Articles
മിഅ്റാജ്: സ്നേഹ വിരുന്നിന്റെ ഒാർമകൾ
നബി (സ്വ) മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ നിന്നും ഖുദ്‌സിലെ മസ്ജിദുല്‍ അഖ്‌സയിലേക്കും തുടര്‍ന്ന് ഏഴാകാശങ്ങള്‍ കടന്ന് അല്ലാഹുവിന്റെ സാന്നിധ്യത്തിലേക്കും നടത്തിയ രാപ്രയാണമാണ് ഇസ്‌റാഅ്, മിഅ്‌റാജ് എന്നറിയപ്പെടുന്നത്. ലോകത്തിന്റെ മുഴുവന്‍ നായകത്വത്തിലേക്ക് റസൂല്‍ (സ്വ)യെ കൊണ്ട് വരുന്നതില്‍ വലിയ പങ്കുണ്ട് റജബ് 27 ന് നടന്ന ഈ യാത്രക്ക്.
പ്രവാചക നിയോഗത്തിനിപ്പുറം ഒരു പതിറ്റാണ്ടോടടുക്കുമ്പോള്‍ പ്രബോധന വഴിയില്‍ തിരു നബിയും അനുയായികളും അനുഭവിച്ച പീഡനങ്ങളുടെ കദനകഥകള്‍ ധാരാളമുണ്ട്. സ്വന്തം കുടുംബത്തില്‍ നിന്ന് തന്നെ ഏല്‍ക്കേണ്ടി വന്ന എതിര്‍പ്പുകളും കഴിഞ്ഞ കാലമത്രയും വിശ്വസ്തനെന്ന സ്ഥാനം നല്‍കി ആദരിച്ചിരുന്ന തന്റെ നാട്ടുകാര്‍ തന്നെ തള്ളിപ്പറയുമ്പോള്‍ ഉണ്ടാകുന്ന വേദനയും ചെറുതല്ല. ആകെയുള്ള രണ്ടു കൂട്ടുകളും തന്നെ വിട്ട് പോയതിന് ശേഷം ത്വാഇഫിലെ കുടുംബക്കാരെ സമീപിച്ചിരുന്നു. അവിടെയുള്ള കുട്ടികളെ വരെ ഉപയോഗപ്പെടുത്തി കല്ലേറും ആക്ഷേപ ഹാസ്യങ്ങളും ചേര്‍ത്ത സത്ക്കാരം ഒരു വശത്തും നാട്ടുകാര്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ ഞെരുക്കം മറുഭാഗത്തും പ്രവാചകനെ വീര്‍പ്പു മുട്ടിക്കുന്ന ഒരു കാലം. പ്രബോധന വഴിയില്‍ നൂറ്റാണ്ടുകള്‍ക്ക് ദിശ നിര്‍ണയിക്കേണ്ട ഒരു നേതൃത്വം കൂടുതല്‍ ശക്തമാകേണ്ടതുണ്ടായിരുന്നു. ഇത്തരം ഒരു സാഹചര്യത്തിലാണ് ഉന്നതമായ ദൈവിക ദൃഷ്ടാന്തങ്ങളിലൂടെയുള്ള യാത്രക്ക് നബി(സ്വ)ക്ക് അല്ലാഹുവിന്റെ ക്ഷണം ലഭിക്കുന്നത്.
“ബുറാഖി”ലായിരുന്നു ആ രാപ്രയാണം. ജൈവലോകത്തെ അത്ഭുത പ്രതിഭാസങ്ങളില്‍ ചരിത്രം കുറിച്ചിടേണ്ട ഒരു വാഹനം. രൂപവും ഭാവവും ശേഷിയും പ്രൗഢമാക്കുന്ന ഈ ദൂരയാത്രക്ക് സമയദൈര്‍ഘ്യത്തിന്റെ മടുപ്പില്ല.
