Connect with us

Kerala

കനത്ത വേനല്‍ മഴക്കുള്ള സാധ്യതയുമായി ന്യൂനമര്‍ദം

Published

|

Last Updated

തൃശൂര്‍: കഴിഞ്ഞ സീസണിലെ വേനല്‍ മഴയിലും മണ്‍സൂണ്‍ മഴയിലുമെല്ലാം മഴ ലഭ്യത കുത്തനെ കുറഞ്ഞതോടെ പ്രതിസന്ധിയിലായ കേരളത്തിന് ഒടുവില്‍ പ്രതീക്ഷയുമായെത്തിയിരിക്കുകയാണ് പ്രീ മണ്‍സൂണ്‍. പൊള്ളുന്ന ചൂടില്‍ നിന്നും രൂക്ഷമായ ശുദ്ധജലക്ഷാമത്തില്‍ നിന്നും മുക്തിനേടി ആശ്വാസമാം വിധം സംസ്ഥാനത്ത് വ്യാപകമായി വേനല്‍ മഴ ലഭിച്ചു കഴിഞ്ഞു. കേരള തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദം അടുത്ത ഒരാഴ്ച കൂടി സംസ്ഥാനത്ത് കനത്ത മഴ നല്‍കിയേക്കാമെന്നാണ് കാലാവസ്ഥാ പഠന കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.

കഴിഞ്ഞ പ്രീ മണ്‍സൂണ്‍ കാലത്തേക്കാള്‍ (മാര്‍ച്ച് ഒന്ന് മുതല്‍ മെയ് 31 വരെ) 35 ശതമാനത്തിലധികം മഴയാണ് ഇത്തവണ കഴിഞ്ഞ ദിവസങ്ങളിലായി മാത്രം കേരളത്തില്‍ ലഭിച്ച് കഴിഞ്ഞത്. 480.7 മില്ലീ മീറ്റര്‍ മഴയാണ് പ്രീ മണ്‍സൂണ്‍ സീസണില്‍ കേരളത്തില്‍ ലഭിക്കേണ്ട സാധാരണ മഴ. ഇതില്‍ മാര്‍ച്ച് ഒന്ന് മുതല്‍ മെയ് 10 വരെ ആയപ്പോഴേക്കും 189.9 മില്ലീ മീറ്റര്‍ മഴ ഇതിനകം ലഭിച്ച് കഴിഞ്ഞു. കഴിഞ്ഞ പ്രീ മണ്‍സൂണ്‍ പൂര്‍ത്തിയാകുമ്പോള്‍ വെറും 185 മില്ലീമീറ്റര്‍ മാത്രമായിരുന്നു മഴ ലഭിച്ചിരുന്നത്. 62 ശതമാനം കുറവ്. എന്നാല്‍ മെയ് 10 വരെ 189.9 മില്ലീമീറ്റര്‍ ലഭിക്കേണ്ടിടത്ത് വെറും ആറ് ശതമാനം മാത്രമാണ് ഇത്തവണ ഇതുവരെ മഴക്കുറവുള്ളത്. ഈ കുറവ് കൂടി അടുത്ത ദിവസങ്ങളില്‍ കനത്ത മഴ ലഭിക്കുമ്പോള്‍ പരിഹരിക്കപ്പെടുമെന്ന് മാത്രമല്ല, വലിയ തോതില്‍ മഴ കൂടുതല്‍ ലഭിക്കുമെന്നും കാലാവസ്ഥാ ഗവേഷകര്‍ വിലയിരുത്തുന്നു.
ഈ മാസം 10 വരെ ലഭിച്ച കൊല്ലം, കോട്ടയം,പാലക്കാട്,പത്തനംതിട്ട, തിരുവനന്തപുരം, കണ്ണൂര്‍, എറണാകുളം, ഇടുക്കി, വയനാട് ജില്ലകളില്‍ നേരിയ കുറവില്‍ സാധാരണ തോതില്‍ വേനല്‍ മഴ ലഭിച്ച് കഴിഞ്ഞു. ഇതില്‍ ഇടുക്കിയില്‍ നാല് ശതമാനവും കോട്ടയത്ത് ഒമ്പത് ശതമാനവും പത്തനംതിട്ടയില്‍ 33 ശതമാനവും കൊല്ലം, വയനാട് ജില്ലകള്ളില്‍ 28 ശതമാനവും മഴ കൂടുതല്‍ ലഭിച്ചതായി തിരുവനന്തപുരം മെട്രോളജിക്കല്‍ സെന്റര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ കാസര്‍കോട് ജില്ലയില്‍ 71 ശതമാനവും, കോഴിക്കോട്ട് 25 ശതമാനവും, മലപ്പുറം 51 ശതമാനവും, തൃശൂര്‍ 47 ശതമാനവും മഴക്കുറവ് തുടരുന്നുമുണ്ട്. ഈ കുറവും വരും ദിവസങ്ങളില്‍ ന്യൂനമര്‍ദം മൂലം ലഭിക്കുന്ന കനത്ത മഴയോടെ പ്രീ മണ്‍സൂണ്‍ സീസണ്‍ അവസാനിക്കുന്നതിനു മുമ്പായി തന്നെ പരിഹരിക്കപ്പെടുമെന്നാണ് കാലാവസ്ഥാഗവേഷകരുടെ പ്രതീക്ഷ.
കഴിഞ്ഞ വര്‍ഷം പ്രീ മണ്‍സൂണ്‍ കാലയളവില്‍ കൊല്ലം, എറണാകുളം,പത്തനംതിട്ട എന്നീ മൂന്ന് ജില്ലകള്‍ക്ക് പുറമെ മറ്റെല്ലാ ജില്ലകളിലും 50 ശതമാനത്തിനും മുകളിലായിരുന്നു മഴക്കുറവ് അനുഭവപ്പെട്ടത്.
തുടര്‍ച്ചയായുണ്ടായ മഴക്കുറവ് മൂലം ജലക്ഷാമം രൂക്ഷമാകുകയും വരള്‍ച്ചാബാധിത സംസ്ഥാനമായി പ്രഖ്യാപിക്കുകയും ചെയ്ത കേരളത്തില്‍ പ്രീ മണ്‍സൂണ്‍ പെയ്യുന്നത് ഏറെ പ്രതീക്ഷ നല്‍കുന്നു.

Latest