Connect with us

International

കൊറിയന്‍ തീരത്ത് പടയൊരുക്കം; പീരങ്കിപ്പടയുടെ 'ആക്രമണ ദൃശ്യങ്ങള്‍' പുറത്തുവിട്ട് ഉത്തര കൊറിയ

Published

|

Last Updated

പ്യോംഗ്‌യാംഗ്: അമേരിക്കക്കും സഖ്യരാജ്യങ്ങള്‍ക്കും കടുത്ത ഭീഷണി ഉയര്‍ത്തി ഉത്തര കൊറിയയുടെ സൈനിക പ്രകടനം. സൈനിക വിഭാഗമായ കൊറിയന്‍ പീപ്പിള്‍സ് ആര്‍മിയുടെ 85ാം വാര്‍ഷികത്തോടനുബന്ധിച്ച് വൊസാന്‍ തീരദേശ പ്രദേശത്ത് നടത്തിയ പീരങ്കിപ്പടയുടെ “ആക്രമണ” ദൃശ്യങ്ങള്‍ ഉത്തര കൊറിയ പുറത്തുവിട്ടു.

അമേരിക്കക്കെതിരെ യുദ്ധത്തിന് സന്നദ്ധമാണെന്നും അമേരിക്കയെ തകര്‍ക്കാനുള്ള സൈനിക ശക്തി തങ്ങള്‍ക്കുണ്ടെന്നുമുള്ള ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നിന്റെ വീരവാദങ്ങള്‍ പാഴ്‌വാക്കല്ലെന്ന് തെളിയിക്കുന്നതാണ് പുറത്തുവിട്ട ചിത്രങ്ങള്‍.

ചൊവ്വാഴ്ചയാണ് മുമ്പൊന്നുമില്ലാത്തവിധം പീരങ്കിപ്പടയുടെ അഭ്യാസ പ്രകടനം നടന്നത്. 300ല്‍ അധികം പീരങ്കികളുടെ പ്രകടനം നടന്നു കഴിഞ്ഞു. യുദ്ധാസന്നമായ സൈനിക ആഭ്യാസമെന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള ചിത്രങ്ങളും ദൃശ്യങ്ങളുമാണ് ഉത്തര കൊറിയ പുറത്തുവിട്ടത്. ഉത്തര കൊറിയയുടെ സൈനിക പരിശീലനത്തില്‍ ദക്ഷിണ കൊറിയ നേരത്തെ ഭീതി അറിയിച്ചിരുന്നു.
അമേരിക്കയുടെ അന്തര്‍വാഹിനി കപ്പല്‍ ദക്ഷിണ കൊറിയയില്‍ എത്തിയതിന് പിന്നാലെയായിരുന്നു ഉത്തര കൊറിയയുടെ പീരങ്കിപ്പടയുടെ അഭ്യാസ പ്രകടനം. ജപ്പാനുമായി ചേര്‍ന്ന് സൈനിക പരിശീലനം നടത്തി തങ്ങളെ പ്രകോപിപ്പിക്കുകയാണെങ്കില്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഉത്തര കൊറിയ മുന്നറിയിപ്പ് നല്‍കിയിരുന്നു. ചെറിയൊരു പ്രകോപനം വന്‍ ഏറ്റുമുട്ടലായി മാറാനുള്ള സാധ്യത നിലനില്‍ക്കെയാണ് ഉത്തര കൊറിയയുടെ പീരങ്കിപ്പടയുടെ അഭ്യാസ പ്രകടനം. നൂറ് കണക്കിന് പീരങ്കിടാങ്കുകള്‍ ഒരുമിച്ച് നിന്ന് അഭ്യാസപ്രകടനം നടത്തുന്ന പ്രകടനം തീരദേശത്തുവെച്ചാണ്. ഉത്തര കൊറിയക്കെതിരെ സൈനിക ആക്രമണം നടത്താന്‍ നാവിക സേനയെ അയച്ച അമേരിക്കക്കുള്ള മുന്നറിയിപ്പാണ് തീരദേശത്തെ ഈ അഭ്യാസ പ്രകടനമെന്ന് നയതന്ത്ര വിദഗ്ധര്‍ വിലയിരുത്തുന്നു. സൈന്യത്തിന് സല്യൂട്ട് ചെയ്യുന്ന ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്.

Latest