മസ്ജിദുല്‍ ഹറാമില്‍ നിന്ന് ഒരുപാട് യാത്രയുണ്ട് മസ്ജിദുല്‍ അഖ്‌സായിലേക്ക്. ചരിത്രത്തിന് അവിസ്മരണീയമായ നിരവധി മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ഒരു പാത. പ്രവാചകരായ തന്റെ പൂര്‍വ പിതാക്കളുടെ ദൗത്യമേഖലകളായിരുന്നു അത്. മുന്‍ കഴിഞ്ഞ പ്രവാചകന്‍മാരുടെയെല്ലാം നായകസ്ഥാനം തിരുനബിയിലാണെന്ന് മസ്ജിദുല്‍ അഖ്‌സയില്‍ നടന്ന കൂട്ട നിസ്‌കാരം തെളിയിക്കുന്നു. ഭൗമേതര ലോകത്തേക്കുള്ള ആരോഹണത്തിനു മുന്നേ ഇത്തരം ചില പരിചയപ്പെടലുകള്‍ അനിവാര്യമായിരുന്നു. തന്റെ അതിഥിയെ സത്കരിക്കുന്നതില്‍ കാണിക്കുന്ന ദൈവികമായ ഈ ഉന്നത മാതൃകയില്‍ വിശ്വാസി സമൂഹത്തിന് ഒരു പാട് പഠിച്ചെടുക്കാനുണ്ട്.
ഏഴാകാശങ്ങളും കടന്നുള്ള മിഅ്‌റാജിന്റെ ചിത്രങ്ങളിലേക്ക് കാലെടുത്തുവെക്കുമ്പോള്‍ അസാധാരണത്വത്തിന്റെ അനുഭവ തലങ്ങളാണുള്ളത്. വായു മണ്ഡലത്തിന്റെ പരിധികള്‍ ഭേദിച്ച് റസൂല്‍ (സ്വ) നടത്തിയ ആ പ്രയാണം പ്രവാചക കുടുംബത്തിലെ പ്രമുഖരുടെ സ്വീകരണങ്ങളോടെയും കുശലാന്വേഷണങ്ങളിലൂടെയും മുന്നോട്ടു പോയി. ആദിമപിതാവ് ആദം നബി (അ) മുതല്‍ പിതാമഹന്‍ ഇബ്‌റാഹീം നബി (അ) വരെ, താനുമായി പലവിധേനെ അടുത്ത ബന്ധമുള്ള, പ്രമുഖരുടെ സാന്നിധ്യമായിരുന്നു ഓരോ ആകാശങ്ങളിലും. മാലാഖമാരുടെ അകമ്പടിയില്‍ ആനന്ദത്തോടെ വിശ്വവിമോചകന്റെ യാത്രക്ക് മംഗളാശംസകളര്‍പ്പിക്കുകയായിരുന്നു അവര്‍.
ഏഴാകാശം പിന്നിട്ട് “സിദ്‌റത്തുല്‍ മുന്‍തഹയില്‍” യാത്രയുടെ സ്വഭാവം ഒന്നുകൂടി മാറി. ഇനി തിരുനബി ഒറ്റക്കാണ് സഞ്ചരിക്കാനുള്ളത്. കാരണം സിദ്‌റത്തുല്‍ മുന്‍തഹയില്‍ നിന്നങ്ങോട്ട് ജിബ്‌രീല്‍ (അ)നു പോലും പ്രവേശിക്കാനനുമതിയില്ല. “പ്രിയരേ, ദയവായി എന്നെ വിട്ട് തരിക, അങ്ങ് ഗമിക്കൂ… ഭയക്കേണ്ട, ആഹ്ലാദിച്ചോളൂ… നിയതാവായ റബ്ബുമായി സംഭാഷണം നടത്തുക”. നബി പ്രണയ കാവ്യ രചനയുടെ കേരളീയ പരിസരത്തെ സമ്പന്നമാക്കിയ വിശ്രുത കവി ശൈഖ് ഉമര്‍ ഖാസിയുടെ വരികളാണിത്. സ്ഥലകാല സങ്കല്‍പങ്ങള്‍ക്കപ്പുറത്ത് നടന്ന സംഭാഷണ വൃത്തം നമ്മുടെ അനുഭവ തലങ്ങളോട് കൂട്ടിവായിക്കല്‍ തീര്‍ത്തും അപൂര്‍ണമാണ്. എങ്കിലും നടക്കാനുള്ളതെല്ലാം നടന്നു. പ്രണയഭാജനങ്ങളുടെ സല്ലാപം അതിന്റെ എല്ലാ അര്‍ത്ഥ തലങ്ങളിലും സുന്ദരമായി.
