഗോള്‍ നേടുമ്പോള്‍ സാന്റിയാഗോ ബെര്‍ണാബ്യൂവിലെ റയലിന്റെ ആരാധകര്‍ തരിച്ചിരുന്നു. ഒന്നാം സ്ഥാനത്ത് കുതിക്കുകയായിരുന്ന റയലിനെ വീഴ്ത്തിയതോടെ ലാലിഗയിലെ കിരീടപ്പോരാട്ടം ഒന്നു കൂടി കടുത്തു. ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടറില്‍ പുറത്തായ ബാഴ്‌സലോണക്ക് ജയം വലിയ ആശ്വാസമാണ് സമ്മാനിച്ചത്.

രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ബാഴ്‌സയുടെ ജയം. 28ാം മിനുട്ടില്‍ ബ്രസീല്‍ താരം കാസിമീറോയിലൂടെ റയല്‍ മുന്നിലെത്തി. 33ാം മിനുട്ടില്‍ മെസി ബാഴ്‌സയെ ഒപ്പമെത്തിച്ചു. 73ാം മിനുട്ടില്‍ റാക്കിട്ടിച്ചിന്റെ ഗോളില്‍ ബാഴ്‌സ ലീഡെടുത്തപ്പോള്‍ റയല്‍ പരുങ്ങി. 77 ാം മിനുട്ടില്‍ മെസിയെ വീഴ്ത്തിയ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോയത് റയലിന് വന്‍ തിരിച്ചടിയായി. തൊട്ടുപിന്നാലെ കൊളംബിയന്‍ താരമായ ജെയിംസ് റോഡ്രിഗസിനെ കളത്തിലറക്കിയ സിനദിന്‍ സിദാന്റെ നീക്കം ഫലം കണ്ടു. 85ാം മിനുട്ടില്‍ റോഡ്രിഗസിന്റെ മനോഹരമായൊരു ഗോളില്‍ റയല്‍ സമനില പിടിച്ചു. കളി സമനിലയിലേക്കെന്ന് തോന്നിപ്പിച്ച മത്സരം അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ബാക്കി നില്‍ക്കെ മെസി ബാഴ്‌സയുടെ രക്ഷകനായി അവതരിച്ചു.

മത്സരത്തില്‍ ബാഴ്‌സക്കായി മെസി 500 ഗോളുകളും തികച്ചു. ജയത്തോടെ 33 മത്സരങ്ങളില്‍ നിന്ന് 75 പോയിന്റുമായി ബാഴ്‌സ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി. 35 മത്സരങ്ങളില്‍ ഇത്രയും പോയിന്റുള്ള റയല്‍ രണ്ടാം സ്ഥാനത്തേക്കിറങ്ങുകയും ചെയ്തു. 68 പോയിന്റുള്ള അത്‌ലറ്റിക്കോ മാഡ്രിഡാണ് മൂന്നാം സ്ഥാനത്ത്.

Latest