Kerala
മണിയുടേത് നാടന്‍ശൈലിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മന്ത്രി എം എം മണിയുടെ വിവാദ പരാമര്‍ശങ്ങളെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മണിയുടെ സംസാരം തനി നാടന്‍ ശൈലിയിലുള്ളതാണെന്നും എതിരാളികള്‍ അതിനെ രാഷ്ട്രീയ ആയുധമാക്കി മാറ്റുകയായിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിയമസഭയില്‍ അടിയന്തരപ്രമേയത്തിനുള്ള നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. പ്രസ്താവനയെ മാധ്യമങ്ങള്‍ വളച്ചൊടിച്ചു. പ്രസ്താവന പര്‍വതീകരിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മൂന്നാറിലെ ഒഴിപ്പിക്കല്‍ നടപടി നിര്‍ത്തിവെച്ചതും മണിയുടെ സത്രീവിരുദ്ധ പരാമര്‍ശങ്ങളും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. കൈയേറ്റം ഒഴിപ്പിക്കുന്നതിനുള്ള ഗൂഢ ശ്രമം നടന്നു. ഇതിന്റെ ഭാഗമായിരുന്നു മണിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശമെന്നും തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി. മണിയുടെ പ്രസംഗം ഒട്ടും അന്തസ്സുള്ളതല്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ നിരവധി തവണ മണി സംസാരിച്ചിട്ടുണ്ട്. ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ, ദേവികുളം സബ്കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയതായും തിരുവഞ്ചൂര്‍ പറഞ്ഞു.