ഉത്തമമായ ദാസ്യത്തിന്റെ ഉപചാരക്രമങ്ങളോടെ തിരുമുല്‍കാഴ്ചകളത്രയും നാഥനായ റബ്ബിന് മുമ്പില്‍ സമര്‍പ്പിച്ച് സംഭാഷണം അതിന്റെ നിര്‍മാണാത്മക ഘട്ടത്തിലെത്തി. തന്റെ ഏറ്റവും ഇഷ്ടദാസനായ വ്യക്തിക്ക് നല്‍കുന്ന സത്കാര വിഭവങ്ങള്‍ അവിടുന്ന് തനിയെ അനുഭവിച്ചു തീര്‍ത്തതല്ല, മറിച്ച് താന്‍ പ്രതിനിധാനം ചെയ്യുന്ന സമുദായത്തേയും തിരു നബി ഓരോ ഘട്ടങ്ങളായി ഓര്‍ത്തിരുന്നു. തന്റെ ഉന്നതമായ പ്രവാചകത്വം സമ്മാനിച്ച ഈ അത്യപൂര്‍വ അനുഭൂതി തന്റെ അനുയായികളില്‍ നിന്ന് അര്‍ഹരായവരെല്ലാം അല്‍പ്പമെങ്കിലും അനുഭവിക്കണമെന്നുണ്ടായിരുന്നു. ഇഷ്ടഭാജനത്തിന് നാഥന്‍ നല്‍കിയ സ്‌നേഹ സമ്മാനമായ നിര്‍ബന്ധ നിസ്‌കാരം വിശ്വാസിയുടെ ആകാശാരോഹണമാകുന്നത് അങ്ങനെയാണ്. തനിക്കു മാത്രം ലഭിച്ച സ്‌നേഹ സത്കാരത്തില്‍ പോലും അനുയായികള്‍ക്ക് വേണ്ടി സംസാരിക്കാന്‍ ഈ നേതാവിനെ പ്രേരിപ്പിച്ചത് നമ്മോടുള്ള അടങ്ങാത്ത ഇഷ്ടം കൊണ്ടു മാത്രമാണ്. നാം ഇന്നും കാണാതെ പോകുന്ന ഒരു ഇഷ്ടം.
അല്ലാഹുവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം റസൂല്‍ (സ്വ)ക്ക് ലഭിക്കുന്ന സമ്മാനമാണ് 50 വഖ്ത്ത് നിസ്‌കാരം. പക്ഷേ, മടക്കയാത്രയില്‍ മൂസാ നബി(അ) നബി(സ്വ)യെ ഓര്‍മിപ്പിച്ചു. ഇത്രയും വഖ്ത്ത് അങ്ങയുടെ ഉമ്മത്തിന് ഭാരമായേക്കുമെന്ന്. അങ്ങനെയാണ് അല്ലാഹുവിലേക്ക് വീണ്ടും വീണ്ടും മടങ്ങി അഞ്ച് വഖ്ത്ത് നിസ്‌കാരത്തിന്റെ അനുമതിയുമായി നബി (സ്വ)തിരികെയെത്തുന്നത്. വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനമാണ് അല്ലാഹു, തിരുനബി (സ്വ)യിലൂടെ സമുദായത്തിന് നല്‍കിയ ഈ ഉപഹാരം ഏറ്റവും ശ്രദ്ധയോടെയും കണിശതയോടെയും നിര്‍വഹിക്കല്‍. ഒടുവില്‍ സമയകാല പരിധികളില്ലാത്ത ലോകത്തു നിന്ന് നിശാപ്രയാണത്തിന്റെ അനുഭൂതിയാസ്വദിച്ച് തിരുനബി മടക്കയാത്രയിലായി. ദേഹിയും ദേഹവും നടത്തിയ അനിതര സാധാരണമായ യാത്രയുടെ ഓര്‍മകള്‍ പങ്കുവെക്കാന്‍ നബിക്ക് തിടുക്കമായിരുന്നു. ഇതിഹാസങ്ങളുടെ കാല്‍പനിക ലോകത്ത് ഉന്മത്തരാകുന്നവരല്ല വിശ്വാസി സമൂഹം എന്നിരിക്കെ വാസ്തവികതയുടെ അര്‍ഥങ്ങളാണ് തിരുനബിയുടെ പാഠ ഭാഗങ്ങളത്രയും. യുക്തിരഹിതമെന്ന് തോന്നിക്കുന്ന യാത്രാവിവരണം കേട്ട് നിശിതമായ വിമര്‍ശനത്തിന് മുതിരുകയായിരുന്നു നാട്ടുകാര്‍. പ്രവാചകത്വത്തിന്റെയും വിലായത്തിന്റെയും അസാധാരണ സംഭവങ്ങളെ മാറ്റി നിര്‍ത്തി യുദ്ധത്തിന്റെയും രാജ്യതന്ത്രത്തിന്റെയും രാഷ്ട്രമീമാംസയുടെയും പ്രതലത്തില്‍ പ്രതിഷ്ഠിക്കപ്പെടുന്ന മഹത് ജീവിതങ്ങള്‍ ഇസ്‌ലാമിന്റെ ആധുനിക വായനക്ക് സംഭവിച്ച വൈകല്യമാണ്. മക്കാ നിവാസികള്‍ ചിന്തിച്ചത് പോലെ അസാധാരണ സംഭവങ്ങളെ അസത്യമായി തള്ളാനുള്ള വ്യഗ്രത വര്‍ത്തമാന സമൂഹത്തിലും നിലനില്‍ക്കുന്നത് മതത്തിന്റെ ജൈവികതക്ക് ഏല്‍പ്പിക്കുന്ന വലിയൊരു മുറിവാണ്.
