Connect with us

Ongoing News

ഏഴടിച്ച് ബാഴ്‌സ; ആറാടി റയല്‍; സ്‌പെയിനില്‍ ഗോള്‍ മഴ

Published

|

Last Updated

മാഡ്രിഡ്: ലാലിഗയില്‍ ഗോള്‍ മഴ പെയ്യിച്ച് ബാഴ്‌സലോണയും റയല്‍ മാഡ്രിഡും. ബാഴ്‌സലോണ ഒസാസുനയെ ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്കും റയല്‍ മാഡ്രിഡ് ഡിപ്പോര്‍ട്ടിവോ ലാ കൊരുണയെ രണ്ടിനെതിരെ ആറ് ഗോളുകള്‍ക്കും തകര്‍ത്തുവിട്ടു. ജയത്തോടെ ബാഴ്‌സ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. എല്‍ക്ലാസിക്കോ പോരാട്ടത്തില്‍ മിന്നുന്ന പ്രകടനത്തിലൂടെ ടീമിനെ വിജയിപ്പിച്ച സൂപ്പര്‍ താരം ലയണല്‍ മെസി ഒസാസുനക്കെതിരെയും ആ പ്രകടനം തുടര്‍ന്നു. ഇത്തവണയും രണ്ട് തവണ മെസി ലക്ഷ്യം കണ്ടു. മെസിയെ കൂടാതെ ആന്ദ്രെ ഗോമസും അല്‍കാസറും ഡബിളടിച്ചു. 12, 61 മിനുട്ടുകളിലാണ് മെസി സ്‌കോര്‍ ചെയ്തത്. സീസണില്‍ 48 മത്സരങ്ങളല്‍ നിന്ന് മെസിയുടെ ഗോള്‍ നേട്ടം 49 ആയി. ആന്ദ്ര ഗോമസ് 30, 57 മിനുട്ടുകളിലും അല്‍കാസര്‍ 64, 86 മിനുട്ടുകളിലും ലക്ഷ്യം കണ്ടു. 67ാം മിനുട്ടില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് മെഷറാനോ പട്ടിക പൂര്‍ത്തിയാക്കി. ബാഴ്‌സക്കായി 319 മത്സരങ്ങളില്‍ ജേഴ്‌സിയണിഞ്ഞ പ്രതിരോധ താരത്തിന്റെ ആദ്യ ഗോളായിരുന്നു ഇത്. 48ാം മിനിറ്റില്‍ റോബെര്‍ട്ടോ ടോറസ് ഒസാസുനക്കായി ആശ്വാസ ഗോള്‍ നേടി. ജെയിംസ് റോഡ്രിഗസിന്റെ ഇരട്ട ഗോള്‍ മികവിലാണ് റയല്‍ തകര്‍പ്പന്‍ ജയം നേടിയത്. 14, 66 മിനുട്ടുകളിലാണ് കൊളംബിയന്‍ താരം ഗോള്‍വല ചലിപ്പിച്ചത്. മൊറാത്ത (1), വാസ്‌ക്വസ് (44), ഇസ്‌കോ (77), കാസിമിറോ (87) എന്നിവരും സ്‌കോര്‍ ചെയ്തതോടെ ഡിപ്പോര്‍ട്ടിവോയുടെ പതനം പൂര്‍ത്തിയായി. ആന്‍ഡണ്‍ (35), ജോസെലു (84) എന്നിവര്‍ ഡിപ്പോര്‍ട്ടിവോക്കായി ഗോള്‍ നേടി.

ബാഴ്‌സക്കും റയലിനും 78 പോയിന്റുണ്ടെങ്കിലും ഗോള്‍ ശരാശരിയില്‍ മുന്നിള്ള ബാഴ്‌സ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. എന്നാല്‍ ബാഴ്‌സ 34 മത്സരങ്ങള്‍ കളിച്ചപ്പോള്‍ റയല്‍ 33 മത്സരങ്ങള്‍ മാത്രമാണ് കളിച്ചത്. 68 പോയിന്റുള്ള അത്‌ലറ്റിക്കോ മാഡ്രിഡാണ് മൂന്നാം സ്ഥാനത്ത്.

Latest