Kerala
കോട്ടയം ജില്ലാ പഞ്ചായത്തിലെ രാഷ്ട്രീയ നീക്കം നിര്‍ഭാഗ്യകരമെന്ന് കെ.എം.മാണി
തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്തിലെ രാഷ്ട്രീയ നീക്കം നിര്‍ഭാഗ്യകരമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം.മാണി. താന്‍ അറിഞ്ഞിട്ടില്ല, നിര്‍ദേശവും നല്‍കിയിട്ടില്ലെന്നും മാണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി എടുത്ത തീരുമാനമല്ലായിരുന്നു അത്. ഈ വിഷയത്തില്‍ പാര്‍ട്ടിതലത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും മാണി പറഞ്ഞു.
സിപിഐഎം പണ്ട് ഉപദ്രവിച്ചതല്ലെ എന്ന ചോദ്യം ഇപ്പോള്‍ അപ്രസക്തമാണ്. ആന്റണിയും ഞങ്ങളും ഒന്നിച്ച് എല്‍ഡിഎഫിനൊപ്പം ഇരുന്നതല്ലേ. കേരള കോണ്‍ഗ്രസ് ഇപ്പോള്‍ ഒരുമുന്നണിയിലുമില്ല. അതുകൊണ്ട് സ്വതന്ത്രമായ നിലപാടെടുക്കാം. യുഡിഎഫില്‍ ആലോചിക്കേണ്ട കാര്യമില്ല. കോട്ടയം ഡിസിസി വിലക്ക് വാങ്ങിയ തീരുമാനമാണിത്. കോട്ടയം ഡിസിസി കേരള കോണ്‍ഗ്രസിനെ അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്തു. അതിലുള്ള പ്രവര്‍ത്തകരുടെ പ്രതികരണമായി മാത്രം ഇതിനെ കണ്ടാല്‍ മതി. വേദനിച്ച പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതികരണമായി ഇതിനെ കണ്ടാല്‍ മതി. അല്ലാതെ താനോ നേതൃത്വമോ അങ്ങനെയൊരു നിര്‍ദേശമൊന്നും നല്‍കിയിട്ടില്ല. സാഹചര്യം ആലോചിക്കുമ്പോള്‍ അവരെ തള്ളിപ്പറയാനില്ല. പാര്‍ട്ടി വിലയിരുത്തിയിട്ടില്ല. പാര്‍ട്ടി തലത്തില്‍ ചര്‍ച്ചചെയ്ത് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.