യാത്രാ വിവരണം കേട്ട് അബൂബക്കര്‍ സ്വിദ്ദീഖ് (റ) വിനെ സമീപിച്ച് വസ്തുത അന്വേഷിച്ചവരോട് ഞാനിതെല്ലാം വിശ്വസിക്കുന്നുവെന്നും ഇതിലും വിദൂരമായാല്‍ പോലും തിരുനബി (സ്വ)യുടെ വാക്കുകള്‍ എനിക്കെന്നും സത്യമാണ് എന്നായിരുന്നു മറുപടി. മുസ്‌ലിം ലോകം അബൂബക്കറിനൊപ്പം ചേര്‍ത്തി വായിക്കുന്ന “സ്വിദ്ദീഖ്” എന്ന സ്ഥാനപ്പേര് ഈ ദൃഢവിശ്വാസത്തിനുള്ള അംഗീകാരമാണ്. സ്‌നേഹം അതിന്റെ മൂര്‍ത്ത തലത്തില്‍ പ്രകടമാവുകയാണ് ഇവിടെ. യഥാര്‍ഥ വിശ്വാസി തിരുനബിയോട് കാണിക്കേണ്ട സ്‌നേഹവും മര്യാദയും അതിന്റെ വരിഷ്ഠമായ രീതിയില്‍ പഠിപ്പിക്കപ്പെടുക കൂടിയാണ്.
തീവ്രമായ പ്രണയത്തിന്റെ അസാധാരണ പ്രകടന രൂപമായ രാപ്രയാണത്തിന്റെയും ആകാശാരോഹണത്തിന്റെയും ചരിത്രമാണ് റജബിനെ സമ്പന്നമാക്കുന്നത്. വ്രതവിശുദ്ധിയുടെ നിറപ്പകിട്ടില്‍ പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമസാനിനെ അതിന്റെ എല്ലാ ആദരവോടെയും സ്വീകരിക്കേണ്ടതുണ്ട്. നബി സ്‌നേഹത്തിന്റെയും അനുസരണയുടെയും ഓര്‍മകള്‍ നമ്മുടെ ഇന്നലകളെയും പ്രബുദ്ധമാക്കാന്‍ നാം ഒരുങ്ങണം. സ്‌നേഹ വിരുന്നിന്റെ ഓര്‍മയെന്നോണം മിഅ്‌റാജ് ദിനത്തില്‍ സുന്നത്തായ ഒരു വ്രതം നാം അനുഷ്ഠിക്കേണ്ടതുണ്ട്. ഇമാം ഗസ്സാലി (റ) തന്റെ ഇഹ്‌യ ഉലൂമുദ്ദീനിലും ഫത്ഹുല്‍ മുഈന്‍ വിശദീകരണ ഗ്രന്ഥമായ ഇആനത്തു ത്വാലിബീനിലും ശൈഖ് അഹ്മദ് കോയ ശാലിയാത്തി ഇമാം ബാജൂരിയില്‍ നിന്നും അല്‍ ഫതാവാ അല്‍ അസ്ഹരിയ്യയിലും ഇതിനെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. മിഅ്‌റാജ് നടന്ന തിങ്കളാഴ്ച ദിവസം തന്നെ ഈ വര്‍ഷത്തെ വ്രതം നമ്മിലേക്കെത്തുമ്പോള്‍ രണ്ടു സന്തോഷങ്ങളുണ്ട്. തിരുജന്മവും സ്‌നേഹവിരുന്നും. ഈയനുസരണയും അംഗീകാരവും തിരുനബിയോടുള്ള നമ്മുടെ ഇഷ്ടമാണ്, വിശ്വാസമാണ്.