International
ദക്ഷിണ കൊറിയയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു
സിയോള്‍: ദക്ഷിണ കൊറിയയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. കൊറിയന്‍ മേഖലയില്‍ യുദ്ധഭീതി നിലനില്‍ക്കെയാണ് ദക്ഷിണ കൊറിയ ബൂത്തിലെത്തുന്നത്. ഇടതുപക്ഷ ആഭിമുഖ്യമുള്ള ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി മൂന്‍ ജേ ഇന്നാണ് അഭിപ്രായ സര്‍വേകളില്‍ മുന്നില്‍ നില്‍ക്കുന്നത്. മധ്യകക്ഷിയായ പീപ്പിള്‍സ് പാര്‍ട്ടിയുടെ അന്‍ ചോള്‍ സുവാണ് മൂന്നിന്റെ പ്രധാന എതിരാളി. പതിമൂന്ന് സ്ഥാനാര്‍ഥികളാണ് ഇത്തവണ ജനവിധി തേടുന്നത്.
ഇത്തവണ കനത്ത പോളിംഗ് ഉണ്ടാകുമെന്നാണ് തിരഞ്ഞെടുപ്പ് വിദഗ്ധര്‍ വിലയിരുത്തുന്നത്. പ്രാദേശിക സമയം രണ്ട് മണിയോടെ 59.9 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. അഴിമതി കേസില്‍ ഉള്‍പ്പെട്ട ദക്ഷിണ കൊറിയയുടെ ആദ്യ വനിത പ്രസിഡന്റ് പാക് കുനേയെ ഇംപീച്ച് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് ദക്ഷിണ കൊറിയയില്‍ പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.