National
കുല്‍ഭൂഷണ്‍ കേസിലെ അനുകൂല വിധി: വിദേശകാര്യമന്ത്രിക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം
ന്യൂഡല്‍ഹി: കുല്‍ഭൂഷന്‍ ജാദവ് കേസില്‍ ഇന്ത്യയ്ക്ക് അനുകൂലമായ വിധിക്കായി പോരാടിയ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം. രാജ്യാന്തര നീതിന്യായ കോടതിയില്‍ കേസ് വാദിക്കാന്‍ മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ് സാല്‍വെയെ ലഭ്യമാക്കിയതിലും പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചു.
അതേസമയം, വിധി കുല്‍ഭൂഷണ്‍ ജാദവിന്റെ കുടുംബത്തിനും ഇന്ത്യയിലെ ജനങ്ങള്‍ക്കും ആശ്വാസകരമാണെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അഭിപ്രായപ്പെട്ടു.
വെങ്കയ്യ നായിഡു: ഇന്ത്യന്‍ പൗരനായ കുല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷ വിധിച്ച പാക്ക് സൈനിക കോടതിയുടെ വിധി റദ്ദാക്കിയ രാജ്യാന്തര നീതിന്യായ കോടതിയുടെ വിധി ഇന്ത്യയുടെയും മനുഷ്യാവകാശങ്ങളുടെയും വിജയമാണെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പ്രതികരിച്ചു. ഇക്കാര്യത്തില്‍ പാക്കിസ്ഥാന്‍ പറഞ്ഞുപരത്തിയ കള്ളങ്ങളെല്ലാം കോടതി തള്ളിക്കളഞ്ഞെന്ന് നായിഡു ചൂണ്ടിക്കാട്ടി.
കുല്‍ഭൂഷണ്‍ ജാദവിനു നീതി ലഭ്യമാക്കിയ വിധിയില്‍ സന്തോഷമുണ്ടെന്ന് ഇന്ത്യയ്ക്കായി കോടതിയില്‍ ഹാജരായ പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ പറഞ്ഞു. പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്നും സാല്‍വെ കൂട്ടിച്ചേര്‍ത്തു.
കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ വധശിക്ഷ സ്‌റ്റേ ചെയ്ത രാജ്യാന്തര നീതിന്യായ കോടതിയുടെ വിധി ഇന്ത്യന്‍ നിലപാടിന്റെ വിജയമാണെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗി പ്രതികരിച്ചു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും പ്രത്യേകിച്ച്, വിദേശകാര്യ മന്ത്രാലയത്തെ അഭിനന്ദിക്കുന്നു.
കുല്‍ഭൂഷണ്‍ ജാദവിനെ തിരികെ ഇന്ത്യയിലെത്തിക്കാന്‍ രാജ്യാന്തര നീതിന്യായ കോടതിയുടെ വിധി ഉത്തേജനമായി കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി വ്യക്തമാക്കി. ഇന്ത്യയ്ക്ക് അനുകൂലമായ തീരുമാനമാണ് കോടതി എടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.